ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അഡ്വ. ശ്രീധരന്‍ പിള്ളയ്ക്ക് മോദിയുടെ വക ‘കടക്കൂ പുറത്ത്’; കെ. സുരേന്ദ്രന് അഭിനന്ദനം

k-surendran.1.159050തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ ദയനീയ പരാജയം സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് വിലയിരുത്തലില്‍ മോദിയുടെ അതൃപ്തി പ്രകടമായത് ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ്. അനുകൂലമായ പല സന്ദര്‍ഭങ്ങളുണ്ടായിട്ടുപോലും ഒരൊറ്റ സീറ്റു പോലും ലഭ്യമാക്കാന്‍ കഴിയാത്ത ബിജെപി സംസ്ഥാന പ്രസിഡന്റു കൂടിയായ പി.എസ് ശ്രീധരന്‍പിള്ള അടക്കമുള്ള നേതാക്കളെയാണ് കടക്കൂ പുറത്താക്കിയത്. രണ്ടാം തവണയും പ്രധാനമന്ത്രിയായതിനുശേഴം ഗുരുവായൂര്‍ സന്ദര്‍ശനെത്തിയപ്പോഴാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി മോദി പ്രകടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ളക്കും മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭനും മോദി വിശ്രമിച്ച ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്ക് പ്രവേശനം പോലും നിഷേധിച്ചു.

കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ മെട്രോയില്‍ പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്നവരുടെ പേരുകളില്‍ ഉള്‍പ്പെടുത്താതിരുന്ന അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ കൈപിടിച്ച് ഒപ്പം കൂട്ടിയ മോദിയാണ് ശ്രീധരന്‍ പിള്ളയെ കാണാന്‍ പോലും താല്പര്യം പ്രകടിപ്പിക്കാഞ്ഞത്. അതേസമയം പത്തനംതിട്ടയില്‍ മികച്ച മത്സരം കാഴ്ച വെച്ച കെ. സുരേന്ദ്രനെ ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തി മോദി അഭിനന്ദിക്കുകയും ചെയ്തു.

modi-purna (1)മോദി തങ്ങളെ തഴയുന്നു എന്ന തോന്നലുണ്ടായതുകൊണ്ടാണ് മോദിയ്‌ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ളയും നേതാക്കളും മോദിയെത്തും മുമ്പെ ക്ഷേത്രത്തിലേക്ക് ഓടി. എന്നാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജിക്കാര്‍ ഇവരെ തടഞ്ഞു. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എം.പി, ദേശീയ സെക്രട്ടറി എച്ച്. രാജ, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ സി.കെ പത്മനാഭന്‍, പി.കെ കൃഷ്ണദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്‍, സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് എസ് പി ജിക്കാര്‍ തടഞ്ഞു വെച്ചത്.

ജാള്യത മറച്ചുവെച്ച് തങ്ങള്‍ ബിജെപിയുടെ സംസ്ഥാന നേതാക്കളെന്നു പറഞ്ഞ് തട്ടിക്കയറിയെങ്കിലും എസ്.പി.ജി വഴങ്ങിയില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ ലിസ്റ്റില്‍ സംസ്ഥാന നേതാക്കളുടെ പേരുണ്ടായിരുന്നില്ല. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ മാത്രമാണ് ഇടംപിടിച്ചത്. ഒടുവില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടെങ്കില്‍ കടത്തി വിടാമെന്നായി എസ്.പി.ജി, ഇതോടെ സംസ്ഥാന നേതാക്കള്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയെ ബന്ധപ്പെട്ടതോടെ പൊതുയോഗ വേദിയിലെത്താനായിരുന്നു നിര്‍ദ്ദേശം.

അതേസമയം ബി.ജെ.പി നേതാക്കളെ തഴഞ്ഞ പ്രധാനമന്ത്രി ശിവഗിരി മഠത്തിലെ സന്യാസിമാരെ പ്രത്യേകം ക്ഷണിച്ചു വരുത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എം.പിയെന്ന പരിഗണനയില്‍ സിനിമാതാരം സുരേഷ്‌ഗോപി കേരള നേതാക്കളെ വെട്ടിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് കടന്നെങ്കിലും മോദിക്കൊപ്പമുള്ള ദര്‍ശനത്തില്‍ നിന്നും എസ്.പി.ജി തടഞ്ഞു. മോദി ദര്‍ശനം കഴിഞ്ഞ് ക്ഷേത്രം വിട്ടശേഷമാണ് സുരേഷ്‌ഗോപിയെ തൊഴാന്‍ അനുവദിച്ചത്. തൃശൂരില്‍ മികച്ച മത്സരം കാഴ്ചവെച്ച സുരേഷ്‌ഗോപി കേന്ദ്ര മന്ത്രിസ്ഥാനം സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ സുരേഷ്‌ഗോപിയെ തഴഞ്ഞ് വി. മുരളീധരനാണ് മോദി മന്ത്രി സ്ഥാനം നല്‍കിയത്. മോദിക്കൊപ്പം ഗുരുവായൂരില്‍ തൊഴാന്‍ കഴിയാത്തതിലെ നിരാശ മറച്ചുപിടിക്കാതെ സുരേഷ്‌ഗോപി മോദിയുടെ അഭിനന്ദന്‍ സഭയില്‍ പങ്കെടുക്കാതെ മടങ്ങി.

d95e58c5-3f39-4190-a9a1-51d925a5731cശബരിമല വിഷയം അടക്കം അനുകൂല ഘടകങ്ങളെല്ലാം ഉണ്ടായിട്ടും കേരളത്തില്‍ ഒറ്റ സീറ്റു പോലും വിജയിക്കാനാകാത്തതില്‍ ബി.ജെ.പി കേരള നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും നേരത്തെ പ്രകടിപ്പിച്ചത്. കേരളത്തില്‍ മൂന്നു സീറ്റില്‍ വിജയിക്കുമെന്ന ഉറപ്പാണ് സംസ്ഥാന നേതൃത്വം നല്‍കിയിരുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍, പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍, തൃശൂരില്‍ സുരേഷ് ഗോപി എന്നിവരുടെ വിജയം ഉറപ്പെന്നായിരുന്നു അവകാശവാദം. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ 19 സീറ്റിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫും ഒരു സീറ്റ് സി.പി.എമ്മും നേടുകയായിരുന്നു. ഒറ്റ സീറ്റിലും വിജയിക്കാതെ ബി.ജെ.പി സമ്പൂര്‍ണ്ണ പരാജയമായി മാറുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നാലു തവണ പ്രചരണത്തിനായി കേരളത്തിലെത്തിയതും ഇത്തവണ മൂന്നു സീറ്റു ലഭിക്കുമെന്ന ഉറപ്പു കേട്ടായിരുന്നു.

ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ ആവശ്യപ്രകാരമാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ച് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചത്. തിരുവനന്തപുരത്ത് കുമ്മനത്തിന്റെ പരാജത്തിനു കാരണം ബി.ജെ.പിയിലെ കാലുവാരലാണെന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര നേതൃത്വത്തിനു ലഭിച്ചിട്ടുള്ളത്.

2024ല്‍ 333 സീറ്റുമായി അധികാരം നേടാനുള്ള ഓപ്പറേഷന്‍ 333 ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ 333ല്‍ പ്രഥമ പരിഗണനയുള്ള സംസ്ഥാനമാണ് കേരളം. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റു നേടുകയെന്നതാണ് ബി.ജെ.പി തന്ത്രം. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ പൊതുയോഗത്തിന് നരേന്ദ്രമോദി കേരളത്തെ തെരഞ്ഞെടുത്തത്. ശ്രീധരന്‍പിള്ളയെ മാറ്റി കേരളത്തില്‍ ബി.ജെ.പിക്ക് പുതിയ അധ്യക്ഷനും നേതൃത്വവുമുണ്ടാകുമെന്ന സൂചനയും മോദിയുടെ സന്ദര്‍ശനത്തിലൂടെ നല്‍കുന്നുണ്ട്. ആര്‍.എസ്.എസ് നേതൃത്വം എതിര്‍ത്തില്ലെങ്കില്‍ കെ. സുരേന്ദ്രനെ ബി.ജെ.പി അധ്യക്ഷനാക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താല്‍പര്യം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News