ബിനോയ് കോടിയേരിയ്‌ക്കെതിരായ പരാതില്‍ നടപടി തുടങ്ങി; യുവതി നല്‍കിയ തെളിവുകള്‍ പരിശോധിക്കുന്നു

bineshബിനോയ് കോടിയേരിയ്‌ക്കെതിരായ യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് നടപടി തുടങ്ങി. യുവതി നല്‍കിയിരിക്കുന്ന തെളിവുകളെല്ലാം പൊലീസ് പരിശോധിക്കും. യുവതിയും ബിനോയിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ തുടങ്ങിയവയാണ് പൊലീസ് പരിശോധിക്കുന്നത്.

അന്വോഷണത്തിന്റെ ഭാഗമായി ബിനോയിയെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടിയിലേക്ക് പൊലീസ് കടന്നിട്ടില്ല. ആദ്യപടിയായി നോട്ടീസ് നല്‍കിയേക്കും.

അതേസമയം യുവതി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നെന്ന് ആരോപിച്ച് കണ്ണൂര്‍ പൊലീസിന് ബിനോയ് നല്‍കിയ പരാതിയിന്‍മേല്‍ നടപടിയെടുക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് പൊലീസ്. കേസ് നടന്നത് മുംബൈയിലായതിനാല്‍ അവിടുത്തെ പരിശോധനകള്‍ കഴിഞ്ഞ ശേഷമേ കേസെടുക്കാന്‍ കഴിയൂവെന്നാണ് പൊലീസിന്റെ നിലപാട്.

കോടിയേരി ബാലകൃഷ്ണന്റെ കുടുംബം എന്നും വിവാദകേന്ദ്രം തന്നെയായിരുന്നു. പ്രത്യേകിച്ച് മക്കളുടെ വഴിവിട്ട ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും കോടിയേരിയുടെ പേരിനെ മറയാക്കിയാണ് നടന്നതെന്ന് മുമ്പും ആരോപണങ്ങള്‍ ശക്തമായിരുന്നു. നിരവധി പെണ്‍കുട്ടികളുമൊത്തുള്ള കോടിയേരിയുടെ മക്കളുടെ ചിത്രങ്ങള്‍ ഏറെ മുമ്പെ സോഷ്യല്‍ മീഡിയയില്‍ തന്നെ ചലനം സൃഷ്ടിച്ചിരുന്നു. 2006 മുതല്‍ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദ സഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം പാര്‍ട്ടിക്കും ഏപ്പോഴും തലവേദന സൃഷ്ടിച്ചിരുന്നു.

kodiyerivകേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ കല്ലറ തലായി എല്‍.പി. സ്‌കൂള്‍ അദ്ധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി ജനിച്ച കോടിയേരി മികച്ചൊരു സംഘാടകനായിരുന്നു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ നയിച്ച് പാര്‍ട്ടി സെക്രട്ടറിയായ നേതാവ്. കേരളത്തിലെ സിപിഎമ്മിലെ രണ്ടാമന്‍. ഇത്തരമൊരു നേതാവിന്റെ മക്കളെ കൊണ്ട് പൊറുതി മുട്ടുകയാണ് സിപിഎം. ശബരിമല വിഷയം ആളികത്തിയപ്പോള്‍ സി.പി.എം 20 ല്‍ 19 ലോക്‌സഭാ സീറ്റിലും തോറ്റു. ഈ പ്രശ്‌നത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോഴാണ് വീണ്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി കോടിയേരിയുടെ മകനെതിരെ പീഡന ആരോപണമെത്തുന്നത്.

ഇപ്പോള്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ബലാല്‍സംഗ കേസിന്റെ നിജസ്ഥിതി എന്താണെന്നത് അന്വേഷണത്തിലൂടെ ബോധ്യപെടേണ്ടതാണെങ്കിലും സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയും പുതിയ ആരോപണം വല്ലാതെ പ്രതിരോധത്തിലാക്കും. ഒമ്പത് വര്‍ഷക്കാലം വിവാഹ വാഗ്ദാനം ചെയ്ത് പിഡിപ്പിച്ചുവെന്ന് ആരോപണമാണ് ബിഹാര്‍ സ്വദേശിനി ഉന്നയിക്കുന്നത്. മുംബൈയില്‍ ബാര്‍ ഡാന്‍സറായിരുന്ന തനിക്ക് ബിനോയ് ബാലകൃഷ്ണന്‍ വിവാഹിതനായിരുന്നുവെന്ന് അറിയില്ലെന്നാണ് യുവതി പറയുന്നത്. ഈ മാസം 13 നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയെ അറിയാമെന്ന് സമ്മതിച്ച ബിനോയ് ബാലകൃഷ്ണന്‍, എന്നാല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. ഭീഷണിപ്പെടുത്താനാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിനോയ് പറയുന്നത്. പണം തട്ടുകയെന്നതാണ് ആരോപണത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്നും ഇദ്ദേഹം മറുആരോപണം ഉന്നയിക്കുന്നു. ഇതിനെ നിയമപരമായി നേരിടുമെന്നാണ് അദ്ദേഹം പറയുന്നത്.

നേരത്തെ ദുബായിയിലെ വ്യവസായിയാണ് കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി കടന്നു കളഞ്ഞെതെന്ന് ആരോപണവുമായി രംഗത്തെത്തിയത്. പണം തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെയായപ്പോള്‍ വ്യവസായി സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കുകയായിരുന്നു. ദുബായ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ബിനോയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും ദുബായില്‍നിന്ന് പുറത്തുപോകുന്നതിന് യാത്രാവിലക്ക് ഏര്‍പ്പെടത്തുകയും ചെയ്തിരുന്നു. പത്തുലക്ഷം ദിര്‍ഹം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു കേസ്. പിന്നീട് ഉന്നത ഇടപടെലിലൂടെ കേസ് ഒതുക്കി തീര്‍ത്തു. ഇതിന് ശേഷവും ബിനോയ് അച്ഛന് തലവേദനയായി മാറുകയാണ്. ആരോപണം ഉന്നയിക്കുന്ന കുട്ടിയുടെ അച്ഛനെ ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താം. അതുകൊണ്ട് തന്നെ ഈ കേസില്‍ സത്യം പുറത്തുവരുമെന്ന് ഉറപ്പാണ്.

പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി., തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതല്‍ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. ബിജെപിയാണ് മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്നത്. കണ്ണൂരിലെ രാഷ്ട്രീയത്തില്‍ നിറഞ്ഞ കോടിയേരിയുടെ മകനെതിരായ കേസ് ബിജെപി ആയുധമായി ഉപയോഗിക്കാനും സാധ്യതയുണ്ട്. പാര്‍ട്ടിക്ക് എന്നും പ്രശ്‌നങ്ങള്‍ നല്‍കിയ കോടിയേരിയുടെ കുടുംബകാര്യത്തില്‍ സിപിഎമ്മും ഇനി ഇടപെടില്ല. രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലും വിവാദങ്ങളുടെ സന്തത സഹചാരികള്‍ ആണ് കോടിയേരിയുടെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും.

രവി പിള്ളയുടെ ആര്‍പി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു മുന്‍പ് ബിനീഷ് കോടിയേരി. ഏഴു ലക്ഷത്തോളം രൂപ മാസശമ്പളം വാങ്ങിയാണ് ബിനീഷ് ജോലി ചെയ്യുന്നത് എന്നാണ് അന്ന് വന്നിരുന്ന വാര്‍ത്തകള്‍. പിന്നീട് സിനിമയായി ബിനീഷ് കോടിയേരിയുടെ തട്ടകം. ഒപ്പം ഒട്ടനവധി വ്യവസായ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു ബിനീഷിന്റെ പേര് പുറത്തുവരുന്നുണ്ട്. കാര്‍ അക്‌സസറികള്‍, ഫര്‍ണിച്ചര്‍, ഹോട്ടല്‍ വ്യവസായം എന്നിങ്ങനെ തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് കേള്‍ക്കാം. ബിനോയ് കോടിയേരിക്ക് ഗള്‍ഫില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

വിവിധ ബിസിനസുകള്‍ ഏര്‍പ്പെടുത്തി നടത്തിയിരുന്ന ബിനോയ് ഗള്‍ഫില്‍ പ്രശ്‌നങ്ങളില്‍ കുടുങ്ങിയിരുന്നു. ട്രാവല്‍ ബാന്‍ വരെ ഗള്‍ഫില്‍ ബിനോയ്ക്ക് വന്നിരുന്നു. 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതോടെയാണ് ബിനോയ് കോടിയേരിയും മുഖ്യധാരയിലേക്ക് വന്നത്. ഗള്‍ഫിലെ വന്‍ മലയാളി വ്യവസായി ഇടപെട്ടാണ് ഈ കേസിനു തീര്‍പ്പാക്കിയത് എന്നാണ് ലഭിച്ച വിവരം. ദുബായില്‍യില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എല്‍എല്‍സി എന്ന കമ്പനിയാണ് ബിനോയിക്കെതിരെ പരാതി നല്‍കിയത്. ബിനോയ് കമ്പനിക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ദുബൈയില്‍ നിന്നും മുങ്ങുകയും ചെയ്തപ്പോള്‍ ഇന്റര്‍പോളിന്റെ സാഹയം തേടിയിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന് കിട്ടിയ പരാതി പുറത്തായതിന് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം തന്നെയായിരുന്നുവെന്നും അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഎം നടത്തിയ ജനജാഗ്രതയാത്രയ്ക്കിടെ സ്വര്‍ണ കടത്ത് കേസിലെ പ്രതിയുടെ കാറില്‍ കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചതും വിവാദമായിരുന്നു. ജാഗ്രതകുറവുണ്ടായി എന്ന് ഏറ്റുപറഞ്ഞാണ് പാര്‍ട്ടി വിമര്‍ശനത്തെ പ്രതിരോധിച്ചത്. കമ്മ്യൂണിസ്റ്റ് ജീവിതരീതിയെക്കുറിച്ച് പാര്‍ട്ടി സമ്മേളനങ്ങളിലും പ്രത്യേക പ്ലീനങ്ങളിലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. ഇതൊക്കെ നിലനില്‍ക്കെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നത്. ബംഗാളില്‍ എസ്എഫ് ഐ നേതാവും എം പിയുമായ ഋതബൃത ബാനര്‍ജിയെ സിപിഎം പുറത്താക്കിയത് അദ്ദേഹത്തിന്റെ ജീവിത രീതി പാര്‍ട്ടി നയങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News