ഒരു മകന്റെ ഓര്‍മ്മകള്‍ (കവിത)

oru makante ormakal banner

(ഈ പിതൃദിനത്തില്‍, ഈ കവിത എല്ലാ പിതാക്കള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു)

പിച്ചവച്ചാദ്യം നടക്കാന്‍ പഠിപ്പിച്ചോ
രച്ഛനുണ്ടെന്‍റെ സ്മൃതിപഥത്തില്‍!
ഉള്ളിലൊളിക്കുവാനാവാതെ വാത്സല്യം
തുള്ളി ചോരാതമ്മ കാട്ടിടുമ്പോള്‍,

ഉള്ളിലൊഴുകും തന്‍ സ്നേഹത്തില്‍ ധാരകള്‍
ഉള്ളിലൊതുക്കി കഴിക്കുമച്ഛന്‍!
തോളില്‍ ചുമന്നും തന്നൊക്കത്തിരുത്തിയും
ലാളിച്ചുമെന്നെ വളര്‍ത്തൊരച്ഛന്‍!

മാനത്തെ നക്ഷത്ര ജാലത്തേമമ്പിളി
മാമനേം കാട്ടി കഥകള്‍ ചൊല്ലി,
മാറോടു ചേര്‍ത്തെന്നെയാശ്ലേഷിച്ചായിര
മുമ്മകള്‍ തന്നു വളര്‍ത്തൊരച്ഛന്‍!

ഓഫീസു വിട്ടു വീടെത്തിയ മാത്രയില്‍
ഓടിവന്നെന്നെയെടുക്കുമച്ഛന്‍!
പോക്കറ്റു തപ്പിയതില്‍ നിന്നു മിട്ടായി
പായ്കറ്റെന്‍ കെക്കുള്ളിലാക്കിടുമ്പോള്‍,

ഒച്ചവയ്ക്കാതാരും കണ്ടില്ലെന്നോര്‍ത്തു ഞാന്‍
ഒന്നൊന്നായ് മെല്ലെ നുണഞ്ഞിടുമ്പോള്‍,
കള്ളച്ചിരി തൂകിയമ്മയോടായ് ചൊല്ലും
‘കൊള്ളാമല്ലോ നിന്‍റെ പുന്നാരമോന്‍’!

എന്നെ തോളിലേറ്റി, സായന്തനങ്ങളില്‍
എന്നും നടക്കുവാന്‍ പോയിരുന്നു!
പോകും വഴിക്കുള്ള ദൃശ്യമെല്ലാം, വിട്ടു
പോകാതുടന്‍ ചൊല്ലി തന്നിരുന്നു!

അച്ഛനെനിക്കെന്നും ജീവിത യാത്രയില്‍
സ്വച്ഛത കാംക്ഷിച്ചോരാത്മമിത്രം !
ഭക്ഷണം, വാത്സല്യം, ‘അമ്മ’ തരും നേരം
ശിക്ഷണം, കര്‍ക്കശം നല്‍കിയച്ഛന്‍!

കൃത്യത്തില്‍ നിഷ്ഠയും വാക്കില്‍ കണിശവും
സത്യവും, ധര്‍മ്മവും ചൊല്ലിത്തന്നു!
നല്ലൊരു ഭാവിതന്‍ വാതില്‍ തുറന്നേകി
അല്ലലില്ലാത്തൊരു ജീവിതവും!

വാസനകള്‍ നമ്മിലില്ലാതാകും വരെ
വന്നു പോകും നമ്മളീമഹിയില്‍!
ഏകണമേയതേ, യച്ഛനേമമ്മയേം
എത്ര ജന്മം ഞാന്‍ എടുക്കുകിലും!

PHOTO of Shankar-2small

Print Friendly, PDF & Email

Related News

4 Thoughts to “ഒരു മകന്റെ ഓര്‍മ്മകള്‍ (കവിത)”

  1. Sreenivas

    Excellent poem; this should be incorporated in the next issue of Malayalam academic text books.

  2. R.Chellan

    Excellent.Covers all aspects of fatherly love in depth.

  3. Geetha

    Lovely and nostalgic! The picture of a glorious past where feelings were real and pleasures were genuine…. Not currepted by the intervention of Mobille relations and virtual pleasures.

  4. പദ്യത്തിന്റെ സുഖവും പദത്തിന്റെ രസവും ലളിതമായി എല്ലാവര്‍ക്കും ആസ്വദിക്കാം

Leave a Comment