Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (അദ്ധ്യായം 7 & 8)

June 14, 2019 , അബൂതി

adhyayam 6 bannerഒറ്റവാക്കിലേക്ക് ഒതുക്കിപ്പറയാവുന്നതൊന്നും എന്‍റെ ജീവിതത്തില്‍ സംഭവിച്ചില്ല. അന്നും അതങ്ങിനെയായിരുന്നു. ഒരു സുഖപ്രസവത്തിനുള്ള ആരോഗ്യമൊന്നും എന്‍റെ ഉടലില്‍ ബാക്കിയില്ലായിരുന്നു. എന്നെയും ചുമന്നു കൊണ്ട് അച്ഛനും അമ്മയും ഏതാനും അയല്‍വാസികളും കൂടി പട്ടണത്തിലെ ആശുപത്രിയിലെത്തി. വഴിനീളെ ഞാന്‍ രക്തം കൊണ്ട് അടയാളം കുറിച്ചിരുന്നു. ഒരു സിസേറിയന്‍ ആയിരുന്നു ആശുപത്രിക്കാരുടെ മുന്നിലെ പോംവഴി. അങ്ങിനെ പതിനാറാമത്തെ വയസ്സില്‍ അവര്‍ എന്‍റെ ഉദരം കീറി എന്‍റെ കുഞ്ഞിനെ എന്നില്‍ നിന്നും മുറിച്ചെടുത്തു.

ബോധം വീണപ്പോള്‍ എന്‍റെ ചുറ്റിലും വിഷാദ മുഖവുമായി നില്‍ക്കുന്ന അച്ഛനെയും അമ്മയെയും കണ്ടു. അമ്മയുടെ നിഴല്‍ പറ്റി ശാരദക്കുട്ടിയും. അവളുടെ കയ്യില്‍ പാതി തൊലിച്ച ഒരു ഓറഞ്ചും. എനിക്ക് വേദനിക്കുന്നുണ്ടായിരുന്നു. എങ്കിലും ഞാന്‍ അമ്മയുടെ കയ്യിലെ വെളുത്ത തുണിപ്പൊതിയിലേക്ക് ആര്‍ത്തിയോടെ നോക്കി. എന്ത് രാസപ്രവര്‍ത്തനം എന്‍റെ തലച്ചോറില്‍ നടക്കുന്നത് കൊണ്ടാണ് ആ കുഞ്ഞിന്‍റെ മുഖമൊന്നു കാണാന്‍ ഞാനേറെ കൊതിച്ചത് എന്നറിയില്ല. ദൈവം എന്‍റെ ഹൃദയത്തോട് തുന്നിച്ചേര്‍ത്ത മാതൃസ്നേഹത്തിന്‍റെ അടക്കാനാവാത്ത ദാഹമായിരുന്നു അത്. അമ്മ എന്‍റെ നേരെ ആ മുഖം തിരിച്ചു. അവന്‍ സുന്ദരനായിരുന്നു. തീരെ ശരീരമില്ലാത്ത അവന്‍ ചുവന്ന ചുണ്ടുകള്‍ കൂര്‍പ്പിച്ച് കുഞ്ഞിക്കെകള്‍ കൊണ്ട് അന്തരീക്ഷത്തില്‍ എന്തോ തപ്പിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

പരീക്ഷണങ്ങള്‍ പിന്നെയും ബാക്കിയായിരുന്നു. കുഞ്ഞിന്‍റെ അച്ഛനെപ്പറ്റിയുള്ള ചോദ്യം ആശുപത്രി അധികൃതരില്‍ നിന്നുണ്ടായി. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയാണ് പ്രസവിച്ചിരിക്കുന്നത്. ഡോക്ട്ടറുടെ മുന്‍പില്‍ ഒരപരാധിയെ പോലെ കൈ കൂപ്പി കരഞ്ഞു കൊണ്ട് അച്ഛന് ആ വൃത്തികെട്ട കഥ പറയേണ്ടി വന്നു. അങ്ങിനെ പോലീസുകാരെത്തി. ഒരു ചെറുപ്പക്കാരനായിന്നു എസ് ഐ. സംഭവം പോലീസിലറിയിക്കാതെ ഇത്രയും കാലം മറച്ചു വച്ചതിനു അച്ഛനും അമ്മയ്ക്കുമെതിരെ കേസെടുക്കാന്‍ വകുപ്പുണ്ട് എന്ന് പറഞ്ഞാണ് അയാള്‍ തുടങ്ങിയത് തന്നെ. പക്ഷെ എന്തോ, അയാള്‍ അത് ചെയ്തില്ല. പകരം കണാരേട്ടന് നേരെ ഒരു പരാതി എഴുതിക്കൊടുക്കാന്‍ പറഞ്ഞു. ആ ഭൂകമ്പം അവിടെ അവസാനിക്കുകയും ചെയ്തു. ഇപ്പോഴുമുണ്ടാകും ഏതോ ഒരു പോലീസ് സ്റ്റേഷനില്‍ ചിതല്‍ തിന്നു തീര്‍ത്തിട്ടില്ലെങ്കില്‍ ആ പരാതി എഴുതിയ കടലാസ്സ്.

കുഞ്ഞിനൊരു പേര് വേണം എന്ന് പറഞ്ഞതും ആശുപത്രിക്കരാണ്. ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കാനും മറ്റുമൊക്കെ ഉപദേശിച്ചത് അവരായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഡോക്ടര്‍. അതൊരു ചെറുപ്പക്കാരിയായ ഡോക്ടര്‍ ആയിരുന്നു. മഞ്ഞയും, നീലയും, ചുവപ്പും നിറങ്ങുള്ള പൂക്കള്‍ ഉള്ള സാരികള്‍ മാറി മാറി ഉടുത്ത് സദാ പുഞ്ചിരി തൂകി ഒരു മാലാഖയെ പോലെ നടക്കുന്ന ഒരു ഡോക്ടര്‍. അവരാണ് അച്ഛനോട് ചോദിച്ചത്, കുഞ്ഞിന് പേരെന്താണ് ഇടുന്നത് എന്ന്. അച്ഛന്‍ കെമലര്‍ത്തി. അമ്മ അച്ഛന്‍റെ മുഖത്തേക്ക് അന്ധാളിച്ച് നോക്കി.ആ ലേഡി ഡോക്ടര്‍ എന്നെ നോക്കി. എന്താണ് പറയേണ്ടതെന്ന് എനിക്കുമറിയില്ലായിരുന്നു. ആരുമൊന്നും മിണ്ടാതിരുന്നപ്പോള്‍, തന്‍റെ ചുണ്ടിലെ ചെറുചിരിയോടെ അവര്‍ ഞങ്ങളോട് ചോദിച്ചു.

‘വിരോധമില്ലെങ്കില്‍ ഞാന്‍ ഒരു പേര് പറയട്ടേ?’

ഞങ്ങള്‍ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കവേ അവര്‍ തുടര്‍ന്നു.

‘സിദ്ധാര്‍ത്ഥന്‍. നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ അവനെ സിദ്ധാര്‍ത്ഥന്‍ എന്ന് വിളിച്ചോളൂ. എനിക്കൊരു മോനുണ്ടാവുമ്പോള്‍ അവനിടാന്‍ വേണ്ടി ഞാന്‍ കണ്ടു വച്ചിരുന്ന പേരാണത്. പക്ഷെ?..’

അത് പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അവരുടെ മുഖം വിഷാദച്ഛവിയാല്‍ നിറഞ്ഞിരിന്നു. പരസ്പരം മുഖത്തോട് മുഖം നോക്കുന്ന അമ്മയോടും അച്ചനോടുമായി അവര്‍ മന്ത്രിക്കും പോലെ പറഞ്ഞു.

‘നിങ്ങള്‍ക്കിവനെ വേണ്ടാന്നു തോന്നുമ്പോള്‍ എവിടെയെങ്കിലും കൊണ്ട് കളഞ്ഞേക്കരുത്. എനിക്ക് തന്നാല്‍ മതി. ഞാന്‍ പൊന്നു പോലെ നോക്കിക്കോളാം.’

ഞാനെന്‍റെ കുഞ്ഞിനെ എന്‍റെ മാറിലേക്ക് കൂടുതല്‍ അമര്‍ത്തി വച്ചു. അമ്പരന്ന് നില്‍ക്കുന്ന അമ്മയെയും അച്ഛനെയും കണ്ടപ്പോള്‍ അവരെങ്ങാനും എന്‍റെ മോനെ എന്‍റെ നെഞ്ചില്‍ നിന്നും പറിച്ചെടുത്ത് അവര്‍ക്ക് നല്‍കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. ഭാഗ്യം അതുണ്ടായില്ല.

ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഞങ്ങളുടെ കൊച്ചു കൂരയിലേക്ക് തന്നെ തിരിച്ചെത്തി. അച്ഛന്‍ ഒരു തൊട്ടില്‍ കെട്ടിത്തന്നു. കുഞ്ഞിനെ കാണാനാണോ, അതല്ല ഞങ്ങളുടെ ഹൃദയത്തില്‍ കുത്തി നോവിക്കാനാണോ എന്നറിയില്ല; അയല്‍വാസികളും അല്ലാത്തവരുമായ ഒരുപാട് പെണ്ണുങ്ങള്‍ ആ കൊച്ചു കൂരയിലേക്ക് വന്നു. വന്നവരില്‍ ചിലര്‍ക്ക് കുഞ്ഞിന് കണാരേട്ടന്‍റെ മുഖച്ഛായ ഇല്ലാത്തതില്‍ വലിയ വിഷമമുണ്ടായിരുന്നു. ചിലര്‍ കുട്ടിക്ക് ആ മുഖം തന്നെ കല്‍പ്പിച്ചു നല്‍കി. വേറെ ചിലര്‍ തരാതരം പോലെ, എന്‍റെ മുഖവും, അമ്മയുടെ മുഖവും, അച്ചന്‍റെ മുഖം, എന്തിനധികം ശാരദക്കുട്ടിയുടെ മുഖം വരെ കണ്ടെത്തി. വന്നവരൊക്കെ അറിഞ്ഞോ അറിയാതെയോ നല്ലോണം കുത്തിനോവിച്ച് തിരിച്ചു പോയി.

ദിവസങ്ങള്‍ അങ്ങിനെ കഴിഞ്ഞു പോയി. പകല്‍ മുഴുവനുറങ്ങിയും രാത്രി മുഴുവന്‍ ഉണര്‍ന്നു കരഞ്ഞും സിദ്ധു എന്നെ തളര്‍ത്തി. പതുക്കെ പതുക്കെ ഞാന്‍ താരാട്ട് പാടാന്‍ പഠിച്ചു. കുഞ്ഞിന് മുല കൊടുക്കാന്‍ പഠിച്ചു. അവനെ കുളിപ്പിക്കാനും കണ്ണെഴുതിക്കടുക്കാനും പഠിച്ചു. അവനോ, ചിരിക്കാനും, കുഞ്ഞിക്കെ നീട്ടി എന്‍റെ ചുണ്ടില്‍ നുള്ളാനും പഠിച്ചു. അച്ഛന്‍ കൊണ്ട് വന്ന ആട് പെറ്റു. രണ്ടു കുട്ടികള്‍. ശാരദക്കുട്ടി സ്കൂള്‍ വിട്ടു വന്നാല്‍ സിദ്ധുവിനെയും ആട്ടിന്‍ കുട്ടികളെയും മാറിമറിക്കളിപ്പിച്ച് രസിച്ചു. ജീവിതം ഇരുണ്ട ഒരു ഗര്‍ത്തത്തില്‍ നിന്നും പതുക്കെ പുറത്തേക്ക് വരുന്നത് പോലെ ഞങ്ങള്‍ എല്ലാവര്‍ക്കും തോന്നിത്തുടങ്ങി.

കാലം തണുത്ത് വിറച്ചും, പൂക്കള്‍ വിരിയിച്ചും, ഉരുകിയൊലിച്ചും, മഴ കൊണ്ട് നനഞ്ഞുകുതിര്‍ന്നും കടന്നു പോയി. വീണ്ടും ഒരു മഴക്കാലമെത്തി. നാലു വര്‍ഷമായി ഇതിന്നിടയില്‍, സിദ്ധു ജനിച്ചതില്‍ പിന്നെ അധികം താമസിയാതെ തന്നെ, കണാരേട്ടന്‍റെ ഭാര്യ ദേവേച്ചി മകന്‍ സുന്ദരനെയും കൂട്ടി, വീട് പൂട്ടി എങ്ങോട്ടോ പോയിരുന്നു. അവരുടെ വീട്ടിലേക്കാണെന്ന് ചിലര്‍ പറഞ്ഞു. അതല്ല, ഏതോ രഹസ്യ സ്ഥലത്ത് നിന്നും കണാരേട്ടന്‍ അറിയിച്ചതനുസരിച്ച് അങ്ങോട്ട് പോയതാണെന്ന് വേറെ ചിലരും പറഞ്ഞു. ആ വീട് മാത്രം എന്‍റെ ജീവിതം പോലെ ചിതലരിച്ചോരു സ്മാരകമായി, ഇടിഞ്ഞു പൊളിയാറായി അവിടെ ബാക്കിയായി. വീട്ടില്‍ ആടുകളുടെ എണ്ണം നാലഞ്ചായി. ആടിന്‍റെ പാല്‍ ഇത്തിരി വില്‍ക്കാനും തുടങ്ങിയിരിക്കുന്നു അമ്മ. ശാരദക്കുട്ടിയെ അമ്മ പൊതിഞ്ഞു നടക്കുകയായിരുന്നു. അത് അവളുടെ സ്വാതന്ത്ര്യത്തെ പാടെ അവഗണിച്ചു കളഞ്ഞു. ഇടയ്ക്കിടയ്ക്ക് അതിന്‍റെ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാകാറുണ്ടായിരുന്നു ആ കൊച്ചു വീട്ടില്‍.

അന്നൊരു മാനം തെളിഞ്ഞു നിന്ന ഞായറാഴ്ച. മുറ്റത്ത് മണ്ണ് വരിക്കളിക്കുന്ന സിദ്ധുവിനെ ഒരു ചെറു ചുള്ളിയെടുത്ത് വെറുതെ പേടിപ്പിക്കാന്‍ നോക്കുകയായിരുന്നു ഞാന്‍. തിണ്ണയില്‍ പുസ്തകം വായിച്ചിരിക്കുന്ന ശാരദക്കുട്ടിയും, അവളുടെ അടുത്തിരുന്ന് ഏതോ ഒരു പിഞ്ഞിയ വസ്ത്രം തുന്നിക്കൊണ്ടിരിക്കുന്ന അമ്മയും. വെകുന്നേരമാവുന്നെ ഉള്ളൂ. അപ്പോഴാണ് കുറച്ചപ്പുറത്തെ വീട്ടിലെ ചെറുപ്പക്കാരനായ വിനോദ് ഓടിവന്നത്. കിതച്ചു കൊണ്ടാണ് അവന്‍ പറഞ്ഞത്: ‘അങ്ങാടിയില്‍ വച്ച് അച്ഛനെ വണ്ടിയിടിച്ചിരിക്കുന്നു. എല്ലാവരും കൂടി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്.’

നെഞ്ചത്തടിച്ച് നിലവിളിച്ച് കൊണ്ട് അമ്മ ഇറങ്ങിയോടി. കൂടെ ശാരദക്കുട്ടിയും. അമ്മ എന്നെ വിളിച്ചില്ല. തിരിഞ്ഞു നോക്കിയതും ഇല്ല. സിദ്ധുവിനെ വാരിയെടുത്ത്, അഴുക്കൊക്കെ തട്ടി, ഒരു കുഞ്ഞു കുപ്പായം ഇട്ടു കൊടുത്ത് ഞാനും പിന്നാലെ ഓടി. ഇടവഴി കഴിഞ്ഞ് തോടിന്‍റെ അരികിലെത്തിയപ്പോള്‍ ഒന്ന് രണ്ടു പരിചയക്കാരായ പെണ്ണുങ്ങള്‍ അവിടെ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. അവരാണ് പറഞ്ഞത്. വിനോദ് വന്ന ഓട്ടോറിക്ഷയില്‍ തന്നെ അമ്മയും ശാരദയും പോയെന്ന്. എന്തെ അമ്മ എന്നെ കാത്തു നിന്നില്ല. എന്‍റെ നെഞ്ചില്‍ ഒരു നെടുവീര്‍പ്പ്, തീവണ്ടിയുടെ ചൂളം വിളിയുമായി പാഞ്ഞു നടന്നു.

എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഞാനൊന്നും കേട്ടില്ല. എന്‍റെ കാതുകള്‍ കൊട്ടിയടച്ചിരുന്നു. ഞാന്‍ തിരിച്ച് വീട്ടിലേക്ക് നടന്നു. വീടിന്‍റെ തിണ്ണയില്‍ മുറ്റത്തിന്‍റെ അപ്പുറം വിജനമായ ഇടവഴിയിലേക്ക് കണ്ണുകള്‍ നട്ട് കാത്തിരുന്നു. സൂര്യന്‍ വിട വാങ്ങുകയാണ്. ഇരുള്‍ പരക്കുകയാണ്. നിഴല്‍ മായുകയാണ്. നെഞ്ചില്‍ ഭാരം വര്‍ദ്ധിച്ച് വരുന്നു. ആധിയുടെ ഒരു മഹാപര്‍വ്വതം നെഞ്ചിന് മുകളില്‍ പൊട്ടിമുളച്ചിരിക്കുന്നു. നിമിഷങ്ങളെണ്ണി ഞാന്‍ ആ ഏകാന്ത വീടിന്‍റെ ഇറയത്ത് ഭീതിയും സങ്കടം കൂട്ടിക്കലര്‍ത്തി സമയം തള്ളി നീക്കി.

രാവിരുണ്ടു. പാടത്ത് നിന്നും ഊളന്മാരുടെ ഓലിയിടലും കേള്‍ക്കാതായിരിക്കുന്നു. വീടിന്‍റെ അടുത്തെവിടെ നിന്നോ ഒരു കൂമന്‍ മൂളുന്നത് കേള്‍ക്കാം. സിദ്ധു നല്ല ഉറക്കമാണ്. പിന്നെയും പിന്നെയും അടച്ചോ ഇല്ലയോ എന്ന് സംശയിച്ചപ്പോഴൊക്കെ പരിശോധിച്ചുറപ്പാക്കിയ വാതിലിലേക്ക് മിഴികള്‍ തറച്ച് ഞാന്‍ കാത്തിരുന്നു. എനിക്ക് പേടിയായിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒറ്റയ്ക്ക്. അതും അച്ഛനെന്താണ് പറ്റിയത് എന്നറിയാത്ത ശൂന്യമായ മനസ്സും കൂടിയായപ്പോള്‍ പേടിയും സങ്കടവും എന്‍റെ മനസ്സില്‍ പരസ്പരം മത്സരിച്ചു.

വീടിന്‍റെ പുറത്ത് ആടുകള്‍ ചില അപശബ്ദങ്ങള്‍ ഉണ്ടാക്കുന്നത് കേട്ട് ഞാന്‍ ഭയന്നു. ഇടയ്ക്കിടയ്ക്ക് ഇടവഴിയിലൂടെ ആരൊക്കെയോ നടന്നടുക്കുന്നതിന്‍റെ കാലൊച്ച കേള്‍ക്കാം. പിന്നെ അത് അകന്നകന്ന് പോയി ശൂന്യതയില്‍ അലിഞ്ഞു ചേര്‍ന്നില്ലാതാവും. വീടിന്‍റെ മുറ്റത്ത് ആരെങ്കിലും പതുങ്ങി നില്‍ക്കുന്നുണ്ടോ എന്ന് ഭയന്നു. പിന്നെ ആരുമില്ലെന്ന് വെറുതെ ആശ്വസിച്ചു. അങ്ങിനെ ആലില പോലെ വിറച്ചു വിറച്ച് ഞാന്‍ നിമിഷങ്ങള്‍ എണ്ണിയെണ്ണി കഴിച്ചു കൂട്ടി.

രാവിന്‍റെ അവസാന യാമങ്ങളോടടുത്തിരിക്കുന്നു. പ്രകൃതി ആകെ ഉറക്കത്തിലേക്ക് ആണ്ട് പോയിരിക്കുന്നു. വിദൂരതയില്‍ നിന്നെങ്ങോ ഒരു കാലൊച്ച കേള്‍ക്കാം. അത് അടുത്തടുത്ത് വരുന്നു. ഇടവഴിയും കഴിഞ്ഞ് അത് മുറ്റത്തേക്ക് നടന്നടുക്കുന്നത് ഒരു ഭയപ്പാടോടെ ഞാനറിഞ്ഞു. മുറ്റത്ത് ആ കാലൊച്ച നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വാതിലില്‍ ആരോ മെല്ലെ തട്ടുന്ന ശബ്ദം കേട്ടു. പേടിച്ചരണ്ട് ഞാന്‍ വാതിലിലേക്ക് തുറിച്ചു നോക്കവേ വാതിലിന്‍റെ അപ്പുറത്ത് നിന്നും ആ ശബ്ദം കേള്‍ക്കുകയായി.

‘മോളെ.. മോളെ.. വാതില്‍ തുറക്ക്. ഇത് ഞാനാ.. കണാരേട്ടന്‍.. നമുക്കൊന്ന് തണുപ്പ് മാറ്റാം.. നീ വാതില്‍ തുറക്ക്..’

എന്‍റെ നെഞ്ചില്‍ നിന്നൊരു നിലവിളി തൊണ്ടയില്‍ വന്നു പിടഞ്ഞു. ശ്വാസം മുട്ടുന്ന പോലെ തോന്നി. ഒന്നുറക്കെ നിലവിളിക്കാനായി കഠിനമായി പരിശ്രമിച്ചെങ്കിലും ആയില്ല. പെട്ടന്നാണ് സിദ്ധു ഉണര്‍ന്നു കരഞ്ഞത്. ആ കരച്ചില്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. രാത്രിയില്‍ എപ്പോഴോ ഞാന്‍ പോലുമറിയാതെ ഉറങ്ങിപ്പോയിരുന്നു. കണ്ടത് കേവലമൊരു സ്വപ്നമായിരുന്നു എന്നറിഞ്ഞിട്ട് പോലും എന്‍റെ നടുക്കം മാറിയിരുന്നില്ല.

ഞാന്‍ കാതോര്‍ത്തു നോക്കി. മുറ്റത്ത് നിന്ന് എന്തെങ്കിലും അപശബ്ദം കേള്‍ക്കുന്നുണ്ടോ? ഇല്ല. അങ്ങിനെ ഒരല്പ നേരം കഴിഞ്ഞപ്പോള്‍ സൈക്കിള്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. കരടിച്ചേട്ടന്‍ പാലുമായി പോവുകയാണ്. അപ്പോള്‍ നേരം പുലര്‍ന്നു? അഞ്ചുമണിയായിരിക്കുന്നു എന്നര്‍ത്ഥം. ഒരു ഭീകര രാത്രി കഴിഞ്ഞു കിട്ടിയല്ലോ എന്നൊരാശ്വാസത്തിന്‍റെ നെടുവീര്‍പ്പ് എന്നില്‍ നിന്നുതിര്‍ന്നു വീണു.

ആറു മണിയായിട്ടുണ്ടാവില്ല. അപ്പോഴാണ് വിനോദിന്‍റെ അമ്മ വിലാസിനിച്ചേച്ചി വന്നത്. വിനോദ് പുലര്‍ച്ചെയാണ് ആശുപത്രിയില്‍ നിന്നും വന്നത്. അച്ഛന് വേണ്ടത്ര സുഖമില്ല. കുറച്ച് ദിവസം കിടക്കേണ്ടി വരും. ജില്ലാശുപത്രിയിലാണ്. ഉച്ചയ്ക്ക് കഴിക്കാനെന്തെങ്കിലും ഉണ്ടാക്കി കൊണ്ടു ചെല്ലാന്‍ പറഞ്ഞയച്ചിട്ടുണ്ട് അമ്മ. കൂടെ മാറിയുടുക്കാന്‍ എന്തെങ്കിലും. ഒരല്‍പം ആശ്വാസമായെങ്കിലും, അച്ചന്‍റെ അവസ്ഥ ശരിക്കറിയാത്തതിന്‍റെ ഒരു വിഷമം എന്‍റെ ഉള്ളില്‍ കനത്ത് നിന്നു. എങ്കിലും ഞാന്‍ വേഗം പണികളൊക്കെ തീര്‍ത്തു. പത്തര മണിക്കുള്ള പുഞ്ചിരിയില്‍ കേറി ഞാന്‍ പട്ടണത്തിലെത്തി. ജില്ലാശുപത്രിയിലേത് വാര്‍ഡിലാണ് അച്ഛനെ കിടത്തിയത് എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഭാഗ്യത്തിന് ഗേറ്റിന്‍റെ മുന്‍പില്‍ തന്നെ നാട്ടുകാരനായ ഒരാളോട് സംസാരിച്ച് കൊണ്ടിരിക്കുന്ന ചെമ്പകത്തെ രാജേട്ടനെ കണ്ടു. ഞാന്‍ അടുത്തു ചെന്നപ്പോള്‍ എന്നെ കണ്ട രാജേട്ടന്‍ ആദ്യം ഒരു വല്ലാത്ത നോട്ടം നോക്കി. പിന്നെ ഒന്ന് ചിരിച്ചു കാണിച്ചു.

‘ഹല്ലാ… ഇപ്പോഴാ വരുന്നത്.. വാര്‍ഡിലേക്ക് ഇപ്പൊ മാറ്റിയിട്ടേ ഉള്ളൂ.. നീ ചെല്ല്.. രണ്ടാം വാര്‍ഡിലാട്ടൊ..’

അച്ഛന്‍റെ കിടപ്പ് കണ്ടപ്പോള്‍ എനിക്ക് സങ്കടമായി. പുറമെ അച്ഛന് വലിയ പരിക്കൊന്നും കണ്ടില്ലെങ്കിലും അച്ഛന് അനങ്ങാന്‍ പോലും വയ്യതെ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മയും ശാരദക്കുട്ടിയും. എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥ ആയിരുന്നു ഞങ്ങള്‍ക്ക്. ഞാന്‍ അച്ഛന്‍റെ കാലില്‍ മെല്ലെ ഉഴിഞ്ഞു കൊടുത്ത് ആ കട്ടിലിന്‍റെ അടുത്തു തന്നെ നിന്നു. സിദ്ധു പുതിയ ഒരു ലോകത്തെത്തിയ പോലെ അവിടെ കളിച്ചു നടക്കാന്‍ തുടങ്ങി.

ആശുപത്രിയില്‍ അച്ഛന്‍റെ അടുത്ത് ആരാണ് നില്‍ക്കുക എന്നൊരു ചോദ്യം ഞങ്ങള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ ആരും വേണ്ടെന്ന് ആദ്യമേ അച്ഛന്‍ പറഞ്ഞു. അച്ഛന്‍ സങ്കടം കൊണ്ട് പറയുന്നതാണ്. സ്വന്തമായി ഒന്ന് എഴുനേല്‍ക്കാന്‍ പോലും അച്ഛനാവില്ല. അമ്മ നില്‍ക്കാമെന്ന് വച്ചാല്‍ ഞാനും ശാരദക്കുട്ടിയും മാത്രമായി രാത്രി വീട്ടില്‍ തനിച്ച് കഴിയേണ്ടി വരും. അത് ചിന്തിക്കാന്‍ കൂടി വയ്യ. അന്ന് ആദ്യമായി തനിക്കൊരു ആണ്‍കുട്ടിയില്ലല്ലോ എന്ന് അമ്മ പരിഭവം പറയുന്നത് കേട്ടു. അവസാനം ഞാന്‍ പറഞ്ഞു.

‘ഞാന്‍ നിന്നോളാം. നിങ്ങള്‍ സിദ്ധുവിനെയും കൊണ്ട് പൊയ്ക്കൊള്ളൂ. നാളെ ശാരദക്കുട്ടി സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍ അമ്മയ്ക്ക് ഇങ്ങോട്ട് വരാമല്ലോ.’

അമ്മ മനസ്സില്ലാ മനസ്സോടെയാണ് സമ്മതിച്ചത്. അച്ഛനും അതെ. എന്ത് തന്നെയായാലും അമ്മയോളം വരില്ലല്ലോ ഞാന്‍ നില്‍ക്കുമ്പോള്‍. അച്ഛനാണെങ്കില്‍ ഒന്ന് മൂത്രമൊഴിക്കണമെങ്കില്‍ പോലും പരസഹായം വേണം. പക്ഷെ, ഇതല്ലാതെ വേറെ നിവര്‍ത്തിയില്ല. അങ്ങിനെ വെകുന്നേരമായപ്പോള്‍ അവര്‍ പോയി. ജനിച്ചതില്‍ പിന്നെ സിദ്ധു എന്നെ പിരിഞ്ഞു നിന്നിട്ടേ ഇല്ല. എങ്കിലും ശാരദക്കുട്ടിയോടൊത്ത് അവന്‍ പരിഭവമൊന്നും കൂടാതെ ചിരിച്ചു കളിച്ചു പോയി. ഉള്ളിലൊരു വിങ്ങലോടെ ഞാന്‍ അത് നോക്കി നിന്നു.

അവര്‍ പോയിക്കഴിഞ്ഞതില്‍ പിന്നെ അച്ഛനെ നനഞ്ഞ മുണ്ട് കൊണ്ട് ആകെയൊന്ന് തുടച്ചു കൊടുത്തു. എനിക്ക് തോന്നി, ഈ ഒരു പുണ്യമെങ്കിലും എനിക്ക് കിട്ടുമല്ലോ . സന്തോഷവും സങ്കടവും ഒക്കെയുണ്ടായിരുന്നു എനിക്ക്. ആണുങ്ങളുടെ വാര്‍ഡായത് കൊണ്ട് തന്നെ ചില ചില്ലറ മുന കൂര്‍ത്ത നോട്ടങ്ങള്‍ എന്നെ തേടി വന്നു. അത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ചിലരൊക്കെ ലോഹ്യം ചോദിച്ചു വന്നു. ആശുപത്രിയിലെ ബഹളങ്ങള്‍ക്കിടയില്‍ ഉറങ്ങാനാവാതെ ഞാന്‍ അച്ഛന്‍റെ കട്ടിലിന്‍റെ അരികില്‍ ഇരുന്നു വെറുതെ ഓരോന്നാലോചിച്ച് നിന്നു. സിദ്ധു ഉറങ്ങിക്കാണുമോ, അതല്ല കരയുന്നുണ്ടാവുമോ എന്നൊക്കെ ആ ആലോചനയ്ക്കിടയില്‍ എന്‍റെ മനസ്സിലേക്ക് കയറി വന്നു.

നേരം വെളുത്തു. പറഞ്ഞ പോലെ അമ്മ സിദ്ധുവുമായി വന്നു. അവനു കുഴപ്പമൊന്നും ഇല്ലായിരുന്നു. രാത്രി കരഞ്ഞതുമില്ലതേ. എനിക്ക് സന്തോഷമായി. ഡോക്ടര്‍ വന്നപ്പോള്‍ ഒന്ന് സ്കാന്‍ ചെയ്യാന്‍ പറഞ്ഞു. പണമൊന്നും കയ്യിലില്ല. എന്ത് ചെയ്യും എന്നാലോചിച്ചിരിക്കുന്ന നേരത്താണ് ചെമ്പകത്തെ രാജേട്ടന്‍ വന്നത്. സ്കാന്‍ ചെയ്യാന്‍ പറഞ്ഞിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ പെഴ്സില്‍ നിന്നും എണ്ണിനോക്കുക പോലും ചെയ്യാതെ കുറെ പണം എടുത്ത് അമ്മയുടെ കയ്യിലേക്ക് കൊടുത്തു. അച്ഛനെയും അമ്മയെയും എന്നെയും മാറി മാറി നോക്കി രാജേട്ടന്‍ പറഞ്ഞു.

‘ഒരു വിഷമവും തോന്നേണ്ട. എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ മടിക്കരുത്. ആവശ്യം വരുമ്പോള്‍ സഹായിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തിനാ ഈ സ്വന്തവും ബന്ധവുമൊക്കെ..’

ആ പണം കയ്യില്‍ പിടിച്ച് അമ്മ വിഷമത്തോടെ അച്ഛനെ നോക്കി. അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. സങ്കടം കൊണ്ടാണോ അതോ വേറെ എന്തെങ്കിലും വിഷമം കൊണ്ടാണോ എന്നറിയില്ല. രാജേട്ടന്‍ പിന്നെ അവിടെ നിന്നില്ല. പിറ്റേ ദിവസം സ്കാനിങ് റിസല്‍റ്റിലേക്ക് നോക്കി ഒന്നും മിണ്ടാതെ ഡോക്ടര്‍ പോയി. കൂടെയുണ്ടായിരുന്ന നഴ്സിനോട് അമ്മ ചോദിച്ചു, എന്താ ഒന്നും പറയാതെ പോയതെന്ന്. സാറ് പറഞ്ഞോളും എന്നും പറഞ്ഞു നഴ്സും പോയി. പിന്നെ ഒരു അറ്റന്‍ഡര്‍ വന്ന് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ചെന്നു. വലിയ മുഖവുരയൊന്നുമില്ലാതെ ഡോക്ടര്‍ പറഞ്ഞു.

‘ഒട്ടും പ്രതീക്ഷ വേണ്ട. അച്ഛന്‍ ഇനി ഒരിക്കലും എഴുന്നേല്‍ക്കില്ല. വേണമെങ്കില്‍ വേറെ ചികിത്സകള്‍ നോക്കാം. ഫലമൊന്നും കിട്ടാന്‍ വഴിയില്ല. മുറിവുകള്‍ ഭേദമായാല്‍ വീട്ടില്‍ പോകാം.’

ആ ആശുപത്രി ആകെപ്പാടെ ഇടിഞ്ഞു പൊളിഞ്ഞു എന്‍റെ തലയില്‍ വീണ പോലെയാണ് എനിക്ക് തോന്നിയത്. തല മിന്നുന്ന പോലെ. ഭാവി ഒരു വൃത്തികെട്ട ജന്തുവിനെ പോലെ എന്നെ നോക്കി ഇളിച്ചു കാണിക്കുന്നു. കാറ്റു പിടിച്ച ആലില പോലെ വിറച്ച് കൊണ്ടാണ് ഞാന്‍ അച്ഛന്‍റെ കട്ടിലിന്‍റെ അരികിലെത്തിയത്. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു. എന്ത് പറ്റി, എന്താ ഡോക്ടര്‍ പറഞ്ഞത് എന്ന അമ്മയുടെ ചോദ്യത്തില്‍ ഒരു കടലോളം ആധിയുണ്ടായിരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടെ ഞാന്‍ അമ്മയോട് അതെങ്ങിനെയൊക്കെയോ പറഞ്ഞു. ഒരു തേങ്ങല്‍ കേട്ട് നോക്കിയപ്പോള്‍ അച്ഛന്‍റെ കണ്ണുകള്‍ രണ്ടു കടലായി മാറിയിട്ടുണ്ടായിരുന്നു. അമ്മ ഒരു അമര്‍ത്തിയ കരച്ചിലോടെ കയ്യില്‍ തല താങ്ങി നിലത്ത് തളര്‍ന്നിരുന്നു. ചുറ്റും കൂടിയ ആളുകള്‍ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നും കേട്ടില്ല. ഒന്നും പറഞ്ഞുമില്ല.

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top