- Malayalam Daily News - https://www.malayalamdailynews.com -

മോദി വന്നിട്ടും ഇന്ത്യ അകലങ്ങളില്‍ തന്നെ

Modi vannittum bannerമോദിയുടെ രണ്ടാം മന്ത്രിസഭയില്‍ അമിത്ഷാ ആഭ്യന്തര മന്ത്രിയായെന്ന വാര്‍ത്ത രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കി. ഗുജറാത്തില്‍ മുഖ്യമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ചേര്‍ന്ന ഭരണകാലത്ത് ഉണ്ടായ വര്‍ഗ്ഗീയ കലാപങ്ങളും ഏറ്റുമുട്ടല്‍ കൊലകളും ആള്‍ക്കൂട്ട ആക്രമണങ്ങളും ജനമനസ്സില്‍ ഭയവും മുറിവുമായി നിലനില്‍ക്കുന്നതിന്റെ ഞെട്ടല്‍.

പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ അമിത്ഷായും തമ്മില്‍ പലവട്ടം നടത്തിയ ചര്‍ച്ചകളിലാണ് 22-ാമത് കേന്ദ്രമന്ത്രിസഭക്ക് അവസാന രൂപം നല്‍കിയത്. രണ്ട് നേതാക്കളും അങ്ങേയറ്റം രഹസ്യാത്മകത നിലനിര്‍ത്തിയ ഒരു മന്ത്രിസഭാ രൂപീകരണം മുമ്പുണ്ടായിട്ടില്ല. ഒഴിവാക്കപ്പെടുന്ന മന്ത്രിമാര്‍ക്കോ പുതുതായി നിയോഗിക്കപ്പെടുന്നവര്‍ക്കോ അവസാന മണിക്കൂര്‍വരെ സൂചനപോലും ലഭ്യമായിരുന്നില്ല.

appukuttan 2018വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോഴും വകുപ്പുകളുടെ കാര്യം അതിരഹസ്യമായി നിലനിര്‍ത്തി. മാധ്യമങ്ങള്‍ പൂര്‍ണ്ണമായും ഇരുട്ടിലായി. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള അറിയിപ്പിലൂടെ മാത്രമാണ് അമിത്ഷാ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈയാളുന്നതടക്കം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നത്. അതുവരെ പ്രധാനമന്ത്രിക്കു ശേഷം രണ്ടാമനായി സത്യപ്രതിജ്ഞചെയ്ത രാജ്‌നാഥ് സിംഗ് ആയിരിക്കും ആഭ്യന്തര മന്ത്രി എന്നും മന്ത്രിസഭയില്‍ ചേര്‍ന്ന സ്ഥിതിക്ക് അമിത്ഷാ ധനവകുപ്പ് ഏറ്റെടുക്കുമെന്നുമാണ് മാധ്യമങ്ങള്‍ കരുതിയതും റിപ്പോര്‍ട്ട് ചെയ്തതും. വെള്ളിയാഴ്ച അഞ്ചു മണിക്ക് കേന്ദ്രമന്ത്രിസഭയുടെ ആദ്യ യോഗം ചേരാനിരിക്കെ രാഷ്ട്രപതി ഭവനില്‍ നിന്നുള്ള അറിയിപ്പില്‍ മാത്രമാണ് വകുപ്പിന്റെ ചുമതലക്കാര്‍ ആരെന്നു പുറത്തുവിട്ടത്.

മോദി മന്ത്രിസഭയുടെ അവസാനപാദത്തില്‍ പ്രതിരോധ മന്ത്രിയായിരുന്ന നിര്‍മ്മലാ സീതാരാമനെയാണ് ധനമന്ത്രിയാക്കിയത്. പ്രതിരോധ മന്ത്രാലയത്തിലേക്ക്, വാജ്‌പേയി മന്ത്രിസഭയില്‍ മന്ത്രിയും രണ്ടുതവണ ബി.ജെ.പി അധ്യക്ഷനുമായിരുന്ന രാജ്‌നാഥ് സിംഗിനെ മാറ്റി. കഴിഞ്ഞ മന്ത്രിസഭാ രൂപീകരണ വേളയില്‍ അധ്യക്ഷ പദവിയില്‍ തുടരാനാണ് അദ്വാനിയുടെയും ആര്‍.എസ്.എസ് നേതൃത്വത്തിന്റെയും അടുപ്പക്കാരനായിരുന്ന രാജ്‌നാഥ് സിംഗ് താല്പര്യപ്പെട്ടത്. രണ്ട് അധികാര കേന്ദ്രങ്ങള്‍ വേണ്ടെന്ന മോദിയുടെ കടുത്ത നിലപാട് ആര്‍.എസ്.എസ് നേതൃത്വത്തിനു പോലും അംഗീകരിക്കേണ്ടി വന്നു. രാജ്‌നാഥ് സിംഗിനെ ആഭ്യന്തരമന്ത്രിയാക്കി. സിംഗിനേക്കാള്‍ പതിമൂന്ന് വയസിന് ഇളപ്പക്കാരനും തന്റെ വിശ്വസ്തനുമായ അമിത്ഷായെ പാര്‍ട്ടി അധ്യക്ഷനാക്കി.

മോദി- അമിത്ഷാ ദ്വയത്തിന്റെ കീഴില്‍ തെരഞ്ഞെടുപ്പുകളിലൂടെ പാര്‍ലമെന്റിലെയും വിവിധ നിയമസഭകളിലെയും സാന്നിധ്യം ബി.ജെ.പിക്ക് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ പിന്‍ബലത്തോടെ അധികാരത്തില്‍ വീണ്ടും എത്താനും. ഇതെല്ലാം കൃത്യമായ തന്റെ ഭരണനയങ്ങളുടെയും അതത് സമയത്തെ ഇടപെടലുകളുടെയും തിരുത്തലുകളുടെയും വിജയമാണെന്ന് മോദി അവകാശപ്പെടുകയും ചെയ്തു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെ നിലയ്ക്ക് പാര്‍ട്ടി അധ്യക്ഷനു കീഴ്‌പ്പെട്ടാണ് താനെന്നും.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അനാരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ മന്ത്രിസഭയില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തുനിന്ന സാഹചര്യത്തിലാണ് അമിത്ഷായെ മന്ത്രിസഭയില്‍ കൊണ്ടു വന്നത്. മുമ്പ് ഗുജറാത്തിലെ പോലെ കേന്ദ്ര സര്‍ക്കാറിലും മോദി – അമിത്ഷാ കൂട്ടുകെട്ട് രൂപപ്പെടുത്തിയതും.

അദ്വാനിയുടെയും മുരളീമനോഹര്‍ ജോഷിയുടെയും വിശ്വസ്തരായിരുന്ന മുതിര്‍ന്ന മന്ത്രിമാരില്‍ പ്രമുഖരായ സുഷമാ സ്വരാജിനെയും ഉമാഭാരതിയേയും രണ്ടാമൂഴത്തില്‍ മോദി ഒഴിവാക്കി. സുഷമാ സ്വരാജ്, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞിരുെന്നങ്കിലും വിദേശകാര്യ മന്ത്രിയായി പ്രതിഭ തെളിയിച്ച അവരെ പുതിയ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജയ്റ്റ്‌ലിയുടെ വീട്ടില്‍ ചെന്ന് മന്ത്രിസഭയില്‍ ചേര്‍ക്കാന്‍ അവസാനവട്ടവും ശ്രമിച്ച മോദി സുഷമക്കൊപ്പം ഉമാഭാരതി, മേനകാ ഗാന്ധി, തുടങ്ങി 22 പേരെ മന്ത്രിസഭയില്‍ നിന്നു നീക്കി.

2014ലെ പോലെ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനും ആശയ വിനിമയത്തിനും വിധേയനായല്ല ഇത്തവണ മോദി മന്ത്രിസഭാ നിര്‍ണയം നടത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുമായി ചേര്‍ന്നും പി.എം.ഒയിലെ നിര്‍ണായക അധികാരകേന്ദ്രമാക്കി മാറ്റിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മാത്രമാണ് രഹസ്യങ്ങള്‍ അറിയാമായിരുന്നത്. പലരെക്കുറിച്ചുള്ള തീരുമാനങ്ങളും ഡോവലിന്റെ ഉപദേശത്തിന്റെ സ്വാധീനത്തിലായിരുന്നു. ഇന്ത്യയെന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യത്തില്‍ ഈ മന്ത്രിസഭയിലെ തീരുമാനം കേവലം മൂന്നു പേര്‍ ചേര്‍ന്നാണ് എടുത്തത്!

തെരഞ്ഞെടുപ്പിലെ വന്‍ വിജയം ഇന്ത്യ കീഴടക്കി രാജ്യഭാരം നടത്താനും ഇന്ത്യയെ ഏകോപിപ്പിക്കാനും മോദിയെ സാധ്യമാക്കിയെന്നാണ് അമേരിക്കന്‍ വാരികയായ ‘ടൈം’ മുതല്‍ ദേശീയ മാധ്യമങ്ങള്‍ വരെ വിലയിരുത്തിയത്. പാര്‍ട്ടിയെയും എന്‍.ഡി.എയെയും കൂടുതല്‍ ഏകോപിപ്പിക്കുന്നതല്ല കണ്ടത്. മന്ത്രിസഭാ രൂപീകരണത്തോടെ പാര്‍ട്ടിയിലും മുന്നണിയിലും വിള്ളലുകളും അകല്‍ച്ചയും രൂപപ്പെടുന്നതാണ്.

നരേന്ദ്രമോദിയെ പാര്‍ലമെന്റിനകത്തും പുറത്തും ഒരു പോലെ പ്രതിരോധിച്ച, മോദി ഗവമെന്റിന്റെ സാമ്പത്തിക നയങ്ങളുടെ ആവിഷ്‌കര്‍ത്താവും വക്താവുമായി നിലകൊണ്ട ജയ്റ്റ്‌ലിയുടെ ഏകപക്ഷീയമായ തീരുമാനം തന്നെ വിജയലഹരിക്കിടയില്‍ ആദ്യത്തെ അസ്വസ്ഥത സൃഷ്ടിച്ചു. ശിവസേന കഴിഞ്ഞാല്‍ 16 സീറ്റുകളുമായി എന്‍.ഡി.എയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന നിതീഷ്‌കുമാറിന്റെ ജെ.ഡി.യു മന്ത്രിസഭയില്‍ നിന്ന് വിട്ടു നിന്നു. പ്രതീകാത്മകമായി ഒരു മന്ത്രിസ്ഥാനം മാത്രം നല്‍കാനുള്ള മോദി- അമിത്ഷാ തീരുമാനത്തിനെതിരെ നിതീഷ് പരസ്യമായി പ്രതികരിച്ചാണ് മന്ത്രിസഭയില്‍ ജെ.ഡി.യുവും ചേരുന്നില്ലെന്ന് അറിയിച്ചത്. നേരത്തെ എന്‍.ഡി.എയില്‍ നിന്ന് പുറത്തുപോകുകയും ഈ തെരഞ്ഞെടുപ്പോടെ വീണ്ടുംമടങ്ങിയെത്തുകയും ചെയ്ത ബീഹാര്‍ മുഖ്യമന്ത്രി നിതീഷിനോടുള്ള നിലപാടിന് മറ്റൊരു കാരണംകൂടിയുണ്ട്. നാഥുറാം ഗോഡ്‌സെയെ ദേശഭക്തനെന്നു വിശേഷിപ്പിച്ച സാധ്വി പ്രഗ്യയെ ബി.ജെ.പിയില്‍നിന്നു പുറത്താക്കണമെന്നു നിതീഷ് കൂമാര്‍ ആവശ്യപ്പെട്ടിരുന്നു.

തമിഴ്‌നാട്ടില്‍ എന്‍.ഡി.എ മുണിയില്‍ ചേര്‍ന്നു മത്സരിച്ച അണ്ണാ ഡി.എം.കെക്കും മോദി പ്രാതിനിധ്യം നല്‍കിയില്ല. വാരാണസി മണ്ഡലത്തില്‍ കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആത്മവിശ്വാസവും പിന്‍ബലവും നല്‍കിയ അപ്നാദള്‍ നേതാവ് അനുപ്രിയയെയും മന്ത്രിസഭയില്‍ നിന്നും പുറത്തു നിര്‍ത്തി. മോദി – അമിത്ഷാ രാഷ്ട്രീയ ഇരകളുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.

ബി.ജെ.പിയില്‍ ഒരാള്‍ രണ്ടു പദവികള്‍ വഹിച്ചു കൂടാ എന്നതാണ് സംഘടനാ വ്യവസ്ഥ. ഇപ്പോള്‍ അമിത്ഷാ പാര്‍ട്ടി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമെന്ന ഇരട്ടപദവി കൈയാളുന്നു. നവംബറില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതുവരെ പതിവിന് വിരുദ്ധമായി അമിത്ഷാ അധ്യക്ഷപദവിയില്‍ തുടരുമോ എന്നത് പ്രശ്‌നമാണ്. ഇപ്പോള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള മോദിയുടെ വിശ്വസ്തന്‍ എ.പി നദ്ദയെ പാര്‍ട്ടി അധ്യക്ഷനാക്കുമോ എന്നും വ്യക്തമല്ല.

വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്കുമുമ്പ് പ്രധാനമന്ത്രി മോദി ഇന്ത്യാഗേറ്റിലെ സൈനിക രക്തസാക്ഷികളുടെ ദീപശിഖയ്ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുമ്പോള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരോചിതമായി പങ്കാളിയായ ഒരു സൈനികന്‍ ‘വിദേശി’യായി മുദ്രയടിക്കപ്പെട്ട് അസമിലെ ഗോല്‍പ്പാറ സൈനിക തടങ്കല്‍ ക്യാമ്പിലായിരുന്നു. റിട്ടയേര്‍ഡ് ക്യാപ്റ്റന്‍ മുഹമ്മദ് സനാവുള്ള.

30 വര്‍ഷം സൈനികസേവനം നടത്തിയ ക്യാപ്റ്റന്‍ സനാവുള്ളയെ ഗുഹാവത്തിയിലെ അതിര്‍ത്തി പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. ഉത്തരവനുസരിച്ച് ചെന്ന ആ മുന്‍ കരസേനാ ഓഫീസറെ അതിര്‍ത്തി പൊലീസ് അറസ്റ്റുചെയ്ത് ഗോല്‍പ്പാറയിലെ അനധികൃത തടങ്കല്‍പാളയത്തില്‍ അടയ്ക്കുകയായിരുന്നു.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി ബംഗ്ലാദേശിലേക്ക് അയക്കുമെന്നത് ബി.ജി.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നാണ്. അസമിലെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ച വിദേശികളെ നീക്കാനുള്ള ട്രിബ്യൂണലാണ് അമാനുള്ള ഇന്ത്യന്‍ പൗരനല്ലെന്ന് കണ്ടെത്തിയത്. അസം അടക്കം ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കായ ന്യൂനപക്ഷങ്ങള്‍ അമാനുള്ളയെയും കുടുംബത്തെയുംപോലെ ഇപ്പോള്‍ ഭീതിയിലാണ്. ദേശത്തിന്റെയും ദേശീയതയുടെയും ഭാഗമായി ജീവിച്ച അവര്‍ പുറന്തള്ളലിന്റെ കൊടും ഭീതിയിലാണ്. അമാനുള്ള വിഷയം വിവാദമായതോടെ സുപ്രിം കോടതി തന്നെ പൗരത്വ പരിശോധനാ സംവിധാനത്തിന്റെ ചുമതലക്കാരെ നീതിപൂര്‍വ്വമായ തെളിവെടുപ്പു നടത്തണമെന്ന് താക്കീതു ചെയ്തതും വെള്ളിയാഴ്ചയാണ്.

വിഷയം ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങളില്‍ വര്‍ഗീയവത്ക്കരിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ നേടി യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ സീറ്റുനഷ്ടം നികത്തുകയായിരുന്നു ബി.ജെ.പി.

ജമ്മു-കശ്മീരും മോദി ഗവണ്മെന്റിന്റെ തിരിച്ചുവരവില്‍ ഭയഭീതരാണ്. കശ്മീര്‍ ഇന്ത്യയില്‍ ലയിപ്പിക്കുന്ന കരാറിന്റെ ഭാഗമായി ജമ്മു-കശ്മീരിന് അനുവദിച്ച 370-ാം വകുപ്പ് അനുസരിച്ചുള്ള പ്രത്യേക പദവിയും ഭരണഘടനയുടെ 35(എ)അനുസരിച്ച് അവര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നീക്കം ചെയ്യുമെന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വകുപ്പുകള്‍ അംഗീകരിച്ചുകൊണ്ട് പി.ഡി.പിയുമായി സഖ്യകക്ഷി ഗവണ്മെന്റില്‍ പങ്കാളിയായ ശേഷമാണ് ബി.ജെ.പി ഹിന്ദുവികാരം വോട്ടാക്കിമാറ്റാന്‍ ജമ്മു-കശ്മീരിനെയും രാഷ്ട്രീയമായി ഉപയോഗിച്ചത്.

ശത്രു സൈന്യത്തിന്റെയും അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരരുടെയും കടന്നാക്രമണങ്ങളെ ചെറുത്ത് ഇന്ത്യയുടെ ഭാഗമായി തുടരുന്ന ജമ്മു-കശ്മീരിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ ചെകുത്താനും കടലിനും ഇടയിലാണ്.

ഒഡീഷയിലെ അഞ്ചാമത് ഗവമെന്റിന്റെതലവനായി അധികാരമേറ്റ മുഖ്യമന്ത്രി ബിജു പട്‌നായിക് മോദിയുടെ സത്യപ്രതിജ്ഞക്കെത്തിയില്ല. അതുപോലെ സിക്കിം മന്ത്രിസഭയുടെ പുതിയ മുഖ്യമന്ത്രിയും ബി.ജെ.പി രക്തസാക്ഷികളുടെ കുടുംബത്തെ ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചടങ്ങ് ബഹിഷ്‌കരിച്ചു. തെലങ്കാനയിലെയും ആന്ധ്രപ്രദേശിലെയും മുഖ്യമന്ത്രിമാരും സാങ്കേതിക കാരണത്താല്‍ സത്യപ്രതിജ്ഞക്കെത്തിയില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി.എം.കെ എം.പിമാര്‍ പാര്‍ട്ടി അധ്യക്ഷനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞയില്‍ നിന്ന് വിട്ടുനിന്നു.

നാലര പതിറ്റാണ്ടിനുശേഷം തൊഴിലില്ലായ്മ 6.1ശതമാനമായി വര്‍ദ്ധിച്ചതിന്റെ കണക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ഔദ്യോഗികമായി പുറത്തുവിട്ടത് മോദി മന്ത്രിസഭ അധികാരമേറ്റതിന്റെ പിറ്റേന്നാണ്. അഞ്ചുവര്‍ഷത്തെ മോദി ഭരണത്തില്‍ തൊഴിലില്ലായ്മ പെരുകിയതിന്റെ ഈ കണക്ക് ഇതുവരെ പൂഴ്ത്തിവെച്ചതായിരുന്നു. പ്രതിപക്ഷം തെരഞ്ഞെടുപ്പില്‍ ഈ വിഷയം ഉയര്‍ത്തിപ്പിടിച്ചിരുന്നെങ്കിലും ബി.ജെ.പി നിഷേധിക്കുകയായിരുന്നു. കാര്‍ഷിക പ്രതിസന്ധി ഏറെ രൂക്ഷമായതിന്റെയും മൊത്ത ആഭ്യന്തര ഉല്പാദനനിരക്ക് 5.8 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതിന്റെയും കണക്കുകളും പുറത്തുവന്നു.

പാര്‍ലമെന്റില്‍ ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും സീറ്റുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ബി.ജെ.പിക്ക് 37.5ശതമാനം വോട്ടാണ് ലഭിച്ചത്. ഓരോ പാര്‍ട്ടിക്കും മുന്നണിക്കും ലഭിച്ച യഥാര്‍ത്ഥ വോട്ടുകളുടെ കണക്ക് ഔദ്യോഗികമായി ലഭ്യമല്ല. എങ്കിലും രാജ്യത്തെ വോട്ടര്‍മാരില്‍ 50 ശതമാനത്തിലേറെപ്പേര്‍ ബി.ജെ.പി ഉള്‍പ്പെട്ട എന്‍.ഡി.എ മുന്നണിക്ക് എതിരായാണ് വിധിയെഴുതിയതെന്ന് ഈ ശതമാന കണക്കുകളില്‍നിന്ന് വെളിപ്പെടുന്നു. പിന്തുണച്ചവരേയും എതിര്‍ത്തവരേയും ഒന്നിച്ചു കൊണ്ടുപോകുന്നതാണ് ജനാധിപത്യം. അക്കാര്യം വാക്കുകളില്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ചിട്ടുണ്ട്. അത്രയും നല്ലത്. രാജ്യത്തെ വിവിധ വിഭാഗം ജനങ്ങള്‍ രാഷ്ട്രീയംകൊണ്ടും ജീവിതംകൊണ്ടും ഗവണ്മെന്റില്‍നിന്ന് ഇപ്പോഴും ഏറെ അകലെയാണെര്‍ത്ഥം.

മോദി-അമിത്ഷായുടെയും പി.എം.ഒയുടെയുംസഹായത്താല്‍ ഭരണചക്രം ഉരുളും. എന്നാല്‍ കൃഷിക്കാരും തൊഴില്‍ രഹിതരും ദളിതരും ന്യൂനപക്ഷങ്ങളും മരണക്കുരുക്കില്‍ തലയിട്ടുനില്‍ക്കുന്ന കൃഷിക്കാരും മറ്റും മറ്റും ഉള്‍പ്പെട്ട ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങള്‍ ഈ ഭരണ കോലാഹലങ്ങളില്‍നിന്ന് ഇപ്പോഴും അകലെയാണ്. ആ സത്യമാണ് കൊട്ടിഘോഷിക്കപ്പെടുന്ന ഈ വന്‍ ജനാധിപത്യ പ്രക്രിയയ്ക്കകത്തെ യഥാര്‍ത്ഥ മര്‍മ്മമെന്ന പ്രധാനമന്ത്രിയും ബി.ജെ.പിയും മറക്കാതിരിക്കട്ടെ.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]