യുവതിയോട് ഫോണിലൂടെ അസഭ്യം; വിനായകന് ജാമ്യം

VIN_0കല്‍പ്പറ്റ: യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ച നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കല്‍പ്പറ്റ സ്‌റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.

അഭിഭാഷകനൊപ്പമാണ് വിനായകന്‍ കല്‍പ്പറ്റ സ്‌റ്റേഷനിലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. യുവതിയെ ശല്യപ്പെടുത്തരുതെന്ന് പൊലീസ് വിനായകന് നിര്‍ദേശം നല്‍കി. യുവതിയോടല്ല ആദ്യം ഫോണില്‍ വിളിച്ച പുരുഷനോടാണ് സംസാരിച്ചതെന്ന് വിനായകന്‍ പൊലീസിന് മൊഴി നല്‍കി.

യുവതിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 18ന് വയനാട്ടില്‍ ദളിത് പെൺകുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് കോട്ടയം പാമ്പാടി സ്വദേശിയായ ദലിത് ആക്ടിവിസ്റ്റിന്റെ പരാതി. സംഭവം നടന്ന സ്ഥലമായതിനാലാണു യുവതിയുടെ പരാതിയില്‍ കല്‍പറ്റ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. ഐപിസി 509, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. ഇതിന്‍റെ ഫോൺ രേഖകളും തെളിവായി അന്വേഷണ സംഘത്തിന് യുവതി നല്‍കി. ഫോൺ സംഭാഷണത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ സൈബർ സെല്‍ വഴി ശേഖരിക്കുന്നുണ്ട്. വിനായകനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് യുവതി ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആർഎസ്എസ്സിന്‍റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞതിന് പിന്നാലെ രൂക്ഷമായ ജാതീയ അധിക്ഷേപമാണ് നടൻ നേരിട്ടത്. ഇതിന് വിനായകന്‍ നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് യുവതി തനിക്ക് വിനായകനില്‍ നിന്ന് നേരിട്ട അനുഭവം വ്യക്തമാക്കിയത്.  സ്വമേധയാ സ്റ്റേഷനില്‍ അഭിഭാഷകര്‍ക്കൊപ്പം ഹാജരായ വിനായകനെ സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. പരാതിക്കാരിയായ യുവതിയെ വിളിക്കരുതെന്നും ശല്യപ്പെടുത്തരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ പരാതിക്കാരിയെയും പോലീസ് ഇന്ന് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു. ഇവരുടെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment