Flash News

പാടുന്നു പാഴ്‌മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ 9): ജയന്‍ വര്‍ഗീസ്

May 31, 2019

padunnu 9 banner‘കള്ളന്‍’ എന്ന ചീത്തപ്പേരുമായി കുറച്ചു കാലം കൂടി മാത്തുച്ചേട്ടന്‍റെ കടയില്‍ തയ്യല്‍ പഠിച്ചു. മനുഷ്യരുടെ മുഖത്തു നോക്കാന്‍ വല്ലാത്ത ഒരു ചമ്മല്‍ അനിഭവപ്പെട്ടിരുന്നു. എങ്ങിനെയും അവിടുന്ന് രക്ഷപ്പെടണം എന്നൊരു ചിന്ത എപ്പോളും മനസിനെ ഭരിച്ചിരുന്നു. അങ്ങിനെയാണ്, കൂടുതല്‍ പഠിക്കാന്‍ വേണ്ടി എന്ന വ്യാജേന പൈങ്ങോട്ടൂരിലുള്ള ഇച്ചിപ്പിള്ളില്‍ ജോര്‍ജ് ചേട്ടന്‍റെ തയ്യല്‍ക്കടയില്‍ ചേര്‍ന്നത്. ജോര്‍ജ് ചേട്ടന്‍ അറിയപ്പെടുന്ന വിദഗ്ധ തയ്യല്‍ക്കാരനായിരുന്നു. അക്കാലത്ത് വ്യാപകമായിരുന്നു ജൂബായുടെ സ്പെഷ്യലിസ്റ്റായിരുന്നു. മനോഹരമായി മൗത് ഓര്‍ഗന്‍ വായിക്കുന്ന കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ആ കടയില്‍ എന്നോടൊപ്പം തയ്യല്‍ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഒരു പൊന്നുതട്ടാരുടെ മകളായിരുന്നു ആ പെണ്‍കുട്ടി. താന്‍ പണിയുന്ന പൊന്നെല്ലാം ഈ മകളുടെ ശരീരത്തിലാണോ അയാള്‍ ഉരുക്കിച്ചേര്‍ക്കുന്നത് എന്ന് തോന്നിക്കും വിധത്തില്‍ പെന്നിന്‍റെ നിറമുള്ള ഒരു പെണ്ണായിരുന്നു അവള്‍.

ചെട്ടിയാംകുടിയില്‍ വര്‍ക്കിച്ചേട്ടന്‍ എന്ന പണക്കാരനായ തറവാടിയുടേതായിരുന്നു തുണിക്കച്ചവടം. പത്തു തറവാടികളുടെ പേര് പറയുകയാണെങ്കില്‍ ഞങ്ങളുടെ വല്യാപ്പന്‍മാരുടെ പേരുകളും ഉണ്ടാവും അക്കൂട്ടത്തില്‍. ഇടക്കാലത്ത് എല്ലാം നഷ്ടപ്പെട്ട് ദാരിദ്ര്യത്തിലായി എങ്കിലും പുറത്തുള്ളവര്‍ക്ക് അതൊന്നും അത്ര ആഴത്തില്‍ ഉള്‍ക്കൊള്ളാനായിരുന്നില്ല.

വീട്ടില്‍ നിന്ന് ചോറ് കൊണ്ടുപോയിട്ടാണ് ഉച്ചക്ക് ഊണ് കഴിച്ചിരുന്നത്. ഒരു ദിവസം കൊണ്ടുപോയത് ചാമയരിയുടെ ചോറായിരുന്നു. (സ്വന്തമായി നെല്‍ വയലുകളില്ലാത്ത ആളുകള്‍ കരയില്‍ കൃഷി ചെയ്യാവുന്ന ചാമ, വരക് മുതലായ ചെറു ധാന്യങ്ങളും ചോറിനു പകരമായി ഭക്ഷിച്ചിരുന്നു. ) അന്ന് ചാമയരിചോറിനു കൂട്ടാനായി കൊണ്ടുപോയിരുന്നത് അയില എന്ന മീന്‍ ചുട്ടെടുത്തതിന്‍റെ വാല്‍ ഭാഗം പകുതിയായിരുന്നു.

മുറിയുടെ പിന്‍ഭാഗത്ത് കര്‍ട്ടന്‍ കൊണ്ട് തിരിച്ചിരിക്കുന്ന മറവില്‍ നിലത്തിരുന്നാണ് ഊണ്. ഞാന്‍ ഉണ്ണാന്‍ തുടങ്ങിയതേയുള്ളു. മുതലാളിയായ വര്‍ക്കിച്ചേട്ടന്‍ അങ്ങോട്ട് കടന്നു വരുന്നു. അവിടെ സൂക്ഷിച്ചിട്ടുള്ള തടിച്ച കണക്കു ബുക്കുകള്‍ പരിശോധിക്കാനോ മറ്റോ വന്നതായിരിക്കാം. പെട്ടന്നാണ് നിലത്തിരുന്ന് ഉണ്ണുന്ന എന്നെ അദ്ദേഹം ശ്രദ്ധിക്കുന്നത്. ഒരു പക്ഷെ, എന്‍റെ ചുട്ട അയിലയുടെ മണം അദ്ദേഹത്തെ അലോസരപ്പെടുത്തിയിട്ടുണ്ടാവാം. എന്‍റെ മുന്നില്‍ തറയിലിരുന്ന അദ്ദേഹം ഇതെന്തു ചോറാണെന്ന് എന്നോട് അറപ്പോടെ ചോദിച്ചു. ചാമയരിയാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ‘അയില ചുട്ടാണോടാ ആണുങ്ങള്‍ കഴിക്കുന്നത്’ എന്നും ചോദിച്ചു. എന്നിട്ട് അയിലപ്പകുതി രണ്ടു വിരലുകൊണ്ട് എടുത്തുയര്‍ത്തി തന്‍റെ മൂക്കിനോട് അടുപ്പിച്ച് മണത്ത് ഓക്കാനിക്കുന്ന ഭാവം പ്രകടിപ്പിച്ചു. എന്നിട്ട് ആ അയിലപ്പകുതി ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ‘ജോര്‍ജേ, ദാണ്ടെ വല്യ കുടുംബക്കാരനായ നിന്‍റെ ശിഷ്യന്‍ കഴിക്കുന്നത് ചാമയരിച്ചോറും, അയല ചുട്ടതുമാണെടാ’ എന്ന് പറഞ് ഉറക്കെ പൊട്ടിച്ചിരിച്ച് അയില കഷ്ണം എന്‍റെ പാത്രത്തിലേക്കിട്ടു പുറത്തേക്ക് പോയി.

ഒരു വിധത്തില്‍ ആണ് കുറച്ചു ചോറ് കൂടി ഞാന്‍ ഉണ്ടത്. തൊണ്ടയില്‍ ഒരു വലിയ ബോള്‍ തടഞ്ഞിരിക്കുന്നത് പോലെ. മുതലാളിയുടെ കമന്‍റ് കേട്ട് ജോര്‍ജ് ചേട്ടനോ, രാജമ്മയോ ചിരിച്ചില്ല. ജൗളിക്കടയിലെ സഹായിയായ മെക്കോട്ടുംകര കുഞ്ഞു ചേട്ടന്‍ മാത്രം കുറെ ചിരിച്ചു. എനിക്ക് വല്ലാത്ത സങ്കടം ഉണ്ടായി. പകയും വിദ്വേഷവും എന്നെ പൊതിഞ്ഞു. അടുത്തിരുന്ന തടിച്ച കണക്കു ബുക്കുകളില്‍ മിക്കതിന്‍റെയും അകവശത്ത് കീറാവുന്നിടത്തോളം പേജുകള്‍ കൂട്ടിപ്പിടിച്ച് പകുതിയോളം നീളത്തില്‍ കീറി.

രണ്ടു ദിവസത്തിനുള്ളില്‍ ബുക്കുകള്‍ കീറി വച്ചിരിക്കുന്നത് കണ്ടു പിടിച്ചു. ഞാനാണ് കീറിയത് എന്ന് എല്ലാവര്‍ക്കും മനസിലായി. ‘താനാണോ ബുക്ക് കീറിയത് ?’ എന്ന് ജോര്‍ജ് ചേട്ടന്‍ എന്നോട് ചോദിച്ചു. ‘അല്ല’ എന്ന് ഞാന്‍ പറഞ്ഞു. അത് കള്ളമാണെന്ന് എല്ലാവര്‍ക്കും പൂര്‍ണ്ണ ബോധ്യമായിരുന്നിട്ടു കൂടി ആരും ഒന്നും പറഞ്ഞില്ല.’പേജുകള്‍ കീറി മാറ്റിയില്ലല്ലോ’എന്ന ആശ്വാസവുമായി കുഞ്ഞു ചേട്ടന്‍ ബുക്കുകള്‍ എടുത്തു കൊണ്ട് പോയി.

ആരും ഒന്നും പറഞ്ഞില്ലെങ്കിലും ഞാനാണ് ബുക്ക് കീറിയത് എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു എന്ന് എനിക്ക് മനസിലായി. പിന്നെ അവിടെ നില്‍ക്കുന്നതില്‍ ഒരു വല്ലാത്ത വിമ്മിഷ്ടം സ്വയം അനുഭവപ്പെട്ടു തുടങ്ങി. ഞാന്‍ അവിടുന്ന് മാറി. ജോര്‍ജ് ചേട്ടന്‍റെയും ഗുരുവായ മണലില്‍ നീലകണ്ഠന്‍ ആശാന്‍ അന്ന് പരീക്കണ്ണിയില്‍ ഉള്ള ‘പുത്തന്‍ പുരയില്‍’ വര്‍ക്കിച്ചേട്ടന്‍റെ ( ഈ വര്‍ക്കിച്ചേട്ടന്‍ പണ്ട് വല്യാപ്പനെ ചികില്‍സിച്ച പാപ്പിചേട്ടന്‍റെ അടുത്ത ബന്ധുവാണ്) കടയില്‍ തയ്ച്ചു കൊണ്ടിരിക്കുകയാണ്. ആശാനോട് ചോദിച്ച് അവിടെ കൂടി. കുറച്ചൊക്കെ തയ്യല്‍ പഠിച്ചിരുന്നത് കൊണ്ട് ദിവസം ഒരു രൂപാ കൂലി എന്നായിരുന്നു വ്യവസ്ഥ.

എന്നും ഉച്ചക്ക് കടയുടമയുടെ വീട്ടില്‍ നിന്നും തട്ടു തട്ടായിട്ടുള്ള വലിയ ചോറ്റു പാത്രത്തില്‍ ഊണ് കൊണ്ടുവരും. അത് ആശാനും കൂടിയുള്ള ഊണാണ്. കടുക് വറുത്ത കറികളുടെ മണമൊക്കെ അവര്‍ ഉണ്ണുമ്പോള്‍ എനിക്കും സൗജന്യമായി കിട്ടിയിരുന്നു. ഞാന്‍ കൊണ്ടുപോകുന്ന ചോറ് അടുത്തുള്ള ഒരു വീട്ടില്‍ വച്ചാണ് കഴിച്ചിരുന്നത്. ‘ഉഴുന്നുങ്കല്‍ ഉപദേശി’ എന്നയാളുടെ വീട്ടില്‍ വച്ച്. ഉപദേശിയുടെ ഭാര്യ ഞങ്ങളുടെ അയല്‍ക്കാരി ആയിരുന്നതിനാല്‍ അപ്പന്‍ ഏര്‍പ്പെടുത്തി തന്നതാണ് ഈ ഡൈനിങ് പ്ളേസ്. അവരുടെ മൂത്ത മകന് എന്‍റെ പ്രായമാണ്. അതില്‍ താഴെയുള്ള അഞ്ചാറ് കുട്ടികളുണ്ട്. ഏറ്റവും ഇളയ പെണ്‍കുട്ടിക്ക് രണ്ട് വയസ്സ് പ്രായം. ഞാന്‍ ഉണ്ണാനിരുന്നാല്‍ കക്ഷി എന്‍റെ അടുത്തു വരും. പിന്നെ എന്‍റെ പാത്രത്തില്‍ നിന്ന് കയ്യിട്ടുവാരി തിന്നു കൊണ്ടിരിക്കും. കുട്ടിയുടെ അമ്മ പലപ്പോഴും ഇത് തടയാന്‍ നോക്കിയെങ്കിലും കുട്ടി പിന്മാറിയില്ല. കൈയ്യൊന്നും കഴുകാതെയാണ് കുട്ടി ഉണ്ണാന്‍ വരുന്നത് എന്നത് എന്നെ അലോസരപ്പെടുത്തിയിരുന്നില്ല. അവിടുന്ന് പോരുന്നത് വരെ ഈ കുഞ്ഞു കൂട്ടുകാരി എന്നും എന്നോടൊപ്പം ഉണ്ണാനുണ്ടായിരുന്നു.

എന്നും വൈകുന്നേരം ഞാന്‍ ജോലി കഴിഞ്ഞു പോരുമ്പോള്‍ ഒരാള്‍ എന്നോട് സംസാരിച്ചു കൊണ്ട് കൂടെപ്പോരും. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ മമ്മത് എന്ന മധ്യ വയസ്ക്കന്‍. ഒരു മൈല്‍ നടന്ന് ഞാന്‍ തിരിഞ്ഞു പോരുന്നിടം വരെ അയാള്‍ കൂടെയുണ്ടാവും. ഇരു വശത്തും റബ്ബര്‍ തോട്ടം ആയതിനാല്‍ കള്ളന്മാരുടെ ശല്യം ഉണ്ടാവുമെന്നും, എന്നെ സംരക്ഷിക്കാനാണ് അയാള്‍ കൂട്ട് പോരുന്നതെന്നും അയാള്‍ പറഞ്ഞിരുന്നു. അങ്ങിനെയൊരു പേടി എനിക്കില്ലെന്ന് ഞാന്‍ പറഞ്ഞുവെങ്കിലും, എന്നെ അയാള്‍ക്ക് വലിയ ഇഷ്ടമാണെന്നും, അതുകൊണ്ടാണ് കൂടെ വരുന്നത് എന്നും അയാള്‍ പറഞ്ഞു. അടുത്തു വരുന്ന
പൈങ്ങോട്ടൂര്‍ പള്ളി പെരുന്നാളിന് ഞാന്‍ കൂടി വരണമെന്ന് അയാള്‍ എന്നെ ക്ഷണിക്കുകയും, അയാള്‍ക്കൊപ്പം പോയ എനിക്ക് കാപ്പി, പലഹാരം, മുതലായവ വാങ്ങിത്തരികയും, അവിടെ വാങ്ങാന്‍ കിട്ടുന്ന എന്തും എനിക്ക് വാങ്ങിത്തരാന്‍ അയാള്‍ ഉത്സാഹം കാണിക്കുകയും ഉണ്ടായിയെങ്കിലും, മറ്റുള്ളവരില്‍ നിന്നും ഒന്നും കൈപ്പറ്റുന്ന ശീലം അന്നും, ഇന്നും എനിക്കില്ലാതിരുന്നത് കൊണ്ട് അയാളുടെ ഓഫറുകളൊന്നും ഞാന്‍ സ്വീകരിച്ചില്ല.

ഒരു ദിവസം വെകുന്നേരം നടക്കുന്നതിനിടയില്‍ എന്നെ ഒരു വലിയ സര്‍‌പ്രൈസ് കാണിച്ചു തരാമെന്ന് അയാള്‍ എന്നോട് പറഞ്ഞു. എന്താണെന്ന് ഞാന്‍ ചോദിച്ചെങ്കിലും, നേരിട്ട് കാണുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്ന് അയാള്‍ പറഞ്ഞു. റബ്ബര്‍ തോട്ടങ്ങളില്‍ നിന്ന് അയാള്‍ ധാരാളം തേനെടുത്തിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞിട്ടുള്ളത് കൊണ്ട് ഏതെങ്കിലും തേന്‍ കൂടിനടുത്തേക്കാകും അയാള്‍ എന്നെ നയിക്കുന്നത് എന്ന് ഞാന്‍ കരുതി.

ഒരു സ്ഥലത്തെത്തിയപ്പോള്‍ അയാള്‍ തറയിലിരുന്നു. എന്നെയും ബലമായി പിടിച്ചിരുത്തി. പെട്ടെന്ന് തുണിയുരിഞ്ഞിട്ട് എന്‍റെ
കൈ ബലമായിപ്പിടിച്ച് അയാളുടെ ഗുഹ്യ ഭാഗങ്ങളില്‍ പിടിപ്പിച്ചു. തീയില്‍ ചവിട്ടിയത് പോലെ ഞാന്‍ ഞെട്ടിപ്പോയി. എണീല്‍ക്കാന്‍ ശ്രമിച്ച എന്നെ അയാള്‍ ബലമായി പിടിച്ചിരിക്കുകയാണ്. വലിയ ശബ്ദമുണ്ടാക്കികൊണ്ട് ഒരു വിധത്തില്‍ അയാളുടെ പിടി വിടുവിച്ച് ഞാന്‍ ഓടി. വീട്ടില്‍ എത്തിച്ചേര്‍ന്നപ്പോളാണ് ശ്വാസം നേരേ വീണത്. ഇതൊന്നും വീട്ടില്‍ പറയുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. ഇങ്ങിനെയും ഒരേര്‍പ്പാടുണ്ടെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. അതിനു ശേഷം ഇന്ന് വരെയും ഒരിടത്തും അയാളെ കണ്ടിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top