പാടുന്നു പാഴ്‌മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ 12)

11 bannerകച്ചവടത്തിലും, തൊഴിലിലും ശ്രദ്ധ വച്ച് ഒരു ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയുമായിരുന്ന ഞാന്‍ അതിലൊന്നും മനസ്സ് ഉടക്കി നിര്‍ത്താന്‍ കഴിയാതെ അലയുകയായിരുന്നു എന്ന് പറഞ്ഞുവല്ലോ? ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ അംഗീകരിച്ചിരുന്ന കുറച്ചു മനുഷ്യര്‍ ഗ്രാമത്തിലും, പുറത്തുമായി ഉണ്ടായിരുന്നു. എന്റെ ഇളം പ്രായവും, പ്രവര്‍ത്തന രീതികളിലെ സത്യ സന്ധതയും മൂലമാകാം, എന്നില്‍ ഒരു ജന നായകനെ സ്വപ്നം കണ്ട കുറെ പാവങ്ങള്‍ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. ഏതു ജന നായകനും സ്വന്തം വിശപ്പ് മാറ്റിയിട്ടു വേണമല്ലോ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍? ഇതിനുള്ള അവസരമായിരുന്നു ഒരു കച്ചവടക്കാരന്‍ എന്ന നിലയില്‍ എനിക്ക് കിട്ടിയ സാധ്യതകള്‍. ഈ സാധ്യതകളെയാണ് മുന്‍പിന്‍ നോക്കാതെ ഉഴപ്പി ഞാന്‍ സാഹിത്യത്തിന്റെ പിറകെ പോയതും, അതിനായി എന്റെ വിലപ്പെട്ട സമയങ്ങള്‍ വെറുതേ ചെലവഴിച്ചു കളഞ്ഞതും.

ഏഴു കഥകള്‍ ഉള്‍പ്പെടുത്തി ‘ഓണക്കോടി ‘ എന്നപേരില്‍ ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചുവെങ്കിലും, ഒരു വലിയ കട ബാധ്യതയാണ് അതില്‍ നിന്നും ബാക്കി കിട്ടിയത്. അന്ന് കോതമംഗലത്ത് ഒരു കത്തോലിക്കാ പുരോഹിതന്‍ ‘സെനക്ക് ബുക്‌സ് ‘ എന്ന പേരില്‍ ഒരു ബുക് സ്റ്റാള്‍ നടത്തിയിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ട് സംസാരിച്ചപ്പോള്‍ “പുസ്തകം ആയിരം കോപ്പി അച്ചടിപ്പിച്ചു കൊണ്ട് വന്നാല്‍ മുടക്കു മുതല്‍ തരാം” എന്ന് പറഞ്ഞിരുന്നു. പണമൊക്കെ സംഘടിപ്പിച്ച് അച്ചടിപ്പിച്ചു വന്നപ്പോളേക്കും കുറച്ചു താമസിച്ചു പോയി. സമയത്ത് പണം എത്തിക്കാന്‍ സാധിക്കാതെ വന്നതിന്റെ പേരില്‍ മൂവാറ്റുപുഴയിലെ വിക്ടറി പ്രസ്സ് ഉടമയില്‍ നിന്നും, കവര്‍ ചിത്രം വരച്ച കോതമംഗലത്തെ ഒരു പ്രമുഖ ചിത്രകാരനില്‍ നിന്നും കുറെയേറെ പുളിച്ച തെറി കേള്‍ക്കുകയും ഉണ്ടായി.

പുസ്തകം അച്ചടിച്ചു തീരുമ്പോഴേക്കും സെനക്ക് ബുക്‌സ് കാണാനില്ല. അന്വേഷണത്തില്‍ പ്രസ്ഥാനം പൂട്ടിപ്പോയിയെന്നും, റീ ലൊക്കേറ്റ് ചെയ്തുവെന്നും, അച്ഛന്‍ വിദേശത്തു പോയിയെന്നും ഒക്കെയുള്ള വിവരങ്ങളാണ് കിട്ടിയത്. എന്തായാലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തങ്ങളുടെ പുസ്തകങ്ങള്‍ തലച്ചുമടായി കൊണ്ട് നടന്നു വില്‍ക്കുന്ന ചില എഴുത്തുകാരെപ്പറ്റി കേട്ടിട്ടുണ്ട്. എത്ര ദരിദ്രനാണെങ്കിലും ആ രീതിയോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പരിചയക്കാര്‍ക്കും ബന്ധുക്കള്‍ക്കും കുറച്ചു കോപ്പികള്‍ സൗജന്യമായി കൊടുത്തതിന് വില വാങ്ങിച്ചതേയില്ല. പുസ്തകക്കെട്ട് മാറ്റിത്തരണം എന്നായി പ്രസ്സിന്റെ ഉടമ. അവസാനം തൊടുപുഴയില്‍ ശ്രീ ദേവസ്യാ അഞ്ഞൂറ്റിമംഗലം നടത്തിയിരുന്നതും, ഒരുപഴയ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്നതുമായ ‘യംഗ് ഇന്‍ഡ്യാ പബ്ലിക്കേഷന്‍’ എന്ന സ്ഥാപനത്തില്‍ പുസ്തകങ്ങള്‍ എത്തിച്ചുകൊടുത്ത് ആ ഭാരം ഒഴിവാക്കി. വില്‍ക്കുന്നതനുസരിച്ച് ഒരു വീതം തരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും, പലേ കാരണങ്ങളാലും ഒന്നും കിട്ടിയില്ല.

അച്ചടിച്ചിലവ് പലരില്‍ നിന്നായി കടം വാങ്ങിച്ചിട്ടാണ് നടത്തിയിരുന്നത്. ഈ കടം വീട്ടുന്നതിനായി പിതാവ്, മൂലധനമിറക്കി (ഇതിനായി, പറമ്പില്‍ നിന്നിരുന്നതും, ‘കോട്ടമാങ്ങ’ എന്നറിയപ്പെടുന്ന വലിപ്പമേറിയ ചക്കര മാമ്പഴങ്ങള്‍ കായ്ച്ചു പൊഴിച്ചിരുന്നതുമായ കുറെ മാവിന്‍ തടികള്‍ വെട്ടി വിറ്റ് സ്വരൂപിച്ചതാണ് ഈ മൂലധനം) ഏല്‍പ്പിച്ചു തന്ന ചെറിയ തുണിക്കട മറ്റൊരാള്‍ക്ക് വില്‍ക്കേണ്ടി വന്നു. ഇതില്‍ കോപിഷ്ഠനായ പിതാവ്, അതുവരെ എഴുതിക്കൂട്ടിയ സാഹിത്യ കൃതികളുടെ കൈയെഴുത്തു പ്രതികള്‍ എല്ലാം കൂടി കെട്ടാക്കി ഒരു പൊട്ടക്കിണറ്റിലെറിഞ്ഞു.

അമ്മയില്‍ നിന്ന് വിവരമറിഞ്ഞ ഞാന്‍ വളരെ അപകടകരമായി ആ പൊട്ടക്കിണറ്റില്‍ നൂഴ്ന്നിറങ്ങി അവയെല്ലാം വീണ്ടെടുത്തു സൂക്ഷിച്ചുവെങ്കിലും, വീണ്ടും കുപിതനായ പിതാവ് അവയെല്ലാം കൂടി ഞാനറിയാതെ പൂച്ചക്കാക്ക എന്ന ആക്രിക്കച്ചവടക്കാരന് വിറ്റു. പൂച്ചകളെ വില്‍ക്കുവാനും, ആക്രി സാധനങ്ങള്‍ വാങ്ങുവാനും മാത്രം ഞങ്ങളുടെ നാട്ടില്‍ വന്നു പോയിരുന്ന പൂച്ചക്കാക്കയെ തിരക്കി ദിവസങ്ങളോളം ഞാന്‍ അലഞ്ഞു. അവസാനം കണ്ടുപിടിച്ചു കാര്യം പറഞ്ഞെങ്കിലും അതിനകം അയാള്‍ അത് വിറ്റു കഴിഞ്ഞിരുന്നു.

വൈകുന്നേരങ്ങളില്‍ വറുത്ത കടല വില്‍ക്കുന്നവര്‍ക്ക് കുമ്പിളുണ്ടാക്കുവാനാണ് അവ വിറ്റതെന്ന പൂച്ചക്കാക്കയില്‍ നിന്നുള്ള അറിവ് വച്ച് അവരെയും കണ്ടുപിടിച്ച് അന്വേഷിച്ചുവെങ്കിലും, രണ്ടോ, മൂന്നോ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ അത് ഉപയോഗിച്ച് കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. മൂവാറ്റുപുഴയിലെ കച്ചേരിത്താഴത്തെ ടാര്‍ നിരത്തില്‍ ആരോ വലിച്ചെറിഞ്ഞ രണ്ടോ, മൂന്നോ കീറക്കടലാസുകള്‍ കണ്ടെടുത്ത് അത് എന്റെ അന്ന് വരെയുള്ള സാഹിത്യ രചനകളുടെ ബാക്കി പത്രങ്ങളായിരുന്നു എന്ന് തിരിച്ചറിഞ്ഞ് വേദനയോടെ ഞാന്‍ മടങ്ങി.

കൈയ്യെഴുത്തു പ്രതികള്‍ എല്ലാം കൂടി പത്തോ പന്ത്രണ്ടോ നോട്ടു ബുക്കുകള്‍ ഉണ്ടായിരുന്നു എന്നാണു ഓര്‍മ്മ. ഒന്നോ, രണ്ടോ നോവലുകളും, ബാക്കി ചെറുകഥകളും ആയിരുന്നു. ഇതില്‍, ഇന്നും മനസിനെ വേദനിപ്പിക്കുന്ന ഒരോര്‍മ്മയുണ്ട്. ഈ ബുക്കുകളില്‍ പകുതിയിലധികവും ‘പുതിയിടത്ത് ജോസ് ‘ എന്ന എന്റെ കൂട്ടുകാരന്റെ മനോഹരമായ കൈപ്പടയില്‍ ഉള്ളതായിരുന്നു. എന്റെ കൈപ്പടയും നല്ലതായിരുന്നുവെങ്കിലും വേഗത്തില്‍ ആശയങ്ങള്‍ എഴുതിപ്പോകുമ്പോള്‍ അക്ഷരങ്ങളുടെ ഭംഗി കാത്തുസൂക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. നല്ല ബുക്കിലേക്ക് ഇത് പകര്‍ത്തി എഴുതിയിരുന്നത് ജോസായിരുന്നു. ജോസ് അന്ന് കടവൂര്‍ ഹൈസ്കൂളില്‍ പഠിക്കുകയാണ്. ഞാന്‍ പഠിത്തമൊക്കെ നിറുത്തി തയ്യല്‍ പഠിത്തവും, തയ്യലും ഒക്കെയായി നടക്കുന്ന കാലത്തായിരുന്നു ഈ പകര്‍ത്തിയെഴുത്ത്. അത്താഴമൂണും കഴിഞ്ഞ് അയല്‍ക്കാരായ ഞങ്ങള്‍ സമീപത്തുള്ള ഒരു വലിയ പാറപ്പുറത്ത് ഇരുന്നാണ് എഴുത്ത്. പലപ്പോഴും ഈ പാറപ്പുറത്ത് ഉണങ്ങാനിട്ട വാട്ടു കപ്പക്കും, ചുക്കാക്കാനുള്ള ചുരണ്ടിയ ഇഞ്ചിക്കും കാവലിരുന്നു കൊണ്ടുമാണ് ഞങ്ങളുടെ എഴുത്ത്. ഞാന്‍ വായിച്ചു കൊടുക്കും, ജോസ് തന്റെ മനോഹര അക്ഷരങ്ങളില്‍ അത് ബുക്കിലേക്ക് പകര്‍ത്തും. അതായിരുന്നു രീതി. അപ്പന്‍ ഈ നോട്ടുബുക്കുകള്‍ കിണറ്റിലെറിയുന്നതിന് കുറച്ചു മുന്‍പ് ജോസ് ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു.

ഒരു വൈകുന്നേരം ഞാനും ജോസും കൂടി നടക്കാനിറങ്ങിയതാണ്. കാര്‍മേഘം മൂടിക്കെട്ടി നില്‍ക്കുന്ന ആകാശം. അന്ന് ഞങ്ങളുടേതു ടാറിടാത്ത മണ്‍റോഡാണ്. ഈ റോഡില്‍ ലോറി ഓടിയതിന്റെ വീല്‍പ്പാടുകളുണ്ട്. നിരപ്പില്‍ നിന്നും അല്‍പ്പം താഴ്ന്നുള്ള ഈ വീല്‍പ്പാടുകളില്‍ ഒന്നിലൂടെ ഞാനും, മറ്റേതിലൂടെ ജോസും നടക്കുകയാണ്. ഞങ്ങള്‍ തമ്മിലുള്ള അകലം അഞ്ചോ, ആറോ അടിയാണ്.. രണ്ടു വശത്തും നെല്‍ വയലുകളുള്ള ഒരിടത്ത് ഞങ്ങളെത്തി. പെട്ടെന്നൊരു മിന്നല്‍. ഞാന്‍ നോക്കുമ്പോള്‍ പൊതിച്ച തേങ്ങയുടെ വലിപ്പത്തിലുള്ള ഒരു പുകക്കട്ട മാനത്തു നിന്ന് ഉരുണ്ടുരുണ്ടു താഴേക്ക് വരികയാണ്. അതു വന്ന് ജോസിന്റെ തലയില്‍ അടിച്ചുടക്കും പോലെ ഒരു പൊട്ടല്‍. അന്ന് ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധം നടക്കുന്ന കാലമാണ്. പാക്കിസ്ഥാന്‍ ബോംബിട്ടതാണ് എന്നാണ് പെട്ടന്ന് ഞാന്‍ ധരിച്ചത്. ‘ഓടിക്കോ’ എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ ഒരൊറ്റയോട്ടം. ഒരു ഇരുപതടി മുന്നിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ജോസ് വരുന്നില്ല; നിശ്ചലനായി നില്‍ക്കുകയാണ്. ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ ജോസ് നിന്ന നില്‍പ്പില്‍ മുന്നോട്ട് മറിഞ്ഞു വീണു. ഞാന്‍ തിരിച്ചോടിച്ചെന്ന് ജോസിനെ പൊക്കി തലയെടുത്ത് എന്റെ മടിയില്‍ വച്ചു. ജോസേ, ജോസേ എന്ന് കരഞ്ഞു വിളിച്ചു. അപ്പോള്‍ ജോസിന്റെ തൊണ്ടയില്‍ നിന്ന് കഫം കുറുകുന്നത് പോലെ ഒരു ചെറിയ ശബ്ദം കേട്ടു.

സമീപത്തെ പറമ്പുകളില്‍ ഉണ്ടായിരുന്നവര്‍ “പിള്ളേരെ ഇടി വെട്ടി” എന്നും പറഞ്ഞു കൊണ്ട് ഓടിയെത്തി. “ആശുപത്രിയില്‍ കൊണ്ട് പോകണം വേഗം ഒരു വണ്ടി വിളിച്ചു കൊണ്ട് വാ” എന്നാരോ പറഞ്ഞു. അഞ്ചു മൈല്‍ ദൂരെ പോത്താനിക്കാട്ടാണ് ജീപ്പുകള്‍ ഉള്ളത്. സൈക്കിളില്‍ പോയി വേണം ജീപ്പ് വിളിക്കേണ്ടത്. അപ്പോള്‍ വന്നവരുടെ കൂട്ടത്തില്‍ സൈക്കിള്‍ അറിയാവുന്നത് ഞാന്‍ മാത്രം. അടുത്തുള്ള ചായക്കടക്കാരന്‍ ചാത്തംകണ്ടം മാത്തച്ചന്‍ ചേട്ടന്‍ സൈക്കിള്‍ വാടകക്ക് കൊടുക്കുന്നുണ്ട്. മുന്‍പും ഇത്തരം എമെര്‍ജെന്‍സികള്‍ക്കു ഞാന്‍ സൈക്കിള്‍ എടുത്തിട്ടുള്ളതാണ്. സൈക്കിള്‍ കിട്ടിയതേ അസാമാന്യ വേഗതയില്‍ ഞാന്‍ പോത്താനിക്കാട്ടേക്ക് പറക്കുകയാണ്. വഴിയിലുള്ള പൈങ്ങോട്ടൂര്‍ ഉദയാ ടാകീസിന്റെ മുന്നിലൂടെ പാഞ്ഞു പോകുമ്പോള്‍ അവിടുത്തെ മൈക്കിലൂടെ ഒരു ഗാനം ഒഴുകി വരികയാണ്. “ഇനിയും പുഴയൊഴുകും, ഇത് വഴിയിനിയും കുളിര്‍ കാറ്റോടി വരും.”

ജീപ്പ് വിളിച്ചു സൈക്കിളും അതിന്റെ പിറകില്‍ കയറ്റി തിരിച്ചു പൈങ്ങോട്ടൂര്‍ എത്തിയപ്പോളേക്കും ഒരു ഈസി ചെയറില്‍ കോലുകള്‍ വച്ചുകെട്ടി നാലുപേര്‍ ചേര്‍ന്ന് ജോസിനെ ചുമന്നു കൊണ്ട് വരികയാണ്. ജീപ്പ് കണ്ടപ്പോള്‍ പിന്നെ ജീപ്പിലായി യാത്ര. പോത്താനിക്കാട് ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ പരിശോധിച്ചിട്ടു പറഞ്ഞു: “വളരെ നേരത്തേ മരിച്ചു പോയി.” ഞാന്‍ കേട്ട ആ മൃദു കുറുകല്‍. അതായിരുന്നിരിക്കാം മരണം? എന്റെ കാലില്‍ റബ്ബര്‍ ചപ്പല്‍സ് ഉണ്ടായിരുന്നത് കൊണ്ടാണ് കേവലം അഞ്ചടി മാത്രം ദൂരത്തിലായിരുന്ന ഞാന്‍ രക്ഷപ്പെട്ടത് എന്ന് ശാസ്ത്രീയമായി ചിലരൊക്കെ വിലയിരുത്തിയെങ്കിലും, എന്നെ കരുതുന്ന ദൈവ സാന്നിധ്യം ഒരിക്കല്‍ക്കൂടെ ഞാന്‍ തിരിച്ചറിഞ്ഞു.!

ശവമടക്കിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ജോസിനെ അണിയിക്കാന്‍ ഒരു ഷര്‍ട്ടില്ല. മുണ്ടും സാന്‍ഡോ ബനിയനും ധരിച്ചാണ് സ്കൂളില്‍ പോയിരുന്നത്. ഏതോ ഭാഗ്യത്തിന് എനിക്കൊരു വെള്ള ഷര്‍ട്ടുണ്ടായിരുന്നു. തയ്യലില്‍ നിന്നുള്ള വരുമാനം കൊണ്ട് വാങ്ങിച്ചത്. ഞാന്‍ തന്നെ അത് കഴുകി ഇസ്തിരിയിട്ടു കൊണ്ട് വന്നു. അതും ധരിപ്പിക്കപ്പെട്ട് എന്റെ പ്രിയ കൂട്ടുകാരന്‍ പൈങ്ങോട്ടൂര്‍ ഫൊറാനാ പള്ളിയുടെ സെമിത്തേരിയില്‍ ശാന്തമായി ഉറങ്ങുകയാണ്. എനിക്ക് വേണ്ടി എഴുതിയിരുന്ന ആ അതിസുന്ദരമായ കൈയക്ഷരങ്ങള്‍ ഇനി ഞാന്‍ കാണുകയില്ല.

ജോസിന്റെ ശവമടക്ക് കഴിഞ്ഞ് അന്ന് തന്നെ എന്റെ വണ്‍വേ പ്രേമത്തിലൂടെ ഞാന്‍ അപമര്യാദയായി പെരുമാറിയ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് അവളോട് മാപ്പ് അപേക്ഷിച്ചു. അവളതൊക്കെ എന്നേ മറന്നുകഴിഞ്ഞിരുന്നുവെങ്കിലും എന്റെ മനസ്സില്‍ നിന്ന് ഒരു വലിയ ഭാരം ഇറങ്ങിപ്പോയി.

ഇതോടെ കഥയും നോവലും എഴുതുന്നത് നിര്‍ത്തി. എന്റെ ഉള്ളില്‍ തിങ്ങി വിങ്ങുന്ന ആശയ വിസ്‌ഫോടനങ്ങളെ കഥയുടെ കൊച്ചു ഫ്രെയിമുകളില്‍ ഒതുക്കാന്‍ കഴിയുന്നതല്ലെന്ന് മനസിലാക്കിയ ഞാന്‍ നാടക രചനയിലേക്ക് തിരിയുകയും, ബന്ധുക്കളും, സുഹൃത്തുക്കളുമായ ഒരു കൂട്ടം യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് അവ രംഗത്ത് അവതരിപ്പിക്കുവാന്‍ തുടങ്ങുകയും ചെയ്തു.

ഞാനെഴുതുകയും, സംവിധാനം ചെയ്യുകയും ഞങ്ങളുടെ നാട്ടിലെ സാധാരണക്കാരായ യുവാക്കള്‍ അഭിനയിക്കുകയും ചെയ്ത് അവതരിപ്പിച്ചിരുന്ന ആ നാടകങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ വളരെ പാപ്പരായിരുന്നുവെങ്കിലും, രചനയുടെ മികവും, അവതരണത്തിന്റെ തെളിമയും കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന നിലവാരം പുലര്‍ത്തിയിരുന്നു ആ നാടകങ്ങള്‍.

ഞങ്ങളുടെ നാടകങ്ങളില്‍ ആകൃഷ്ടനായ ഒരു ശെമ്മാശ്ശന്‍ അന്‍പത് രൂപ തരാം എന്ന വ്യവസ്ഥയില്‍ തന്റെ പള്ളിപ്പെരുന്നാളിന് നാടകം അവതരിപ്പിക്കുവാന്‍ ഞങ്ങളെ ക്ഷണിച്ചു. വളരെ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച ഞങ്ങള്‍ സാധാരണ ഞങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ കുറേക്കൂടി മെച്ചപ്പെട്ട നിലയില്‍ നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. അതിനായി മൂവാറ്റുപുഴയില്‍ ഉണ്ടായിരുന്ന ഒരു പ്രമുഖ കലാകാരന്റെ കര്‍ട്ടന്‍ വാടകക്ക് എടുക്കുകയും, അറിയപ്പെടുന്ന ഹാര്‍മോണിസ്റ്റു ആയിരുന്ന ഒരു മിസ്റ്റര്‍ തോമസിനെയും, അദ്ദേഹത്തോടൊപ്പം തബല വായിച്ചിരുന്ന ഒരാളെയും ഒരു കൂലി സമ്മതിച്ചു ഏര്‍പ്പാടാക്കുകയും ചെയ്തു.

നാടക ദിവസം കൃത്യ സമയത്ത് തന്നെ അവര്‍ സാധനങ്ങളുമായി എത്തി. പോത്താനിക്കാട് വരെ ബസ്സില്‍ വന്ന ശേഷം അവിടുന്ന് ജീപ്പ് വിളിച്ചാണ് സംഘം എത്തിയത്. ജീപ്പ് കൂലിയായ അഞ്ചു രൂപ ഞങ്ങള്‍ കൊടുത്തു. തിരിച്ചും ഇത് പോലെ വാഹന സൗകര്യം ഉള്ളയിടം വരെ എത്തിക്കണം എന്നായിരുന്നു വ്യവസ്ഥ.

മനോഹരമായ പശ്ചാത്തല സംഗീതത്തോടെ, കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ സെറ്റുകളോടെ അവതരിപ്പിച്ച നാടകം വന്‍ വിജയമായിരുന്നു.

മുതലാളിയുടെ കണക്കെഴുത്തു കാരനാണ് കഥാനായകനായ യുവാവ്. മുതലാളിയുടെ രണ്ടാം ഭാര്യയുടെ പ്രലോഭനങ്ങള്‍ നിരാകരിച്ച അയാളെ ഒരു മോഷണക്കേസില്‍ അവര്‍ കുടുക്കിയിട്ട് പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്നു. കുടുംബത്തിനേറ്റ അപമാനത്തില്‍, മകളുടെ വിവാഹം മുടങ്ങിപ്പോയ വേദനയില്‍ അയാളുടെ അപ്പന്‍ നെഞ്ചു പൊട്ടി മരിക്കുന്നു. മോഷണത്തിന് കൂട്ട് നിന്ന അലിയാര്‍ എന്ന ജോലിക്കാരന്‍ പശ്ചാത്താപ വിവശനായി പോലീസിലെത്തി സത്യം പറയുന്നതോടെ യുവാവ് മോചിപ്പിക്കപ്പെടുന്നു. സ്വന്തം സഹോദരിയോടൊപ്പം അപ്പന്റെ കുഴിമാടത്തിലെത്തിയ യുവാവ് നിസ്സഹായനായി അവിടെ കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിക്കുന്നിടത്ത് നാടകം അവസാനിക്കുന്നു.

വലിയ കൈയടികളോടെയാണ് നാടകം സ്വീകരിക്കപ്പെട്ടത്. വിജയശ്രീലാളിതരായി ശെമ്മാശന്റെ അടുത്തെത്തി പണം ചോദിച്ചപ്പോള്‍ എല്ലാ വിജയശ്രീകളും ഒന്നോടെ ഇടിഞ്ഞു വീണു. എന്നെക്കുറിച്ച് എന്തോ അപവാദം അദ്ദേഹം കേട്ടുവെന്നും, എന്റെ നാടകം പള്ളിപ്പെരുന്നാളിന് അവതരിപ്പിക്കാന്‍ അനുവാദം തന്നതിന്റെ പേരില്‍ പള്ളി പ്രമാണികളില്‍ നിന്നുള്ള ശകാരങ്ങള്‍ അദ്ദേഹം കേട്ടു കൊണ്ടിരിക്കുകയാണെന്നും, അതുകൊണ്ട് പള്ളിയില്‍ നിന്ന് പണം തരാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം തീര്‍ത്തു പറഞ്ഞു.

നെഞ്ചിലൂടെ ഒരിടിവാള്‍ കടന്നു പോയത് ശരിക്കും അനുഭവിച്ചറിഞ്ഞു. സാധനങ്ങള്‍ കെട്ടിപ്പെറുക്കി മടങ്ങിപ്പോകാന്‍ കാത്തു നില്‍ക്കുകയാണ് മൂവാറ്റുപുഴക്കാര്‍. വണ്ടിക്കൂലി കൊടുക്കാന്‍ പോലും കൈയില്‍ ഒരു പൈസയില്ല. ആരോടൊക്കെയോ ഓടിനടന്ന് വായ്പ വാങ്ങിയ കുറച്ചു രൂപ കുറേശ്ശെ വീതം വച്ച് കൊടുത്ത് കാലു പിടിച്ചു കരഞ്ഞെങ്കിലും അവരില്‍ ചിലര്‍ നല്ല കട്ടത്തെറി തന്നെ ഞങ്ങളോട് പറഞ്ഞു.

സാധനങ്ങള്‍ ബസ് വരുന്നിടത്ത് എത്തിച്ചു കൊടുക്കണമല്ലോ? വണ്ടി വിളിക്കാന്‍ ഒരു പൈസയില്ല. രണ്ടു മൈല്‍ നടന്നാല്‍ പൈങ്ങോട്ടൂരിലെ ബസ് സ്‌റ്റോപ്പിലെത്താം. തങ്ങള്‍ നടന്നു കൊള്ളാമെന്ന് വന്നവര്‍ സമ്മതിച്ചു. പക്ഷെ അവരുടെ സാധനങ്ങള്‍ അവിടെ എത്തിച്ചു കൊടുക്കണം. കാര്‍ട്ടനും, മേക്കപ്പ് ബോക്‌സും, ഹാര്‍മോണിയവും, തബലയും തലയില്‍ ചുമന്ന് ഞാനും, മറ്റുള്ളവരും അവരുടെ പിറകെ നടന്നു. നേരം പരപരാ വെളുക്കുന്നതേയുള്ളു. ആദ്യം വന്ന ബസിനു തന്നെ സാധനങ്ങള്‍ കയറ്റി അവരെ പറഞ്ഞയച്ചു.

ഞങ്ങള്‍ തിരിച്ചു നടക്കുമ്പോള്‍ നേരം വെളുത്തു വരികയാണ്. ഞങ്ങളുടെ മുഖത്തെ ചായങ്ങള്‍ അപ്പോഴും മായാതെ നില്‍ക്കുന്നത് അപ്പൊഴാണ് ശ്രദ്ധയില്‍ പെട്ടത്. അടുത്തുള്ള തൊട്ടിലിറങ്ങി കുറച്ചൊക്കെ ചായങ്ങള്‍ ഉരച്ചു കഴുകിക്കളഞ്ഞു. പാതിമാഞ്ഞ ചായം പറ്റിയ മുഖങ്ങളുമായി ഓരോരുത്തരും അവരവരുടെ വീടുകളില്‍ തിരിച്ചെത്തി. ഞങ്ങളോട് വാക്കു പാലിക്കാതിരുന്ന ഈ ശെമ്മാശന്‍ ഇന്ന് ഓര്‍ത്തഡോക്‌സ് സഭയിലെ വലിയ പദവികളുള്ള ഒരു കോര്‍ എപ്പിസ്‌ക്കോപ്പയാണ്. ധാരാളം ഐ.എ.എസ്. കാര്‍ ഒക്കെയുള്ള ഒരു വലിയ കുടുംബത്തിലെ അംഗവും.

Print Friendly, PDF & Email

Related News

Leave a Comment