ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതിയില്‍ വിശ്വസനീയമായ തെളിവുകളുണ്ടെന്ന് മുംബൈ പോലീസ്. പരാതിക്കാരിയും ബിനോയിയും മുംബൈയില്‍ ഒരുമിച്ച് താമസിച്ചതിന്റെ തെളിവുണ്ടെന്ന് പോലീസ് അറിയിച്ചു. യുവതിയെ വീണ്ടും വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്തു. മുംബൈയിലെ ഹോട്ടലിലും ഫ്ലാറ്റിലും ഒന്നിച്ചു താമസിച്ചതിന്റെ തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
അതേസമയം ബിനോയിയെ തിരഞ്ഞ് കേരളത്തിലെത്തിയ അന്വേഷണസംഘത്തിന് ബിനോയിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ബിനോയി ഒളിവിലാണെന്നാണ് സൂചന. എന്നാല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബിനോയ്ക്ക് മുംബൈ പോലീസ് നോട്ടീസ് നല്കി. ബിനോയിയുടെ വീട്ടിലെത്തിയാണ് സംഘം നോട്ടീസ് നല്‍കിയത്. ബിനോയിയെ ഫോണ്‍ മാര്‍ഗം ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസമാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയത്. മുംബൈയില്‍ നിന്നെത്തിയ ഇന്‍സ്പെക്ടറും പോലീസ് കോണ്‍സ്റ്റബിളും കണ്ണൂര്‍ എസ്.പി.യുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് ബിനോയ് കോടിയേരിയുടെ വീടിന്റെ പരിധിയിലുള്ള ന്യൂമാഹി പോലീസ് സ്റ്റേഷനിലെത്തിയും ഇവര്‍ തെളിവുകള്‍ ശേഖരിച്ചു.
ബിനോയിക്കെതിരെയുള്ള കേസുകള്‍ തെളിയിക്കാനുള്ള എല്ലാ രേഖകളും യുവതി ഹാജരാക്കിയിട്ടുണ്ട്. കുട്ടിയുടെ പാസ്പോര്‍ട്ടിലും ജനന സര്‍ട്ടിഫിക്കറ്റിലും പിതാവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണ്. മാസം എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ പണം യുവതിക്ക് നല്‍കിയിരുന്നുവെന്ന് പൊലീസിന് നല്കിയ മൊഴിയിലുണ്ട്. 2010 മുതല്‍ 2015 വരെയുള്ള പണമിടപാടുകളുടെ രേഖകളും യുവതി പൊലീസിന് കൈമാറി.
അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് കത്തയച്ചത് ബ്ലാക് മെയിലിംഗ് അല്ലെന്നും കുട്ടിയെ വളര്‍ത്താനുള്ള ചിലവിനാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. നിയമോപദേശം സ്വീകരിച്ച ശേഷം തയ്യാറാക്കിയ കത്താണിതെന്നുമാണ് യുവതി പറയുന്നത്. അതുകൊണ്ട് തന്നെ യുവതി ബ്ലാക്മെയില്‍ ചെയ്യുകയാണെന്നുള്ള ബിനോയിയുടെ വാദം നിലനില്ക്കാന് സാധ്യതയില്ലെന്നാണ് വിവരം. എന്നാല്‍ പൊലീസിന് പിടി കൊടുക്കാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് ബിനോയ് ശ്രമിക്കുന്നത്. ഇന്നലെ എത്തിയ മുംബൈ പൊലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമല്ല, ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയതെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ തുടരുകയാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply