സംസ്ഥാനത്ത് മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപി

bjp-kerala_InPixioസംസ്ഥാനത്ത് അഞ്ച് ലോകസഭ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപി. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ജയിച്ചു കയറാമെന്നും, തൃശ്ശൂര്‍, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ വലിയ മൂന്ന് ലക്ഷത്തിലധികം വോട്ട് നേടാമെന്നുമാണ് ബിജെപിയുടെ കണക്ക്. തൃശ്ശൂരില്‍ ജയസാധ്യത തള്ളികളയാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസിന്റെ വലിയ പിന്തുണ എന്‍ഡിഎയ്ക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന സൂചന ബി.ജെ.പി നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്. എന്‍.എസ്.എസ് പതിവുപോലെ സമദൂര നയം തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ചുവെങ്കിലും എന്‍.എസ്.എസില്‍ നിന്നും കലവറയില്ലാത്ത പിന്തുണ ലഭിച്ചുവെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറയുന്നു.

കേരളത്തില്‍ പതിനേഴ് ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇരുപത് ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടിയാലും അത്ഭുതപ്പെടാനില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇക്കുറി അഞ്ച് മുതല്‍ ഏഴ് മണ്ഡലങ്ങളില്‍ വരെ മൂന്ന് ലക്ഷത്തിന് പുറത്ത് വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കുമെന്നും ബിജെപി ഉറപ്പിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ ശബരിമലയ്ക്ക് പങ്കുണ്ടെന്നും എന്നാല്‍ നരേന്ദ്ര മോദിയുടെ ഭരണത്തുടര്‍ച്ച ജനം ആഗ്രഹിക്കുന്നുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. കേരളത്തില്‍ ഹിന്ദു സമുദായത്തിന്റെ പിന്തുണ കൂടുതല്‍ ലഭിച്ചിരുന്നത് സി.പി.എമ്മിനാണ്. എന്നാല്‍ ഇക്കുറി ശബരിമല സ്ത്രീ പ്രവേശനത്തിന് കൂട്ടുനിന്നതിലൂടെ അവര്‍ക്ക് ആ പിന്തുണ നഷ്ടമാവുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment