Flash News

ഐക്യമത്യത്തിലൂടെ ചരിത്രവിജയം നേടിയ യുഡി‌എഫ്

June 9, 2019 , ബ്‌ളസന്‍ ഹൂസ്റ്റന്‍

UDF vijayam bannerലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു കഴിഞ്ഞു. ബി.ജെ.പി.ക്ക് തിളക്കമാര്‍ന്ന വിജയം ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ്സിന് പ്രതീക്ഷിച്ചതിലും പരാജയമാണുണ്ടായത്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ്. പ്രതീക്ഷകള്‍ക്കപ്പുറം ട്വന്റി നൈന്റീന്‍ വിജയമാണ് കൈവരിച്ചത്. 77ല്‍ അടിയന്തരാവസ്ഥക്കുശേഷം നടന്ന തിരഞ്ഞെടുപ്പിലും 84ല്‍ ഇന്ദിരാഗാന്ധിയുടെ മരണത്തെതുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലും കേരളത്തില്‍ യു.ഡി. എഫ് നേടാനാകാത്ത വിജയമാണ് ഇക്കുറി അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. കേരള ചരിത്രത്തില്‍ പത്തൊന്‍പത് സീറ്റ് നേടുന്ന ചരിത്ര വിജയമാണ് കേരളത്തില്‍ യു.ഡി. എഫ് നേടിയതെന്ന് പറയുമ്പോള്‍ അത് ഏതൊരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും ആഹ്ലാദിപ്പിക്കുന്നതാണ്.

യു.ഡി.എഫിന്റെ വിജയം അവര്‍ അര്‍ഹിക്കുന്നതു തന്നെ. അതിന് പല കാരണങ്ങള്‍ ഉണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രത്യേകത തന്നെ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എല്‍.ഡി.എഫിനു ശേഷമാണ് യു.ഡി.എഫ് വന്നത്. അതായിരുന്നു അവരുടെ വിജയത്തിന്റെ ആദ്യ കാരണം. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികളോട് ഏറ്റുമുട്ടാന്‍ കെല്പുള്ള കരുത്തരെ ആയിരുന്നു കോണ്‍ഗ്രസ്സ് രംഗത്തിറക്കിയത്. അതില്‍ മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുപോലെ പ്രവര്‍ത്തിച്ചു. അതാതു മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ആഗ്രഹിച്ച പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ കഴിവുള്ളവരായിരുന്നു കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികള്‍. യു.ഡി.എഫ് കോട്ടകളായ എറണാകുളം പത്തനംതിട്ട ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എന്ന മേല്‍വിലാസത്തില്‍ ജയിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞെങ്കില്‍ കാസര്‍ഗോഡും വടകരയും ചാലക്കുടിയും തുടങ്ങിയ ഇടതുസീറ്റുകള്‍ പിടിച്ചെടുത്തത് പ്രവര്‍ത്തകര്‍ ആഗ്രഹിച്ച സ്ഥാനാര്‍ത്ഥികള്‍ വന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ പ്രവര്‍ത്തകര്‍ ആവേശത്തോടെയായിരുന്നു അവരുടെ സ്ഥാനാര്‍ത്ഥികളെ വരവേറ്റത്. എന്നാല്‍ ആലത്തൂരും പാലക്കാട്ടും സ്ഥാനാര്‍ത്ഥികളുടെ മികവുകൊണ്ടായിരുന്നു. ചിട്ടയോടെയുള്ള പ്രവര്‍ത്തനവും ആത്മവിശ്വാസം ചോര്‍ന്നുപോകാതെ പ്രവര്‍ത്തകരെ കൂടെകൂട്ടിയതുമായിരുന്നു അവരുടെ വിജയത്തിന്റെ കാരണം. പ്രവര്‍ത്തന മികവ് എന്ന് ഒറ്റവാചകത്തില്‍ പറയാവുന്ന വിജയമാണ് ആലത്തൂരും പാലക്കാട്ടും നടന്നത്. അത് വിജയത്തിലെത്തിച്ചു.

പരാജയപ്പെടുമെന്ന് എല്ലാവരും വിധിയെഴുതി വിജയിക്കുമെന്ന് താന്‍പോലും കരുതാതെ വിജയത്തിലെത്തിയ വ്യക്തിയാണ് പാലക്കാട് നിയുക്ത എം.പി. ശ്രീകണ്ഠന്‍ എങ്കില്‍ അത് പ്രവര്‍ത്തന മികവ് തന്നെയെന്നതിന് സംശയമില്ല. ആറ്റിങ്ങലില്‍ അടൂര്‍പ്രകാശ് വിജയിച്ചതാകട്ടെ അടിയൊഴുക്കുകള്‍ അറിഞ്ഞ് പ്രവര്‍ത്തിച്ചതായിരുന്നു. പാലക്കാട്ടും ആറ്റിങ്ങലുമുള്ള വിജയം മുയലിനുമേല്‍ വിജയം നേടിയ ആമയെപ്പോലെയാണെന്ന് പറയാം. ചുവപ്പുകോട്ടയുടെ അമിതാവേശം അതിലുപരി ബുദ്ധിജീവിപരിവേഷവും പക്വതയുടെ ആത്മവിശ്വാസവും പാലക്കാട്ട് രാജേഷിനെയും ആറ്റിങ്ങലില്‍ സമ്പത്തിനെയും മന്ദഗതിയിലാക്കിയപ്പോള്‍ അവരുടെ എതിരാളികള്‍ ആരും കാണാത്ത വിടവുകളില്‍കൂടി വിജയത്തിലേക്ക് മന്ദംമന്ദമായി നടന്നുകയറി. ഉറച്ച സി.പി. എം. കോട്ടയായ ഇവിടെ പരാജയപ്പെട്ട സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ നിലവിലുള്ള എം.പി.മാരും സുസമ്മതരെന്ന് ആവരണമുള്ളവരുമാണ്. അവരെ കടത്തിവെട്ടി വിജയത്തിലെത്തണമെങ്കില്‍ അടൂര്‍ പ്രകാശും ശ്രീകണ്ഠനും അവരുടെ ന്യൂനതകള്‍ എന്തെന്ന് കണ്ടെത്തി അതില്‍ക്കൂടി നടന്നു കയറിയവരാണ്. അത് മതമാകാം ജാതിയാകാം മറ്റെന്തെങ്കിലുമൊരു ഘടകമാകാം. എന്നാല്‍ ഇതിലൊക്കെ ഉപരി ദേശീയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സെന്ന ചിന്താഗതിയും സംസ്ഥാന ഭരണവിരുദ്ധവികാരവും ഉണ്ട്. ഈ ഘടകങ്ങള്‍ എല്ലാം കൂടി ഒരു വോട്ടായി മാറി.

വിശ്വപൗരന്‍ എന്ന പരിവേഷവും വിദ്യാഭ്യാസത്തിന്റെയും അറിവിന്റേയും ആവരണമുള്ള തരൂര്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായി വന്നാല്‍ ജനങ്ങള്‍ അദ്ദേഹത്തെ തന്നെ വിജയിപ്പിക്കുമെന്ന് കണക്കുകൂട്ടിയത് തരൂരിന്റെ വിജയം സുനിശ്ചിതമാക്കി. ബി.ജെ.പി.ക്ക് മുന്‍തൂക്കമുണ്ടെങ്കിലും തരൂരിനെ പരാജയപ്പെടുത്തുന്നത് തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുമെന്ന ചിന്ത കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും തിരുവനന്തപുരത്ത് ഉണ്ടായിട്ടുണ്ട്. വിജയത്തിന്റെ മധുരത്തെക്കാള്‍ പരാജയത്തിന്റെ നാണക്കേട് എന്ന ചിന്താഗതിയാണ് തരൂരിന്റെ കാര്യത്തില്‍ എന്നുമുണ്ടായിട്ടുള്ളത്. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയവും. അതു തന്നെയായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷയും. തരൂരിന്റെ കാര്യത്തില്‍ എന്നും കോണ്‍ഗ്രസ്സിനുണ്ടായിരുന്നതും ഈ രണ്ട് കാര്യങ്ങളുമായിരുന്നു. വിവരമുള്ള ഒരു സമൂഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടായിരുന്നു തരൂര്‍ എന്ന വിശ്വപൗരനെ തിരുവനന്തപുരത്തു നിന്ന് എന്നും വിജയിപ്പിച്ചിട്ടുള്ളത്. ജാതിയും മതവും കൊടിയും നിറവും എന്നതിനപ്പുറം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു വ്യക്തിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയെന്ന പൗരധര്‍മ്മ മാണ് വിവരവും വിവേകവുമുള്ള ജനത ചെയ്തത്. ലത്തീന്‍ കത്തോലിക്ക സഭയ്ക്ക് മുന്‍തൂക്കമുള്ള തിരുവനന്തപുരത്ത് നിന്ന് അവരുടെ ഇടയില്‍ ഉള്ള വ്യക്തി മത്സരിച്ചപ്പോള്‍ പോലും അവര്‍ക്ക് വ്യക്തമായ സ്വാധീനമുള്ള മേഖലകളില്‍ തരൂര്‍ മികച്ച ഭൂരിപക്ഷം നേടിയിട്ടുണ്ട്. ജാതിയും മതവും കൊ ടിയുടെ നിറവും അന്തഃമായി മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ തിരുവനന്തപുരത്തെ ജനങ്ങളുടെ പൗരബോധം മനസ്സിലാക്കേണ്ടതാണ്. അതുതന്നെയാണ് മുസ്ലീം പ്രാതിനിധ്യമുള്ള കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗങ്ങളിലുള്ള പ്രദേശങ്ങളിലും ഉണ്ടായ യു.ഡി.എഫ് മുന്നേറ്റവും.

ഇനിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ പരാജയം പല സ്ഥാനാര്‍ത്ഥികളുടേയും രംഗപ്രവേശമാണ് കാരണമായത്. വടകരയില്‍ അവരുടെ ഏറ്റവും പ്രമുഖനെ മത്സരിപ്പിച്ചത് വാശിയെന്ന നിലയ്ക്കു തന്നെയാണ്. ജയരാജനുമേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളൊക്കെ കേവലം കെട്ടുകഥകളാണെന്ന് തിരഞ്ഞെടുപ്പിലെ വിജയത്തില്‍ക്കൂടി കാണിച്ചുകൊടുക്കാനായിരുന്നു ശ്രമമെങ്കില്‍ അതിന് മറുപടിയാണ് അവിടുത്തെ ജനങ്ങള്‍ മുരളീധരനെ വിജയിപ്പിച്ചതില്‍ക്കൂടി ചെയ്തതെന്നു വേണം കരുതാന്‍. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മുതല്‍ എതിര്‍പക്ഷത്തുള്ളവര്‍ പ്രത്യേകിച്ച് ചന്ദ്രശേഖരിന്റെ വിധവ കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിനെതിരെ ആരോപിച്ചതിനെ തടയിടാന്‍ ശ്രമിക്കാതെ പുച്ഛിച്ചു തള്ളുകയാണ് ഉണ്ടായത്. സൈബര്‍ മീഡിയായും നവോത്ഥാന സാഹിത്യസാംസ്കാരിക നായകരും പാടി പുകഴ്ത്തിയപ്പോള്‍ സത്യമറിയാവുന്ന ജനം അത് അപ്പാടെ തള്ളിക്കളഞ്ഞുയെന്നു വേണം കരുതാന്‍.

ജാതിയും മതവും ഒന്നുമില്ലെന്ന് ഉറക്കെ പറഞ്ഞിട്ട് മതത്തിന്റെ വോട്ട് ലക്ഷ്യമാക്കി മുന്‍തൂക്കമുള്ള മതത്തിലെ അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ പത്തനംതിട്ട കൈവിട്ടുപോയി. സ്വാര്‍ത്ഥതയ്ക്കുവേണ്ടി തല്ലിക്കൂട്ടിയ മലയോര സമിതിയില്‍ക്കൂടി മുന്നേറ്റം കുറിക്കാമെന്ന് കരുതിയത് ഇടുക്കിയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇടതിന് ഇടുക്കിയില്‍ കാലിടറി. അനാവശ്യ അപകീര്‍ത്തിക്കലിലും അടിച്ചാക്ഷേപിക്കലും ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ലെന്ന താക്കീതാണ് കൊല്ലത്ത് ജനങ്ങള്‍ കൊടുത്തത്. പണത്തിന് മുകളില്‍ സ്ഥാനാര്‍ത്ഥിത്വം എന്ന ആശയം തിരുവനന്തപുരത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടപ്പാക്കിയതിന്റെ ഫലത്തില്‍ കാല്‍ചുവടിലെ മണ്ണ് ഒലിച്ചുപോയപ്പോള്‍ അത് നികത്താന്‍ കഴിയാതെ അടിപതറിയ കാഴ്ചയാണ് തിരുവനന്തപുരത്ത് കണ്ടത്. അങ്ങനെ ആ പട്ടിക നീളുന്നു.

ഒരു കാര്യം വ്യക്തമാക്കാം. ഏതൊക്കെ തരംഗമുണ്ടായാലും അതിലൊക്കെ അപ്പുറം ജനസ്വാധീനം നേതാക്കള്‍ക്ക് ഉണ്ടെങ്കില്‍ മാത്രമെ വിജയിക്കാന്‍ കഴിയുയെന്ന് കേരളത്തിലെ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ കൂടി കാട്ടിക്കൊടുത്തു. അതിലൊക്കെ ഉപരി രാഷ്ട്രീയത്തിനുള്ളിലെ തന്ത്രത്തേക്കാള്‍ പൊതു പ്രവര്‍ത്തനത്തിലെ നിസ്വാര്‍ത്ഥതയാണ് സ്ഥാനാര്‍ത്ഥികളില്‍ ഉണ്ടാ കേണ്ടതെന്ന് കൂടി കൂട്ടിവായിക്കേണ്ടതായിട്ടുണ്ട് ഈ തിരഞ്ഞെടുപ്പില്‍ക്കൂടി.

ഗ്രൂപ്പുകള്‍ക്കതീതമായി ഇത് എന്റെ സ്ഥാനാര്‍ത്ഥിയെന്ന തോന്നല്‍ യു.ഡി. എഫ്. പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ ഏക തിരഞ്ഞെടുപ്പ് ഇതായിരുന്നുയെന്നു പറയാം. പടല പിണക്കങ്ങള്‍ ക്കും പാരവെയ്പുകള്‍ക്കും അവര്‍ അവധി നല്‍കി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കേരളത്തില്‍ ചരിത്ര വിജയം അവര്‍ നേടി. എന്നാല്‍ ഇടതുപക്ഷത്തില്‍ സ്വേച്ഛാധിപത്യവും ഏകാധിപത്യവും ഒരുപോലെ പ്രതിഫലിപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു ഈ തിരഞ്ഞെടുപ്പ്. അതുകൊണ്ട് അവര്‍ക്ക് ചരിത്ര പരാജയം നേരിടേണ്ടി വന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ ഊറ്റം കൊണ്ടിരുന്ന കാലം കടന്നുപോയി. ഇപ്പോള്‍ ഒരാള്‍ ജ നാധിപത്യത്തിലേക്ക് ആയിത്തീര്‍ന്നിരിക്കുന്നു. പാരവെയ്പും പടല പിണക്കങ്ങളും പരസ്യമല്ലെങ്കിലും രഹസ്യമായി പ്രവര്‍ത്തിച്ചപ്പോള്‍ ഇടതിന്റെ കോട്ടകള്‍പോലും ഒലിച്ചുപോകുന്ന കാഴ്ച യാണ് കണ്ടത്.

ഒരു കാര്യം തുറന്നു പറയേണ്ടതുണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യു.ഡി.എഫ് കൈക്കൊണ്ട നിലപാടില്‍ അവരെ അഭിനന്ദിക്കേണ്ടതുണ്ട്. ആരോപണങ്ങളുടെയോ അഴിമതി യുടെയോ കറ പുരളാത്തവരായിരുന്നു അവരില്‍ എല്ലാവരും. അതിന്റെ ഫലം കണ്ടുയെന്നതാണ് സത്യം. അതുകൊണ്ടുതന്നെ അവരില്‍ നിന്ന് നല്ല ഫലം പ്രതീക്ഷിക്കാം. നല്ല വൃക്ഷത്തില്‍ നിന്ന് നല്ല ഫലം വരും എന്ന തിരുവചനം പോലെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top