Flash News

നഗരസഭയുടെ അനാസ്ഥയില്‍ മനം നൊന്ത് പ്രവാസിയുടെ ആത്മഹത്യ; മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

June 20, 2019 , .

nri-sajan-parayil-partha-convention-centreകണ്ണൂര്‍ ആന്തൂരിലെ പ്രവാസി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.നഗരസഭാ സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മരിച്ച വ്യവസായി സാജന്റെ വീട്ടിലെത്തിയ എം.വി ജയരാജനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് പി.കെ ശ്രീമതിയും പി. ജയരാജനും എംവി ജയരാജനും സാജന്റെ വീട്ടിലെത്തിയത്. നേതാക്കള്‍ സാജന്റെ ഭാര്യയുമായി ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി.

ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മന്ത്രി എ.സി. മൊയ്തീന്‍ ശകാരിച്ചിരുന്നു.
വ്യവസായിക്ക് കെട്ടിട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ അനാവശ്യ കുറിപ്പുകള്‍ ഫയലില്‍ എഴുതുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് ടൗണ്‍ പ്ലാനിംഗ് വിജിലന്‍സിനോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും നടപടി ഉണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. മരിച്ച സാജന്റെ ഭാര്യ ആവശ്യപ്പെട്ടാല്‍ പൊലീസും ഇക്കാര്യം അന്വേഷിക്കും. നഗരസഭ അധ്യക്ഷയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായില്ലെന്നാണു മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാജന്റെ കെട്ടിടത്തിനു ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വീഴ്ച ഉണ്ടായോ എന്ന് നഗരവകുപ്പ് റീജിയണല്‍ ഡയറക്ടറും കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചോ എന്ന് സിടിപി വിജിലന്‍സിന്റെ നേതൃത്വത്തിലും അന്വേഷിക്കാന്‍ നേരത്തേ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

pravasi-sucideഅന്വേഷണം പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വിവരം കണ്ണൂര്‍ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞതിനെ സംബന്ധിച്ച് അറിയില്ലെന്നും സര്‍ക്കാര്‍ കാര്യം പറയാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പുതുതായി പണിത പാർഥ കൺവൻഷൻ സെന്ററിനു നഗരസഭയിൽ പല തവണ കയറിയിറങ്ങിയിട്ടും ഉടമസ്ഥാവകാശരേഖ കിട്ടാതെ വലഞ്ഞാണു കെട്ടിടനിർമാതാവായ സാജൻ ജീവനൊടുക്കിയതെന്നാണു ബന്ധുക്കളുടെ ആരോപണം.

സാജന്റെ വീട് സിപിഎം നേതാക്കള്‍ ‌സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, മുന്‍ സെക്രട്ടറി പി. ജയരാജന്‍, മുന്‍ എംപി പി.കെ. ശ്രീമതി എന്നിവരാണു സാജന്റെ വീട്ടിലെത്തിയത്. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയും വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വ്യവസായിക്ക് അനുകൂലമായി നേരത്തേ ജയരാജന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യം കൊണ്ടാണ് എം.വി. ഗോവിന്ദന്റെ ഭാര്യ കൂടിയായ നഗരസഭാധ്യക്ഷ പി.കെ.ശ്യാമള വ്യവസായിയെ ദ്രോഹിച്ചതെന്നു കുടുംബം ആരോപിച്ചിരുന്നു.

pk-syamala-vijuസാജന്‍ പാറയിലിന്റെ പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കേണ്ട തരത്തിലുള്ള ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണു നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സാജന്‍ മുന്‍പു സിപിഎം ജില്ലാ നേതൃത്വത്തിനു നല്‍കിയ പരാതി പ്രകാരമാണു കണ്‍വന്‍ഷന്‍ സെന്ററില്‍ നഗരാസൂത്രണ വിഭാഗവും നഗരസഭ അധികൃതരും സംയുക്ത പരിശോധന നടത്തിയത്.

സാജന്‍ ജീവനൊടുക്കിയതിനു പിന്നില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ ഭീഷണിയും പകപോക്കലുമാണെന്ന് വ്യവസായിയുടെ കുടുംബം പറയുന്നു. ‘ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല’ എന്ന് ഏതാനും ദിവസം മുന്‍പ് നഗരസഭാധ്യക്ഷ ഭീഷണി മുഴക്കി. വിഷയത്തില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇടപെട്ടത് അധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ല.

‘നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍നിന്നു തന്നെ വാങ്ങിക്കോ’ എന്നു വെല്ലുവിളിച്ചു. നഗരസഭ ഭരണസമിതിയിലെ വിഭാഗീയതയും അനുമതി നിഷേധിക്കുന്നതിനു കാരണമായതായി കരുതുന്നു. 15 കോടി മുടക്കി നിര്‍മിച്ച പാര്‍ഥ കണ്‍വന്‍ഷന്‍ സെന്റര്‍, നഗരസഭാ അധികൃതരുടെ നിലപാട് മൂലം ഒരിക്കലും തുറക്കാന്‍ കഴിയില്ലെന്ന മനോവിഷമത്തിലാണ് ഭര്‍ത്താവ് സാജൻ ആത്മഹത്യ ചെയ്തതെന്നു ഭാര്യ ബീനയും ഭാര്യാപിതാവ് പി. പുരുഷോത്തമനും ആരോപിച്ചു.

2018 ല്‍ നിര്‍മ്മാണം പാതിയെത്തിയപ്പോള്‍, പൊളിച്ചു നീക്കണമെന്ന് നഗരസഭ നോട്ടിസ് നല്‍കി. ചട്ടലംഘനമുണ്ടോ എന്നു നേരിട്ടെത്തി പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായതുമില്ല. ഈ സാഹചര്യത്തിലാണു സാജന്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനു പരാതി നല്‍കിയത്. പ്രതിപക്ഷത്ത് ഒരംഗം പോലുമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭയാണ് ആന്തൂര്‍. കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യയാണ്, അധ്യക്ഷ ശ്യാമള.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top