മദ്യപാനം (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി)

THOMAS PHILIP PROFILE PIC reduced“മാന്യതയുടെ മൂടുപടമണിഞ്ഞ നരാധിപന്മാര്‍” എന്ന പി.പി. ചെറിയാന്റെ ധന്യവും കാലോചിതവുമായ ലേഖനം ഞാന്‍ വായിച്ചു. ലേഖകന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!

മാനുഷികമൂല്യങ്ങളെ ഉയര്‍ത്തിക്കാണിച്ച് നാശോന്മുഖമായ ജീവിത തകര്‍ച്ചകളില്‍ നിന്നും മനുഷ്യരെ ഉദ്ധരിക്കാന്‍ ഉതകുന്ന ഈദൃശമായ നല്ല ലേഖനങ്ങളെ വേഗം താഴോട്ടുവിടാതെ കുറഞ്ഞത് 4-5 ദിവസമെങ്കിലും തക്ക പ്രാധാന്യം നല്കി മുന്‍നിരയില്‍ നിര്‍ത്തി പ്രസിദ്ധീകരിക്കാന്‍ ജെ.പി.എം ന്യൂസ് ശ്രദ്ധിക്കുമെങ്കില്‍ കൊള്ളാമായിരുന്നു. സ്വര്‍ഗ്ഗീയവിരുന്ന് കണ്‍വന്‍ഷന്‍ പരസ്യങ്ങള്‍ക്ക് ഒക്കെ കൊടുക്കുന്ന പ്രാധാന്യം പ്രിയതാര്‍ഹമായ ഇമ്മാതിരി ലേഖനങ്ങള്‍ക്കുകൂടി കൊടുക്കണമെന്നു വിവക്ഷ. സത്യസന്ധമായിട്ടുള്ള വിമര്‍ശനം ഒരിക്കലും തെറ്റല്ല. പക്ഷെ Nobedy Wants Constructive Criticism യേശുക്രിസ്തു പോലും ഇതു ചെയ്തിരുന്നല്ലോ.

വിഷയത്തിലേക്ക് കടക്കട്ടെ. വിവാഹ ചടങ്ങുകളില്‍ മാത്രമല്ല, ഒട്ടുമിക്ക മലയാളി കൂട്ടായ്മകളിലും ചെറിയാച്ചനെഴുതിയിരുന്ന മദ്യപാനം ഇന്ന് അനുപേക്ഷണീയമായി തീര്‍ന്നിരിക്കുന്നു. എന്തിനേറെ വിവരിക്കണം ആത്മീയ ജീവിതം നയിക്കുന്ന പലരും, യഥാര്‍ത്ഥമായ ക്രിസ്തീയ ജീവിതം നയിക്കുന്നത് തങ്ങളാകുന്നു എന്ന് അവകാശപ്പെടുന്ന പല വിശ്വാസികളും ഇന്ന് മദ്യപാനികളാകുന്നു എന്നുള്ളതാണ് സത്യം. മദ്യപാനം പാപമല്ലെന്നു വിശ്വസിച്ച് കുടുംബമായി ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന ധാരാളം ക്രൈസ്തവ കുടുംബങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. മലയാളികളില്‍ അധികം പേരും ഇന്ന് മദ്യത്തിന്റെ അടിമകളായിത്തീര്‍ന്നിരിക്കുന്നു! കേരളത്തിലെ 85 ശതമാനം കുടുംബ കലഹങ്ങള്‍ക്കും വിവാഹമോചനങ്ങള്‍ക്കും, ബലാത്കാരങ്ങള്‍ക്കും, സ്ത്രീപീഢനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമുള്ള മുഖ്യകാരണം മദ്യപാനമാകുന്നു. “Drunkenness is a Flattering devil, a sweet poison and a pleasant sin എന്ന് അഗസ്റ്റീന്‍ പറഞ്ഞു.

കുടുംബത്തിനു സമൃദ്ധിയും സമാധാനവും ഐശ്വര്യവും ദൈവകൃപകളും കാംക്ഷിക്കുന്ന അമേരിക്കന്‍ മലയാളികള്‍ നിരന്തരമായിട്ടുള്ള മദ്യപാനത്തില്‍ നിന്നും മുക്തി നേടുവാന്‍ ശ്രമിക്കേണ്ടതുണ്ട്. ഞാന്‍ ബാംഗ്ലൂറില്‍ ജോലി ചെയ്തിരുന്ന കേന്ദ്ര ഗവണ്‍മെന്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അനേകം തമിഴരും മലയാളികളും ജോലി സ്ഥലത്തും കൊണ്ടുവന്നു ഒളിച്ചുവെച്ച് മദ്യപിക്കുമായിരുന്നു. ഇതില്‍ സഹികെട്ട നല്ലവനായിരുന്ന ഞങ്ങളുടെ കമ്പനി ചെയര്‍മാന്‍, ഒരിക്കല്‍ ചിന്മയാനന്ദ സ്വാമിയെ ഞങ്ങളുടെ കമ്പനിയില്‍ വിളിച്ചുവരുത്തി ഈ വിപത്തിനെതിരായി പ്രസംഗിപ്പിച്ച കാര്യവും ഞാനിവിടെ ഓര്‍ക്കുന്നു.

കുടി, ശാരീരികമായും മാനസീകമായും ആത്മീയമായും സാമ്പത്തികമായും മനുഷ്യനെ നശിപ്പിച്ചു കളയുന്നു എന്നുള്ളതാണ് സത്യം. മദ്യപാനത്തില്‍ നശിച്ചുപോയ നൂറുകണക്കിന് ആളുകളെ എനിക്കറിയാം. മദ്യം മുകളില്‍ പറഞ്ഞതുപോലെ വിഷമാണ്. The Japanese Say: A Man takes a drink, then the drink takes a drink, and the next drink takes man’ ഇതാണ് സത്യം.

ക്രിസ്തുവിന്റെ തിരുവത്താഴത്തില്‍ പങ്കുകൊള്ളുന്ന പല സുറിയാനി ക്രിസ്ത്യാനികളും ഇന്ന് മദ്യപിക്കുന്നവരാകുന്നു എന്ന് ആവര്‍ത്തിച്ചിവിടെ പറഞ്ഞുകൊള്ളട്ടെ. ഇവരുടെ ആത്മീയ ജീവിതംകൊണ്ട് എന്തു പ്രയോജനം? “ദൈവത്തേയും മമ്മോനെയും സേവിക്കുന്നവര്‍’ ഓര്‍ക്കുക, ദൈവത്തിന് എന്നും വേണ്ടത് ഇതാണ്. നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കണം (ആവ. 18:13) എന്നുള്ളതു തന്നെ.

Print Friendly, PDF & Email

Related posts

Leave a Comment