ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

b9482c8f_f528_479c_83c5_a585d5c9edb5കൊച്ചി: വിദ്യാഭ്യാസ പരിഷ്കരണത്തിനുള്ള ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഇത് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്കാരം നടപ്പാക്കുന്നതെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ സ്റ്റേ സർക്കാറിന് തിരിച്ചടിയായി.

നിയമസഭയില്‍ ആലോചിക്കാതെയും സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാതെയും വിദ്യാഭ്യാസരംഗത്ത് വലിയ പരിഷ്കരണം കൊണ്ടു വന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷവും പ്രതിപക്ഷ അധ്യാപകസംഘടനകളും സമരരംഗത്താണ്.

സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ.എം.എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമാണ്. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സർക്കാർ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഖാദര്‍ കമ്മീഷന് രൂപം നല്‍കിയത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക, സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടേയും നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിക്ഷിപ്തമാക്കുക, വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് അധ്യാപകരെ പ്രൊഫഷണലുകളാക്കി മാറ്റുക, ഇതിൻറെ ഭാഗമായി അധ്യാപക യോഗ്യതകളെല്ലാം ഉയർത്തുക, വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവർത്തന ഘടകം സ്കൂളാക്കുക, ഒരു സ്കൂളിന് ഒരു സ്ഥാപന മേധാവി മാത്രം ഉണ്ടാവുക, മുഴുവൻ വൊക്കേഷണൽ ഹയർസെക്കൻററി സ്കൂളുകളും സെക്കൻററി സ്കൂളുകളായി മാറ്റുക, യുപി-ഹൈസ്കൂള്‍ സ്ഥാപന മേധാവികളെ പ്രിൻസിപ്പാൾ (സെക്കൻററി), പ്രിൻസിപ്പാൾ (ലോവർ സെക്കൻററി), പ്രിൻസിപ്പാൾ (പ്രൈമറി), പ്രിൻസിപ്പാൾ (ലോവർ പ്രൈമറി) എന്നിങ്ങനെയാക്കുക തുടങ്ങിയവയായിരുന്നു ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍.

Print Friendly, PDF & Email

Related posts

Leave a Comment