Flash News

ട്രം‌പിന്റെ ലക്ഷ്യം ആയുധ വ്യാപാരം തന്നെ (എഡിറ്റോറിയല്‍ )

May 26, 2019 , ചീഫ് എഡിറ്റര്‍

trump1ഇറാന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ വെറും പ്രഹസനമാണെന്നും ഗള്‍ഫ് രാജ്യങ്ങളെ ഭയപ്പെടുത്തി നിര്‍ത്തി തങ്ങളുടെ ആയുധവ്യാപാരം വിപുലീകരിക്കുകയാണ് ട്രം‌പിന്റെ ലക്ഷ്യമെന്നതും പകല്‍ പോലെ സത്യം. ട്രം‌പിന്റെ ഹിഡന്‍ അജണ്ടയില്‍ പെട്ട ഒന്നാണ് ആയുധ വ്യാപാരം. എണ്ണൂറു കോടി ഡോളറിന്റെ ആയുധ വ്യാപാരത്തിനാണ് സൗദി അറേബ്യയുമായി കരാര്‍ ഒപ്പിടാന്‍ ട്രം‌പ് ഭരണകൂടം തയ്യാറായിരിക്കുന്നത്. സൗദി അറേബ്യ മാത്രമല്ല യു‌എ‌ഇ, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളുമായും ആയുധ കരാറില്‍ ഏര്‍പ്പെടാനും അമേരിക്ക ഒരുങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍ നിരവധി സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും പാര്‍ട്ടി ഹാളുകളിലും ക്രിസ്ത്യന്‍/മുസ്ലിം പള്ളികളിലും വെടിവെപ്പുകള്‍ നടന്ന് നിരവധി നിരപരാധികളെ കൊന്നൊടുക്കിയിട്ടും, അതിനെതിരെ പ്രതികരിക്കാനോ അമേരിക്കയില്‍ തോക്കു നിയന്ത്രണം കൊണ്ടുവരാനോ ട്രം‌പ് ഇതുവരെ തയ്യാറായിട്ടില്ല. 2017 നവംബര്‍ 5 ഞായറാഴ്ച ടെക്സസ് സാന്‍ ആന്റോണിയോയിലെ സഥര്‍‌ലാന്റ് സ്‌പ്രിംഗ്സ് എന്ന ചെറു ഗ്രാമത്തിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ പ്രാര്‍ത്ഥന നടക്കുന്നതിനിടെ സെമി ഓട്ടോമാറ്റിക് തോക്കുമായി കയറിയ അക്രമി പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന 27 പേരെയാണ് വെടിവെച്ചു കൊന്നത്. അഞ്ച് വയസ്സുമുതല്‍ 72 വയസ്സുവരെ പ്രായമുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. 26കാരനായ മുന്‍ വൈദിക വിദ്യാര്‍ഥി ഡെവിന്‍ പാട്രിക് കെല്ലിയായിരുന്നു അക്രമി.

എവിടെയെങ്കിലും വെടിവെയ്പ്പ് നടന്നാല്‍, കൂട്ടക്കൊലപാതകം നടന്നാല്‍ അതിനെ അപലപിക്കുന്നതിനു പകരം (പേരിനു മാത്രം ഒന്ന് അപലപിച്ച്) പള്ളികളില്‍ അച്ചന്മാര്‍ തോക്ക് കൈവശം വെക്കണമെന്നും സ്കൂളുകളില്‍ അദ്ധ്യാപകര്‍ തോക്ക് കൈവശം വെക്കണമെന്നുമാണ് ട്രം‌പ് പറയാറ്. അതായത് അങ്ങനെയെങ്കിലും തോക്ക് കൂടുതല്‍ വിറ്റഴിക്കണം. യു‌എസ് കോണ്‍ഗ്രസും സെനറ്റും നിയന്ത്രിക്കുന്ന ആയുധ വ്യാപാരികളുടെ ദല്ലാള്‍ പണിയാണ് ട്രം‌പ് ചെയ്യുന്നതെന്നര്‍ത്ഥം.

അമേരിക്കയിലായാലും ലോകത്തെവിടെയായാലും സംഘര്‍ഷം ഉണ്ടായാലേ ആയുധ വില്പന ഉഷാറാകൂ എന്ന കാഴ്ചപ്പാടിലാണ് അമേരിക്ക. അതിനായി പല രാജ്യങ്ങളിലും ഇടപെടാന്‍ ശ്രമിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതകളെ സംഘര്‍ഷത്തിന്റെ പാതയിലെത്തിക്കാനും ശ്രമിക്കും. പാക്കിസ്താന് ആയുധം കൊടുത്ത് ഇന്ത്യയെ അടിപ്പിക്കുകയും ആ ആയുധങ്ങളെ പ്രതിരോധിക്കാനാണെന്ന വ്യാജേന ഇന്ത്യക്ക് മറ്റൊരായുധവും ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന വക്ര ബുദ്ധി. ഇന്ത്യ അത് മനസ്സിലാക്കിയിട്ടാണ് റഷ്യയില്‍ നിന്നു മാത്രം ആയുധങ്ങള്‍ വാങ്ങുന്നത്. അമേരിക്കയുടെ താല്പര്യം സാമ്പത്തിക നേട്ടം ഒന്നു മാത്രമാണ്. തങ്ങള്‍ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ആധിപത്യം പ്രകടിപ്പിക്കുക എന്നതും അമേരിക്കയുടെ ശൈലിയാണ്. ഈ കഴുകന്‍ താല്‍പ്പര്യമാണ് ഖത്തറും മറ്റ് അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നിലും. ട്രം‌പ് അധികാരമേറ്റയുടനെ ആദ്യം യാത്ര ചെയ്തത് സൗദി അറേബ്യയിലേക്കായിരുന്നു. സൗദിയേയും യു‌എയും പിരികയറ്റി ഖത്തറിനെതിരെ തിരിച്ചതും മറ്റാരുമല്ല. ആ സംഘര്‍ഷത്തിന് ഇപ്പോഴും കാര്യമായി യാതൊരു മാറ്റവും വന്നിട്ടില്ല.

ഗള്‍ഫ് മേഖലകളില്‍ അമേരിക്കയുടെ സൈനിക താവളമുള്ളത് ഖത്തറിലായിരുന്നിട്ടുപോലും ആ രാജ്യത്തിന് എതിരായ നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ അമേരിക്ക ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ നടക്കുമായിരുന്നു. എന്നാല്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നിലപാടില്‍ നിന്നും പിന്നോട്ട് പോകാന്‍ അമേരിക്ക തയ്യാറായിരുന്നില്ല. ഈ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. ഇപ്പോള്‍ ഇറാനുമായി പോര്‍മുഖം തുറക്കുക വഴി സൗദി, യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും കൂടുതല്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംരക്ഷകര്‍ എന്ന വ്യാജേന വന്ന് അറബ് രാഷ്ട്രങ്ങളില്‍ ആധിപത്യം പുലര്‍ത്താനാണ് അമേരിക്ക നിലവില്‍ ശ്രമിക്കുന്നത്. സമീപ ഭാവിയില്‍ തന്നെ അമേരിക്കന്‍ പോര്‍മുന അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ തിരിഞ്ഞാലും ഇനി അത്ഭുതപ്പെടാനില്ല.

ഉത്തര കൊറിയയുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി അമേരിക്കയുടെ ചൊല്പടിയ്ക്കു നിര്‍ത്താന്‍ ശ്രമിച്ച അവസാനം തോല്‍‌വി സമ്മതിച്ച് പിന്തിരിഞ്ഞ ട്രം‌പ് ലക്ഷ്യമിട്ടത് ഇറാനാനായിരുന്നു. പക്ഷേ ഉത്തര കൊറിയയില്‍ സംഭവിച്ചതു തന്നെയാണ് ഇറാനിലും സംഭവിക്കാന്‍ പോകുന്നത്. ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് പോഴത്തരമാണെന്ന് പറയാതെ വയ്യ. കാരണം, ആയുധ ശേഷികൊണ്ട് മാത്രം ഇറാനെ കീഴ്‌പ്പെടുത്താന്‍ അമേരിക്കക്ക് കഴിയില്ല. റഷ്യയും ചൈനയും എന്തിനേറെ അമേരിക്കന്‍ സഖ്യകക്ഷിയായ ബ്രിട്ടണ്‍ പോലും ഇറാനെ ആക്രമിക്കുന്നതിന് എതിരാണ്. ഈ നീക്കത്തെ ഇന്ത്യക്കും പിന്തുണക്കാന്‍ കഴിയില്ല. ഇറാനെ ബോംബിട്ട് തകര്‍ത്താലും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും വ്യക്തമാക്കി കഴിഞ്ഞു. അതായത് ഒരു വിട്ട വീഴ്ചക്കും ഇറാന്‍ തയ്യാറല്ലെന്ന് വ്യക്തം.

ഗള്‍ഫ് മേഖലകളില്‍ ഭീതിയുടെ കൊടുങ്കാറ്റ് അടിപ്പിച്ച് സ്വന്തം താല്പര്യങ്ങള്‍ നേടിയെടുക്കുക എന്ന തന്ത്രത്തിലേക്കാണ് അമേരിക്കയിപ്പോള്‍ പോകുന്നത്. പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ഇവരെ ഇനി അറബ് രാഷ്ട്രങ്ങള്‍ക്ക് തീറ്റി പോറ്റേണ്ടി വരും. ഇറാഖ് യുദ്ധകാലത്ത് അനുവദിച്ച ഖത്തര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സൈനിക താവളങ്ങള്‍ ഇതുവരെ മാറ്റാന്‍ അമേരിക്ക തയ്യാറായിട്ടില്ല. ഇപ്പോള്‍ സൗദിയിലും യു.എ.ഇയിലും തമ്പടിക്കുന്ന അമേരിക്കന്‍ സൈനികരും ഇനി വരാന്‍ പോകുന്നവരും ആ രാജ്യങ്ങളിലെ താവളങ്ങളില്‍ തന്നെ തുടരും. അത് എത്ര കാലമെന്ന് അമേരിക്കയാണ് തീരുമാനിക്കുക. ഏകാധിപത്യ ഭരണം ഇവിടങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍ ജനകീയ പ്രതിഷേധം ഉണ്ടാകില്ലെന്നത് അമേരിക്കയെ സംബന്ധിച്ച് ആശ്വാസകരമാണ്.

സൗദി രാജകുമാരനുമായി വ്യക്തിപരമായി തനിക്കുള്ള ബന്ധവും ട്രം‌പ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അതാണ് പുതിയ ആയുധ കരാറിനു പിന്നില്‍. അമേരിക്കയില്‍ നിന്നും ആയുധങ്ങള്‍ വാരിക്കൂട്ടി യമനിലെ പൗരന്മാര്‍ക്കെതിരെ സൗദി അത് പ്രയോഗിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. യു.എസ്. കോണ്‍ഗ്രസ്സിലെ അംഗങ്ങള്‍ തന്നെയാണ് ഈ ആശങ്ക പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഇതൊന്നും ട്രംപ് മുഖവിലക്കെടുത്തിട്ടില്ല. ഏകാധിപത്യ സ്വഭാവമുള്ള രാജ്യങ്ങളുമായി ആയുധ കരാറില്‍ ഏര്‍പ്പെടുന്നത് ശരിയല്ലെന്നാണ് ഡെമോക്രാറ്റിക് സെനറ്റര്‍ റോബര്‍ട്ട് മെനന്‍ഡസ് ചൂണ്ടിക്കാട്ടുന്നത്. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടതായും അദ്ദേഹം ആരോപിക്കുന്നു.

അധികാരമേറ്റതിനു ശേഷം ഒരു കോമാളിയെപ്പോലെ പെരുമാറിക്കൊണ്ടിരിക്കുന്ന ട്രം‌പ് ലോകരാഷ്ട്രങ്ങളുടെ മുന്‍പില്‍ താനൊരു കര്‍ക്കശക്കാരനായ ഭരണാധികാരിയാണെന്ന് ബോധ്യപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കൂടെ നിന്നവരെപ്പോലും തള്ളിപ്പറഞ്ഞ് അവരെ ജനങ്ങള്‍ക്കു മുന്‍പില്‍ മോശക്കാരായി ചിത്രീകരിക്കുന്ന ട്രം‌പ്, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രസിഡന്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനു മേല്‍ ഉപരോധവും മറ്റും കൊണ്ടുവന്നെങ്കിലും അതിപ്പോള്‍ കൂടുതല്‍ വെല്ലുവിളിയാണ് ട്രംപിന് മുന്നില്‍ സൃഷ്ടിക്കുന്നത്. വെറുമൊരു പയ്യനായ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനു മുന്നില്‍ മുട്ടു വിറച്ച ട്രം‌പ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ മുന്നിലും മുട്ടു വിറച്ചാല്‍ അത് ട്രംപിനല്ല അമേരിക്കയെന്ന രാജ്യത്തിനാണ് വലിയ തിരിച്ചടിയാകുക.

തോക്ക് സംസ്ക്കാരം കവര്‍ന്നെടുക്കുന്നത് നിഷ്ക്കളങ്ക ജീവനുകളെയാണ്. ലോകം മുഴുവന്‍ കാല്‍ക്കീഴിലാക്കാനുള്ള വ്യഗ്രതയില്‍, തങ്ങളുടെ രാജ്യം, പൗരന്മാര്‍ എന്നതിലപ്പുറം ഈ ഭൂമിയില്‍ മറ്റൊന്നും പ്രസക്തമല്ല എന്ന് അഹങ്കരിക്കുന്ന ഭരണകൂടം അതേ പൗരന്മാര്‍ക്ക് ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിലും പരാജയപ്പെടുകയാണ്. ഭീകരതയുടെ പേരില്‍ ചില രാഷ്ട്രങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുകയും നിയമപരമായി അമേരിക്കയില്‍ ജീവിക്കുന്നവരെ വംശീയപരമായി ആക്രമിക്കുകയും ചെയ്യുമ്പോള്‍ അമേരിക്കയുടെ യശസ്സിനാണ് മങ്ങലേല്‍ക്കുന്നതെന്ന് ഭരണകൂടം മനസ്സിലാക്കുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top