ആക്രമണം നടത്തിയത് സിപിഎം പ്രാദേശിക നേതാക്കള്‍; സിഒടി നസീര്‍

cotകോഴിക്കോട്: കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ വച്ച് അജ്ഞാത സംഘം തന്നെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്ന് സിഒടി നസീര്‍. വടകരയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മുന്‍ സിപിഎം പ്രവര്‍ത്തകനായ നസീര്‍.

നേരത്തെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ച കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനും സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇരുവരുടെയും വാദങ്ങളെ തള്ളിക്കൊണ്ടാണ് താന്‍ ആക്രമിക്കപ്പെട്ടതില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് സിഒടി നസീര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആക്രമണത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് എം.വി ജയരാജന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ വെറും പാര്‍ട്ടി അന്വേഷണം കൊണ്ട് കാര്യമില്ല. ഗൂഢാലോചന നടത്തിയവരെ ഉള്‍പ്പെടെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ പൊലീസ് ശരിയായ ദിശയില്‍ അന്വേഷണം നടത്തണമെന്നും സിഒടി നസീര്‍ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം തലശേരി ബസ് സ്റ്റാന്റിനു സമീപത്തുവച്ചാണ് നസീറിനു വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് നസീറിനെ വെട്ടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നേരത്തേയും സിഒടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകര മേപ്പയൂരില്‍ വച്ചാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് സി.ഒ.ടി നസീര്‍ അന്ന് പറഞ്ഞിരുന്നു.

നസീറിനു നേരെയുള്ള ആക്രമണം പാര്‍ട്ടി വിമതനായിരുന്ന ടി.പി. ചന്ദ്രശേഖരനെ അപായപ്പെടുത്തിയ രീതിയോടും സമാനതകളേറെ. കഴിഞ്ഞ 18നു രാത്രി ഏഴരയോടെ നോമ്പു തുറന്നശേഷം ഗേള്‍സ് സ്കൂള്‍ റോഡ് വഴി, സുഹൃത്തും മുന്‍ എസ്എഫ്‌ഐ നേതാവുമായ സി.എച്ച്. നൗറിഫിനൊപ്പം സ്വന്തം വീട്ടിലേക്കു മടങ്ങുമ്പോഴാണു നസീര്‍ ആക്രമിക്കപ്പെട്ടത്. സ്റ്റേഡിയം പള്ളിക്കു പിന്നില്‍ ദിവസവും വെകിട്ട് സുഹൃത്തുക്കളുമായി ഒത്തുചേരുകയും മീന്‍പിടിക്കുകയും ചെയ്യുന്നതു നസീറിന്‍റെ വിനോദമായിരുന്നു. അവിടെനിന്നു വീട്ടിലേക്കുള്ള റോഡില്‍ നസീര്‍ ഒറ്റയ്ക്കാകും യാത്ര. അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ ആരെങ്കിലും ഒരാള്‍ മാത്രം ഒപ്പമുണ്ടാകും. അതു കൃത്യമായി മനസ്സിലാക്കിയ അക്രമി സംഘം സ്റ്റേഡിയം പള്ളി മുതല്‍ നസീറിനെ പിന്തുടര്‍ന്നിരുന്നുവെന്നാണു പൊലീസ് കരുതുന്നത്. ന്യൂനപക്ഷ സമുദായം കൂടുതലുള്ള പ്രദേശത്തുവച്ചാണു വധിക്കാന്‍ ശ്രമം നടന്നത്. നോമ്പു തുറയുടെ സമയത്ത് എല്ലാവരും വീടുകളിലോ പള്ളികളിലോ ആയിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ആക്രമിക്കാന്‍ ആ സമയം തിരഞ്ഞെടുത്തതെന്നാണു നിഗമനം.

കൃത്യം നടത്തിയ രീതിയിലാണു പെരിയ ഇരട്ടക്കൊലപാതകവുമായുള്ള സമാനത. വെകുന്നേരത്തെ യാത്ര നിരീക്ഷിക്കുക, തക്കം നോക്കി പിന്തുടരുക, വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഒപ്പം അധികം ആളുണ്ടാകില്ലെന്നു കണക്കുകൂട്ടുക, ബൈക്ക് ഇടിച്ചു വീഴ്ത്തുക, ഒപ്പമുള്ളയാളെയും ആക്രമിക്കുക എന്നിവയിലെല്ലാം പെരിയ മോഡലാണു പിന്തുടര്‍ന്നത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശരത് ലാല്‍ വീട്ടിലേക്കു മടങ്ങുന്ന സമയം നിരീക്ഷിച്ചായിരുന്നു ആക്രമണം. കൃപേഷ് ഓടിച്ച ബൈക്കില്‍ പിന്നിലിരുന്ന ശരത് ലാലിനെ ആദ്യം ആക്രമിക്കാന്‍ ശ്രമിക്കുകയും പിന്നീട് ബൈക്ക് മറിച്ചിട്ട് ഇരുവരെയും ആക്രമിച്ചു കൊലപ്പെടുത്തുകയുമാണു ചെയ്തത്. തലശ്ശേരിയില്‍ കൊലപാതകം നടന്നില്ല എന്നതു മാത്രമാണു വ്യത്യാസം. ഒഴിഞ്ഞുമാറിയതിനാലും ഓടി രക്ഷപ്പെട്ടതിനാലും നൗറിഫിനു കാര്യമായ പരുക്കുമേറ്റില്ല.

സിപിഎം വിമതനായ ടി.പി. ചന്ദ്രശേഖരനെതിരെ ഒഞ്ചിയത്തുണ്ടായിരുന്നതിനു സമാനമായ കൊലവിളിയും ഭീഷണിയും നസീറിനു നേര്‍ക്കുമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ വിമതസ്വരം ഉയര്‍ത്തുകയും പ്രാദേശികമായി സമാന ചിന്താഗതിക്കാരെ സംഘടിപ്പിക്കുകയും ചെയ്തതു മുതല്‍ പാര്‍ട്ടിയുടെ ചില പ്രാദേശിക നേതാക്കള്‍ക്കു കണ്ണിലെ കരടായിരുന്നു നസീര്‍. വടകരയില്‍ മത്സരത്തിനിറങ്ങിയതു പാര്‍ട്ടി പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു. പ്രചാരണത്തിനിടെ രണ്ടുവട്ടം നസീറിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായി. ഭീഷണി കോളുകള്‍ വരുന്നതായി നസീര്‍ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. വിമതനായി പുറത്തുപോയി പുതിയ പാര്‍ട്ടിയുണ്ടാക്കി സിപിഎമ്മിനെ വെല്ലുവിളിച്ചപ്പോഴാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ടി.പി. ചന്ദ്രശേഖരനു വധശിക്ഷ വിധിച്ചത്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment