എം.എന്‍. കാരശ്ശേരി ഡിട്രോയിറ്റില്‍

Newsimg1_70566178ഡിട്രോയിറ്റ്: പ്രയുക്ത നിരൂപണത്തിന്റെ വക്താവും ആനുകാലിക മലയാള സാഹിത്യ സംവാദങ്ങളിലെ നിത്യ സാന്നിധ്യവുമായ പ്രൊ. എം.എന്‍. കാരശ്ശേരി മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ (മിലന്‍) സംഘടിപ്പിക്കുന്ന സാഹിത്യ സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.

ജൂണ്‍ 23 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഡിട്രോയിറ്റിലെ മാഡിസണ്‍ ഹൈറ്റ്‌സ് സെയ്ന്റ് എഫ്രേയിം ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍, മിലന്‍ പ്രസിഡന്റ് മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാഹിത്യ സംവാദത്തില്‍, മലയാള സാഹിത്യത്തിലെ ആധുനിക പ്രവണതകള്‍ എന്ന വിഷയത്തെ അധികരിച്ചാണ് കാരശ്ശേരി സംസാരിക്കുന്നത്. മലയാളസാഹിത്യ തറവാട്ടിലെ അനേകം മഹാരഥന്മാര്‍ക്കു ആതിഥ്യം അരുളിയിട്ടുള്ള മിലന്റെ വേദിയില്‍ ഡോ. കാരശ്ശേരി എത്തുന്നത് ഇത് രണ്ടാം തവണയാണ്.

ഊഷരമാകുന്ന സമൂഹ മനസ്സില്‍ ഉത്സാഹത്തിന്റെ ഊര്‍ജം നിറക്കുന്ന സര്‍ഗാത്മക സാഹിത്യത്തിന്റെ സാധ്യതകളും, സാക്ഷ്യങ്ങളും അനേകം ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സഹൃദ ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുള്ള ഇദ്ദേഹം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ മൂല്യച്യുതിക്കെതിരെയും ശബ്ദം ഉയര്‍ത്തുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്.

മലയാളസാഹിത്യം കടന്നുപോകുന്ന നാള്‍വഴികളിലെ നന്മ തിന്മകളെ നിരൂപണ വിധേയമാക്കുന്ന തുടര്‍ സംവാദത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം, തോമസ് കര്‍ത്തനാല്‍, സുരേന്ദ്രന്‍ നായര്‍, വിനോദ് കോണ്ടൂര്‍, മനോജ് വാരിയര്‍, ബിന്ദു പണിക്കര്‍, ഡോ. ശാലിനി ജയപ്രകാശ്, സതീഷ് മാടമ്പത്, ആന്റണി മണലേല്‍, അനില്‍ ഫിലിപ്പ് തുടങ്ങിയവരും പങ്കെടുക്കുന്നു.

മെട്രോ ഡിട്രോയിറ്റിലെ എല്ലാ ഭാഷാസ്‌നേഹികളുടെയും അനുഭാവികളുടെയും സാന്നിധ്യം അഭ്യര്‍ഥിക്കുന്നതായി മിലന്‍ ഭാരവാഹികള്‍ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment