Flash News

ബാലഭാസ്കറിന്റെ മരണം: പ്രകാശ് തമ്പിയെ ജയിലില്‍ ചോദ്യം ചെയ്തു

June 8, 2019

prakash-thampiതിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ കൊച്ചി കാക്കനാട് ജയിലിൽ കഴിയുന്ന പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതിനായാണ്  ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജയിലിൽ പ്രകാശ് തമ്പിയെ ചോദ്യം ചെയ്തത്.  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡിആർഐ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രകാശ് തമ്പി ജയിലിൽ കഴിയുന്നത്. പ്രകാശ് തമ്പിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി ഹരികൃഷ്ണൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാൻ കോടതി അനുമതി നൽകിയത്.

അപകടത്തിന് മുമ്പ് ബാലഭാസ്ക്കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ കടയുടമ ഇക്കാര്യം ആദ്യം സ്ഥിരീകരിക്കുകയും പിന്നീട്  നിഷേധിക്കുകയും ചെയ്തിരുന്നു.

ബാലഭാസ്കറുമായുള്ള സാമ്പത്തിക ബന്ധം, ബാലഭാസ്കറിന്റെ മരണശേഷം മൊബൈൽ ഫോൺ,ക്രെഡിറ്റ് കാർഡ് എന്നിവ ആരാണ് കൈകാര്യം ചെയ്തത്, പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സിസിടിവി കൊണ്ടുപോയത് എന്തിന് തുടങ്ങിയ കാര്യങ്ങളിലാവും പ്രകാശ് തമ്പിയിൽ നിന്ന് മൊഴി ശേഖരിക്കുക.

goldബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാറില്‍നിന്നു കണ്ടെത്തിയ സ്വര്‍ണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് സുഹൃത്ത് പ്രകാശ് തമ്പിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്കറിന്റെ വാഹനം തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍പ്പെട്ടത്. തൃശൂരില്‍ ക്ഷേത്രദര്‍ശനം നടത്തി തിരുവനന്തപുരത്തേക്കു വരുമ്പോഴായിരുന്നു അപകടം. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ് പ്രകാശ് തമ്പി.

അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് ഹൈവേ പട്രോളിങ് സംഘമാണ്. പിന്നീട് മംഗലപുരം പൊലീസ് വാഹനം പരിശോധിച്ച് കാറിനകത്തെ സാധനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. രണ്ടു ബാഗുകളില്‍നിന്നാണു സ്വര്‍ണവും പണവും കണ്ടെടുത്തത്.

ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. 10, 20, 50, 100, 500, 2000 നോട്ടുകളുടെ കെട്ടുകളായിട്ടാണു പണം സൂക്ഷിച്ചിരുന്നത്. 500, 2000 നോട്ടുകളായിരുന്നു കൂടുതല്‍.

WhatsApp-Image-2019-06-08-at-10.54.42-PM-1പൊലീസ് പണം എണ്ണി തിട്ടപ്പെടുത്തിയശേഷം റജിസ്റ്ററില്‍ രേഖപ്പെടുത്തി. 2 ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും കണ്ടെടുത്തതായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രകാശ് തമ്പി രാവിലെ തന്നെ സ്റ്റേഷനിലെത്തി മാനേജരാണെന്നു പരിചയപ്പെടുത്തി പൊലീസിനോട് സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ബാലഭാസ്കറും ലക്ഷ്മിയും അപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

ബന്ധുക്കളാണെന്നു ബോധ്യമായതോടെ പൊലീസ് ബാഗുകളും ആഭരണങ്ങളും പണവും കൈമാറി. ഇതിന്റെ രേഖകള്‍ പിന്നീട് കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പി അനിലിനു കൈമാറി. മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ഹരികൃഷ്ണനാണ് അന്വേഷണ ചുമതല. ആഭരണം സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലാണുള്ളത്.

ബാലഭാസ്കറിന്റെ മരണത്തില്‍ സംശയമുണ്ടെന്നും ദുരൂഹത മാറ്റണമെന്നുമാണ് പിതാവ് ഉണ്ണിയുടെ ആവശ്യം. ബാലഭാസ്കറിന്റെ സഹായികളായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പ്രതികളായതോടെയാണ് വാഹനാപകടം സംബന്ധിച്ച് വീണ്ടും സംശയങ്ങളുണ്ടായത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top