ചെന്നൈ: ജനങ്ങള്‍ക്ക് ആശ്വാസമായി ചെന്നൈയില്‍ മഴ പെയ്തു. ആറു മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മഴ പെയ്തത്. മീനമ്പാക്കം, ചിറ്റിലപ്പാക്കം, ക്രോംപേട്ട് തുടങ്ങിയ തെക്കന്‍ ചെന്നൈ പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചത്. എന്നാല്‍ മധ്യ-വടക്കന്‍ ചെന്നൈയില്‍ ഇതുവരെ മഴ ലഭിച്ചിട്ടില്ല.
സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് കഴിഞ്ഞ 195 ദിവസങ്ങളായി ചെന്നൈ നഗരത്തില്‍ അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് അതിരൂക്ഷമായ ശുദ്ധ ജലപ്രശ്നവും ഭൂഗര്‍ഭ ജലനിരപ്പില്‍ വന്‍ കുറവുമുണ്ടായിട്ടുണ്ട്.
ഒറ്റ മഴ കൊണ്ട് ജലക്ഷാമം പരിഹരിക്കപ്പെടുകയില്ലങ്കിലും ആറു മാസത്തിന് ശേഷം മഴ പെയ്ത ആശ്വാസത്തിലാണ് ജനങ്ങള്‍. വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
നഗരമധ്യത്തിലാണ് ജലക്ഷാമം എറ്റവും കൂടുതല്‍. ചെന്നൈയിലെ പ്രധാന ജലസ്രോതസ്സുകളായ പുഴല്‍, പൂണ്ടി, ചെമ്പരമ്പാക്കം, ചോഴവാരം എന്നീ തടാകങ്ങള്‍ വറ്റിവരണ്ടിട്ട് രണ്ടാഴ്ചയോളമായി. നെമ്മേലി, മിഞ്ചൂര്‍ എന്നിവിടങ്ങളിലെ കടല്‍വെള്ള ശുദ്ധീകരണകേന്ദ്രങ്ങളില്നിന്നുള്ള 200 ദശലക്ഷം ലിറ്റര്‍ വെള്ളവും കടലൂര്‍ ജില്ലയിലെ വീരാനം തടാകത്തില്‍നിന്നുള്ള 150 ദശലക്ഷം ലിറ്റര്‍ വെള്ളവുമാണു നഗരത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വിതരണംചെയ്യുന്നത്. 580 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യുമെന്നാണു സര്‍ക്കാരിന്റെ അവകാശവാദം.
അതിനിടെ, കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് കഷ്ടത അനുഭവിക്കുന്ന തമിഴ്നാടിന് കുടിവെള്ളം ട്രെയിന്‍ മാര്‍ഗം എത്തിച്ചു നല്‍കാമെന്ന കേരള സര്‍ക്കാരിന്റെ വാഗ്ദാനം തമിഴ്നാട് നിരസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി കേരളം ബന്ധപ്പെട്ടപ്പോഴാണ് ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടി ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം തമിഴ്നാട് നിരസിച്ചിരിക്കുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news