നിപ്പ വൈറസ്: അമേരിക്കയില്‍ നിന്നുള്ള മരുന്നുകള്‍ ഇന്ന് കൊച്ചിയിലെത്തും

image_210നിപ്പ വൈറസ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മരുന്നുകള്‍ നല്‍കിത്തുടങ്ങിയേക്കും. ഓസ്‌ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകള്‍ ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തിക്കും. ഇവ ഉപയോഗിക്കുന്നതിന് വേണ്ട നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചിട്ടുണ്ട്.

യുവാവും യുവാവിനെ ചികിത്സിച്ച രണ്ട് നഴ്‌സുമാരും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. നഴ്‌സുമാര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങളുള്ള അഞ്ച് പേരെ മെഡി. കോളേജില്‍ തയ്യാറാക്കിയ ഐസൊലഷന്‍ വാര്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇതില്‍ യുവാവിനെ മറ്റൊരു ആശുപത്രിയില്‍ ചികിത്സിച്ച നഴ്‌സുമാരും ഇയാളുടെ സുഹൃത്തുക്കളും ഉള്‍പ്പെടുന്നു. ഇവരുടെ സാംപിളുകള്‍ ശേഖരിച്ച് ഇന്ന് പരിശോധനയ്ക്ക് അയക്കും. പൂണെയിലെ നാഷണൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലക്കും മണിപ്പാല്‍ ആശുപത്രിയിലേക്കും ആലപ്പുഴയിലെ വൈറോളജി ലാബിലേക്കുമാണ് സാംപിളുകള്‍ അയക്കുന്നത്.

അതിനിടെ നിപ്പ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗിയുടെ സ്വദേശമായ വടക്കന്‍ പരവൂരില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. വടക്കേക്കര പഞ്ചായത്തിലെയും പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും മുഴുവന്‍ ജനപ്രതിനിധികളുമായി യോഗം ചേര്‍ന്ന ശേഷമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടപടികളിലേക്ക് കടന്നത്.

മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്ത ശേഷം വിവിധ ബ്ലോക്കുകളായി തിരിഞ്ഞായിരുന്നു പരിശോധന. ഈ മേഖലകളില്‍ സമീപദിവസങ്ങളില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തിട്ടുണ്ടോ, പന്നി ഫാമുകളുണ്ടോ, അവയ്ക്ക് അസുഖം ഉണ്ടോ, വീടുകളിലുള്ളവ‍ര്‍ക്ക് പനി, ഛര്‍ദ്ദി, ശക്തമായ തലവേദന എന്നിവയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിക്കുന്നത്.

രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിച്ച്‌ അവരുടെ സാംപിള്‍ ശേഖരിക്കാനും നടപടിയെടുക്കും. പ്രതിരോധ നടപടിയുടെ ഭാഗമായി പറവൂര്‍ ബ്ലോക്കിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പനി ക്ലിനിക് തുടങ്ങാനും തിരുമാനമായി. അതേസമയം രോഗിയുടെ ഇടുക്കിയിലുള്ള സഹപാഠികള്‍ക്കൊന്നും രോഗലക്ഷണം കണ്ടെത്താനായില്ല. വിദ്യാര്‍ഥി ഒരു ദിവസം മാത്രം ഇടുക്കിയിലായിരുന്നതിനാല്‍ നിപ്പയുടെ പ്രഭവകേന്ദ്രം തൊടുപുഴയാണെന്ന് പറയാനാകില്ലെന്ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍. പ്രിയ പറഞ്ഞു.

ജില്ലയില്‍ ആരും നിരീക്ഷണത്തിലില്ലെങ്കിലും ഇടുക്കിയിലും തൊടുപുഴയിലുമായി ജില്ലയിലെ രണ്ട് ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അതേസമയം നിപ്പ രോഗിയുടെ സഹപാഠികളായ മൂന്നു പേര്‍ കൊല്ലത്ത് നിരീക്ഷണത്തിലാണ്. വിദ്യാര്‍ഥിക്കൊപ്പം തൃശൂരിലെ പരിശീലന പരിപാടിയിലും പങ്കെടുത്തവരാണിവര്‍. മുന്‍കരുതലെന്ന നിലയില്‍ കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളെജിലും ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കും.

യുവാവ് തൊഴില്‍ പരിശീലനം തേടിയ തൃശൂരില്‍ 27 പേര്‍ നിരീക്ഷണത്തിലാണെങ്കിലും ആര്‍ക്കും രോഗലക്ഷണങ്ങളില്ല. നേരിയ പനിയുള്ള പരിശീലന കേന്ദ്രത്തിലെ അധ്യാപികയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കു വിധേയയാക്കി. ഇവര്‍ക്കു പേടിച്ച്‌ പനി വന്നതാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂരിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment