പാടുന്നു പാഴ്മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ – 11)

banner 11 finalമൂന്നു മാസം കഴിഞ്ഞു ഞാന്‍ വീണ്ടും കുറിഞ്ഞിക്ക് പോയി. കൊച്ചുചെട്ടന്റെ വീട്ടില്‍ ഇടമുണ്ടായിരുന്നില്ല. കുറെ ദൂരെയുള്ള മറ്റൊരു വീടാണ് കിട്ടിയത്. അവിടെ ഏതോ നാട്ടുകാരായ രണ്ടോ, മൂന്നോ പേര്‍കൂടി ഉണ്ടായിരുന്നു. ഇത്തവണ ഒന്‍പതു ദിവസമാണ് മരുന്ന് കുടിക്കേണ്ടത്. പോകുന്ന വഴിയില്‍ തൊടുപുഴയില്‍ ഇറങ്ങി എവിടെയെങ്കിലും ഒരു ജോലി കിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. തൊടുപുഴ പാലത്തിനു തൊട്ടുമുന്‍പുള്ള ഒരു റെഡിമേഡ് കടയില്‍ തയ്യല്‍ക്കാരന്റെ ജോലി കിട്ടി. ദിവസം ആറു രൂപാ കൂലി. രാവിലെ ഒന്‍പതു മണിക്ക് തുടങ്ങിയാല്‍ വൈകിട്ട് ആറു മണി വരെ ജോലി. ഉച്ചക്ക് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഒരു ചേടത്തിയുടെ കഞ്ഞി ഹോട്ടലില്‍ കഞ്ഞി. ഇറച്ചി, മീന്‍ മുതലായവ ഒഴിവാക്കിയത് കൊണ്ട് മറ്റു കറികള്‍ ആവശ്യാനുസരണം ചേടത്തി വിളമ്പിയിരുന്നു.

മരുന്നു കുടി തീരുമ്പോഴേക്കും ഒരു പാടുപോലും അവശേഷിക്കാതെ അസുഖം പൂര്‍ണ്ണമായും സുഖപ്പെട്ടിരുന്നു. ജോലിക്കിടയില്‍ ഫിലിപ്‌സിന്റെ ഒരു സിംഗിള്‍ ബാന്‍ഡ് റേഡിയോയുടെ വില ഞാന്‍ തിരക്കിയിരുന്നു. നൂറ്റിപ്പത്തു രൂപ. വീട്ടില്‍ നിന്ന് കൊണ്ടുപോയതും ജോലിക്കൂലി കിട്ടിയതും കൂടി ചെലവ് കഴിച്ച് എന്റെ കയ്യില്‍ അത്രയും രൂപയുണ്ട്. പിന്നെ തിരിച്ചു പോകാനുള്ള വണ്ടിക്കൂലിയുടെ കുറവേയുള്ളു. കുറിഞ്ഞിയിലെ തോട്ടില്‍ ഞാന്‍ കുളിക്കാന്‍ ഇറങ്ങുന്ന കൊച്ചു കടവിന്റെ കരയില്‍ ഒരു സാധു കുടുംബം കുടില്‍കെട്ടി താമസിച്ചിരുന്നു. ആ വീട്ടിലെ കൂലിപ്പണിക്കാരിയായ ഒരു പെണ്‍കുട്ടിയെ തോട്ടില്‍ വച്ച് ഞാന്‍ പരിചയപ്പെട്ടിരുന്നു. ഞാന്‍ കഥയെഴുതുന്ന ആളാണെന്നറിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിക്ക് എന്നോട് വലിയ ഇഷ്ടമോ, ആരാധനയോ, ബഹുമാനമോ, എന്തോ ഒന്ന് ഉണ്ടായിരുന്നു. ഞാന്‍ കുളിക്കാന്‍ ചെല്ലുന്ന നേരം നോക്കി അവള്‍ ബക്കറ്റുമായി വെള്ളം എടുക്കാന്‍ വരികയും, എന്നോട് അല്‍പ്പം സംസാരിക്കുകയും ചെയ്തിരുന്നു.

അവളോട് രണ്ടു രൂപാ വായ്പ ചോദിക്കാം എന്ന് ഞാന്‍ തീരുമാനിച്ചു. വണ്ടിക്കൂലിക്ക് അത് മതി. ഒരു മാസത്തിനകം എത്തിച്ചു തരാം എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ ചോദിച്ചതേ അവള്‍ വീട്ടില്‍ പോയി രണ്ടു രൂപാ എടുത്തു കൊണ്ട് വന്ന് എനിക്ക് തന്നു. ആ രൂപാ തിരിച്ചു തരണ്ടാ എന്ന് പറഞ്ഞു കൊണ്ട് ഒരു കള്ളച്ചിരിയോടെ അവള്‍ പോകുന്‌പോള്‍, അവളുടെ കണ്‍കോണുകളില്‍ രണ്ടു മുത്തുകള്‍ തിളങ്ങി നിന്നിരുന്നോ എന്ന് എനിക്ക് സംശയമുണ്ടായി.

തൊടുപുഴയില്‍ വന്നു റേഡിയോയും വാങ്ങി ഞാന്‍ മടങ്ങി. അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു വീട്ടില്‍ മാത്രമേ റേഡിയോ ഉണ്ടായിരുന്നുള്ളു. ഇതിനകം മരിച്ചുപോയ കുഞ്ഞുമ്മന്‍ ചേട്ടന്റെ മൂത്ത മകന്‍ പൗലോച്ചന്റെ വകയായിരുന്നു അത്. റോഡിലൂടെ പോകുന്‌പോള്‍ ആ റേഡിയോയില്‍ നിന്നുള്ള പാട്ടു കേട്ട് ഞങ്ങളെല്ലാം അത്ഭുതത്തോടെ നിന്നിട്ടുണ്ട്. പ്രത്യേകിച്ചും വല്യാമ്മ. ദൂരെയുള്ള പട്ടണങ്ങളില്‍ നിന്ന് വായുവിലൂടെ വരുന്ന ശബ്ദമാണ് ഇവിടെ റേഡിയോയിലൂടെ കേള്‍ക്കുന്നത് എന്ന് ഞാന്‍ പറഞ്ഞു കൊടുക്കുന്‌പോള്‍ വല്യാമ്മ ഒട്ടും വിശ്വസിക്കുമായിരുന്നില്ല. വീട്ടില്‍ വന്ന് റേഡിയോ വല്യാമ്മക്ക് കൊടുത്തു. ഞങ്ങളുടെ ഗ്രാമത്തിലെ രണ്ടാമത്തെ റേഡിയോ ആയിരുന്നു അത്.

ഒന്നൊന്നര മാസം കഴിഞ്ഞപ്പോള്‍ ആ രൂപാ തിരിച്ചു കൊടുക്കാനായി ഞാന്‍ കുറിഞ്ഞിയില്‍ ചെന്നു. അവളുടെ കുടില്‍ നിന്നിടത്ത് ഒന്നുമില്ല അന്വേഷണത്തില്‍ ആ കുടുംബം എങ്ങോ പോയിയെന്നും എവിടെയാണെന്ന് അറിയില്ലെന്നും ഉള്ള വിവരമാണ് കിട്ടിയത്. അമേരിക്കയില്‍ വന്ന ശേഷം നാട്ടിലുള്ള പലരെയും ചെറിയ നിലയില്‍ ഞാന്‍ സഹായിച്ചിരുന്നു. ആ ലിസ്റ്റില്‍ ഈ പെണ്‍കുട്ടി കൂടെ ഉണ്ടാവട്ടെ എന്ന് കരുതി ഒരു വെക്കേഷനില്‍ ഞാന്‍ കുറിഞ്ഞിയില്‍ ചെന്ന് അറിയാവുന്നവരോടൊക്കെ സമഗ്രമായി അന്വേഷിച്ചുവെങ്കിലും, അവര്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. നിരാശയോടെ തിരിച്ചു പോരുമ്പോള്‍ “ഇര തേടി പിരിയുന്ന കുരുവികളേ, ഇനിയേതു ദിക്കില്‍ നാം കണ്ടുമുട്ടും” എന്ന് എന്റെ ഹൃദയക്കിളി തെങ്ങുന്നുണ്ടായിരുന്നു!

തുടരെത്തുടരെ ഉണ്ടാവുന്ന എന്റെ പരാജയങ്ങള്‍ തീര്‍ച്ചയായും അപ്പനെ വേദനിപ്പിച്ചിരിക്കണം. എനിക്ക് ഒരു ഉപജീവന മാര്‍ഗ്ഗം ഉണ്ടായിക്കാണണമെന്ന് വല്യാമ്മയും വല്ലാതെ ആഗ്രഹിച്ചു. കുറച്ചു തുണികളും തയ്യലും ഒക്കെയായി ചെറിയൊരു ജൗളിക്കട തുടങ്ങണമെന്ന് എല്ലാവരും ആഗ്രഹിച്ചു. പണത്തിന് മാര്‍ഗ്ഗമില്ല. പറന്പില്‍ കുറെ കോട്ടമാവുകള്‍ നില്‍ക്കുന്നുണ്ട്. കയറി പറിക്കാന്‍ പറ്റാത്തത്ര ഉയരമാണ്. പഴുത്തു വീഴുന്ന വലിയ മാങ്ങകള്‍ മാന്പഴക്കാലത്തെ സമൃദ്ധമാക്കിയിരുന്നു. ആ മാവുകള്‍ മുറിച്ചു വില്‍ക്കാന്‍ തീരുമാനമായി. തൊള്ളായിരം രൂപക്ക് മാവുകള്‍ കച്ചവടമായി. കൊച്ചപ്പന്‍ നടത്തിയിരുന്ന പലചരക്കു കടയില്‍ ഒരു ചില്ലലമാരി ഉണ്ട്. അത് ഒഴിവാക്കി തരാമെന്നു കൊച്ചപ്പന്‍ പറഞ്ഞു. അങ്ങിനെ പതിനഞ്ചു വയസെത്തുന്നതിനു മുന്‍പേ ഞാനൊരു തയ്യല്‍ക്കടക്കാരന്‍ ആയിത്തീര്‍ന്നു.

ഒരു വര്‍ഷത്തിലധികം ഞാന്‍ നന്നായി കച്ചവടം നോക്കി നടത്തി. കുറച്ചു പണമൊക്കെ ബാക്കി വയ്ക്കാനും കഴിഞ്ഞു. ഒരു നല്ല കച്ചവടക്കാരനായി വളരുവാനുള്ള എല്ലാ സാഹചര്യങ്ങളും എനിക്കുണ്ടായിരുന്നു. എഴുത്തിനോടുള്ള കലശലായ കന്പം നിമിത്തം അതുപയോഗപ്പെടുത്തുന്നതില്‍ ഞാന്‍ പരാജയപ്പെടുകയായിരുന്നു.

(സ്കൂള്‍ പഠനം ഉപേക്ഷിച്ചു ഞാന്‍ തയ്യല്‍ പഠിക്കാനിറങ്ങിയ കാലത്താണ് പരീക്കണ്ണിക്കാരന്‍ ഒരു എ.പി. ജോര്‍ജ് ഞങ്ങളുടെ നാട്ടില്‍ മെയില്‍‌മാനായി വരുന്നത്. അയാള്‍ ദീപികാ ബാലജന സഖ്യത്തിന്റെ ഓര്‍ഗനൈസറാണെന്ന് എന്നെ സ്വയം പരിചയപ്പെടുത്തി ഒരു ‘കുട്ടികളുടെ ദീപിക’ എനിക്ക് തരികയും, എന്നെ വരിക്കാരനാക്കുകയും ചെയ്തു. അത് വായിച്ചപ്പോള്‍ എനിക്കും എഴുതാന്‍ കഴിയും എന്ന് മനസിലാക്കിയ ഞാന്‍ ‘കണ്ണീരിന്റെ കഥ’ എന്ന കഥയെഴുതി കുട്ടികളുടെ ദീപികക്ക് അയക്കുകയും, അത് അച്ചടിച്ച് വരികയും ഉണ്ടായി. അന്ന് എനിക്ക് പതിനൊന്ന് വയസ്സായിരുന്നു പ്രായം).

കഠിനമായ ജീവിത വ്യഥകളില്‍ അകപ്പെട്ട് ഉഴറുകയായിരുന്നു ഞാന്‍ ഇത് വരെ. ഇതിനിടയില്‍ കൂടുതല്‍ വായിക്കുവാനും എഴുതുവാനുമൊന്നും നേരം കിട്ടിയിരുന്നില്ല. സ്വന്തമായി ഒരിരിപ്പിടവും, സമയവും കിട്ടിയപ്പോള്‍ നില മറന്നു കൂവിപ്പോയ നീലക്കുറുക്കനെപ്പോലെ ഞാന്‍ വായനയിലും, എഴുത്തിലും മുഴുകി. തയ്ക്കാനേല്‍പ്പിക്കുന്നവരുടെ തുണികള്‍ സമയത്ത് കൊടുക്കാന്‍ മറക്കുന്നു, അശ്രദ്ധമൂലം തയ്ക്കുന്ന സാധനങ്ങളുടെ ക്വാളിറ്റി കുറയുന്നു, കടയും തുറന്നിട്ടിട്ടു ഞാന്‍ സാഹിത്യ സുഹൃത്തുക്കളുമായി സല്ലാപത്തിനു പോകുന്നു, മൂവാറ്റുപുഴയില്‍ നിന്ന് അഡ്വക്കേറ്റ് പോള്‍ വി. കുന്നില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘പൗരധ്വനി’ മാസികയുടെ ഓഫിസിലെ നിത്യ സന്ദര്‍ശകനാവുന്നു.

(അന്ന് അത്രയ്ക്ക് വളര്‍ന്നിട്ടില്ലാത്ത ഒരു അഖിലേന്ത്യാ രാഷ്ട്രീയ പാര്‍ട്ടിയുടെ കേരളത്തിലെ ചുമതലക്കാരന്‍ കൂടിയായിരുന്നു അഡ്വക്കേറ്റ് ശ്രീ പോള്‍ വി. കുന്നില്‍.)

ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ പദ്ധതി പ്രദേശത്തു നിന്നും കുടിയിറക്കിയ ഇരുപതു കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി കൊടുത്ത് കുടിയിരുത്തിയത് ഞങ്ങളുടെ പ്രദേശത്തായിരുന്നു. അഞ്ചു കിലോമീറ്റര്‍ നീളവും, ഒരു കിലോമീറ്റര്‍ വീതിയുമുള്ള ഒരു മനോഹര പ്രദേശമാണ് ഞങ്ങളുടെ ഗ്രാമം. ഇതില്‍ മൂന്നു കിലോമീറ്റര്‍ കഴിഞ്ഞാല്‍ ബാക്കിയുള്ള രണ്ടു കിലോമീറ്റര്‍ ദൂരം ഗ്രാമത്തിന്റെ ഒരു വശത്ത് സര്‍ക്കാര്‍ വനമാണ്. ഇവിടെ വനത്തിന്റെയും, ഗ്രാമത്തിന്റെയും അതിരിലൂടെയാണ് മുള്ളരിങ്ങാട്ടേക്കുള്ള മണ്‍പാത പോകുന്നത്. ഒരു ഒന്നൊന്നര കിലോമീറ്റര്‍ ഇങ്ങനെ പോയിക്കഴിയുന്‌പോള്‍ പിന്നെ റോഡ് പോകുന്നത് വനത്തിന്റെ ഉള്ളിലൂടെയാണ്. ഇവിടെ റോഡിനും, ഗ്രാമത്തിനും ഇടയില്‍ ഒരു നാല്പത് ഏക്കര്‍ വരുന്ന വന ഭൂമി ഒറ്റപ്പെട്ട് കിടക്കുന്നുണ്ട്. സര്‍ക്കാരിന്റെ തേക്ക് പ്ലാന്റേഷന്റെ ഭാഗമായി തേക്കിന്‍ തൈകള്‍ നടാനായി വെട്ടിത്തെളിച്ച് ഒരുക്കിയിട്ടിരുന്ന ഈ ഭൂമിയില്‍ നിന്നാണ് പകുതി വരുന്ന ഭാഗം ഇടുക്കിയില്‍ നിന്നുള്ളവര്‍ക്ക് കൊടുത്തതും അവര്‍ അവിടെ താമസം ഉറപ്പിച്ചതും.

ഈ സാഹചര്യത്തില്‍ ഞങ്ങളുടെ നാട്ടിലെ ഭൂരഹിതരായ അന്‍പതോളം ആളുകള്‍ യോഗം ചേര്‍ന്ന് ഇടുക്കിക്കാര്‍ക്ക് കൊടുത്തത് കഴിച്ചുള്ള ഭൂമി ഇന്നാട്ടിലെ ഭൂരഹിതരായ ആളുകള്‍ക്ക് വിതരണം ചെയ്യണം എന്നൊരാവശ്യം ഉന്നയിച്ചു കൊണ്ട് ഒരു മെമ്മോറാണ്ടം വകുപ്പ് മന്ത്രിക്കും, ബന്ധപ്പെട്ട ഡി. എഫ്. ഓ.ക്കും കൊടുക്കുന്നു. പ്രസ്തുത മെമ്മോറാണ്ടത്തില്‍ ആക്ഷന്‍ കമ്മറ്റിയിലെ ഒന്നാം പെരുകാരനായി ഒപ്പിട്ടിരുന്നത് കാളിയാര്‍ കുഞ്ഞ് എന്ന സഖാവും, രണ്ടാം പെരുകാരനായി ഒപ്പിട്ടിരുന്നത് ഞാനുമായിരുന്നു. ‘ അനുഭാവ പൂര്‍വം പരിഗണിക്കാം ‘ എന്ന മന്ത്രിയുള്‍പ്പടെയുള്ള ബന്ധപ്പെട്ടവരുടെ വാക്കാല്‍ മറുപടിയും കേട്ട് കാത്തിരുന്ന ഞങ്ങളെ നിരാശരാക്കിക്കൊണ്ട് ഫോറസ്റ്റുകാര്‍ തേക്കിന്‍ തൈകള്‍ നടാനാരംഭിച്ചു.

ഓരോ പകലിലും ഫോറസ്റ്റുകാര്‍ നടുന്ന തേക്കിന്‍ തൈകള്‍ അതാതു രാത്രികളില്‍ കൂട്ടമായി ഇറങ്ങി പറിച്ചു മാറ്റുക എന്നതായി ഞങ്ങളുടെ പരിപാടി. രണ്ടുമൂന്നു ദിവസം ആവര്‍ത്തിച്ചപ്പോള്‍ ഇത് വലിയ പ്രശ്‌നമായി മാറി. സര്‍ക്കാര്‍ പ്പദ്ധതികള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ക്രിമിനലുകള്‍ എന്ന നിലയില്‍ ഞങ്ങള്‍ അന്‍പതോളം പേര്‍ക്കെതിരേ കേസുണ്ടായി. പിന്നീടുള്ള ദിവസങ്ങളില്‍ പോലീസിന്റെ സംരക്ഷണയില്‍ ആണ് ഫോറസ്റ്റുകാര്‍ തേക്കിന്‍ തൈകള്‍ നട്ടത്. ഇങ്ങനെ പോയാല്‍ ഞങ്ങളുടെ സമരം പോളിയും എന്ന നില വന്നു. നൂറോളം പേര് സംഘടിച്ച് ഫീല്‍ഡിലെത്തി തേക്കിന്‍ തൈകള്‍ നടുന്നത് തടഞ്ഞു. പോലീസിന്റെ കണ്മുന്നില്‍ വച്ച് നട്ടു വച്ചിരുന്ന തേക്കിന്‍ തൈകള്‍ പറിച്ചു ദൂരെയെറിഞ്ഞു. ഏതു കാര്യത്തിലും മുന്‍പിന്‍ നോക്കാതെ എടുത്തു ചാടുന്ന സ്വഭാവക്കാരനായ ഞാനായിരുന്നു ഏറ്റവും മുന്നില്‍. ഒരു ബഹുജന പ്രക്ഷോഭം ആയിരുന്നത് കൊണ്ടാവാം, പോലീസ് സമചിത്തത പാലിച്ചത്. ഞാനുള്‍പ്പടെ അന്പത്തിയഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്ത് മൂവാറ്റു പുഴ കോടതിയില്‍ ഹാജരാക്കിയെങ്കിലും, ജാമ്യമെടുത്ത് ഞങ്ങള്‍ പുറത്തിറങ്ങി.

ഞങ്ങളുടെ സമര പരിപാടികളെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നതിനാലും, അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന സഖാവ് എം.കെ. കൃഷ്ണന്‍ ഞങ്ങളുടെ നിലപാടുകളോട് അനുഭാവ പൂര്‍ണ്ണമായ സമീപനം സ്വീകരിച്ചിരുന്നതിനാലും, അന്നേ ദിവസം മന്ത്രി സ്ഥലം സന്ദര്‍ശിക്കാന്‍ വരികയായിരുന്നു. (മന്ത്രി വരുന്നതിന് മുന്‍പ് പ്ലാന്റേഷന്‍ പൂര്‍ത്തിയായി എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഫോറസ്റ്റുകാരുടെ തകൃതിയായ തേക്ക് നടീല്‍ പരാക്രമം).

മന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ സമരക്കാരുടെ പ്രതിനിധികളായി കാളിയാര്‍ കുഞ്ഞും ഞാനും കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഡി.എഫ് ഓ. യുടെ നേതൃത്വത്തില്‍ ഫോറസ്റ്റുകാര്‍ നിരത്തിയ ന്യായ വാദങ്ങളെ തിരസ്ക്കരിച്ചു കൊണ്ട് ഇരുപതേക്കര്‍ വരുന്ന വനഭൂമി പ്രദേശ വാസികളായ ഭൂരഹിതര്‍ക്ക് അരയേക്കര്‍ വീതം പതിച്ചു കൊടുക്കുവാനും, ഞങ്ങളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനും ഉത്തരവ് നല്‍കിയിട്ടാണ് മന്ത്രി മടങ്ങിയത്.

അങ്ങിനെ ചാത്തമറ്റത്തേയും പരിസര പ്രദേശങ്ങളിലെയും നാല്‍പ്പതോളം ഭൂരഹിത കുടുംബങ്ങള്‍ക്ക് അരയേക്കര്‍ വീതം വന ഭൂമി പതിച്ചു കിട്ടി. ആ കൂട്ടത്തില്‍ സഖാവ് കാളിയാര്‍ കുഞ്ഞോ, ഞാനോ ഉണ്ടായിരുന്നില്ല. സഖാവ് കുഞ്ഞിന് സ്വന്തം പേരിലും, എനിക്ക് എന്റെ അപ്പന്റെ പേരിലും ഭൂമി ഉണ്ടായിരുന്നത് കൊണ്ടാണ് ഞങ്ങള്‍ ഒഴിവാക്കപ്പെട്ടത്. ‘ ഒറ്റക്കണ്ടം കോളനി ‘ എന്ന പേരിലറിയപ്പെടുന്ന ആ ഭാഗത്തു കൂടി പിന്നീട് പോകുന്‌പോഴെല്ലാം വിശ്വോത്തര ജര്‍മ്മന്‍ കാവ്യോപാസകന്‍ ‘ ഗോയ്‌ഥേ ‘ യുടെ ‘ ഡോക്ടര്‍ ഫൗസ്റ്റ് ‘ എന്ന കഥാപാത്രം അനുഭവിച്ചിരുന്ന മാനസിക സുഖം എന്തായിരുന്നുവെന്ന് ശരിക്കും എനിക്ക് മനസ്സിലായിട്ടുണ്ട്.

എനിക്ക് പതിന്നാലു വയസ്സുള്ളപ്പോള്‍ ഞാന്‍ കൂടി പണി ചെയ്തുണ്ടാക്കിയ പണം കൊണ്ട് ഞങ്ങള്‍ ഒരു പശുവിനെ വാങ്ങി. അന്നാണ് ഞാനും എന്റെ താഴെയുള്ള കുട്ടികളും പാല്‍ എന്ന സാധനം ആദ്യമായി കാണുന്നത് . പാലിനേക്കാളുപരി മോര് വല്യാമ്മക്കും ഇഷ്ടമായിരുന്നതിനാല്‍ കുടുംബത്തിന്റെ മൊത്തത്തിലുള്ള ആഹാര വ്യവസ്ഥയില്‍ ഒരു മാറ്റം വന്നു.

പിന്നെപ്പിന്നെ ഞങ്ങള്‍ അല്‍പ്പം പുരോഗതിയൊക്കെ നേടി. എന്റെയും കൂടി അദ്ധ്വാന ഫലം കൊണ്ട് ഞങ്ങള്‍ ഒരേക്കര്‍ വയല്‍ (നിലം) വാങ്ങിയപ്പോള്‍ വിശക്കാതെ കഴിക്കാനുള്ള ആഹാരം ഉറപ്പായിയെങ്കിലും, ഒരിക്കല്‍പ്പോലും വയറു നിറച് ആഹാരം കഴിക്കാനുള്ള ഭാഗ്യം ലഭിക്കാതെ എന്റെ പ്രിയപ്പെട്ട വല്യാമ്മ ഇതിനകം പറന്നകന്നിരുന്നു.

വല്യാമ്മയുടെ വീട്ടുകാര്‍ ‘ മാറാടി ‘ യിലായിരുന്നു താമസം. ആങ്ങളയും, ഭാര്യയും, അഞ്ചു മക്കളുമടങ്ങുന്ന വലിയ കുടുംബം. 1924 ലെ വെള്ളപ്പൊക്കത്തില്‍ ഒരു യുവതിയായിരുന്ന വല്യാമ്മ പുരപ്പുറത്ത് നിന്ന് വള്ളത്തില്‍ കയറി രക്ഷപ്പെട്ട കഥ എന്നോട് പറഞ്ഞിട്ടുണ്ട്. വല്യാമ്മയുടെ കൂടെ ഞാന്‍ മാറാടിയില്‍ പോയിട്ടുണ്ട്. ഒരിക്കല്‍, അച്ചന്റെ ( വല്യാമ്മയുടെ ആങ്ങള.) ഇളയ മകനായ വറുഗീസ് കുട്ടി കൊച്ചപ്പന്‍ എനിക്കൊരു കാല്‍രൂപാത്തുട്ട് ( നാലണ ) തന്നത് ഞാനോര്‍ക്കുന്നു. തോട്ടില്‍ നിന്നും ഊത്ത മീന്‍ പിടിച്ചു വിറ്റപ്പോള്‍ കിട്ടിയതില്‍ നിന്നാണ്, അതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത ഈ വലിയ തുക എനിക്ക് തന്നത്. ആ വീട്ടിലെ എല്ലാവര്‍ക്കും എന്നോട് വലിയ വാത്സല്യമായിരുന്നു. പ്രത്യേകിച്ച് വറുഗീസ് കുട്ടി കൊച്ചപ്പന്റെ നേരെ മൂത്തയാളായ മത്തായി കൊച്ചപ്പന്‍ എന്നെ മകനും സുഹൃത്തുമായിട്ടാണ് കണ്ടിരുന്നത്.

കാര്‍ഷിക വൃത്തി കൊണ്ട് മാത്രം ജീവിച്ചിരുന്ന ഈ കുടുംബം ഭൂവിസ്തൃതി ലക്ഷ്യം വച്ച് ഹൈറേഞ്ചസിലെ പാറത്തോട് എന്ന സ്ഥലത്തേക്ക് വിറ്റു മാറി. ഏതാണ്ട് അതേ കാലത്തു തന്നെ എന്റെ അമ്മയുടെ കുടുംബവും അതേ സ്ഥലത്തേക്ക് തന്നെ വിറ്റു മാറിയിരുന്നു. ഇത് മൂലം പല പ്രാവശ്യം ഞാനും ഹൈറേഞ്ചിലേക്കു യാത്ര ചെയ്തു. അക്കാലത്ത് റോഡിന്റെ ഇരുവശത്തും കടുത്ത മഞ്ഞപ്പൂക്കള്‍ വിടര്‍ത്തി നിരന്നു നിന്നിരുന്ന ഒരു കാട്ടൂ ചെടിയുടെ ഓര്‍മ്മകളില്‍ കൂടിയല്ലാതെ ഇന്നും ഹൈറേഞ്ചിനെ സ്മരിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല. സമീപ കാല യാത്രകളില്‍ ആ ചെടികളെ അധികം കാണുന്നുമില്ല.

അമേരിക്കയില്‍ വന്നതിന് ശേഷം നാട്ടില്‍ ചെന്ന പല അവസരങ്ങളിലും ആരുമറിയാതെ ഞാന്‍ പാറത്തോട് പള്ളിയുടെ ശവക്കോട്ട സന്ദര്‍ശിച്ചിട്ടുണ്ട്. എന്റെ അമ്മയുടെ കുടുംബം, എന്റെ വല്യമ്മയുടെ കുടുംബം, ഈ കുടുംബങ്ങളില്‍ എന്നെ സ്‌നേഹിച്ചും, മൊത്തിയും, ഉമ്മവച്ചും വാത്സല്യം വാരിച്ചൊരിഞ്ഞു തന്ന എത്രയോ പേര്‍ ആ ചുവന്ന മണ്ണില്‍ ഉറങ്ങുന്നു ! എല്ലാവര്‍ക്കുമായി ഒരു മെഴുകുതിരി കത്തിച്ചു മടങ്ങുന്‌പോള്‍ ആത്മ സംതൃപ്തിയുടെ അഗ്‌നി സ്പുലിംഗങ്ങള്‍ എന്നെ പൊതിയുന്നത് ഞാനറിയാറുണ്ട്.

പാറത്തോട്ടിലേക്കുള്ള ഒരു യാത്രാ മദ്ധ്യേയാണ് വല്യാമ്മ മരിക്കുന്നത്. അന്ന് വല്യാമ്മക്ക് അറുപത്തി രണ്ട് വയസ്സാണ്. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും വല്യാമ്മയും, അച്ചനും (ആങ്ങളയും, പെങ്ങളും) തമ്മില്‍ കാണുമായിരുന്നു. “കുഞ്ഞാങ്ങളെ” എന്ന് വല്യമ്മയും, “കുഞ്ഞുപെങ്ങളെ” എന്ന് അച്ചനും വിളിക്കുമ്പോള്‍, അക്കാലത്തെ മനുഷ്യര്‍ക്കിടയില്‍ നിലനിന്നിരുന്ന തീവ്രമായ രക്തബന്ധത്തിന്റെ ചൂരും, ചൂടും എത്ര വലുതായിരുന്നുവെന്ന് ഇന്ന് കച്ചവടവല്‍ക്കരിക്കപ്പെട്ട കപട സ്‌നേഹബന്ധങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് ഞാന്‍ പോലും തിരിച്ചറിയുന്നത്.

അച്ചന്റെ ഇളയമകളായ എലുമ്പി സുന്ദരി മറിയക്കുട്ടിക്കുഞ്ഞുമ്മ വീട്ടില്‍ വന്നിരുന്നു. തിരിച്ചു പോകുമ്പോള്‍ വല്യാമ്മയും കൂടെപ്പോയി. അന്ന് ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു ചിത്രം വരച്ചു കൊണ്ടിരിക്കുകയാണ് ഞാന്‍. ചിത്രകലയില്‍ യാതൊരു പ്രാവീണ്യവുമില്ലാത്ത ഞാന്‍ കയ്യില്‍ക്കിട്ടിയ ചായമൊക്കെ വാരിത്തേച്ചു വരച്ചതാണെങ്കിലും തീരെ മോശമല്ലായിരുന്നു ആ ചിത്രം. ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ ചെയ്തുകൊണ്ടിരുന്ന എന്റെ അടുത്തുവന്ന് “മാനെ, സന്ധ്യക്ക് മുമ്പ് വീട്ടില്‍ വരണം ട്ടോ” എന്ന് പറഞ്ഞു വല്യാമ്മ പോയി (ഞങ്ങളുടെ കുടുംബത്തില്‍ ആ തലമുറയില്‍ പെട്ട എല്ലാവരും തന്നെ മറ്റുള്ളവരെ “മാനെ” എന്നേ വിളിച്ചു കേട്ടിട്ടുള്ളു. എടാ, പോടാ വാക്കുകളൊന്നും അക്കാലത്തു ഞാന്‍ കേട്ടിട്ടേയില്ല (വല്യാമ്മ അവസാനമായി എനിക്ക് നല്‍കിയ ഈ ഉപദേശം പൂര്‍ണ്ണമായി പാലിക്കാന്‍ ഇന്നുവരെയും എനിക്ക് സാധിച്ചിട്ടില്ല എന്നത് കുറ്റ ബോധത്തോടെ ഇവിടെ കുമ്പസാരിക്കുന്നു).

പോകും വഴിയില്‍ ശര്‍ദ്ദിച്ചു ബോധം കേട്ട വല്യാമ്മക്ക് വീടെത്തുവാന്‍ സാധിച്ചില്ല. മൂന്നു മൈല്‍ ഇപ്പുറത്തിറക്കി, അവിടെ അടുത്തുള്ള ‘വള്ളിപ്ലാവില്‍ കുഞ്ഞ് ‘ എന്ന എന്റെ ചാച്ചനെ (എന്റെ അമ്മയുടെ ആങ്ങള) വിവരമറിയിച്ചപ്പോള്‍, ചാച്ചനാണ് തികച്ചും അവശയായ വല്യാമ്മയെ ജീപ്പ് വിളിച്ചു മൂവാറ്റുപുഴയിലുള്ള പ്രസിദ്ധമായ ‘ അശോകന്റെ ആശുപത്രി ‘ യിലെത്തിച്ചത്. വിവരമറിഞ്ഞു ഞങ്ങളെത്തുന്‌പോള്‍ വല്യാമ്മക്ക് ബോധമുണ്ടായിരുന്നോ എന്നറിയില്ല. വല്യാമ്മയുടെ മൂത്ത മകനും, സന്തത സഹചാരിയുമായിരുന്ന എന്റെ അപ്പന്റെ മടിയില്‍ കിടന്ന് വല്യാമ്മ മരിച്ചു.

എന്റെ ലോകം തലകീഴ് മറിയുന്നതായി എനിക്ക് തോന്നി. ഇന്ന് ഞാന്‍ വല്യാമ്മ മരിച്ച പ്രായമൊക്കെ കടന്നിരിക്കുന്നു. എങ്കിലും മനസ്സില്‍ ആ സ്‌നേഹത്തിന്റെ ചൂട് പറ്റിയാണ് ഇന്നും ഞാനുറങ്ങുന്നത്. എന്റെ കൊച്ചുമക്കള്‍ക്ക് ആ ചൂട് പകര്‍ന്നേകുവാന്‍ സാധിക്കുമോ എന്നുള്ള നിരന്തര പരീക്ഷണത്തിലുമാണ് ഞാന്‍.

വല്യാമ്മ ജീവിച്ചിരുന്നപ്പോള്‍ തലമുടി ചീകുമ്പോള്‍ പൊഴിച്ചു കളഞ്ഞ ഒരു ചുറ്റ് തലമുടി കണ്ടെടുത്ത് ഒരു തീപ്പെട്ടിയിലാക്കി വളരെക്കാലം ഞാന്‍ നിധി പോലെ സൂക്ഷിച്ചിരുന്നു. പതിയെ നരച്ചു തുടങ്ങിയ ആ മുടിച്ചുരുളുകള്‍ ചിലപ്പോളൊക്കെ ഞാന്‍ എടുത്തു നോക്കിയിരുന്നു. ഒരിക്കല്‍ അവസാന വട്ടം എടുത്തു നോക്കിയപ്പോള്‍ അത് ദ്രവിച്ചു ചാരം പോലെയായി രൂപം മാറിയിരുന്നു. “അയ്യായിരം കോടി സ്ത്രീ പുരുഷന്മാര്‍ നടന്നുപോയ ഈ യുഗ ചംക്രമണ കാല വീഥികളില്‍ നിന്റെ വല്യാമ്മക്ക് മാത്രമായി എന്തിനൊരു ഭൗതിക ബാക്കി പത്രം?” എന്ന് മഹാകാല മാന്ത്രികന്‍ എന്നോട് ചോദിക്കുന്നതായി എനിക്ക് തോന്നി. ആ തീപ്പെട്ടി ഞാനുപേക്ഷിച്ചു. ഇന്ത്യന്‍ നഗരങ്ങളിലും, ഇപ്പോള്‍ അമേരിക്കയിലും ജീവിച്ചിട്ടുള്ള എന്റെ അനുജന്‍ റോയി വല്യമ്മയുടെ ഒരു പഴകി ദ്രവിച്ച ഫോട്ടോ നിധി പോലെ സൂക്ഷിച്ചു കൊണ്ടാണ് അയാളുടെ യാത്രകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നത്.

ഒന്നിലും ശ്രദ്ധയില്ലാതായ ഞാന്‍ വരച്ചു തീരാറായ ചിത്രം ഉപേക്ഷിച്ചു. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ചിത്രത്തില്‍ അബദ്ധത്തില്‍ പുരയിലെ തറ മെഴുകിയ ചാണകവെള്ളം വീണു. അമ്മയോട് ദേഷ്യപ്പെട്ടു കൊണ്ട് ഞാന്‍ തന്നെ ആ ചിത്രം കീറിക്കളഞ്ഞു. എന്റെ മുന്‍കോപത്തിന്റെ മറ്റൊരു ഇര.

Print Friendly, PDF & Email

Related posts

Leave a Comment