Flash News

കോഴി കൂവുന്ന കാര്‍ട്ടൂണും കെസിബിസിയും

June 13, 2019

1560340992_vishwasam-rakshathi-by-cartoonist-kk-subashആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് മൂക്ക് കയറിടുന്ന രീതിയിലുള്ള രാഷ്ട്രീയ തന്ത്രം കാലങ്ങളായി നിലനിന്നു പോരുന്ന ഒരു സമൂഹമാണ് ചുറ്റും. അടുത്ത കാലങ്ങളില്‍ അതിന് കാര്യമായ പിന്തുണയും ലഭിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി എഴുത്തുകാരും അവരുടെ രചനകളും ഈ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. അതിന്‍റെയെല്ലാം പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടകള്‍ ഉണ്ടായിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യം ഏതെങ്കിലും വ്യക്തിയുടേയോ സമൂഹത്തിന്റേയോ സ്ഥാപന സംവിധാനത്തിന്‍റെയോ ഔദാര്യമല്ല; അത് സുപ്രധാനവും അനിവാര്യവുമായ ഒരവകാശമാണ്. എഴുത്ത് മാത്രമല്ല, കാര്‍ട്ടൂണുകളും, അത് ആക്ഷേപഹാസ്യമായാലും, ഇപ്പോള്‍ മൂക്കു കയറിടുന്ന അവസ്ഥയിലാണ്.

ഒരു കൊല്ലം മുമ്പ് മലയാളത്തില്‍ ‘ഹാസ്യ കൈരളി’ മാസികയില്‍ വന്ന ഒരു കാര്‍ട്ടൂണിന് കേരള ലളിതകലാ അക്കാദമിയുടെ മികച്ച കാര്‍ട്ടുണിനുള്ള പുരസ്ക്കാരം നൽകിയത് പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് കേരളത്തിന്റെ സാംസ്‌ക്കാരിക മന്ത്രി എ.കെ. ബാലന്‍. അക്കാദമിയാവട്ടെ ബാലന്റെ നിര്‍ദ്ദേശമനസരിച്ച് കാര്‍ട്ടൂണ്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്നതോ അപകീര്‍ത്തികരമോ എന്ന് പരിശോധിക്കാന്‍ ഒരു വിദഗ്ദ്ധസമിതിയെ നിയോഗിക്കുകയാണത്രെ.

കന്യാസ്ത്രീയെ പീഢിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കുടുങ്ങിയ ജലന്തര്‍ ബിഷപ്പ് പ്രാങ്കോ മുളയ്ക്കലിനെ കളിയാക്കുമാറ് സുഭാഷ് കല്ലൂര്‍ വരച്ചതാണ് ഈ കാര്‍ട്ടൂണ്‍. പൊലീസു തൊപ്പിക്ക് മുകളില്‍ നില്‍ക്കുന്ന ഒരു പൂവന്‍ കോഴിയായിട്ടാണ് ബിഷപ്പിനെ വരച്ചിരിക്കുന്നത്. ബിഷപ്പിന്റെ കയ്യിലെ അംശ വടിക്ക് മുകളില്‍ അടിവസ്ത്രം പോലെ തോന്നിക്കുന്ന ഒരു ചിത്രവുമുണ്ട്. മലയാളത്തിലെ പ്രശസ്തരായ മൂന്നു കാര്‍ട്ടൂണിസ്റ്റുകള്‍- പി. സുകുമാര്‍, പിവി.കൃഷ്ണന്‍, മധുഓമല്ലൂര്‍- ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മറ്റിയാണ് ഈ കാര്‍ട്ടൂണ്‍ മികച്ചതായി കണ്ടെത്തിയതും കേരളാ ലളിതകലാഅക്കാദമിയുടെ അവാര്‍ഡിന് ശുപാര്‍ശ ചെയ്തതും.

കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് കെസിബിസി (കേരളാ കാത്തലിക്ക് ബിഷപ്പ്‌സ് കൗണ്‍സില്‍) പരാതിയുമായി രംഗത്തെത്തിയത്. അതായത് കോഴി കൂകുന്നത് കേള്‍ക്കാന്‍ പരാതിക്കാരും ലളിതകലാ അക്കാദമിയും വൈകിപ്പോയി.

കത്തോലിക്കരെ കളിയാക്കാന്‍ ബോധം പൂര്‍വ്വം വരച്ച ചിത്രമാണെന്നും അത് മതത്തെ അപഹസിക്കുമാറുള്ളതാണെന്നും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടിയിട്ടില്ലെന്ന ധാരണയില്‍ ഈ വിഭാഗത്തെ ആക്ഷേപിക്കാനുദ്ദേശിച്ചാണ് കാര്‍ട്ടൂണിന് പുരസ്‌ക്കാരം നല്‍കിയതെന്നുമാണ് കെസിബിസിയുടെ അനുമാനവും പരാതിയും. ബിഷപ്പിന്റെ സ്ഥാനചിഹ്നമായ അംശവടിയില്‍ അടിവസ്ത്രത്തിന്റെതെന്ന് തോന്നുന്ന ചിത്രം കാണുന്നതാണ് ഏറെ ആക്ഷേപകരമെന്നും പറയപ്പെടുന്നുണ്ട്.

എന്നാല്‍ ബിഷപ്പിനെ പൂവന്‍കോഴിയാക്കിയതിനെപ്പറ്റി വിമര്‍ശിച്ചുകണ്ടില്ല. ഒരാളെ പൂവന്‍ കോഴിയെന്ന് ചിത്രീകരിക്കുന്നതാണ് കൂടുതല്‍ ആക്ഷേപകരമെന്ന കാര്യം പരാതിക്കാര്‍ ഓര്‍ക്കാത്തതാണോ എന്നറിഞ്ഞുകൂടാ. ‘ആളൊരു കോഴി’യാണെന്ന് പറഞ്ഞാല്‍ അയാള്‍ ഏത് സ്വഭാവക്കാരനാണെന്ന് നാട്ടുകാര്‍ക്ക് ഊഹിക്കാനാവും. അംശവടിയില്‍ കാണുന്ന ചിത്രം അടിവസ്ത്രത്തിന്റെതല്ലെന്നും വെള്ളത്തില്‍ നിന്നും പരലുകളെയോ പൊടി പടലങ്ങളേയോ ഊറ്റുന്ന ഒരു കോരികയുടേതാണെന്നും കാര്‍ട്ടൂണിസ്റ്റ് വിശദീകരിച്ചും കേട്ടു!

എന്തായാലും പരാതി വന്നതിന് ശേഷം പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനും അവാരഡ് നല്‍കിയത് പുനഃപരിശോധിക്കുന്നതിനും മുമ്പ് ലളിതകലാ അക്കാദമിക്ക് നേരത്തെ തന്നെ അക്കാര്യം പരിഗണിക്കാമായിരുന്നു. അവാര്‍ഡ് നിര്‍ണ്ണയിക്കുന്ന സന്ദര്‍ഭത്തില്‍ ഈ കാര്‍ട്ടൂണിനെക്കുറിച്ച് ആക്ഷേപമുയരുമോ എന്ന സംശയം തങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നും കുഴപ്പമില്ലെന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കിയതെന്നും കാര്‍ട്ടൂണ്‍ കലയില്‍ പരിണിത പ്രജ്ഞനായ പിവി കൃഷ്ണന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു കേട്ടു. എങ്കില്‍ പിന്നെ എന്തിനാണ് ഇപ്പോഴത്തെ ആക്ഷേപത്തിനും വിമര്‍ശനത്തിനും വര കോറിയത്?

മറ്റൊരു കാര്യം കാര്‍ട്ടൂണുകളാവട്ടെ, ചിത്രങ്ങളാവട്ടെ ഒരു കലാകാരന്റെ സ്വതന്ത്രമായ ആവിഷ്‌ക്കാരമാണ്. അത് എങ്ങിനെ വേണമെന്ന് പറയുന്നത് ആവിഷ്‌ക്കാര സ്വാതന്ത്രത്തിന് നേരെയുള്ള കടന്നു കയറ്റമായിട്ടാവും കലാകാരന്മാര്‍ കാണുക. കാര്‍ട്ടൂണിലൂടെ അതിനിശിതമായ വിമര്‍ശനവും പരിഹാസവും ചൊരിഞ്ഞ നിരവധി കാര്‍ട്ടൂണിസ്റ്റുകള്‍ രാജ്യത്തുണ്ട്. മലയാളികള്‍ക്കിടയിലുമുണ്ട്. ലോക പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ വരകളില്‍ കുടുങ്ങി ജനങ്ങളില്‍ ചിരിക്കും ചിരിക്കും പാത്രമായ ദേശീയ നേതാക്കള്‍ നിരവധിയാണ്. ശങ്കറിന്റെ കാര്‍ട്ടൂണുകളില്‍ ഏറെ വിമര്‍ശനവിധേയനായ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാൽ നെഹ്‌റു ശങ്കറിന്റെ ഉറ്റ സുഹൃത്തായിരുന്നു. തന്നെ പരിഹസിക്കുന്ന ചിത്രങ്ങള്‍ കണ്ട് ആസ്വദിക്കുന്ന പണ്ഡിറ്റ്ജി “മിസ്റ്റര്‍ ശങ്കര്‍ എന്നെ മറന്നു പോകരുതേ” എന്ന് പറയാറുള്ളതായി ശങ്കര്‍ തന്നെ എഴുതിയിട്ടുണ്ട്.

ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് വയലാര്‍ രവി മാതൃഭൂമിയില്‍ ബിഎം. ഗഫൂറിന്റെ കാര്‍ട്ടൂണുകൾ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഇടക്കാലത്ത് വര മുടങ്ങിയപ്പോള്‍ വയലാര്‍ജി വിളിച്ച് “എന്താ ഗഫൂറേ എന്നെ മറന്നു പേയോ” എന്ന് ചോദിച്ചതായി ഗഫൂര്‍ തന്നോട് പറഞ്ഞതായി പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഹമീദ് ഓര്‍ക്കുന്നു.

സുഭാഷിന്റെ കാര്‍ട്ടൂണിന് നല്‍കിയ അവാര്‍ഡ് പുനപരിശോധിക്കണമെന്ന് പറയുന്ന സാംസ്‌ക്കാരിക മന്ത്രി നാളെ ചലച്ചിത്ര അക്കാദമിയുടെയും സാഹിത്യ അക്കാദമിയുടെയുമൊക്കെ അവാര്‍ഡുകളെക്കുറിച്ച് പരാതിയുയര്‍ന്നാല്‍ പുനഃപരിശോധി ക്കാന്‍ തയ്യാറാവുമോ?

ബിഷപ്പിനെ കളിയാക്കുന്ന കാര്‍ട്ടൂണിനെക്കുറിച്ച് പരാതി ഉയര്‍ന്ന ദിവസം തന്നെ അങ്ങു അമേരിക്കയില്‍ ലോക പ്രശസ്തമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ എന്ന പത്രം ഭാവിയില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കില്ലെന്ന് തീരുമാനിച്ചത് യാദൃച്‌ഛികമാവാം. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെത്യാഹുവിനെ കളിയാക്കുന്ന ഒരു കാര്‍ട്ടൂണിനെക്കുറിച്ചുള്ള വിമര്‍ശനമാണ് ‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ നിലപാടിന് കാരണം.

ആരറിഞ്ഞു നാളെ കേരളത്തിലും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മാധ്യമങ്ങളെ നിര്‍ബന്ധിതരാക്കില്ലെന്ന്!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top