മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ 30ന്‌

Narendra-Modi-and-Amit-Shahന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ഉജ്ജ്വല പ്രഭാവത്തില്‍ വീണ്ടും അധികാരത്തിലേറുന്ന എന്‍ഡിഎ സര്‍ക്കാര്‍ 30ന് വ്യാഴായ്ച സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ലോക്‌സഭ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കും. തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിക്കും. അടുത്ത മന്ത്രിസഭയില്‍ ആരൊക്കെ അംഗങ്ങളാകും എന്ന കാര്യത്തില്‍ മോദിയും അമിത് ഷായും ചേര്‍ന്ന് തീരുമാനമെടുക്കും.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ ദില്ലിയില്‍ എത്തിച്ചേരാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മികച്ച വിജയത്തിന് തൊട്ടു പിറ്റേന്ന് നരേന്ദ്രമോദിയും അമിത് ഷായും ദില്ലിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും കാണാനെത്തിയിരുന്നു.

വമ്പിച്ച വിജയം നേടി അധികാരത്തിലെത്തുന്ന മോദി മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് സൂചനയുണ്ട്. അമിത്ഷായ്ക്ക് കേന്ദ്രമന്ത്രിസഭയില്‍ നിര്‍ണായകമായ വകുപ്പ് തന്നെ കിട്ടുമെന്നാണ് സൂചന. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം അരുണ്‍ ജയ്റ്റലി പുതിയ മന്ത്രിസഭയിലേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം ധനമന്ത്രിയായി പീയൂഷ് ഗോയലിന്റെ പേരാണ് ഉയര്‍ന്ന് വരുന്നത്. നിതിന്‍ ഗഡ്കരിയ്ക്ക് മികച്ച ഒരു വകുപ്പ് തന്നെ നല്‍കണമെന്നാണ് ആര്‍എസ്എസ്സിന്റെ ആവശ്യം. സുഷമാ സ്വരാജിനും ഇത്തവണ മന്ത്രിസഭയില്‍ അംഗത്വമുണ്ടാകും.

അതേസമയം, മോദി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വിദേശ നിക്ഷേപത്തിന്റെ വരവിനും സാഹചര്യം ഒരുക്കുമെന്ന് ധനകാര്യ വിഗദ്ധരുടെ വിലയിരുത്തല്‍. ഭരണത്തുടര്‍ച്ചയുണ്ടാകുമ്പോള്‍ നയങ്ങളും തുടരുമെന്നും ഇത് വലിയ രീതിയില്‍ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്നും ബി.എസ്.ഇ അംഗം രമേശ്‌ ദമാനി ചൂണ്ടിക്കാണിക്കുന്നു. വ്യപാര നയങ്ങളിലുള്ള തുടര്‍ച്ച കൂടുതല്‍ വിദേശനിക്ഷേപത്തെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെയ്ക്കുന്നു.

വ്യാവസായിക രംഗത്ത് പരിഷ്കാരങ്ങള്‍ കൊണ്ട് വന്നു രാജ്യത്തെ അടിമുടി മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കേണ്ട സമയമാണ് ഇപ്പോള്‍ വ്യവസായങ്ങള്‍ക്ക് ആരോഗ്യകരമായ അനുകൂലസാഹചര്യം ഇതിനായി തയ്യാറാക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ മാത്രമേ സംരംഭകര്‍ നിക്ഷേപം ഇറക്കാന്‍ തയ്യാറാകുകയുള്ളൂവെന്ന് നീതി അയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗാരിയ പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാജ്യത്തെ മുതിര്‍ന്ന വ്യവസായിയും ഗോദറേജ് ഗ്രൂപ്പിന്റെ ചെയര്‍മാനുള്ള ആദി ഗോദറേജ് അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റ് ടാക്സ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂലമായ നടപടികള്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ലോകത്തില്‍ തന്നെ ഏറ്റവുമധികം കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്ന രാജ്യം ഇന്ത്യയാണ്. ഇത് 25 ശതമാനമാക്കി കുറയ്ക്കുമെന്ന് സര്‍ക്കാര്‍ മുന്നേ വാഗ്ദാനം ചെയ്തിരുന്നു . ഇക്കാര്യം നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment