Flash News

ശീലാബൊതി (കഥ): എച്മുക്കുട്ടി

June 7, 2019

Seelabothy bannerനമ്മള്‍ ഇന്ത്യാക്കാര്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു പെണ്‍പേരാണ് ശീലാവതി. പെണ്ണുങ്ങള്‍ ആണുങ്ങളോട് എത്ര വിധേയപ്പെട്ട് ജീവിക്കണം എന്നതിന്‍റെ ഏറ്റവും സൂക്ഷ്മമായ ആഖ്യാനം. ഇത് തലമുറകളോളം പാടിപ്പഠിപ്പിച്ചതുകൊണ്ട് എല്ലാ ഇന്ത്യാക്കാര്‍ക്കും തലച്ചോറിലോ ജീന്‍ കോഡുകളില്‍ തന്നെയുമോ ആലേഖനം ചെയ്യപ്പെട്ട ഒരു വിശ്വാസമാണ്, അതില്‍ ജാതി മത ഭേദമൊന്നുമില്ല.

ദില്ലി മഹാനഗരത്തില്‍ താഹിര്‍പൂര്‍ എന്നൊരു സ്ഥലമുണ്ട്. ഗുരു ഗോബിന്ദ് കുഷ്ഠരോഗാശുപത്രി അവിടെയാണ്. അവിടെ നാലുഘട്ടങ്ങളിലായി കുറേ ഏറെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കുന്നതിനായി കെട്ടിടങ്ങള്‍ പണിയുകയുണ്ടായി. ആ പ്രോജക്ടില്‍ ജോലി ചെയ്യുന്ന കാലത്താണ് ഞാന്‍ ശീലാബൊതിയെ പരിചയപ്പെട്ടത്.

സാധാരണ പുരുഷരോഗികളെ ഒരു ചെറിയ മരവണ്ടിയില്‍ ഇരുത്തി തള്ളിക്കൊണ്ടു പോകുന്ന സ്ത്രീരോഗികളേയാണ് ഏറെയും കാണാറുള്ളത്. സ്ത്രീരോഗികളെ ഇരുത്തിത്തള്ളുന്ന പുരുഷന്മാരെ ഞാന്‍ കണ്ടിട്ടേയില്ല. ശീലാബൊതിയും അങ്ങനെ പുരുഷനെ തള്ളിക്കൊണ്ട് നടന്ന് ഭിക് ഷാടനം ചെയ്താണ് കഴിഞ്ഞു കൂടുന്നത്.

echmu Pachaകുഷ്ഠരോഗികള്‍ക്ക് മിക്കവാറുമെല്ലാം ഒരേ മുഖച്ഛായയാണുണ്ടാവുക. ആ രോഗത്തിന്‍റെ പ്രത്യേകതയാണത്. മൂക്ക്, മുഖം, വിരലുകള്‍ എല്ലാം വിരൂപമാകും. ചലത്തിന്‍റെയും മുറിവിന്‍റേയും ചോരയുടേയും ആയി ഒരു ഗന്ധവും ഉണ്ടാകും. എങ്കിലും അവര്‍ താമസിക്കുന്നയിടം അങ്ങനൊന്നുമായിരിക്കില്ല. ചാണകം മെഴുകിയോ മണ്ണ് പൂശി മിനുക്കിയോ ഒക്കെ സുന്ദരമായി സൂക്ഷിക്കും അവരുടെ കൊച്ചുമുറി.

വിശപ്പാണ് ഏറ്റവും വലിയ പ്രശ്നം. അതുകൊണ്ടാണല്ലോ ഭിക്ഷാടനം വേണ്ടി വരുന്നത്. ജോലികള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. കൈകാലുകള്‍ക്ക് വേണ്ടത്ര ബലമോ സമതുലനമോ ഉണ്ടാവില്ല. പിന്നെ എല്ലാവരും ആട്ടിയകറ്റും,

ശീലാബൊതി എന്നോട് പറഞ്ഞു, ‘ഈ ദില്ലി നഗരത്തില്‍ ഒരൊറ്റ പുരുഷനും തോണ്ടാനോ ബലാല്‍സംഗം ചെയ്യാനോ വരില്ല ദീദി. ഞങ്ങടെ രോഗികളായ പുരുഷന്മാര്‍ക്ക് അതിനു ശേഷിയില്ല. മറ്റുള്ളവര്‍ക്ക് രോഗം പകരുമെന്ന പേടിയുണ്ട്. അതുകൊണ്ട് ഏതാണ്‍കൂട്ടത്തിലും ഞങ്ങള്‍ക്ക് പോകാം. ‘

അവര്‍ സത്യമാണ് പറഞ്ഞതെങ്കിലും എന്‍റെ മനസ്സിനെ ആ വാക്കുകള്‍ തീ പോലെ പൊള്ളിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ പകുതി ഭാഗം വരുന്ന സ്ത്രീ ജനസംഖ്യയുടെ ജീവിതാവസ്ഥയാണ്, സുരക്ഷിതരാവണമെങ്കില്‍ പകര്‍ച്ചവ്യാധി പിടിപെട്ടവരായിരിക്കണം.

രോഗമാണെന്ന് അറിഞ്ഞപ്പോള്‍ ശീലാബൊതി വീട്ടീന്ന് പുറത്തായി, ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു. പിന്നീട് അവരെയൊന്നും കണ്ടിട്ടേയില്ല. ഇപ്പോള്‍ കാണാനും മോഹമില്ല. രോഗം വരുന്നത് നമ്മുടെ കുറ്റമല്ലല്ലോ . ഭര്‍ത്താവിനോ മക്കള്‍ക്കോ ആണ് രോഗം വന്നതെങ്കില്‍ ശീലാബൊതി അവരെ വേണ്ടാ എന്ന് വെക്കില്ല. ചികില്‍സിച്ചു മാറ്റുമായിരുന്നു.

അതുവരെ എല്ലാ അദ്ധ്വാനവും ചെലവാക്കി സ്വന്തമെന്ന് കരുതി ജീവിച്ച വീട്ടീന്ന് പെട്ടെന്ന് പുറത്താക്കപ്പെടുമ്പോള്‍ ചികില്‍സ അപ്രധാനമാകും. ഭക്ഷണം, വസ്ത്രം, കിടക്കാനൊരിടം അതൊക്കെ ഉണ്ടായിട്ട് വേണം ആശുപത്രിയില്‍ പോകാനും ചികില്‍സിക്കാനും.

വീട്ടുജോലി കിട്ടുന്നത് ഒട്ടും എളുപ്പമല്ല. സംശയമാണ് എല്ലാവര്‍ക്കും . മോഷ്ടിക്കുമോ, കൊന്നിട്ട് പോകുമോ എന്നീ ഭയങ്കര സംശയങ്ങള്‍. പണ്ട് ജോലിക്ക് നിന്ന ഇടം ഏത്, അവരുടെ അഡ്രസ്സും ഫോണ്‍ നമ്പറും തരു, പിന്നെ പോലീസ് വെരിഫിക്കേഷന്‍, ഐഡന്‍റിറ്റി കാര്‍ഡ്.. ഇതിനൊക്കെ എവിടെ പോകും? അപ്പോള്‍ എളുപ്പം ഭിക്ഷാടനമാണ്. അതിനും പ്രയാസങ്ങളുണ്ട്, സ്ഥിരം ഭിക്ഷക്കാര്‍ ഇരിക്കുന്നിടത്ത് പോകാന്‍ പറ്റില്ല. അവര്‍ അടിച്ച് ഓടിക്കും. പിന്നെ ബാക്കിയുള്ളത് ഗുരുദ്വാരകളും അമ്പലങ്ങളും പള്ളികളുമാണ്. അവിടെ മാറി മാറി അലഞ്ഞ് ശീലാബൊതി ആഹാരത്തിനു മാര്‍ഗമുണ്ടാക്കി. രോഗം പുറത്തറിയുവാന്‍ തുടങ്ങും വരെ ചില ഫുട്പാത്തുകളിലും കടത്തിണ്ണയിലും ഒക്കെ കിടക്കാന്‍ പറ്റീരുന്നു. അപ്പോള്‍ പോലീസുകാര്‍, ചില ഗുണ്ടകള്‍ അവര്‍ക്ക് വഴങ്ങേണ്ടി വരും.

ബലാല്‍സംഗം അത്ര ഭയപ്പെടാനൊന്നുമില്ലാത്ത കാര്യമാണെന്ന് ശീലാബൊതിയാണ് എന്നോട് ആദ്യമായി പറഞ്ഞത്. ‘ദീദി നമ്മള്‍ വലിയ ബഹളം കൂട്ടാതിരുന്നാല്‍ ഒക്കെ എളുപ്പം പരിക്കില്ലാതെ തീരും. എന്നിട്ട് നന്നായി മൂത്രമൊഴിച്ചിട്ട് കഴുകി, വെടിപ്പായി കുളിക്കണം. അത്രേയുള്ളൂ. എന്തായാലും അതു സംഭവിക്കും എന്നായാല്‍ പിന്നെ ബഹളം കൂട്ടി പിന്നേം വേദന കൂട്ടുന്നതെന്തിനാ? ‘

അപ്പോള്‍ അത് നമ്മുടെ മേലുള്ള ഒരു കടന്നു കയറ്റമല്ലേ ശീലാബൊതി? അതിനെ നമ്മള്‍ ചെറുത്തു പോവില്ലേ? നമ്മുടെ മാനമാണ് ഏറ്റവും വലുതെന്നല്ലേ നമ്മള്‍ പഠിച്ചിട്ടുള്ളത്?

എന്‍റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു അപ്പോള്‍.

ശീലാബൊതി പൊട്ടിച്ചിരിച്ചു. അല്‍പം വൈകല്യം ബാധിച്ച മൂക്കും ചുണ്ടുകളും ആ ചിരിയില്‍ കോടി.

ആ ദീദി, എന്തു മാനമാ നമുക്കും നമ്മുടെ രാജ്യത്തിനും ഒക്കെ? നമ്മളെ ബലാല്‍സംഗം ചെയ്യാന്‍ ആളു വരും എന്ന് പേടിക്കേണ്ട ഒരു ഇടത്തിനും ആ ഇടത്തിന്‍റെ നിയമങ്ങള്‍ക്കും പോലീസിനുമൊക്കെ എന്തു മാനമാ ദീദി? മാനം കെട്ട രാജ്യത്തെ പെണ്ണുങ്ങള്‍ക്ക് മാത്രമായിട്ട് മാനം പറ്റില്ല ദീദി.

എനിക്കുത്തരമുണ്ടായിരുന്നില്ല.

അങ്ങനെ അലഞ്ഞു നടക്കുമ്പോള്‍ ഇയാളെ വെച്ച് ഉന്തിക്കൊണ്ട് ഭിക്ഷയെടുക്കാമോ എന്ന് ഒരു ദിവസം ചോദിച്ചു, എനിക്ക് അത് കൊള്ളാമെന്ന് തോന്നി. കുഷ്ഠരോഗിയായി അംഗീകരിക്കപ്പെട്ട് കിട്ടും , ചികില്‍സ നടക്കും.

ഞങ്ങള്‍ അഞ്ചു രൂപയുടെ ഒരു മംഗല്യസൂത്രം ഇത് വാര്‍ ( സണ്‍ഡേ ) മാര്‍ക്കെറ്റീന്ന് വാങ്ങി കഴുത്തിലിട്ടു. അങ്ങനെ ഭാര്യയും ഭര്‍ത്താവുമായി. ഇയാളുടെ കോളനിയില്‍ ചെന്ന് പാര്‍ത്തു. അതല്ലേ ഇപ്പോ ആശുപത്രി ചികില്‍സയും ദീദി ഉണ്ടാക്കിത്തരുന്ന വീടും ഒക്കെ കിട്ടുന്നത്.

മാനം കെട്ട രാജ്യത്തെ മാനം കെട്ട പെണ്ണുങ്ങള്‍ നമ്മള്‍, അല്ലേ

പലപ്പോഴും ഞാന്‍ ശീലാബൊതിയുടെ വാക്കുകള്‍ ഓര്‍ക്കും. കാരണം നമ്മുടേ മഹത്തായ രാജ്യം അതിന് അവസരമൊരുക്കിത്തരാറുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top