കാവല്‍ക്കാരന്‍ കള്ളനല്ല; അഴിമതിക്കാര്‍ക്ക് വ്യക്തമായ താക്കീത് നല്‍കി നരേന്ദ്ര മോദി

know_the_pm“ചൗക്കീദാര്‍ ചോര്‍ ഹേ” എന്ന് നിരന്തരം വിളിച്ചാക്ഷേപിച്ച് ജനങ്ങള്‍ക്കു മുന്‍പില്‍ മോദിയെ പരിഹാസ കഥാപാത്രമാക്കിയവര്‍ക്ക് പ്രഹരവുമായി രണ്ടാമൂഴത്തില്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഉദ്യോഗസ്ഥരെ വിറപ്പിച്ച് പണി തുടങ്ങി. അഴിമതിക്കും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കും യാതൊരു ദയാദാക്ഷിണ്യവുമില്ലെന്ന സന്ദേശമാണ് 12 ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിലൂടെ മോദി നല്‍കുന്നത്. അഴിമതിക്കാര്‍ക്ക് സംരക്ഷണമുണ്ടാകില്ലെന്ന ശക്തമായ സൂചനയും ഇതോടെ മോദി നല്‍കുന്നു. വിവാദ സന്യാസി ചന്ദ്രസ്വാമിയെ സഹായിച്ചതിനും ബിസിനസുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതുമടക്കമുള്ള ആരോപണങ്ങളും നേരിട്ട ഇന്‍കംടാക്‌സ് ജോയിന്റ് കമ്മീഷണറും പിരിച്ചു വിട്ടവരില്‍ ഉള്‍പ്പെടുന്നു.

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും, വനിതാ ഇന്‍കംടാക്‌സ് കമ്മീഷണര്‍മാരെ ലൈംഗികമായി പീഡിപ്പിച്ചതിനും നോയിഡയിലെ ഇന്‍കംടാക്‌സ് കമ്മീഷണറെ പിരിച്ചുവിട്ടതും, അനധികൃതമായി സമ്പാദിച്ച മൂന്നേകാല്‍ കോടി രൂപയുടെ അനധികൃത സ്വത്ത് തിരിച്ചുപിടിച്ചതും ആദായനികുതി വകുപ്പില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. നിയമവിരുദ്ധമായ വഴികളിലൂടെയും പദവി ദുരുപയോഗം ചെയ്യുകയും, അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനുമാണ് കമ്മീഷണറുടെ കസേര തെറിച്ചത്. ഇയ്യാള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതിയും കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ അഴിമതി വിരുദ്ധ വിഭാഗത്തിനു നല്‍കിയിട്ടുണ്ട്. ഇതിനു പുറമേയാണ് കമ്മീഷണറെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരിക്കുന്നത്. വരുമാനത്തേക്കാള്‍ ഒന്നര കോടി രൂപയുടെ സ്വത്തു സമ്പാദിക്കുകയും അനധികൃതമായി ഹവാല ഇടപാടിലൂടെ പണം കൈമാറുകയും ചെയ്ത ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥനെയും സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിട്ടുണ്ട്. ഷെല്‍ കമ്പനിയുടെ കാര്യത്തില്‍ ഇളവു നല്‍കാന്‍ ബിസിനസുകാരനില്‍ നിന്നും 50 ലക്ഷം കൈക്കൂലി ചോദിച്ച കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനില്‍ നിന്നും മൂന്നര കോടിയുടെ അനധികൃത സ്വത്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെയും സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു കഴിഞ്ഞു.

INCOME-TAഇന്‍കംടാക്‌സില്‍ മോദി നടത്തിയ അഴിമതി വിരുദ്ധ ഓപ്പറേഷന്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ആകെ ഞെട്ടിച്ചിരിക്കുകയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ അഴിമതി പണം നല്‍കി രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും സ്വാധീനിച്ച് അധികാര സ്ഥാനത്ത് തുടരുകയാണ് പതിവ്. ഇവര്‍ക്കെതിരെയുള്ള നടപടികളെല്ലാം അപ്പീലിലും അന്വേഷണത്തിലും തള്ളപ്പെടാറാണുള്ളത്. കൈക്കൂലിക്കാര്‍ വാഴുന്ന ധനകാര്യവകുപ്പിലെ സുപ്രധാന തസ്തികകളിലുള്ളവരെ യാതൊരു ദയാദാക്ഷണ്യവുമില്ലാതെ പിരിച്ചുവിട്ടതോടെ മറ്റുള്ളവര്‍ക്കും വ്യക്തമായ സന്ദേശമാണ് മോദി നല്‍കിയിരിക്കുന്നത്. അഴിമതി നടത്തിയാല്‍ സംരക്ഷണമുണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണിത്.

കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കും ഇതൊരു പാഠമാണ്. വിദേശത്തു നിന്നുള്ള കള്ളപ്പണം വീണ്ടെടുത്ത് ഇന്ത്യയിലെത്തിക്കുന്നത് അടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ആര്‍ജ്ജവത്തോടെയാണ് മോദിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. കള്ളപ്പണം, ഹവാല ഇടപാടുകള്‍, വിദേശത്തു നിന്നുള്ള കള്ളപ്പണം എന്നിവയുടെ ഒഴുക്കു തടയാനും മോദിയുടെ നീക്കങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നോട്ട് നിരോധനം വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണം കൂട്ടാനും ഇതുവഴിയുള്ള വരുമാനം വര്‍ധിപ്പിക്കാനും മോദിക്കു കഴിഞ്ഞു.

വിദേശത്തു നിന്നും സന്നദ്ധ സംഘടനകള്‍ വഴി ഇന്ത്യയിലേക്ക് കള്ളപ്പണം ഒഴുകുന്നത് തടയാന്‍ കഴിഞ്ഞതും വലിയ നേട്ടമാണ്. കടലാസ് സന്നദ്ധ സംഘടനകളുടെ പേരില്‍ ശതകോടികളാണ് പലരും ഇന്ത്യയിലേക്ക് ഒഴുക്കിയത്. തീവ്രവാദ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഇത്തരം പണം ഉപയോഗിക്കുന്നതായി എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ഇതോടെ വിദേശ പണം കൈപ്പറ്റുന്ന സന്നദ്ധ സംഘടനകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേകം നിരീക്ഷിക്കുകയും വഴിവിട്ടു പ്രവര്‍ത്തിക്കുന്നവരുടെ വിദേശ സഹായം തടയുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റ അമിത് ഷാ ആദ്യമെടുത്ത തീരുമാനവും വിദേശ സഹായം കൈപ്പറ്റുന്ന സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും സംശയത്തിന്റെ നിഴലിലുള്ളവരെ തടയുകയുമെന്നതായിരുന്നു.

കേരളത്തില്‍ മാധ്യമ സ്ഥാപനങ്ങളടക്കം ഗള്‍ഫില്‍ നിന്നും കടലാസ് സംഘടനകള്‍ വഴി കേരളത്തിലേക്ക് കോടികളുടെ പണമൊഴുക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിടിമുറുക്കിയതോടെ പലരും പത്രങ്ങളുടെ ഗള്‍ഫ് എഡിഷനുകള്‍ വരെ അടച്ചുപൂട്ടി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന തരത്തിലുള്ള ഹാവല പണമിടപാടുകള്‍ തടയാനും കേന്ദ്രം ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

കോടികളൊഴുകിയെത്തുന്ന ഹവാല പണം ഉപയോഗിച്ചാണ് കേരളത്തിലടക്കം റിയല്‍ എസ്റ്റേറ്റ് മാഫിയ തടിച്ചുകൊഴുത്തത്. ഹവാല പണത്തില്‍ നിയന്ത്രണം വന്നതോടെ ഭൂമി ഇടപാടുകള്‍ കുറയുകയും വസ്തുവില താഴുകയും ചെയ്തു. ഭൂസ്വത്തുക്കള്‍ ആധാര്‍ വഴി ബന്ധിപ്പിക്കുന്നതോടെ ഓരോ വ്യക്തിയുടെ പേരിലുള്ള ഭൂസ്വത്തുക്കളുടെ വിവരങ്ങളും കേന്ദ്ര സര്‍ക്കാരിന് ഇനി നിരീക്ഷിക്കാനാവും.

വന്‍കിട ബിസിനസുകാര്‍, രാഷ്ട്രീയ നേതാക്കള്‍, മതമേലധ്യക്ഷന്‍മാര്‍ അടക്കമുള്ള വി.വി.ഐ.പികള്‍ ഇപ്പോള്‍ ആദായനികുതി വകുപ്പിന്റെയും റവന്യൂ ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലാണ്. സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങളും കേന്ദ്രം ശേഖരിച്ചിട്ടുണ്ട്. വിവരം നല്‍കാന്‍ തയ്യാറാവാത്ത ചില ബാങ്കുകളില്‍ നിന്നും നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വിവരശേഖരണത്തിനും മോദി മുന്‍കൈയ്യെടുത്തിട്ടുണ്ട്.

റാഫേല്‍ വിമാന ഇടപാടില്‍ അഴിമതി ആരോപിച്ച് മോദിക്കെതിരെ കാവല്‍ക്കാരന്‍ കള്ളനാണെ ചൗക്കീദാര്‍ ചോര്‍ഹെ മുദ്രാവാക്യമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഈ മുദ്രാവാക്യം വേണ്ടത്ര ഏശിയിരുന്നില്ല. 303 സീറ്റുമായി ചരിത്ര വിജയമാണ് മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസാവട്ടെ് പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാതെ 52 സീറ്റിലേക്ക് തകര്‍ന്നടിയുകയും ചെയ്തു.

ജനവിശ്വാസം നിറവേറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് മോദി നിലവില്‍ നടത്തിയിരുന്നത്. കേന്ദ്ര മന്ത്രിമാര്‍ക്കും ശക്തമായ മുന്നറിയിപ്പാണ് മോദി നല്‍കിയിട്ടുള്ളത്. അഴിമതി നടത്തിയാല്‍ പുറത്തു പോകേണ്ടിവരുമെന്ന സന്ദേശം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തന മികവില്ലാത്തവരെയും മാറ്റും. മന്ത്രാലയങ്ങളിലും മന്ത്രിമാരുടെ സ്റ്റാഫുകളെയും നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

1.76 ലക്ഷം കോടിയുടെ 2ജി സ്‌പെക്ട്രം അഴിമതിയാണ് രണ്ടാം യു.പി.എ സര്‍ക്കാരിനെ പരാജയപ്പെടുത്തി 2014ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കിയത്. 2019തില്‍ രണ്ടാമൂഴം ലഭിച്ച മോദി 2024ലും പ്രധാനമന്ത്രിപദം ലക്ഷ്യമിടുന്നുണ്ട്. 2024ല്‍ 333 സീറ്റുമായി ഭരണം തുടരാന്‍ മിഷന്‍ 333 എന്ന പദ്ധതിക്ക് ഇതിനകം തന്നെ ബി.ജെ.പി തുടക്കമിട്ടു കഴിഞ്ഞു. ശക്തമായ നടപടികളിലൂടെ ശക്തനായ പ്രധാനമന്ത്രി എന്ന പ്രതിഛായയാണ് മോദി സൃഷ്ടിക്കുന്നത്. ഇതിന്റെ ഭാഗമാണ് അഴിമതിക്കെതിരായ ഈ പോരാട്ടവും. അഴിമതിക്കെതിരായ പോരാട്ടമാണ് ആം ആദ്മി പാര്‍ട്ടിയുടെ പിറവിക്ക് കാരണമായതും അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിയാക്കിയതും. ഇതുകൂടി മനസില്‍ വച്ചാണ് മോദിയുടെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment