മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

mukhyamanthriyum bannerലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനവിധി തെറ്റിദ്ധാരണകൊണ്ട് സംഭവിച്ചതാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് അതിന്റെ വസ്തുതയും പ്രത്യാഘാതവും മനസിലാക്കാതെയാണെന്ന് വിശ്വസിക്കട്ടെ. രാഷ്ട്രീയ പ്രബുദ്ധതയുടെ നാടായി ലോകം അംഗീകരിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയില്‍നിന്ന് ഇത്തരമൊരു പ്രതികരണം ആരും പ്രതീക്ഷിക്കുന്നതല്ല.

PHOTOപതിനേഴാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതിയത് ആലോചിച്ചുറപ്പിച്ച തീരുമാനത്തിന്റെ ഭാഗമായാണ്. തെരഞ്ഞെടുപ്പില്‍ കണ്ട ഉയര്‍ന്ന വോട്ടിംഗ് ശതമാനവും അതിനിടയാക്കിയ വോട്ടര്‍മാരുടെ പതിവില്‍ക്കവിഞ്ഞ പങ്കാളിത്തവും വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കു കിട്ടിയ വന്‍ ഭൂരിപക്ഷവും അത് കൃത്യമായി അടയാളപ്പെടുത്തി. തെരഞ്ഞെടുപ്പുവിധി മുഖ്യമന്ത്രിക്കും ഇടതുപക്ഷ നേതൃത്വത്തിനും അപ്രതീക്ഷിതമായി തോന്നിയെങ്കിലും. ജനങ്ങള്‍ തെറ്റിദ്ധരിച്ച് ചെയ്ത, പശ്ചാത്തപിച്ച് വൈകാതെ തിരുത്താന്‍പോകുന്ന ഒരു അബദ്ധമെന്ന് ജനവിധിയെ ആരു വിലയിരുത്തിയാലും അത് വസ്തുനിഷ്ഠമോ ശാസ്ത്രീയമോ അല്ല. സത്യം മുഖവിലയ്‌ക്കെടുത്ത് അംഗീകരിക്കുന്നതിലുള്ള വൈമുഖ്യത്തിന്റെ ന്യായീകരണം മാത്രമാണ്.

കഴിഞ്ഞ ഡിസംബര്‍ 11ന് ബി.ജെ.പിയുടെ നെടുങ്കോട്ടകളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. അഞ്ചു മാസങ്ങള്‍ക്കുശേഷം നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ അവിടങ്ങളില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് ബി.ജെ.പി വിജയിച്ചു. നിമസഭാ തെരഞ്ഞെടുപ്പില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ തെറ്റു തിരുത്തിയതാണെന്ന് ബി.ജെ.പിപോലും പറഞ്ഞുകേട്ടില്ല. പിണറായിയുടെ വാദമനുസരിച്ച് ഇനി അവര്‍ക്കങ്ങനെ വ്യാഖ്യാനിക്കാമെങ്കിലും.

മേല്‍പ്പറഞ്ഞ മൂന്നു സംസ്ഥാനങ്ങള്‍ ബി.ജെ.പിക്കു നഷ്ടമായത് പിണറായി ഉള്‍പ്പെട്ട സി.പി.എം കേന്ദ്രകമ്മറ്റി വിലയിരുത്തിയത് ഇവിടെ ഓര്‍ത്തുപോകുന്നു:

തെരഞ്ഞെടുപ്പില്‍ കീഴടക്കാനാകാത്ത ശക്തിയാണ് ബി.ജെ.പി എന്ന കാല്പനിക കഥ വോട്ടര്‍മാര്‍ തകര്‍ത്തെറിഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബി.ജെ.പി തുടരുന്ന നയങ്ങളുടെ ഫലമായി ജനങ്ങളുടെ അതൃപ്തിയും ദുരിതങ്ങളും വര്‍ദ്ധിക്കുന്നു. ജനജീവിതത്തിനുമേലുള്ള അത്തരം കടന്നാക്രമണങ്ങള്‍ക്കുനേരെ എല്ലാ വിഭാഗം ജനങ്ങളിലും സമരങ്ങള്‍ വളര്‍ന്നുവരുന്നു. പ്രത്യേകിച്ച് കൃഷിക്കാര്‍ക്കും തൊഴിലാളിവര്‍ഗത്തിനും കാര്‍ഷിക തൊഴിലാളികള്‍ക്കും ഇടയില്‍ ഉയരുന്ന പ്രക്ഷോഭങ്ങള്‍. അതായിരുന്നു മൂന്നിടങ്ങളിലും ബി.ജെ.പിയെ തിരസ്‌ക്കരിക്കുന്നതിന്റെ മുഖ്യമായ ഘടകം. വിലക്കയറ്റം മുതല്‍ നോട്ടുറദ്ദാക്കലും ജി.എസ്.ടി നടപ്പാക്കലും ഉള്‍പ്പെടെയുള്ള നടപടികളടക്കം അവരുടെ തോല്‍വിക്കു കാരണമായെന്ന് കേന്ദ്രകമ്മറ്റി വിലയിരുത്തി. എങ്കിലും ആര്‍.എസ്.എസ് – ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണി അവസാനിച്ചിട്ടില്ലെന്നുകൂടി സി.പി.എം വസ്തുതാപരമായി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പി മുന്നിലാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്രകമ്മറ്റി ചൂണ്ടിക്കാട്ടി.

അല്ലെങ്കിലും ദേശീയ ഗവണ്മെന്റിനെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ എടുക്കുന്ന നിലപാടല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ സ്വീകരിക്കാറ്. മറിച്ചും. ഇത്തവണ ബി.ജെ.പി ലോകസഭയില്‍ ഭൂരിപക്ഷം സീറ്റുകളും നേടിയ ഒഡീഷയില്‍ സംസ്ഥാനഭരണം അഞ്ചാംതവണയും ബിജു ജനതാദളിനാണ് ഒരേ പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ രേഖപ്പെടുത്തിയത്. അത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലല്ല. വോട്ടര്‍മാരുടെ അളന്നുതൂക്കിയുള്ള കൃത്യമായ ധാരണയുടെ അടിസ്ഥാനത്തിലാണ്. മാര്‍ക്‌സിസം – ലെനിനിസം പറയുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ധാരണയില്ലാത്ത കാര്യമല്ല ഇത്.

പിണറായിയുടെ മുന്‍ഗാമിയായ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് അത് നേരത്തെ പറഞ്ഞുവെച്ചിട്ടുണ്ട്: ഓരോ പാര്‍ട്ടിക്കും അനുകൂലമായി രേഖപ്പെടുത്തപ്പെട്ട വോട്ടുകള്‍ അവയ്ക്കു പിന്നിലുള്ള മനുഷ്യരുടെയും അവരുടെ വികാര വിചാരങ്ങളുടെയും ഫലമാണ്. ഈ വികാരവിചാരങ്ങളുടെ പരസ്പര സംഘട്ടനങ്ങളുടെ സൃഷ്ടിയാണത്. ഈ സംഘട്ടനങ്ങള്‍മൂലം ഒരാള്‍തന്നെ ഒരു ഘട്ടത്തിലെ ഒരു പാര്‍ട്ടിയേയും മറ്റൊരു ഘട്ടത്തില്‍ മറ്റൊന്നിനെയും പിന്താങ്ങുന്നു. ഇത് ബുദ്ധിമാന്മാരും സമര്‍ത്ഥന്മാരും വിദഗ്ധന്മാരും എന്നഭിമാനിക്കുന്നവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമെന്ന് ഇ.എം.എസ് ചൂണ്ടിക്കാട്ടിയിരുന്നു.

അങ്ങനെ മുഖ്യമന്ത്രി പിണറായിയുടെയും ഇടതുപക്ഷ പാര്‍ട്ടി അധികാരികളുടെയും കണക്കു കൂട്ടലുകള്‍ ഇത്തവണ കേരളത്തില്‍ വോട്ടര്‍മാര്‍ തെറ്റിച്ചു എന്നതാണ് യഥാര്‍ത്ഥ വസ്തുത. കണക്കു കൂട്ടലുകാരുടെ ആജ്ഞകള്‍ക്ക് വശംവദരാകാതെ സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്ന ജീവനുള്ള മനുഷ്യരാണ് വോട്ടര്‍മാര്‍ എന്നാണ് ഇ.എം.എസ് അതിന്റെ കാരണം ചൂണ്ടിക്കാട്ടിയത്. അത് 1957ലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലായിരുന്നെങ്കില്‍ ഇപ്പോഴാകട്ടെ തെരഞ്ഞെടുപ്പ് തന്റെ ഗവണ്മെന്റിന്റെകൂടി വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 20ല്‍ 19 സീറ്റിലും പരാജയപ്പെട്ടതിന്റെ പിറകിലുള്ള വോട്ടര്‍മാരുടെ വികാരത്തെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നില്ല എന്നതാണ് പിണറായി നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി.

കേരളത്തിലെ വോട്ടര്‍മാര്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന വ്യാഖ്യാനം അതു മറച്ചുപിടിക്കുന്നതിനാണ്. നവോത്ഥാനമൂല്യങ്ങളുടെ രാഷ്ട്രീയ കേദാരമായ, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളം നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റു നല്‍കിയാണ് രാജ്യത്തെ ഏക ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാറിനെ അധികാരത്തിലേറ്റിയത്. അവര്‍തന്നെ ഇത്തവണ തെറ്റിദ്ധരിക്കപ്പെട്ട് വോട്ടുചെയ്തു എന്ന് കുറ്റപ്പെടുത്തുന്നതിന്റെ അടിസ്ഥാനമെന്താണ്? എല്‍.ഡി.എഫിനെ വോട്ടു ചെയ്ത് വിജയിപ്പിക്കാത്തതുകൊണ്ട് മാത്രം അത്തരമൊരു നിര്‍ണ്ണയത്തിലേക്ക് എത്തിച്ചേരാന്‍ എങ്ങനെയാണ് മാര്‍ക്‌സിസ്റ്റുകാര്‍ കഴിയുക?

നരേന്ദ്രമോദിയുടെ ബി.ജെ.പി ഗവണ്മെന്റ് അധികാരത്തിലേറിയതിന് പിറകെയാണ് 2015ല്‍ വിശാഖപട്ടണത്ത് സി.പി.എമ്മിന്റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നത്. മോദി ഗവണ്മെന്റിനെ താഴെയിറക്കുകയാണ് മുഖ്യ കടമയെന്ന് തീരുമാനിച്ചതും. അത്രയും കാലേക്കൂട്ടി എടുത്ത രാഷ്ട്രീയ തീരുമാനം 2018ല്‍ തെലങ്കാനയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആവര്‍ത്തിച്ചതുമാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ദേശീയരാഷ്ട്രീയം സംബന്ധിച്ച നിരന്തര പരിശോധനകളുടെയും അവലോകനങ്ങളുടെയും ഫലമായി സി.പി.എം രൂപപ്പെടുത്തിയതാണ് ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ. രാജ്യത്തിനും ജനങ്ങള്‍ക്കുംമേലുള്ള മഹാദുരന്തമാണ് നരേന്ദ്രമോദി ഗവണ്മെന്റെന്ന മുന്നറിയിപ്പ് അതിന്റെ ആദ്യവാചകത്തില്‍തന്നെ നല്‍കുന്നു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷ – ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭാവിതന്നെ അപകടത്തിലാണ്. രാജ്യത്തെ വോട്ടര്‍മാരുടെ മുമ്പിലുള്ള പ്രാഥമിക ദൗത്യം മോദി ഗവണ്മെന്റിന്റെ പരാജയം ഉറപ്പാക്കുകയാണെന്നാണ് മാനിഫെസ്റ്റോ ആഹ്വാനംചെയ്തത്. അതുതന്നെയാണ് ബി.ജെ.പിയുടെ ഒരു പ്രതിനിധിയെപോലും ലോകസഭയിലേക്ക് അയക്കില്ലെന്ന ഖണ്ഡിത തീരുമാനം കേരളത്തില്‍ ജനങ്ങള്‍ നിറവേറ്റിയത്. അത് രാഷ്ട്രീയമായ തെറ്റിദ്ധാരണയുടെ ഫലമാണെന്ന് സി.പി.എമ്മിന് എങ്ങനെ പറയാന്‍ കഴിയും. ആഗ്രഹിച്ചതും അവകാശപ്പെട്ടതുമായ 20 സീറ്റിലും ഇടതുപക്ഷത്തെ വിജയിപ്പിച്ചില്ല എന്നതുകൊണ്ട് തെരഞ്ഞെടുപ്പിലെ മുഖ്യലക്ഷ്യം നിറവേറിയത് തെറ്റാകുന്നില്ല.

19 സീറ്റിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കു പകരം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചതിന് വോട്ടര്‍മാരെ എങ്ങനെ കുറ്റപ്പെടുത്തും? സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ – ജനാധിപത്യ മുന്നണിക്ക് എതിരായി വോട്ടുചെയ്യാന്‍ അവരെ പ്രേരിപ്പിച്ച ഘടകമെന്താണ് എന്നാണ് യഥാര്‍ത്ഥത്തില്‍ പരിശോധിക്കേണ്ടത്. ജനവിധി ഉള്‍ക്കൊണ്ടാലേ അതിനുള്ള വിനയവും സമീപനവും ഉണ്ടാവുകയുള്ളൂ.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ പരാജയത്തിന് ആ പാര്‍ട്ടിയുടെ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ ഭരണനയങ്ങളാണെന്ന് കണ്ടെത്തുന്ന സി.പി.എമ്മിന് കേരളത്തിന്റെ കാര്യത്തില്‍ ആ തത്വം സ്വീകാര്യമാകാതെ പോകുന്നു! 17 -ാം ലോകസഭാ തെരഞ്ഞെടുപ്പില്‍തന്നെ നാലുതവണ അധികാരത്തിലിരുന്ന നവീന്‍ പട്‌നായിക്ക് ഗവണ്മെന്റിനെ ഭരണവിരുദ്ധ വികാരം ഇത്തവണയും ബാധിച്ചില്ല. മൂന്നുവര്‍ഷം അധികാരത്തിലിരുന്ന എല്‍.ഡി.എഫ് ഗവണ്മെന്റിന് അതിശക്തമായ ഭരണവിരുദ്ധവികാരം ഉണ്ടാകാതെ ഇത്തരമൊരു തെരഞ്ഞെടുപ്പു വിധി ഉണ്ടാവില്ല. പരാജയം അനാഥനാകുമ്പോള്‍ അത് വ്യാഖ്യാനിക്കാന്‍ കുരുടന്‍ ആനയെ കണ്ടതുപോലെ തരാതരം കാരണം അവതരിപ്പിക്കാവുന്നതാണ്. പക്ഷെ അത് സത്യസന്ധവും വസ്തുതാപരവും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതുമാകില്ല. അധീശത്വമുള്ള മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും പാര്‍ട്ടിക്കോ മുന്നണിക്കോ മേല്‍ അത് അടിച്ചേല്‍പ്പിക്കാന്‍ ഔദ്യോഗികമായി സാധ്യമായേക്കാമെങ്കിലും.

അങ്ങനെ ചെയ്യുന്നത് ജനവിധിയെ പുച്ഛിക്കുന്നതും ജനങ്ങളെയും ജനാധിപത്യ വ്യവസ്ഥയെയും അവഹേളിക്കുന്നതുമാണ്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധതയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും വികാരഭരിതനായി കുറ്റപ്പെടുത്തിയിരുന്നു. ബി.ജെ.പിക്ക് വോട്ടര്‍മാര്‍ പൂജ്യം സമ്മാനിച്ചപ്പോള്‍. ബി.ജെ.പി പ്രസിഡന്റിന്റെ നിലപാടുതന്നെയാണ് മറ്റൊരു ഭാഷയില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും പ്രകടിപ്പിച്ചത്.

വോട്ടര്‍മാര്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടികളുടെ ഇഷ്ടത്തിനൊത്ത് ആടിപ്പാടുന്ന പാവക്കൂട്ടങ്ങളാണെന്ന അഹംബോധമാണ് ഇത്തരം നിലപാടുകളെ നിര്‍ണ്ണയിക്കുന്നത്. നിരക്ഷരരും അര്‍ദ്ധസാക്ഷരരും ഒക്കെയടങ്ങുന്ന ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ഉടമകളായ ജനങ്ങള്‍ ഇത് പൊറുക്കില്ല. തിരിച്ചടിയേല്‍ക്കുമ്പോഴെങ്കിലും രാഷ്ട്രീയ യജമാനന്മാര്‍ ഇത് തിരിച്ചറിയണം. കേന്ദ്രത്തിലേയോ സംസ്ഥാനത്തേയോ അധികാരപ്രമത്തതയില്‍ ജനങ്ങളുടെ ദാസന്മാരാണ് തങ്ങളെന്ന് മറക്കുന്നത് ജനാധിപത്യത്തിന് വലിയ അപകടം ചെയ്യും.

ഇത്തവണ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുമ്പുതന്നെ ഇടതുപാര്‍ട്ടികള്‍ പാര്‍ട്ടിയെയും വര്‍ഗ – ബഹുജന സംഘടനകളെയും തെരഞ്ഞെടുപ്പു കളത്തിലിറക്കിയിരുന്നു. ഭരണസ്വാധീനത്തില്‍ സൈന്യങ്ങളെ വിന്യാസിക്കുംപോലെ ഏകപക്ഷീയമായി കളംനിറഞ്ഞ് അവര്‍ കളിക്കുകയായിരുന്നു. കോടികള്‍ ചെലവായ 20 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിലും ആളും വേണ്ടതിലേറെ അര്‍ത്ഥവുമായി എല്‍.ഡി.എഫ് പതാകവാഹകര്‍ മുന്നേറി. മണ്ഡലമാകെ മൂന്നുവട്ടം പ്രചാരണം നടന്നിട്ടും ഒരുമാസവും പത്തുദിവസവും കഴിഞ്ഞാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഓടിക്കിതച്ച് കളത്തിലിറങ്ങിയത്. എന്നിട്ടും യു.ഡി.എഫ് പ്രചരണം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്ഥാപിച്ചെടുക്കാനാണ് ശ്രമം. തങ്ങളുടെ തെരഞ്ഞെടുപ്പു ലക്ഷ്യത്തിന്റെയും പ്രചാരണത്തിന്റെയും അരാഷ്ട്രീയതയും പൊള്ളത്തരവും ആസൂത്രണപിഴവും നേതൃത്വത്തിലിരിക്കുന്നവര്‍ മനക്കോട്ട കെട്ടിയ ഏതോ രഹസ്യ അജണ്ടകളും ആയിരിക്കും തീര്‍ച്ചയായും ഇത്തവണ ഈ മതനിരപേക്ഷശക്തികളുടെ പോരാട്ടത്തില്‍ ഇടതുപക്ഷത്തെ കയ്യൊഴിയാന്‍ തീരുമാനിച്ചത് ജനവിധിയില്‍ പങ്കാളികളായ 2 കോടി 61 ലക്ഷത്തിലേറെ വോട്ടര്‍മാരാണ്. അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടത് ഇടതുപക്ഷ പാര്‍ട്ടി നേതൃത്വങ്ങളാണ്.

എം.പിമാരായി വിജയിച്ചവരിലെ എം.എല്‍.എമാര്‍ രാജിവെക്കുന്ന ഒഴിവില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കാണിച്ചുതരാമെന്നാണ് യു.ഡി.എഫിനോട് മുഖ്യമന്ത്രി നടത്തിയ വെല്ലുവിളിയുടെ പൊരുള്‍. തോല്‍വി അംഗീകരിക്കുകയും അതിനിടയാക്കിയ കാരണങ്ങള്‍ തിരുത്തി ബോധ്യപ്പെടുത്തി ജനവിശ്വാസം തിരിച്ചുപിടിക്കുകയുമാണ് യഥാര്‍ത്ഥ ഇടതുപക്ഷ നിലപാട്. തിരിച്ചുവരണമെന്ന് യഥാര്‍ത്ഥത്തില്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍. ചൊട്ടുവിദ്യകള്‍കൊണ്ട് പൊറുക്കുന്നതല്ല ഇടതുപക്ഷത്തിനു പറ്റിയ പരിക്കെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതും അവരുടെ നേതൃത്വംതന്നെയാണ്.

Print Friendly, PDF & Email

Related News

Leave a Comment