Flash News

പാടുന്നു പാഴ്മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ – 7)

May 20, 2019 , ജയന്‍ വര്‍ഗീസ്

padunnu7അധികം വൈകാതെ മധ്യവേനല്‍ അവധിക്കാലം വന്നു. ക്ലാസ്സിലെ ഒന്നാം സ്ഥാനം നില നിര്‍ത്താനാവുമെന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അവസ്സാനദിവസം പരീക്ഷയെഴുതി വീട്ടില്‍ ചെന്നപ്പോള്‍ മറ്റൊരു വലിയ വേദന എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്‍റെ ഓമനയായ അരുമ സുഹൃത്ത് സ്റ്റാന്‍ലി കൊല്ലപ്പെട്ടു. എല്ലാ ദിവസവും ചിലച്ചു കാത്തിരിക്കുന്ന സ്റ്റാന്‍ലിയെ കാണാതെ ഞാന്‍ വിവരം തിരക്കിയപ്പോളാണ് തൊണ്ടയിടറി വല്യാമ്മ വിവരം പറഞ്ഞത്. വീടിനുള്ളില്‍ ഓടിച്ചാടി കളിച്ചു നടന്ന സ്റ്റാന്‍ലിയെ അതേപോലെ ഓടിച്ചാടി കളിച്ചു നടന്ന എന്‍റെ ഇളയ അനുജന്‍ ബേബി അബദ്ധത്തില്‍ ചവിട്ടിക്കൊല്ലുകയാണുണ്ടായത് എന്നെ പേടിച്ചു ബേബി എങ്ങോ ഒളിച്ചിരിക്കുകയാണ്. തലയില്‍ ചവിട്ടേറ്റ് ചോരയിലിച്ചു ചത്തുപോയ സ്റ്റാന്‍ലിയെ വല്യാമ്മ തന്നെ എനിക്ക് കാണിച്ചു തന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ആദ്യമായിട്ടാണ് ഇത്ര വലിയ ഒരു വേദന ഞാനനുഭവിച്ചത്. ഒരു ദിവസത്തോളം ഞാന്‍ കരഞ്ഞു. പിന്നെ വല്യാമ്മയുടെ ആശ്വാസ വാക്കുകളില്‍ മുഖം ചേര്‍ത്തു കൊണ്ട് ഞാന്‍ തന്നെ സ്റ്റാന്‍ലിയെ ഒരു വാഴച്ചുവട്ടില്‍ കുഴിച്ചിട്ടു.

പോത്താനിക്കാട് സ്കൂളില്‍ ഞാന്‍ ചേര്‍ന്നത് മുതല്‍ പതുക്കെ പ്രശ്നം തല പൊക്കി തുടങ്ങിയിരുന്നു. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി ഒട്ടും അവബോധമില്ലാത്ത ഒരാളായിരുന്നു എന്‍റെ അപ്പന്‍. ‘നാഴി അരിയും, ഒരയലയും വാങ്ങാന്‍ പറ്റുന്ന പണി വേണം’ എന്നതായിരുന്നു അപ്പന്‍റെ തത്വശാസ്ത്രം. സ്വന്തം വ്യക്തി ജീവിതത്തിലെ ഇല്ലായ്മകളുടെ വേദന ആവോളം ഏറ്റു വാങ്ങിയിരുന്നത് കൊണ്ടാവണം, അപ്പന്‍ ഇത്തരത്തിലുള്ള ഒരു തത്വ ശാസ്ത്രം രൂപപ്പെടുത്തിയത് എന്നാണു എന്‍റെ വിലയിരുത്തല്‍. രാവിലെ ചായക്കടയില്‍ വച്ച് ‘പത്തു പേര്‍ക്ക് ഒറ്റക്ക് ചെലവിന് കൊടുക്കേണ്ട നീ ആ ചെറുക്കനെ സ്കൂളിലയക്കാതെ വല്ല പണിയും പഠിപ്പിച്ചെടുക്ക് ‘ എന്ന് അപ്പന്‍റെ ‘അഭ്യുദയാകാംക്ഷികളായ’ ചില പ്രമാണിമാര്‍ അപ്പനെ ഉപദേശിക്കാറുണ്ടായിരുന്നു. ഇതറിയുമ്പോള്‍ ‘എന്‍റെ പിള്ളേര്‍ക്ക് ചെലവിന് കൊടുക്കാന്‍ അയാള് വരണ്ടാന്നു പറഞ്ഞേര് ‘ എന്ന് അമ്മ ചൂടാവുമായിരുന്നു

മക്കളെ പഠിപ്പിക്കുന്നതില്‍ തീരെ താല്പര്യമില്ലാതിരുന്ന അപ്പന്‍ ഞാന്‍ എന്തെങ്കിലും കൈത്തൊഴില്‍ പഠിക്കണമെന്ന് ആഗ്രഹിച്ചത് തികച്ചും സ്വാഭാവികം. ആയിടെ, എന്‍റെ അയല്‍ക്കാരനും അടുത്ത കൂട്ടുകാരനുമായിരുന്ന പുതിയിടത്തെ ജോസ് പൈങ്ങോട്ടൂരില്‍ നിന്നും ഒരു അണ്ടര്‍വിയര്‍ തയ്പ്പിച്ചു കൊണ്ട് വന്നു. ചെറുപ്പക്കാരനായ തയ്യല്‍ക്കാരന്‍ കുളങ്ങാട്ടില്‍ ഒനാച്ചനാണ്? അത് തയ്ച്ചതെന്നും, ഒരാളെക്കണ്ടാല്‍ അയാള്‍ക്ക് എത്ര വലിപ്പത്തിലുള്ള വസ്ത്രം വേണമെന്നും, അതിനാവശ്യമുള്ള തുണിയുടെ അളവ് എത്രയെന്ന് അളവെടുക്കാതെ തന്നെ ഓനാച്ചനറിയാമെന്നും ഈ ജോലി കൊണ്ട് ഓനാച്ചന്‍ പണം കൊയ്യുകയാണെന്നും ഒക്കെ ജോസ് പറഞ്ഞപ്പോള്‍ ഈ മാജിക്മാനെ ഒന്ന് നേരില്‍ കാണണമെന്ന് എനിക്ക് തോന്നുകയും, ജോസ് പറഞ്ഞ സിദ്ധികള്‍ തനിക്കുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിക്കൊണ്ട് ഒരു അണ്ടര്‍ വിയര്‍ എനിക്കും തയ്ച്ചു തരികയും ചെയ്തു.

ഇത്രക്ക് അത്ഭുതകരമായ ഒരു തൊഴില്‍ തന്നെയാവട്ടേ ജീവിതമാര്‍ഗ്ഗം എന്ന് ഞാനങ്ങു തീരുമാനിച്ചു. ഉര്‍വശീ ശാപം ഉപകാരമായി എന്ന നിലയില്‍ അപ്പനും സന്തോഷിച്ചു. നൂറ്റിനാല്പതു രൂപാ അപ്പനും, കൊച്ചപ്പന്‍ തന്ന പത്തു രൂപയും കൂടി നൂറ്റിയമ്പത് രൂപാ കൊടുത്ത് ഒരു സെനിത്ത് തയ്യല്‍ മെഷീന്‍ അപ്പന്‍ എനിക്ക് വാങ്ങിത്തന്നു.

ഞങ്ങളുടെ നാട്ടില്‍ അന്നുണ്ടായിരുന്ന ‘വെട്ടിയാം കണ്ടം മാത്തൂച്ചേട്ടന്‍റെ കൊച്ചു ജൗളിക്കടയില്‍ ചെറുപ്പക്കാരനായ മാത്തൂച്ചേട്ടന്‍റെ ശിഷ്യത്വം സ്വീകരിച്ചു ഞാന്‍ തയ്യല്‍ പഠിക്കാനിറങ്ങി. എന്‍റെ കൊച്ചപ്പന്‍ അതിനോട് ചേര്‍ന്ന് ഒരു പലചരക്കു കട നടത്തുന്നുണ്ട്. പീടികക്കെട്ടിടം അപ്പനും കൊച്ചപ്പനും കൂടി പണിയിച്ചതാണ്. ചാത്തമറ്റത്തിന് കുറച്ചു കിഴക്ക് മുള്ളരിങ്ങാട് തുടങ്ങുന്നിടത്ത് അമേല്‍ത്തൊട്ടി എന്ന നിരപ്പായ സ്ഥലത്ത് അപ്പനും, കൊച്ചപ്പനും കൂടി ഒന്നൊന്നര ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. ആ പ്രദേശം ആളുകള്‍ കൈയേറിയ സമയത്ത് ഈ ചേട്ടനും,അനുജനും കൂടി വെട്ടിപ്പിടിച്ചതാണ് ആ സ്ഥലം. ഇത്ര നിരപ്പായ, സുന്ദരമായ സ്ഥലം ഞങ്ങളുടെ പ്രദേശത്ത് ഞാനധികം കണ്ടിട്ടില്ല.

വര്‍ഷം തോറും കപ്പകൃഷി നടത്തിയിരുന്ന ഈസ്ഥലം ചേട്ടാനുജന്മാരുടെ ‘പീട്ട് ‘ എന്ന് വിളിക്കുന്ന മനഃപോര് നിമിത്തം പിടിയാവിലക്കു വിറ്റു കളയുകയും, കിട്ടിയ തുക കൊണ്ട് അടക്കാ തോട്ടം അടങ്കല്‍ ബിസ്സിനസ്സ് നടത്തുകയും, ആ വര്‍ഷം മഴക്കൂടുതല്‍ മൂലം അടക്കാ പൊഴിഞ്ഞു പോവുകയും, മുടക്ക് മുതലിന്‍റെ നാലില്‍ ഒന്ന് പോലും തിരിച്ചു പിടിക്കാന്‍ കഴിയാതെ ബിസ്സിനസ് പൊളിയുകയും ചെയ്തപ്പോള്‍, ബാക്കി കിട്ടിയ ചില്ലികള്‍ ചേര്‍ത്തു പണിഞ്ഞതാണ് ഈ പീടിക കെട്ടിടം.

മുടങ്ങിപ്പോയ വിദ്യാഭ്യാസം തുടരുവാന്‍ സാധിച്ചില്ല. അയല്‍ക്കാരനായ ഒരധ്യാപകന്‍റെ വീട്ടില്‍ രാത്രികാലങ്ങളില്‍ പതിവായി എത്തി ഇംഗ്ലീഷ് പഠനം ആരംഭിച്ചു. ഇഗ്ളീഷിലേക്കുള്ള വലിയ വാതായനങ്ങള്‍ എനിക്ക് വേണ്ടി തുറന്നു തന്നത് കെ. പി. സ്കറിയ എന്ന ആ വലിയ മനുഷ്യനാണ്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം നാമമാത്രമായ വരിസംഖ്യയില്‍ ‘ സോവിയറ്റ് ലാന്‍ഡ്’ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം ഞാന്‍ വരുത്തിയിരുന്നു. രണ്ടാഴ്ചയില്‍ ഒരിക്കല്‍ കൃത്യമായി എത്തിയിരുന്ന ആ പ്രസിദ്ധീകരണം ഇംഗ്ലീഷ് പഠിക്കാന്‍ വേണ്ടി മനഃപ്പൂര്‍വം വരുത്തിയിരുന്നതാണ്. സാറ് തന്ന ഒരു ഡിക്ഷ്ണറിയുടെ സഹായത്തോടെ ഓരോ ലക്കവും ആദ്യ അക്ഷരം മുതല്‍ അവസാന അക്ഷരം വരെ വായിച്ചു തീര്‍ക്കുന്ന ശീലം ഞാന്‍ സ്വീകരിച്ചിരുന്നു. ഓരോ ലക്കവും കഴിഞ്ഞു വരുന്ന ക്ളാസുകളില്‍ അതത് ലക്കങ്ങളില്‍ വരുന്ന ഫീച്ചറുകളെയും, ലേഖനങ്ങളെയും കുറിച്ച് ഞാനുമായി സാര്‍ ചര്‍ച്ച നടത്തുകയും, ഞാന്‍ മനസിലാക്കിയതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് തിരുത്തി തരികയും ചെയ്തിരുന്നു. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ എനിക്ക് ഇഗ്ളീഷ് ഭാഷയില്‍ കുറച്ചെങ്കിലും പരിജ്ഞാനം ലഭിച്ചത് അങ്ങിനെ സംഭവിച്ചതാണ്. സോവിയറ്റ് ലാന്‍ഡ് ഉള്‍പ്പടെയുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ പതിവായി വായിക്കുന്ന ശീലം അമേരിക്കന്‍ മണ്ണില്‍ കാലു കുത്തുന്നത് വരെ ഞാന്‍ തുടര്‍ന്നിരുന്നു.

വായനക്കാരിയായ ഒരു പെണ്‍കുട്ടിയുടെ കൂടി പ്രേരണയാല്‍ വായന ഒരു ശീലമായിത്തീര്‍ന്നു. സ്വന്തം ഗ്രാമത്തില്‍ ലൈബ്രറി ഇല്ലാതിരുന്നതിനാല്‍ അടുത്തുള്ള ചെറു പട്ടണങ്ങളിലെ ലെബ്രറികളില്‍ നിന്നാണ് പുസ്തകങ്ങള്‍ തരപ്പെടുത്തിയിരുന്നത്. ഇക്കാലത്ത് ആയങ്കര, പരീക്കണ്ണി എന്നീ ചെറു പട്ടണങ്ങളിലെ ലൈബ്രറികളില്‍ ഉണ്ടായിരുന്ന മിക്ക പുസ്തകങ്ങളും ഞാന്‍ വായിച്ചു തീര്‍ത്തു. കൂടാതെ ലോക ക്ളാസിക്ജുകളുടെ ലഭ്യമായ മലയാളം വിവര്‍ത്തനങ്ങളും, അവയെക്കുറിച്ചുള്ള ആസ്വാദനങ്ങളും തെരഞ്ഞു പിടിച്ചു ഞാന്‍ വായിച്ചിരുന്നു. ഇതിനായി ഞാന്‍ മൂവാറ്റുപുഴയിലെ പബ്ലിക് ലൈബ്രറിയെയാണ് ആശ്രയിച്ചിരുന്നത്. മലയാളത്തില്‍ ലഭ്യമല്ലാതിരുന്ന ചില ക്ലാസിക്കുകള്‍ ഡിക്ഷ്ണറിയുടെ സഹായത്തോടെ വായിച്ചു തീര്‍ക്കുവാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങള്‍ എന്‍റെ ജീവിതത്തിലെ നിദ്രാവിഹീനങ്ങളായ ഒട്ടേറെ രാവുകള്‍ കവര്‍ന്നെടുത്തു. കിട്ടുന്നതെല്ലാം വെറുതേ വായിച്ചു തള്ളുക എന്നതിലുപരി ( ലഭ്യമാവുന്നിടത്തോളം ) ലോക സാഹിത്യത്തിലെ ഓരോ ശാഖയിലും വരുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് കണ്ടെത്തുവാനുള്ള എന്‍റെ എളിയ ശ്രമങ്ങള്‍ ആയിരുന്നു ഈ വായനകള്‍. പൊതുവെ എലുമ്പിച്ച ശരീര പ്രകൃതി ആയിരുന്ന ഞാന്‍, രാത്രികളില്‍ ഉറക്കമിളച്ചിരുന്നു വായിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ആയിത്തീരുന്നതെന്നും, അത് കൊണ്ട് രാത്രി വായന അവസാനിപ്പിക്കണമെന്നും വല്യാമ്മ എന്നെ ശാസിച്ചിരുന്നു. വല്യാമ്മയുടെ ആ ഒരു ശാസന മാത്രം പൂര്‍ണ്ണമായും അനുസരിക്കുവാന്‍ ഇന്ന് വരെയും എനിക്ക് സാധിച്ചിട്ടില്ല എന്ന കുറ്റബോധം ഇന്നും എനിക്കുണ്ട്. (പില്‍ക്കാലത്ത് എന്‍റെ മുഖ്യ പരിശ്രമത്താല്‍ സ്വന്തം ഗ്രാമത്തില്‍ ഒരു ലൈബ്രറി സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നത് ഇവിടെ സ്മരിക്കുന്നു.)

വായനയുടെ ആദ്യ കാലങ്ങളില്‍ പുസ്തകങ്ങളുടെ ശേഖരണവും, പങ്കു വച്ചുള്ള വായനയും എന്‍റെ വായനാ സുഹൃത്തായ ആ പെണ്‍കുട്ടിയോടുള്ള ഒരു ആരാധനയാണ് എന്നില്‍ വളര്‍ത്തിയത്. പക്വത വരാത്ത പ്രായത്തില്‍ ഉടലെടുത്ത ഈ ആരാധന എന്നില്‍ മാത്രമുള്ള ഒരു വണ്‍വേ ട്രാഫിക് പ്രേമമായി പരിണമിക്കുകയും, അപക്വമായ എന്‍റെ ചില ഇടപെടലുകള്‍ ആ നല്ല സൗഹൃദം നഷ്ടപ്പെടുന്നതിനും, ഒരു ചീത്തപ്പേര് സമ്പാദിക്കുന്നതിന് ഇടയാക്കിത്തീര്‍ക്കുകയും ചെയ്തു.

സ്വന്തം ജീവിതത്തിലെ വേദനകള്‍ കഥകളാക്കി പകര്‍ത്തിക്കൊണ്ടാണ് എഴുത്തു തുടങ്ങുന്നത്. എനിക്ക് പതിനൊന്നു വയസുള്ളപ്പോള്‍ ‘കണ്ണീരിന്‍റെ കഥ’ എന്ന എന്‍റെ ആദ്യ രചന കുട്ടികളുടെ ദീപികയില്‍ അച്ചടിച്ച് വന്നു. ഇത്രയും ചെറുപ്പത്തിലേ ഒരു കഥയെഴുതി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ എനിക്ക് അനുമോദനങ്ങള്‍ ലഭിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ വളരെ നിര്‍ഭാഗ്യകരമായി എന്‍റെ കഴിവുകള്‍ അവഗണിക്കപ്പെടുകയും, ആക്ഷേപിക്കപ്പെടുകയും ആണുണ്ടായത്. സ്വന്തം മാതാപിതാക്കള്‍ പോലും ഇതിനെ ഒരു കൂലിയില്ലാത്ത വേലയായിട്ടാണ് കണ്ടത്. അടുപ്പില്‍ തീ പുകയ്ക്കാന്‍ സഹായിക്കാത്ത ഈ ശ്രമങ്ങള്‍ അവസാനിപ്പിച്ചു കാണണമെന്ന് അവര്‍ ആഗ്രഹിച്ചു. സ്കൂള്‍ വിദ്യാഭാസം പോലും ലഭിക്കാത്ത, അറിവില്ലാത്ത ഈ ദരിദ്രവാസിക്ക് എങ്ങനെ കഥകള്‍ എഴുതാന്‍ കഴിയുമെന്ന് ഗ്രാമവാസികള്‍ പരിഹസിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top