Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

‘ഫഗ്‌മ’യുടെ ആറാമത് പ്രവാസി മലയാളി സാഹിത്യ സംഗമം (അവലോകനം)

June 7, 2019 , ജ്യോതിലക്ഷ്മി നമ്പ്യാര്‍

goa1കിഴക്കിന്റെ റോം എന്നുവിളിക്കുന്ന, വിനോദസഞ്ചാരികളുടെ ആഹ്ലാദത്തിന്റെ മണ്‍തരികളുറങ്ങുന്ന ഗോവ കടല്‍ത്തീരങ്ങളില്‍, പോര്‍ച്ചുഗീസിന്റെ കാലടികള്‍ പതിഞ്ഞ മഡ്ഗാവില്‍ സാംസ്‌കാരിക നിലയമായ രവീന്ദ്ര ഭവനില്‍ FAGMA (ഫെഡറേഷന്‍ ഓഫ് ആള്‍ ഗോവ മലയാളി അസോസിയേഷന്‍) യുടെ ആറാമത് പ്രവാസി മലയാളി സംഗമത്തിന് ജൂണ്‍ 1, 2 തിയ്യതികള്‍ വേദിയായി.

തലസ്ഥാന നഗരമായ ഡല്‍ഹിയില്‍നിന്നും, മെട്രോ സിറ്റികളായ മുംബൈ, ബംഗളുരു, പുനെ എന്നിവിടങ്ങളില്‍ നിന്നും മലയാള സാഹിത്യസ്‌നേഹികളായ എഴുത്തുകാര്‍ ഗോവ സാഹിത്യ സ്‌നേഹികളുമായി കൈകോര്‍ത്തപ്പോള്‍ അവിടെ അക്ഷരങ്ങളുടെയും, ആഹ്ലാദത്തിന്റെയും വര്‍ണ്ണപൂത്തിരികള്‍ പൂത്തുവിരിഞ്ഞു. മലയാള മണ്ണിലല്ലെങ്കിലും, മധുരിക്കും മലയാളം, മലയാള മിഷന്റെ കീഴില്‍ പഠിക്കാനും സംസാരിക്കാനും ഉത്സാഹം കാണിക്കുന്ന കൊച്ചു കുരുന്നുകളുടെ കവിതാ പാരായണം, വാര്‍ത്താ വായന എന്നീ പരിപാടികളിലൂടെയാണ് സംഗമത്തിന്റെ ആദ്യ ദിവസത്തിനു തുടക്കമിട്ടത്.

goaഎഴുപത്തില്‍പരം പുസ്തകങ്ങള്‍ക്ക് ജന്മം നല്‍കിയതും നിരവധി രാഷ്ട്രീയ, അന്താരാഷ്ട്രീയ അവാര്‍ഡുകള്‍ സ്വായത്തമാക്കി വിദ്യാവാചസ്പതി എന്ന അംഗീകാരം തന്റെ നേട്ടങ്ങളുടെ തൂവല്‍ കിരീടത്തില്‍ സ്ഥാനം പിടിച്ച ശ്രീമതി ഡോ. കെ. സുധീരയും, പ്രശസ്ത സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ‘മരുഭൂമിയുടെ ആത്മകഥ’ എന്ന കൃതിക്ക് മികച്ച യാത്രാ വിവരണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് കൈവരിച്ച വി. മുസഫര്‍ അഹമ്മദും, പ്രൊഫസറും മലയാളം മിഷന്‍ ഡയറക്ടറും സ്ത്രീ ശാക്തീകരണത്തിന്റെ ഉറച്ച ശബ്ദവുമായ പ്രൊഫ. സുജ സൂസനും ഈ അരങ്ങിലെ മുഖ്യാതിഥികളായിരുന്നു.

ഇവര്‍ക്കൊപ്പം, ഈ സാഹിത്യ സംഗമത്തിന്റെ അമരക്കാരായ ആര്‍ സുരേഷ് കുമാര്‍ കണക്കൂര്‍, ഗോവയുടെ സ്വന്തം മലയാള സാഹിത്യ മഹിളാരത്‌നം ശ്രീമതി രാജേശ്വരി നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി സംഗമത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍‌‌‌വ്വഹിച്ചു. കൊങ്കണി സാഹിത്യ ലോകത്തെ പ്രശസ്തനായ ദാമോദര്‍ മൗസോ വിശിഷ്ടാതിഥിയായിരുന്നു എന്നത് ഈ സംഗമത്തെ അനുപമമാക്കി. FAGMA പ്രസിഡന്റ് വാസു നായര്‍ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ പ്രവാസ സാഹിത്യത്തെക്കുറിച്ചുള്ള അറിവ് പകര്‍ന്നു.

goa2പുസ്തകങ്ങള്‍ എന്നും അറിവിന്റെ ലോകത്തെ അവിഭാജ്യ ഘടകമാണല്ലോ! ഇവിടെ അറിവിന്റെ ലോകത്തേക്കായി ഏതാനും പുസ്തകങ്ങള്‍ പ്രകാശനം ചെയ്തുകൊണ്ടാണ് സംഗമം മുന്നോട്ട് നീങ്ങിയത്. അതില്‍ പതിനൊന്ന് പ്രവാസി എഴുത്തുകാരികളുടെ രചനയെ കോര്‍ത്തിണക്കി രമ പ്രസന്ന പിഷാരടി തയ്യാറാക്കിയ കഥാസമാഹാരം വെയില്‍ മഴക്കഥകള്‍, രമാ പ്രസന്ന പിഷാരടിയുടെ കവിതയില്‍ നിന്നും കൈതൊട്ടുണര്‍ത്തീടാം (കവിതാ സമാഹാരം), ഗീതാ ഡി. നായരുടെ ജ്യോതി സ്വരൂപയും കുറേ കാക്കകളും (കഥാ സമാഹാരം), പ്രസീത ടി. പിയുടെ അകം (നോവല്‍), രാജേശ്വരീ നായരുടെ സെല്‍ഷയുടെ മമ്മി (കഥാസമാഹാരം) എന്നീ പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കപ്പെട്ടു.

goa3പിന്നീട് ഈ കാലഘട്ടത്തിലെ ശ്രദ്ധേയമായ വിഷയം ‘പ്രവാസി വീട്ടമ്മമാരുടെ മാറുന്ന സങ്കല്പങ്ങള്‍’ എന്ന വിഷയത്തെകുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ പൂനയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാഗ്ദേവതാ മാസികയുടെ എഡിറ്റര്‍ വേലായുധന്‍ മാരാര്‍ക്കൊപ്പം ശ്രീമതി. രമാ പ്രസന്ന പിഷാരടി, ദിനേശ് ചീരശ്ശേരി, ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാര്‍, ശ്രീമതി അനിലാ പ്രകാശ്, ഗോവന്ദനുണ്ണി, ശ്രീമതി ഗീതാ ഡി നായര്‍, ശ്രീമതി ഇന്ദിരാ ബാലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസത്തിനും അടിമപ്പെട്ടു വഞ്ചിതരാകുന്ന മനുഷ്യരെക്കുറിച്ചുള്ള ബോധവത്കരണത്തിനായി അജിത് പള്ളം എഴുതി സംവിധാനം ചെയ്ത ആക്ഷേപ ഹാസ്യ സ്‌കിറ്റ് ‘വിഡ്ഢികളുടെ ശാസ്ത്രം’ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചശേഷം സംഗമത്തിന്റെ ആദ്യ ദിവസത്തിനു തിരശ്ശീല വീണു.

goa4പ്രവാസി മലയാളി സാഹിത്യ സംഗമമാണെങ്കിലും കൊങ്കിണി സാഹിത്യ ലോകത്തെ പ്രഗല്‍ഭരായ കവികളെ കോര്‍ത്തിണക്കി നടത്തിയ കവിയരങ്ങെന്ന ഒരു പ്രത്യേക വിഭവത്തോടെയാണ് സംഗമത്തിന്റെ രണ്ടാം ദിവസം ആരംഭിച്ചത്. തുടര്‍ന്ന് കെ.പി. സുധീര, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്, രമ പ്രസന്ന പിഷാരടി, ഇന്ദിരാ ബാലന്‍, എരുമക്കുഴി കൊച്ചുകുഞ്ഞു പിള്ള, എബ്രഹാം അങ്കോള, അനില്‍ മിത്രാനന്ദപുര, രമേശ് ഇ മനോജ്, വി.ബി. സത്യന്‍, മധുകുമാര്‍, രാജേശ്വരീ നായര്‍ തുടങ്ങിയ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നുമായെത്തിയ കവികള്‍ മലയാള കവിതാ കവിയരങ്ങു അലങ്കരിച്ചു കൊഴുപ്പിച്ചു.

പുസ്തകങ്ങള്‍ ധാരാളം! ഏതു പുസ്തകങ്ങള്‍ വായിക്കണം എന്ന് തിരഞ്ഞെടുക്കുന്നതില്‍ വായനക്കാര്‍ കുഴയുന്നു! അപ്പോള്‍ ഓരോ പുസ്തകത്തെയും കുറിച്ചുള്ള ഒരു കേട്ടറിവെങ്കിലും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ വായനക്കാരനെ സഹായിച്ചേക്കാം. ഈ സദസ്സില്‍ പ്രകാശനം ചെയ്ത പുസ്തകങ്ങളെ, സാഹിത്യ സ്‌നേഹികളെ ഒന്ന് പരിചയപ്പെടുത്താം എന്ന ദൗത്യത്തിലേക്കാണ് സംഗമം നീങ്ങിയത്.

goa5തുടര്‍ന്ന് അരങ്ങിനെ മോടിപിടിപ്പിച്ചത് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും വന്ന എഴുത്തുകാര്‍ അവരുടെ അഭിരുചിയ്ക്കൊത്ത ചെറുകഥകള്‍ സദസ്സിനോട് പറഞ്ഞപ്പോഴാണ്. കൈഗയില്‍ നിന്നും എത്തിയ കെ.വി. രാജീവ് നേതൃത്വം നല്‍കിയ കഥയരങ്ങില്‍ കെ.പി സുധീര, രമ പ്രസന്ന പിഷാരടി, പ്രീതാ പി നായര്‍, അത്തീഖ് ബേവിഞ്ച, ജ്യോതിലക്ഷ്മി നമ്പ്യാര്‍, ഗീതാ ഡി. നായര്‍, പുഷ്പ എം, ബ്രിജി, അര്‍ച്ചന സുനില്‍ എന്നിവര്‍ തങ്ങളുടെ രചനകള്‍ ചെറുകഥാ പ്രേമികള്‍ക്കായി കാഴ്ചവച്ചു.

മലയാള മിഷന്‍ അധ്യാപകരും, കുട്ടികളും ചേര്‍ന്ന് നടത്തിയ നാടന്‍ പാട്ടിന്റെ ശീലില്‍ താളമിട്ടു സദസ്സ് ഉച്ചമയക്കത്തെ തഴഞ്ഞു. സംഗമത്തിന്റെ അവസാന മണിക്കുറുകള്‍, ഫെഡറേഷന്‍ ഓഫ് ആള്‍ ഗോവ മലയാളി അസോസിയേഷന്റെ ഭാരവാഹികള്‍, മുതിര്‍ന്ന സാഹിത്യകാരന്മാരെ ആദരിക്കുവാനും, വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുത്ത പല സ്ഥലങ്ങളില്‍ നിന്നും വന്ന സാഹിത്യ പ്രേമികള്‍ക്ക് സ്‌നേഹോപഹാരം നല്‍കുവാനും, നന്ദി പ്രകടിപ്പിക്കുവാനുമായി ചെലവഴിച്ചുകൊണ്ടു സംഗമത്തിന് തിരശശീല വീണു. പരസ്പരം കളിച്ചും ചിരിച്ചും ആശയങ്ങള്‍ പങ്കുവച്ചും രണ്ടു ദിവസം ചെലവഴിച്ച എഴുത്തുകാര്‍ തറവാട് വിട്ടുപിരിഞ്ഞുപോകുന്ന കദനവും കുറെ നല്ല ഓര്‍മ്മകളുമായി പരസ്പരം യാത്രപറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “‘ഫഗ്‌മ’യുടെ ആറാമത് പ്രവാസി മലയാളി സാഹിത്യ സംഗമം (അവലോകനം)”

  1. ഗിരീഷ് നായർ says:

    വളരെ ഹൃദ്യമായ അവലോകനം.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top