“പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട തനിക്ക് എന്തിനാണ് സ്വര്‍ണവും പണവും”- വിവാദങ്ങളോട് പ്രതികരിച്ച് ലക്ഷ്മി ബാലഭാസ്‌കര്‍

jpgവയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാവുകയാണ്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തില്‍ ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന രണ്ട് പേര്‍ പിടിയിലായതാണ് മരണത്തില്‍ ദുരൂഹത സംശയിക്കാന്‍ കാരണം. ഒരാഴ്ചയായി തുടരുന്ന വിവാദങ്ങളില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പ്രതികരിക്കുകയാണ്. ബാലഭാസ്‌കറിനും മകള്‍ക്കും പകരം താന്‍ മരിച്ചിരുന്നെങ്കില്‍ ഈ വിവാദങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി പറയുന്നത്.

അപകടസമയത്ത് വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആയിരുന്നെന്ന് ലക്ഷ്മി ആവര്‍ത്തിക്കുന്നു. ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നു. നിയമനടപടികള്‍ ഭയന്നിട്ടാകണം അര്‍ജുന്‍ മറിച്ച് പറഞ്ഞതെന്നും ലക്ഷ്മി പറയുന്നു.

വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയ ശേഷം മടങ്ങി വരവേ രാത്രിയിലാണ് അപകടം നടന്നത്. പിറ്റേദിവസം ചില പരിപാടികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അന്ന് തന്നെ മടങ്ങാന്‍ ബാലഭാസ്‌കര്‍ ശഠിച്ചു. ബാലുവിന്റെ തിരക്കിട്ട തീരുമാനമായിരുന്നു അത്. മൂന്ന് ദിവസമായി ജിമ്മില്‍ പോകാത്തതിനാല്‍ പിറ്റേന്ന്  അവിടെ പോകണമെന്ന് പറഞ്ഞ് ബാലു പിന്‍സീറ്റിലേക്ക് ഉറങ്ങാന്‍ പോയി. യാത്രാ ചൊരുക്ക് ഉണ്ടായിരുന്നതിനാല്‍ താന്‍ മുന്‍സീറ്റ് തന്നെ ഉപയോഗിച്ചു. മകള്‍ തേജസ്വി തന്റെ മടിയില്‍ ഉറങ്ങുകയായിരുന്നു. കാറിന്റെ ഓരോ തിരിവിലും ഇളക്കത്തിലും കുഞ്ഞ് എഴുന്നേറ്റിരുന്നു. ഉറക്കക്ഷീണമുണ്ടായിരുന്നെങ്കിലും  താന്‍ ഇത് ശ്രദ്ധിച്ചിരുന്നു. താനും അര്‍ജുനും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. ബാലു സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചതുകൊണ്ടാണ് തങ്ങള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത്. സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുടങ്ങിയും ഡാഷ് ബോര്‍ഡില്‍ ഇടിച്ചുമാണ് തനിക്ക് പരിക്കേറ്റത്. താന്‍ മരിച്ചുപോകുമോയെന്ന് ഡോക്ടര്‍മാര്‍ ഭയപ്പെട്ടിരുന്നതായും ലക്ഷ്മി പറഞ്ഞു.

അര്‍ജുന്‍ പറയുന്നതുപോലെ വാഹനമോടിച്ചത് ബാലഭാസ്‌കര്‍ തന്നെയായിരുന്നെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുകയാണ്. എങ്കില്‍ പരിക്കുകളോടെയെങ്കിലും ബാലു ഇപ്പോള്‍ ജീവിച്ചിരുന്നേനെ. ഗുരുതരമായ പരിക്കേറ്റ താനാണ് അപകടത്തിന് കാരണക്കാരിയെന്ന് ചിലര്‍ ആരോപിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട തനിക്ക് എന്തിനാണ് സ്വര്‍ണവും പണവുമെന്നും ലക്ഷ്മി ചോദിക്കുന്നു.

തിരുവനന്തപുരത്തെ വസതിയില്‍ അമ്മയ്‌ക്കൊപ്പം കഴിയുകയാണ് ലക്ഷ്മി ഇപ്പോള്‍. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് പൂര്‍ണമായി വിമുക്തയാകാത്ത ലക്ഷ്മിയുടെ വലത് കാലും കയ്യും പൂര്‍ണമായും ചലിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണുള്ളത്.

Print Friendly, PDF & Email

Related News

Leave a Comment