ബാലഭാസ്ക്കറിന്റേത് അപകടമരണമോ?; പുതിയ വെളിപ്പെടുത്തലുകളില്‍ ദുരൂഹതകളേറെ

balabhaskar-car-new2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട പ്രശസ്ത വയലിനിസ്റ്റും സംഗീത സം‌വിധായകനുമായ ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹത. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിക്കുകയായിരുന്നു. പിന്നീട് ബാലഭാസ്‌കറും ആശുപത്രിയില്‍ മരിച്ചു.

ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. അപകട സ്ഥലത്ത് അസ്വാഭാവികമായ ചില കാര്യങ്ങള്‍ കണ്ടുവെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. അപകടം നടന്ന സ്ഥലത്ത്, അപകടം നടന്ന് പത്തുമിനുട്ടിനകം അതുവഴി എത്തിയ കലാഭവന്‍ സോജി എന്നയാളാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ബാലഭാസ്‌കറുമായി അടുപ്പമുള്ള രണ്ടുപേര്‍ സ്വര്‍ണ്ണക്കടത്തുമായി പിടിയിലായതോടെയാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയതെന്നും കലാഭവന്‍ സോജി വെളിപ്പെടുത്തി.

അപകടം നടന്ന സ്ഥലത്ത് റോഡിന് ഇടതുവശത്തുകൂടി 25 വയസ്സിനടുത്തുള്ള ഒരാള്‍ ഓടിപ്പോകുന്നതും, മറ്റൊരാള്‍ സ്റ്റാര്‍ട്ട് ചെയ്ത ബൈക്ക് കാലുകൊണ്ട് തുഴഞ്ഞുപോകുന്നതുമാണ് കണ്ടത്. ഇവരുടെ മുഖത്ത് എന്തോ അസ്വസ്ഥത പ്രകടമായിരുന്നുവെന്നും കലാഭവന്‍ സോജി പറഞ്ഞു. പിന്നീടാണ് അപകടത്തില്‍പ്പെട്ടത് വയലിനിസ്റ്റ് ബാലഭാസ്‌കറാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇക്കാര്യം സുഹൃത്തായ ഗായകന്‍ മധുബാലകൃഷ്ണനെ അറിയിച്ചു.

ബാലഭാസ്‌കറുമായി ബന്ധമുള്ള മധുബാലകൃഷ്ണന്‍ പ്രകാശ് തമ്പിയുടെ ഫോണ്‍ നമ്പര്‍ തന്നു. കണ്ട കാര്യങ്ങളെല്ലാം പ്രകാശ് തമ്പിയോട് പറഞ്ഞെങ്കിലും അനുകൂലമായ പ്രതികരണമല്ല ഉണ്ടായത്. പിന്നീട് സംഭവം അന്വേഷിക്കുന്ന ആറ്റിങ്ങല്‍ സിഐ വിളിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പറയണമെന്ന് ആവശ്യപ്പെട്ടു. എവിടെ വേണമെങ്കിലും പറയാമെന്ന് പറഞ്ഞെങ്കിലും ആരും തന്നെ വിളിച്ചില്ല. പിന്നീട് തിരക്കുകള്‍ക്കിടയില്‍ താനും ഇക്കാര്യം മറന്നു.

ബാലഭാസ്‌കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്റര്‍ കൂടിയായ പ്രകാശ് തമ്പിയും മറ്റൊരു സുഹൃത്തും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായതോടെയാണ്, അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് തോന്നിയതെന്നും കലാഭവന്‍ സോജു പറഞ്ഞു. സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘം ഇതുവരെ തന്നെ വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം മൊഴി നല്‍കാന്‍ ഇപ്പോഴും തയ്യാറാണെന്നും കലാഭവന്‍ സോജു പറഞ്ഞു

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News