Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (അദ്ധ്യായം 6): അബൂതി

June 2, 2019

adhyayam 6 bannerശവപ്പറമ്പിലെ നിശബ്ദത തടംതല്ലി നില്‍ക്കുന്ന ആ ചെറ്റക്കുടിലിന്‍റെ ഉള്ളില്‍ നാല് ആത്മാവുകള്‍ പരസ്പരം നോക്കാനാവാതെ, മിണ്ടാനാവാതെ, ആശ്വസിപ്പിക്കനാവാതെ ദിനരാത്രങ്ങള്‍ കഴിച്ചു കൂട്ടി. അച്ഛന്‍ വൈകുന്നേരം വന്നാല്‍ പിന്നെ വീടിന്‍റെ പുറത്തേക്കിറങ്ങാതെയായി. തിണ്ണയിലിരുന്ന് താടിക്ക് കൈയ്യും കൊടുത്ത്, ദൂരെ പാടത്തേക്ക് നോക്കിയിരിക്കുന്ന അമ്മ ഒരു സ്ഥിരം കാഴ്ചയായി. ശാരദക്കുട്ടി മാത്രം വല്ലപ്പോഴും വിശക്കുന്നമ്മാ എന്ന് പരിഭവം പറയും.

ഞാന്‍ വീടിന്‍റെ അകത്ത് ഏറ്റവും ഇരുട്ടുള്ള ഇടങ്ങള്‍ തേടി ഉഴറി നടന്നു. വെളിച്ചം എന്‍റെ അകവും പുറവും പൊള്ളിച്ചു. കൂട്ടുകാരികള്‍ ആരും എന്‍റെ അടുത്തേക്ക് വരാതെയായി. നെടുവീര്‍പ്പുകള്‍ ഇടനെഞ്ചില്‍ കൊടുങ്കാറ്റുകളായി അലഞ്ഞു നടന്നു. ഉപേക്ഷിച്ച പാഠപുസ്തകങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തി. എന്തിനാണ് ഇങ്ങിനെ ജീവിക്കുന്നത് എന്ന ചിന്ത ഉണ്ടായപ്പോള്‍, ഒരു മുഴം കയറോ ഒരു തുടം വിഷമോ എന്താണ് നല്ലതെന്ന് ഞാന്‍ ആലോചിച്ചു. ഉയരവും ആഴവും പേടിയാണെനിക്ക്. അത് കൊണ്ട് പാറക്കല്ലുകള്‍ നിറഞ്ഞ കിണറ്റിലേക്ക് ചാടാന്‍ ഒട്ടും ധെര്യം വന്നില്ല.

ഒരു വെകുന്നേരം വീടിന്‍റെ പിന്നാമ്പുറത്ത്, അച്ഛന്‍റെ പണിയായുധങ്ങള്‍ വച്ച ഭാഗത്ത് പൊതിഞ്ഞു വച്ച നിലയില്‍ ഒരു കുപ്പി വിഷം കിട്ടി. പതുക്കെ ഞാനതിന്‍റെ അടപ്പ് തുറക്കുകയായിരുന്നു. അതിന്‍റെ രൂക്ഷഗന്ധം എന്‍റെ മൂക്കുകളില്‍ തുളച്ച് കയറവെ, പേരറിയാത്തൊരു പേടിയുടെ കരിനാഗമെന്‍റെ നെഞ്ചില്‍ ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു.

‘എടീ…’ അച്ഛന്‍റെ ശബ്ദം ഇടിനാദമായിഎന്‍റെ കാതുകളില്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ ഞെട്ടി വിറച്ച് പിന്മാറി. എന്‍ കൈകയ്യില്‍ നിന്നും വിഷക്കുപ്പി താഴെ വീണു. തീ പാറുന്ന കണ്ണുകളോടെ അച്ഛന്‍ ഓടിവന്ന് എന്‍റെ മുഖമടച്ച് ഒരടിയായിരുന്നു. എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറി. ഞാന്‍ വീണു പോയി. പിടഞ്ഞെഴുനേറ്റു കുത്തിയിരുന്ന് മുട്ടുകാലുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി തേങ്ങവെ അച്ഛന്‍ ചോദിക്കുന്നത് കേട്ടു

‘ഇനി ഇങ്ങിനെയൊരു ശിക്ഷ കൂടി തരണോ, ഞങ്ങള്‍ക്ക്?’

ദേഷ്യത്തോടു കൂടിയാണ് അച്ഛന്‍ തുടങ്ങിയതെങ്കിലും അതവസാനിച്ചത് സങ്കടത്തോടെയാണ്. അമ്മ ഓടിവരുന്ന ശബ്ദം കേട്ടു. ഇടയില്‍ പതിഞ്ഞ ശബ്ദത്തില്‍ വ്യസനത്തോടെ അച്ഛന്‍ ചോദിച്ചു. ‘നീ ചത്താ ഞങ്ങളെ സങ്കടം തീര്വോ കുട്ട്യേ?’

എന്‍റെ കാല്‍ക്കീഴില്‍ നിന്നും അച്ഛന്‍ ആ കുപ്പിയെടുത്ത് അമ്മയുടെ നേരെ നീട്ടി. ‘എന്നാലിനി എല്ലാര്‍ക്കും ഒരുമിച്ച് പോകാം.. ല്ലേ? നമ്മളായിട്ടെന്തിനാടീ ബാക്കി..’

അമ്മ ഒന്നും പറഞ്ഞില്ല. അച്ഛന്‍ കൈയ്യില്‍ നിന്ന് അത് വാങ്ങി വലിച്ചെറിഞ്ഞു. പിന്നെ എന്നെ പിടിച്ചെഴുനേല്‍പ്പിച്ച് അകത്തേക്ക് കൊണ്ട് പോയി. അന്ന് രാത്രി അമ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടു.

‘നമുക്ക് ഇതിനെയങ്ങ് കളഞ്ഞാലോ?’

കുറച്ചു നേരത്തെ മൗനത്തിനു ശേഷമാണ് അച്ഛന്‍റെ വാക്കുകള്‍ കേട്ടത്. ‘എന്തിനാടീ? എല്ലാം എല്ലാരും അറിഞ്ഞില്ലേ? ഇനി ആ മഹാപാപം കൂടി വേണോ? നമ്മുടെ തലയില്‍…’

പിന്നെ ആ വീട് കനത്ത മൗനത്തില്‍ മുങ്ങി നിന്നു. ദിവസങ്ങള്‍ കടന്ന് പോയി. ആഴ്ചകളും മാസങ്ങളും. ആ വീടിന്‍റെ അകത്തളമാകെ, ഞങ്ങളുടെ മനസ്സിലെന്ന പോലെ ശോകധൂളിക മൂടി നിന്നു. ഗ്രാമവാസികള്‍ക്ക് പറയാന്‍ പിന്നെയും പലരുടെയും പല കഥകളും കിട്ടി. ഞാന്‍ അവര്‍ക്ക് വല്ലപ്പോഴും ഓര്‍ത്ത് പറയാനുള്ള ഒരു അശ്ലീലം മാത്രമായി. കണാരേട്ടന്‍ പിന്നെ അങ്ങോട്ട് വന്നതേയില്ല. വരാതിരിക്കണേ എന്നായിരുന്നു ഞാനും അമ്മയും പ്രാര്‍ത്ഥിച്ചിരുന്നത്. വന്നാല്‍ ആ നെഞ്ചില്‍ കുത്തിയിറക്കാന്‍ അച്ഛന്‍ ഒരു കഠാര കരുതിയിട്ടുണ്ടായിരുന്നു. കണാരേട്ടന്‍ ചത്തു പോകുന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കും വിഷമമുണ്ടായിട്ടല്ല. അച്ഛന്‍ ജയിലില്‍ പോകേണ്ടി വരുമല്ലോ എന്നായിരുന്നു ഞങ്ങളുടെ ആധി. അച്ഛന്‍റെ ന്യായം സ്പഷ്ടമായിരുന്നു. സ്വന്തം മകളെപ്പോലെ തോളത്തെടുത്ത നടന്ന ഒരു പെണ്‍കുട്ടിയോട്, ഇങ്ങിനെ ചെയ്തയാള്‍, ഭൂമിക്ക് മുകളില്‍ ജീവിക്കാന്‍ അര്‍ഹനല്ല.

എന്‍റെ ഉദരം അതിവേഗം വലുതായിക്കൊണ്ടിരുന്നു. ആദ്യത്തെ നാലഞ്ച് മാസങ്ങള്‍ ഗര്‍ഭാലസ്യത്തിന്‍റെ കൊടുമുടിയുടെ ഉച്ചിയിലായിരുന്നു ഞാന്‍. ഒന്ന് നിവര്‍ന്നു നില്‍ക്കുമ്പോഴേക്കും കുടല്‍മാല പോലും പുറത്തേക്ക് വരുന്ന വിധം ഓക്കാനിച്ച് നടന്ന മാസങ്ങള്‍. വേണ്ട രീതിയില്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ വന്ന തളര്‍ച്ച കൂടിയായപ്പോള്‍ എല്ലാം പൂര്‍ണമായി. ഞാന്‍ മരിച്ച് പോകും എന്ന് പോലും കരുതിയ ദിവസങ്ങളുണ്ട്. എന്നാല്‍ അങ്ങിനെ ഒരു ഭാഗ്യം എനിക്ക് വിധിച്ചിട്ടില്ലായിരുന്നല്ലോ. അയല്‍വാസികള്‍ക്ക് പരിഹസിക്കാനും, വീട്ടുകാര്‍ക്ക് നോക്കി വേദനിക്കാനും, ഇടയ്ക്കൊക്കെ ശാപവാക്കുകള്‍ പറയാനും ഞാന്‍ ജീവിച്ചിരിക്കണമായിരുന്നല്ലോ. അങ്ങിനെ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി.

വിഷുപ്പക്ഷി പാട്ടു നിര്‍ത്തി എങ്ങോട്ടോ പറന്നു പോയി. വസന്തത്തിന്‍റെ പുണ്യം ചുട്ടെരിച്ച് വേനലെരിഞ്ഞു. കണിക്കൊന്ന പൂക്കള്‍ പൊഴിച്ച് വിഷാദം പൂണ്ട് നിന്നു. വരണ്ട പാടങ്ങളില്‍ കര്‍ഷകന്‍റെ നെഞ്ച് പിടഞ്ഞു. ഭൂമിയുടെ ഉള്ളുരുക്കി സൂര്യന്‍ ജ്വലിച്ച് നിന്നു. പിന്നെ വേനല്‍ മഴ വന്നു. വിണ്ട പാടങ്ങളില്‍ ഒരല്പം നീര്‍ തൂവി അതെങ്ങോട്ടോ പോയി. പിന്നെയും ചൂടിന്‍റെ ചൂളയില്‍ ഭൂമി വെന്തു.

ശാരദക്കുട്ടിയെ സ്കൂളില്‍ ചേര്‍ത്തു. ആറ്റുനോറ്റ് വളര്‍ത്തിയ ഒരു മകള്‍ പുഴുക്കുത്തേറ്റ് വീണതില്‍ പിന്നെ അമ്മയ്ക്ക് ശാരദക്കുട്ടിയുടെ മേലെ ആയിരം കണ്ണായിരുന്നു. കളിക്കാന്‍ പോലും അമ്മ അവളെ ആ മുറ്റത്തിന്‍റെ അപ്പുറത്തേക്ക് വിട്ടിരുന്നില്ല. ഞാനുന്തിയ വയറുമായി ഏന്തിവലിഞ്ഞ്, വീടിന്‍റെ ഒരു മൂലയില്‍ നിന്നും മറ്റൊരു മൂലയിലേക്ക് പ്രയാണങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. ആവശ്യമില്ലാതെ മുറ്റത്തേക്ക് പോലും ഞാനിറങ്ങിയില്ല. ഇപ്പോഴിപ്പോള്‍ പ്രസവവേദന എന്നൊരു ഭീതി അതിന്‍റെ വൃത്തികെട്ട തേറ്റ കാട്ടി എന്നെ പേടിപ്പിക്കുന്നുണ്ട്. അറ്റമില്ലാത്തൊരു പാതാളക്കിണറിലേക്ക് ഞാന്‍ വീണുകൊണ്ടേയിരിക്കുന്നതായി, ഒരു ദുഃസ്വപ്നം ഞാനിപ്പോള്‍ പതിവായി കാണുന്നുണ്ട്.

ഒരു ദിവസം അച്ഛന്‍ വന്നപ്പോള്‍ ചെനയുള്ള ഒരു പെണ്ണാടിനെയും കൊണ്ടാണ് വരുന്നത്. ചോദ്യ രൂപത്തില്‍ തന്നെ നോക്കിയ അമ്മയെ നോക്കി അച്ഛന്‍ പറഞ്ഞു.

‘ആദായത്തിലൊന്നിനെ കിട്ടിയപ്പോ ഞാനിങ്ങ് വാങ്ങി.’

അമ്മയൊന്നും പറയാന്‍ നിന്നില്ല. ശാരദക്കുട്ടി വര്‍ദ്ധിച്ച സന്തോഷത്തോടെ ആടിന്‍റെ അടുത്ത ചെന്ന് അതിനെ തൊട്ടും തലോടിയും നിന്നു. ഇടയ്ക്കിടയ്ക്ക് അതിനെ കെട്ടിപ്പിടിച്ചും, കൊമ്പിലും ചെവിയിലും പിടിച്ചു നോക്കിയും അവളതിന്‍റെ അടുത്ത് തന്നെ പറ്റിക്കൂടി നിന്നു. രാത്രി അമ്മയോട് അച്ഛന്‍ പറയുന്നത് കേട്ടു.

‘ഓളെ കോലം കണ്ടിലെ.. പെറ്റാ കുട്ടിക്ക് കുടിക്കാന്‍ ഓളെ പാലൊന്നും തെകയൂല. ഇവിടത്തെ കഞ്ഞിവെള്ളവും, കൊറച്ച് പുണ്ണാക്കും, കൊറച്ച് പ്ലാവിലേം കൊടുത്താ അതവിടെ നിന്നോളും.. എന്തായാലും ആടല്ല.. ഉപദ്രവിക്കൂല… ഓളെ വയറ്റില് ഏതു ചെകുത്താന്‍റെ കുട്ടിയാണെങ്കിലും, ഓള് നമ്മളെ കുട്ടിയല്ലേ?..’

അമ്മയുടെ നെടുവീര്‍പ്പ് ഒരു കൊടുങ്കാറ്റിന്‍റെ ഹൂങ്കാരം പോലെ കേള്‍ക്കാമായിരുന്നു. എല്ലാവരുടെ ഉള്ളിലും കടലോളം സ്നേഹമുണ്ട്. ശോകത്തിന്‍റെ കനത്ത പുറഞ്ചട്ടയില്‍ ആ സ്നേഹസാഗരം വീര്‍പ്പുമുട്ടി തിരതല്ലുകയാണ്. പച്ചയായ മനുഷ്യരായിരുന്നു ഞങ്ങള്‍. പച്ചയായ മനുഷ്യര്‍.

മഴക്കാലം തുടങ്ങി. പുത്തന്‍ പുസ്തകങ്ങളും, കുടയും ഉടുപ്പുമൊക്കെയായി ശാരദക്കുട്ടി സ്ക്കൂളിലേക്ക് പോകാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. ആ രാത്രി ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. എന്‍റെ അടിവയറ്റില്‍ ആയിരം വെള്ളിടികള്‍ ഒരുമിച്ച് വെട്ടുന്ന പോലെ. ഒരു ജനനത്തിന്‍റെ തിക്കിത്തിരക്കലുകള്‍ എന്‍റെ അരക്കെട്ടില്‍ രക്തം ചുരത്തിത്തുടങ്ങിയിരിക്കുന്നു. എന്‍റെ നെഞ്ചില്‍ നിന്നൊരു നിലവിളി തൊണ്ടയില്‍ വന്നു പൊട്ടിത്തെറിച്ചു. ആ ഇരുട്ടില്‍ ഞാന്‍ അമ്മയെ വിളിച്ച് നിലവിളിക്കുമ്പോള്‍, ആ ജന്മത്തിന്‍റെ ബീജവാപത്തിന്‍റെ കറുത്ത ദിവസത്തിലെന്ന പോലെ, മഴ അപ്പോഴും ഒരു രുദ്രതാളത്തില്‍ തകര്‍ത്ത് പെയ്യുകയായിരുന്നു.

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top