പാസ്റ്ററെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Newsimg1_73588682അലബാമ : കവര്‍ച്ചാശ്രമത്തിനിടയില്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്റര്‍ ബില്‍ ലിന്നിനെ മുപ്പതിലധികം തവണ കുത്തി കൊലപ്പെടുത്തിയ പ്രതി ക്രിസ്റ്റഫര്‍ ലി പ്രൈസിന്റെ (46) വധശിക്ഷ മേയ് 30 വ്യാഴാഴ്ച രാത്രി 8.30 അലബാമ ഹോള്‍മാന്‍ ജയിലില്‍ നടപ്പാക്കി.

സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. ഒരു മാസം മുമ്പ് വധശിക്ഷക്കുള്ള തീയതി നിശ്ചയിച്ചിരുന്നുവെങ്കിലും നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് ശിക്ഷ നടപ്പാക്കണമെന്ന പ്രതിയുടെ ആവശ്യത്തിന്മേല്‍ കോടതി തീരുമാനം വൈകിയതാണ് മേയ് 30 ലേക്ക് മാറ്റിയത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം വൈകി പോയതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിയുടെ അപേക്ഷ കോടതി തള്ളിയിരുന്നു.

1991 ഡിസംബര്‍ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. പാസ്റ്ററും ഭാര്യയും പേരക്കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ തയ്യാറാക്കുന്നതിനിടയില്‍ വൈദ്യുതി ബന്ധം നിലച്ചു. കാരണം കണ്ടെത്തുന്നതിന് പാസ്റ്റര്‍ പുറത്തിറങ്ങി. പുറത്തു പാസ്റ്ററുടെ നിലവിളി കേട്ട് ഭാര്യ നോക്കിയപ്പോള്‍ കറുത്ത വസ്ത്രം ധരിച്ച രണ്ടു പേരില്‍ ഒരാള്‍ അദ്ദേഹത്തെ നിര്‍ദയം വാളുകൊണ്ട് വെട്ടുന്നതും കുത്തുന്നതുമാണ് കണ്ടത്.

രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയേയും വെറുതെ വിട്ടില്ല. അവരേയും ആക്രമിച്ചു ആഭരണങ്ങള്‍ തട്ടിയെടുത്താണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഇതില്‍ ഒരു പ്രതി കെല്‍വിന്‍ കോള്‍മാനെ നേരത്തെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. പ്രധാന പ്രതിയായി ജൂറി കണ്ടെത്തിയ ക്രിസ്റ്റഫറിനെ വധശിക്ഷക്കു വിധിക്കുകയായിരുന്നു.

മാരകമായ വിഷം സിരകളിലേക്ക് പ്രവേശിപ്പിക്കുന്നതിനു മുമ്പു ചെയ്തു പോയ കുറ്റത്തിന് പാസ്റ്ററുടെ കുടുംബാംഗങ്ങളോടു പ്രതി മാപ്പപേക്ഷിച്ചിരുന്നു. 2018 ല്‍ അലബാമയില്‍ നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ അംഗീകരിച്ചിരുന്നു. വിഷം കുത്തിവച്ചുള്ള വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധം ഉയരുമ്പോഴും വധശിക്ഷ നടപ്പാക്കുന്നത് നിര്‍ബാധം തുടരും.

Print Friendly, PDF & Email

Related News

Leave a Comment