ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

clg_3മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഏഴുവയസുകാരന് ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ സംസ്ഥാന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഇടക്കാല ഉത്തരവില്‍ നിരീക്ഷിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ തീയേറ്ററില്‍ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഉടന്‍ ഹാജരാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. മൂക്കിലെ ദശമാറ്റാന്‍ ശസ്ത്രക്രിയക്ക് എത്തിയ ഏഴുവയസുകാരന് ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് സംഭവത്തില്‍ ഉത്തരവാദിയായ ഡോക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.

മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരന്‍ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഡാനിഷിന് ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കള്‍ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് പിഴവ് മനസിലായത്.
ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്കിയക്കായി മണ്ണാര്‍ക്കാട് സ്വദേശിയായ ധനുഷിനെയും ഇതേസമയം ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പേരുകള്‍ തമ്മില്‍ മാറിപ്പോവുകയും ധനുഷിന് വയറില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment