ന്യൂജെഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്വന്ഷന് വേദിയില്‍ സ്ഥാപിക്കാനുള്ള സ്ഥാപകാചാര്യന്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ ചിത്രം ശ്രീരാമ ദാസ മിഷന് കൈമാറി. ഫിലാഡല്‍ഫിയയില്‍ നടന്ന ചടങ്ങില്‍ ചിന്മയാമിഷനിലെ സ്വാമി സിദ്ധാനന്ദയുടെ സാന്നിധ്യത്തില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ ഭക്തനും കെ എച്ച് എന്‍ എ കെട്ടിപ്പടുക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചയാളുമായ വിശ്വനാഥന് പിള്ള കെ എച്ച് എന്‍ എ അധ്യക്ഷ ഡോ. രേഖ മേനോന് വര്‍ണ്ണചിത്രം കൈമാറി. കണ്വന്ഷന് എല്ലാവിധ അനുഗ്രഹാശിസ്സുകളും നേരുന്നതായി ശ്രീ രാമ ദാസ മിഷന് അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സന്ദേശത്തില്‍ പറഞ്ഞു. കെ എച്ച് എന്‍ എ യുടെ രൂപീകരണത്തിലും വളര്‍ച്ചയിലും അതുല്യ സ്ഥാനം വഹിച്ച സ്വാമി സത്യാനന്ദ സരസ്വതിയുടെ ദീര്‍ഘവീക്ഷണത്തിനും സ്വാമിജി നല്കിയ മാര്‍ഗ്ഗദര്‍ശനത്തിനും അവശ്യം നല്‍കേണ്ട ആദരവും ബഹുമാനവും അര്‍പ്പിക്കാനുള്ള അസുലഭമുഹൂര്‍ത്തമാണ് ദേശീയ ഹൈന്ദവസംഗമം എന്ന് സ്വാമി ബ്രഹ്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. കണ്‍വെന്‍ഷന്റെയും കെ എച്ച് എന്‍ എ യുടെയും വിജയത്തിനും ഉന്നമനത്തിനും വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന എല്ലാവര്ക്കും സ്ഥാപകാചാര്യന്റെ ഓര്‍മ്മകള്‍ പ്രചോദനമായിരിക്കുമെന്നും ശ്രീരാമ ദാസ മിഷന് അധ്യക്ഷന്‍ പറഞ്ഞു.
സ്വാമി സത്യാനന്ദ സരസ്വതിയുടെ നിര്‍ദ്ദേശപ്രകാരം 2001 ലാണ് അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകള്‍ ഒത്തു ചേര്‍ന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടന രൂപീകരിച്ചത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ ചേരുന്ന ദേശീയ സമ്മേളനം ഏറെ ശ്രദ്ധേയമായി. പത്താമത് ദ്വൈ വാര്‍ഷിക ഹൈന്ദവസംഗമം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂ ജഴ്സിയിലെ ചെറിഹില് ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് നടക്കുക.
കെ എച്ച് എന്‍ എ സെക്രട്ടറി കൃഷ്ണരാജ് മോഹനന്, ട്രഷറര്‍ വിനോദ് കെആര്‍കെ, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് സുധ കര്‍ത്ത, മുന്‍ അധ്യക്ഷന്‍ എം ജി മേനോന്, കണ്വെന്ഷന് ചെയര്മാന് രവി കുമാര്‍, രജിസ്ട്രേഷന് കോചെയര്‍ രതി മേനോന്, കള്‍ച്ചറല്‍ ചെയര്‍ ചിത്രാ മേനോന്, വനിത ഫോറം ചെയര്‍ സിനു നായര്‍, നായര്‍ സൊസൈറ്റി ഓഫ് ഡെലാവെയര്‍ വാലി സെക്രട്ടറി അജിത് നായര്‍, എന്‍ എസ് എസ് പെന്‍സില്‍വാനിയ പ്രസിഡന്റ് സുരേഷ് നായര്‍, എസ് എന്‍ ഡി പി ഫിലാഡല്‍ഫിയ പ്രസിഡന്റ് പി കെ സോമരാജന്, ശ്രീ നാരായണ അസ്സോസിയേഷന് ഫിലാഡല്‍ഫിയ വൈസ് പ്രസിഡന്റ് സദാശിവന് സുകുമാരന്‍, നായര്‍ സൊസൈറ്റി ഓഫ് ഡെലാവെയര്‍ വാലി മുന്‍ പ്രസിഡന്റ് വിശ്വനാഥന് പിള്ള, ശ്രീ നാരായണ അസ്സോസിയേഷന് മുന്‍ സെക്രട്ടറി മുരളി കൃഷ്ണന്, ലിങ്കണ് യൂണിവേഴ്സിറ്റിയിലെ ദിവ്യ നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply