Flash News

‘മീ ടൂ’ വിവാദം വനിതാ ലോക കപ്പ് ഫുട്ബോളിനെയും പിടിച്ചു കുലുക്കുന്നു !

June 9, 2019

metooinfootball-1560074930പാരിസ്: വനിതാ ലോക കപ്പ് ഫുട്ബോളിന്റെ ആവേശത്തില്‍ ഫ്രാന്‍സ് ഇളകി മറിയുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശയും കായിക ലോകത്തിനാകെ നാണക്കേടും ഉണ്ടാക്കുന്ന വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  ദിവസങ്ങള്‍ക്കു മുന്‍പാണ് ഫിഫ വനിതാ ലോകകപ്പിന് ഫ്രാന്‍സില്‍ തുടക്കമായത്. അതിനിടയില്‍ കായികലോകത്തിനാകെ നാണക്കേടാകുന്ന വാര്‍ത്തകള്‍ ചര്‍ച്ചയാകുകയാണ്. ഫുട്‌ബോള്‍ ലോകത്ത് കളിക്കാരും ഒഫീഷ്യല്‍സും ഉള്‍പ്പെടെയുള്ള പുരുഷന്‍മാരില്‍ നിന്ന് നേരിടേണ്ടിവന്ന മോശം അനുവഭവങ്ങള്‍ തുറന്നുപറയുകയാണ് വനിതാ താരങ്ങളും ഒഫീഷ്യലുകളും. കളിക്കാര്‍ മുതല്‍ ഫുട്‌ബോള്‍ ഭരണതലത്തിലെ ജീവനക്കാര്‍ വരെയുണ്ട് ഇത്തരത്തില്‍ ദുരനുഭവം നേരിട്ടവരുടെ കൂട്ടത്തില്‍.

ബലാത്സംഗം മുതല്‍ മോശം വാക്കുകള്‍ കേള്‍ക്കേണ്ടിവന്നതുവരെ ആരോപണങ്ങളും ഏറെയാണ്. കളിക്കാര്‍ക്കോ സാധാരണ ഒഫീഷ്യല്‍സിനോ എതിരെ മാത്രമല്ല ലോക ഫുട്‌ബോള്‍ ഭരണതലത്തിലെ ഉന്നതരുടെ നേരെ വരെയാണ് വിരല്‍ചൂണ്ടപ്പെടുന്നത്. അധികാരസ്ഥാനങ്ങള്‍ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയുമാണ് വനിതാ താരങ്ങളെയും ജീവനക്കാരെയും ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നത്.

തുറന്നുപറയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഇരകളാക്കപ്പെട്ടവര്‍ പലപ്പോഴും. എന്നാല്‍ ഹോളിവുഡില്‍ നിന്ന് തുടങ്ങി ലോകമാകെ സകല മേഖലകളിലും അലയടിച്ചുകൊണ്ടിരിക്കുന്ന #മീറ്റൂ ക്യാമ്പയിനിന്റെ പ്രചോദനത്തിലാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തും ഇത്തരം തുറന്നുപറച്ചിലുകള്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ആദ്യം തന്നെ നാല് ഭൂഖണ്ഡങ്ങളിലായുള്ള അഞ്ച് രാജ്യങ്ങളുടെ പരിശീലകര്‍ക്കും ഫുട്‌ബോള്‍ ഭരണകര്‍ത്താക്കള്‍ക്കുമെതിരെ കളിക്കാരും സഹപ്രവര്‍ത്തകരും ആരോപണം ഉന്നയിച്ചിരുന്നു.

ഇപ്പോള്‍ ഫിഫയുടെ ഒരു വൈസ് പ്രസിഡന്റിനെതിരായ ആരോപണത്തില്‍ ഫിഫ ആഭ്യന്തര അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ആഫ്രിക്ക ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായ അഹ്മദ് അഹ്മദിനെതിരെയാണ് അന്വേഷണം നടക്കുന്നത്. തന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത ഓഫീസ് ജീവനക്കാരിയെ 2017-ല്‍ അഹ്മദ് പിരിച്ചുവിട്ടിരുന്നു. ഈ ജീവനക്കാരി നല്‍കിയ പരാതിയിലാണ് നടപടി. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ വളരെ അടുത്തയാള്‍കൂടിയായ അഹ്മദ് അഹ്മദ് ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ അഹ്മദിനെതിരെ വെറെയും ലൈംഗികാതിക്രമ ആരോപണങ്ങളുമുണ്ട്.

ലോക ഫുട്‌ബോളിലെ ഉന്നതനായ ഭരണാധികാരികള്‍ക്കെതിരെ ഉയരുന്ന ആദ്യ ലൈംഗികാതിക്രമ ആരോപണമാണ് അഹ്മദിനെതിരേയുള്ളത്. കോണ്‍ഫെഡറേഷന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചതുള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളും അഹ്മദിനെതിരേ ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച അഹ്മദിനെ ഫ്രഞ്ച് അധികൃതര്‍ പാരിസില്‍ തടഞ്ഞുവെച്ചിരുന്നു. എന്നാല്‍ കുറ്റങ്ങളൊന്നും ചുമത്താതെ പിന്നീട് വിട്ടയക്കുകയായിരുന്നു.

ഗാബോണ്‍ അണ്ടര്‍ 20 വനിതാ ടീമംഗങ്ങളെ ബലാല്‍സംഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന പരാതിയില്‍ കഴിഞ്ഞമാസം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സില്‍ നടന്ന ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. സമാനമായ സംഭവം ഈ വര്‍ഷം ആദ്യം അഫ്ഗാനിസ്താനിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശസ്തനായ ഒരു പരിശീലകന്‍ വനിതാ താരങ്ങളോട് മോശമായി പെരുമാറിയതായുള്ള വാര്‍ത്ത കാനഡയില്‍നിന്നും വന്നിരുന്നു. കൊളംബിയ, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ വനിതകള്‍ക്കെതിരായ പീഡന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അഹ്മദ് അഹ്മദിന്റെ താത്പര്യങ്ങള്‍ക്കെതിരു നിന്നതിന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നതായി മാലി സ്വദേശിയായ മറിയ ഡിയാകിതെ വെളിപ്പെടുത്തി. എന്നാല്‍ തന്നെ പിന്നീട് ജോലിയില്‍ തിരിച്ചെടുത്തതായും അവര്‍ പറയുന്നു. തന്റെ പരാതി ഫിഫ എത്തിക്‌സ് കമ്മിറ്റി പരിഗണിക്കുന്നുണ്ടെന്നും മറ്റ് നാല് സ്ത്രീകള്‍ കൂടി സമാനമായ പരാതി നല്‍കിയതായി മനസ്സിലായെന്നും മറിയം ഡിയാകിതെ പറഞ്ഞു. എന്നാല്‍ മറിയത്തിന്റെ ആരോപണം തന്നെ സ്വഭാവഹത്യ ചെയ്യാനുദ്ദേശിച്ചുള്ള താണെന്നും വ്യക്തിവിരോധമാണ് ഇതിന് കാരണമെന്നും പറഞ്ഞ് അഹ്മദ് തള്ളിക്കളഞ്ഞു. ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനിലെ ഒരു മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥന്റെ തിരക്കഥയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top