ജൂറി തീരുമാനം അന്തിമം; കാർട്ടൂൺ പുരസ്ക്കാരം പുനഃപരിശോധിക്കില്ലെന്ന് അക്കാദമി

cartoon-തൃശ്ശൂർ: ഏറെ വിവാദങ്ങൾക്ക് വഴി വെച്ച ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്കാരത്തിന് മാറ്റമില്ല. അവാർഡ് പുനഃപരിശോധിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം ലളിതകലാ അക്കാദമിയുടെ ഭാരവാഹികൾ തള്ളി. ജൂറി തീരുമാനം അന്തിമമാണെന്ന് ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു. തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി.

ജലന്ധർ ബിഷപ്പായിരുന്ന, കേസുകളിൽപ്പെട്ട ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട വിഷയം ചിത്രീകരിച്ച കെ കെ സുഭാഷിന്‍റെ കാർട്ടൂണിന് ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചതോടെയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്‍റെ സഹപ്രസിദ്ധീകരണമായ ‘ഹാസ്യകൈരളി’യിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. കാർട്ടൂണിനെതിരെ വിവിധ സംഘടനകൾ രംഗത്ത് വന്നതോടെയാണ് അവാർഡ് പുനഃപരിശോധിക്കാൻ മന്ത്രി എ കെ ബാലൻ നിർദ്ദേശിച്ചത്.

1560340992_2019-kerala-lalithakala-academy-awards-cartoon(1)സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ കാർട്ടൂൺ പരിശോധിച്ചുവെന്നും ആ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നും സാംസ്കാരിക മന്ത്രി എ.കെ ബാലൻ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങൾ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നു.

ഭരണഘടനാപരമായോ , മതപരമായോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ നിയമസഹായം തേടാനും തൃശ്ശൂരില്‍ ചേര്‍ന്ന ലളിതകലാ അക്കാദമി ഭരണസമിതി യോഗം തീരുമാനിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അക്കാദമി നിലകൊള്ളുന്നത്. അതിന് വ്യത്യസ്തമായി ഭരണഘടനാപരമായി ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും അക്കാദമി ചെയര്‍മാന്‍ പുഷ്പരാജ് വ്യക്തമാക്കി.

കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തെരഞ്ഞെടുത്ത കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്നും ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുകയെന്ന ലക്ഷ്യമാണിതിനു പിന്നിലെന്നും കെസിബിസി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് അഭിപ്രായപ്പെട്ടിരുന്നു.

പുനഃപരിശോധനയിലുറച്ച് മന്ത്രി എ.കെ. ബാലൻ

a.k.balan_അതേസമയം, ലളിതകലാ അക്കാദമിയുടെ വിവാദമായ കാർട്ടൂൺ പുരസ്‌കാരം പുനഃപരിശോധിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ. സർക്കാർ നിലപാടിലുറച്ച് നിൽക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

മതവികാരങ്ങൾ വ്രണപ്പെടുത്തുന്നത് സർക്കാർ നയമല്ലെന്നും പുരസ്‌കാരം നൽകിയ നടപടി പുന: പരിശോധിക്കുമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. മത പ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ച് കാർട്ടൂണിനെ ലളിത കലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതിനോട് സർക്കാരിന് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുളള കൈകടത്തലല്ലെന്നും മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment