രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ നിരവധി പുതിയ പദ്ധതികള്‍

gov_0ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ നയപ്രഖ്യാപനത്തില്‍ നിരവധി പുതിയ പദ്ധതികള്‍ വിളംബരം ചെയ്ത് രാഷ്ട്രപതി രാം‌നാഥ് കോവിന്ദ്. പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രവീന്ദ്രനാഥ ടാഗോറിന്റെ ആശയങ്ങള്‍ മുറുകെപ്പിടിച്ച് പുതിയ ഇന്ത്യയെ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിനിടെ ശ്രീനാരായണ ഗുരുവിന്റെ ‘ജാതിഭേദം മതദ്വേഷം’ എന്ന ശ്ലോകം രാഷ്ട്രപതി ഉദ്ധരിച്ചതും ശ്രദ്ധേയമായി. ഗുരുവിന്റെ ആശയങ്ങള്‍ സര്‍ക്കാരിന് വെളിച്ചം പകരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവ നിര്‍ത്തലാക്കേണ്ടത് സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്നതിന് അനിവാര്യമാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. മൂന്നു വര്‍ഷത്തിനകം രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. എന്നാല്‍, വരള്‍ച്ച ഏറ്റവും വലിയ വെല്ലുവിളിയാണ്. വികസന പ്രവര്‍ത്തനം തുടരാനുള്ള അംഗീകാരമാണ് ജനവിധി. ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തും. ദരിദ്രര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ജവാന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തും. ആദിവാസി ക്ഷേമവും സ്ത്രീ സുരക്ഷയും മുഖ്യ ലക്ഷ്യമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

കാലാവസ്ഥാവ്യതിയാനവും ജല ദൗര്‍ലഭ്യവും ഗൗരവത്തോടെ കാണും. കര്‍ഷകര്‍ക്ക് പ്രത്യേക പെന്‍ഷന്‍ സമ്പ്രദായം കൊണ്ടുവരും. ഗ്രാമീണ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കും. സൈനിക ശക്തി വര്‍ധിപ്പിക്കും. സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്-ഇതായിരിക്കും സര്‍ക്കാരിന്റെ ആപ്ത വാക്യമെന്നും രാഷ്ട്രപതി പറഞ്ഞു.

നുഴഞ്ഞുകയറ്റ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നാഷണല്‍ രജിസ്‌ട്രേഷന്‍ ഫോര്‍ സിറ്റസണ്‍ നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും വിദേശികള്‍ അനധികൃതമായി കുടിയേറുന്നത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വയരക്ഷയ്ക്ക് വേണ്ട എല്ലാ നടപടികളും ഭാവിയിലും സ്വീകരിക്കും. സര്‍ജിക്കല്‍ സ്‌ട്രൈക്കും പുല്‍വാമ ആക്രമണത്തിന് ശേഷം നടന്ന വ്യോമാക്രമണവും നമ്മുടെ ശക്തിതെളിയിക്കുന്നതാണെന്നും മിഷന്‍ ശക്തി വിജയകരമായി പരീക്ഷിച്ചത് ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക വിദ്യയിലെ പുതിയൊരു നാഴികക്കല്ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതിയോടും അഴിമതിക്കാരോടും ഒരു തരത്തിലുള്ള അനുകമ്പയുമുണ്ടാകില്ലെന്ന് പറഞ്ഞ രാഷ്ട്രപതി കള്ളപ്പണത്തിനെതിരായ പ്രചാരണം വേഗത്തിലാക്കുമെന്നും അറിയിച്ചു.

New-Project-25സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പ്രധാനമന്ത്രിയുടെ മുദ്രായോജനയ്ക്ക് കീഴില്‍ 19 കോടി നല്‍കും. കര്‍ഷിക മേഖലക്കായി 25 ലക്ഷം കോടി നിക്ഷേപിക്കുമെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ നേട്ടം 50 കോടി ജനങ്ങളിലെത്തിക്കുമെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതിയുടെ പ്രസംഗം ശ്രവിക്കാതെ മൊബൈല്‍ ഫോണില്‍ നോക്കിയിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. രാഹുലിന് തൊട്ടടുത്തിരുന്ന യു.പി.എ അധ്യക്ഷ സോണിയാഗാന്ധി രാഷ്ട്രപതിയുടെ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം ശ്രദ്ധയോടെ കേട്ടിരിക്കുകയും ബലാക്കോട്ട് വ്യോമാക്രമണം അടക്കമുള്ളവ സംബന്ധിച്ച പരാമര്‍ശങ്ങളെ മേശയിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍, 20 മിനിട്ടോളം രാഹുല്‍ മൊബൈല്‍ ഫോണില്‍ എന്തൊക്കെയോ നോക്കിയിരിക്കുകയാണ് ഉണ്ടായത്.

എന്നാല്‍ രാഹുലിന്റെ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ സോണിയാഗാന്ധി രാഹുലിനെ തട്ടിവിളിക്കുകയും അത്തരത്തില്‍ പെരുമാറരുതെന്ന സൂചന നല്‍കുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Print Friendly, PDF & Email

Leave a Comment