Flash News

എനിക്കും ഓര്‍ക്കാന്‍ സുഖമുള്ള ഒരച്ഛനുണ്ടായിരുന്നെങ്കില്‍

June 21, 2019 , പി.ടി. പൗലോസ്

orkan Achanഅച്ഛനെക്കുറിച്ച് ഓര്‍ക്കുവാന്‍ ഒന്നുമില്ലാതെ ഒരച്ഛന്‍ ദിനം കൂടി കടന്നുപോയപ്പോള്‍ മനസ്സിനൊരു മരവിപ്പ്. അച്ഛനെ മഹത്വീകരിച്ചു സുഖമനുഭവിക്കുന്നവരോടുള്ള നേരിയ അസൂയ ഹൃദയത്തിന്റെ അടിത്തട്ടുകളില്‍നിന്നും അനുവാദമില്ലാതെ പൊന്തിവരുമ്പോള്‍, ആ അരുതായ്മയെ അടക്കിനിറുത്തുവാനുള്ള ആത്മനിയന്ത്രണത്തില്‍ ഞാന്‍ ചിലപ്പോള്‍ പരാജിതനാകുന്നു, ഞാനും ഒരച്ഛനാണെന്ന സത്യം ഉള്ളിലൊതുക്കിക്കൊണ്ടുതന്നെ, എനിക്കും ഓര്‍ക്കാന്‍ സുഖമുള്ള ഒരച്ഛനുണ്ടായിയുന്നെങ്കില്‍ എന്ന ആശയോടെ.

pt1കുട്ടിക്കാലത്ത് ഞാന്‍ വായിച്ച പുസ്തകങ്ങളിലെ നന്മ നിറഞ്ഞ നായകന്മാരെ ഓരോരുത്തരെയും എന്റെ അച്ഛനായിരുന്നെങ്കില്‍ എന്ന് സങ്കല്പിക്കാറുണ്ടായിരുന്നു. അക്ഷരം പഠിച്ചപ്പോള്‍ എഴുതാന്‍ ഒരു കല്ലുപെന്‍സില്‍ എന്റെ അച്ഛന്‍ വാങ്ങിത്തന്നായിരുന്നെങ്കില്‍ അത് മാത്രം മതിയായിരുന്നു എനിക്ക് ഫാദേഴ്‌സ്‌ഡേ ആഘോഷമാക്കാന്‍. പള്ളിക്കൂടത്തില്‍ ചേര്‍ത്തപ്പോള്‍ അച്ഛന്റെ കോളത്തില്‍ വല്യപ്പച്ചന്റെ പേരെഴുതിച്ചേര്‍ക്കേണ്ടി വന്ന എന്റെ അമ്മയുടെ ഗതികേട്. അതൊരു കഥയാണ്. എന്റെ മാത്രം കഥ. അതില്‍ അറബിക്കഥകളിലെ അത്ഭുതങ്ങളൊ പുരാണകഥകളിലെ സാഹസികതയൊ വര്‍ണ്ണപ്പകിട്ടോ കാണില്ല. കണ്ണുനീരിന്റെ ഉണങ്ങിയ പാടുകള്‍ എന്റെ കവിള്‍ത്തടങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കാം, അതിന്റെ ഉപ്പുരസം രുചിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞേക്കാം.

മൂന്നാം ക്ലാസ്സില്‍ നന്ദിനി ടീച്ചര്‍ എല്ലാവരോടും ചോദിച്ച കൂട്ടത്തില്‍ എന്നോടും ചോദിച്ചു അച്ഛന്റെ പേരെന്താണെന്ന്. അച്ഛന്റെ പേരറിയാതെ ഞാന്‍ മിണ്ടാതെ പകച്ചു നിന്നപ്പോള്‍ കൂട്ടുകാര്‍ കളിയാക്കി ചിരിച്ചു. അച്ഛനാരാണെന്നറിയാതെ തന്റെ മകന്‍ ക്ലാസ്സില്‍ വിളറി നില്‍ക്കാന്‍ പാടില്ല എന്ന് തോന്നിയതുകൊണ്ടാകണം അച്ഛനെപ്പറ്റി അമ്മ പറഞ്ഞു.

“നിന്റെ അച്ഛന്റെ പേര് ഓന്നച്ചന്‍. നമ്മള്‍ പട്ടണത്തില്‍ പോകുമ്പോള്‍ കാണുന്ന ചൊള്ളമ്പേല്‍ വലിയ തറവാട്ടിലാണ് അച്ഛന്റെ താമസം. ഇനി കൂടുതലൊന്നും ചോദിക്കരുത്.”

അതുമതിയായിരുന്നു എനിക്ക് അച്ഛനെപ്പറ്റി കൂടുതല്‍ അറിയാന്‍. പിന്നീടെപ്പോഴോ അമ്മയില്‍ നിന്നും അമ്മയുടെ തറവാട്ടില്‍ നിന്നും കഥയുടെ ബാക്കികൂടെ അറിഞ്ഞു.

ഞാനുണ്ടാകുമ്പോള്‍ അമ്മക്ക് 19 വയസ്സ്. അപ്പോള്‍ അച്ഛന്‍ കല്‍ക്കട്ടയില്‍ പട്ടാളത്തില്‍ ജോലി. അവിടെനിന്നും പിരിഞ്ഞു നാട്ടിലെത്തിയതിനു ശേഷം വീട്ടില്‍ എന്നും വരാറില്ല. അമ്മ ഒരു വയസ്സുള്ള എന്നെയും കൊണ്ട് വീട്ടില്‍ ഒറ്റയ്ക്ക്. വീട് പട്ടിണിയിലും. അന്നത്തെ സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍ പോലീസ് മര്‍ദ്ദനമേറ്റ് രക്തസാക്ഷിയായ ചൊള്ളമ്പേല്‍ പിള്ള എന്ന സി.ജെ. ജോസഫിന്റെ വിധവയും എന്റെ അച്ഛനും അടുപ്പത്തിലായി.

ഇടവപ്പാതിയിലെ തോരാത്ത മഴ. കിഴക്കന്‍ കാറ്റ് ശക്തിയായി വീശുന്നു. രാവ് ഏറെയായി. ഒരു വയസ്സുള്ള എന്നെയുമെടുത്ത് മഴവെള്ളം ഇറ്റുവീഴുന്ന ചാണകം മെഴുകിയ തറയില്‍ അമ്മ അച്ഛനെ കാത്തിരുന്നു. ഒരു മുറിയും വരാന്തയും ചായിപ്പുമുള്ള ഓലപ്പുരയാണ്. തറവാട്ടില്‍ നിന്ന് മാറി അച്ഛനുണ്ടാക്കിയ വീട്. മുറിയുടെ വാതില്‍ പുകയിലച്ചാക്കുകൊണ്ട് മറച്ചിരുന്നു. പിഞ്ചിക്കീറിയ ചാക്കിന്റെ വിടവിലൂടെ മുറ്റം അവ്യക്തമായി കാണാം. മുറ്റത്തൊരനക്കം കേട്ടതുപോലെ. അമ്മ മണ്ണെണ്ണ വിളക്ക് കത്തിക്കാന്‍ ശ്രമിച്ചു. കത്തുന്നില്ല. വിളക്ക് നനഞ്ഞിരിക്കുന്നു. അമ്മ ചാക്കു മാറ്റി പുറത്തേക്ക് നോക്കി. കൂരിരുട്ട് . ഒന്നും വ്യക്തമല്ല. പെട്ടെന്ന് മുകളില്‍നിന്നും അമ്മയുടെ തലയിലേക്ക് എന്തോ വീണു. ഞെട്ടിത്തിരിഞ് എന്നെയുമെടുത് അമ്മ ചാടിയെഴുന്നേറ്റു. ഉത്തരത്തില്‍ പതുങ്ങിയിരുന്ന പൂച്ചയാണ് വീണത്.

ഞാന്‍ വിശന്നിട്ട് കരഞ്ഞുതുടങ്ങി. ഒന്നും കഴിക്കുവാനില്ല. അച്ഛന്‍ വീട്ടില്‍ വന്നിട്ട് നാല് ദിവസമായി. അയല്‍ക്കാരുടെ ചില സഹായങ്ങള്‍ മാത്രം. തൊട്ടപ്പുറത്തെ ശിവരാമന്റെ വീടാണ് ഒരാശ്രയം. അവരുടെ അടുക്കളയില്‍ വേവുന്നതിന്റെ ഒരു പങ്ക് എനിക്കായിട്ടെങ്കിലും അവര്‍ എത്തിക്കും. അന്ന് രാവിലെയാണ് ശിവരാമന്റെ മുറ്റത്തുനിന്ന കുടപ്പന വെട്ടിയത്. കുടപ്പനയുടെ ചില കഷണങ്ങള്‍ അമ്മ വീട്ടില്‍ കൊണ്ടുവന്നു. അതിന്റെ നൂറെടുത്തു കുറുക്കി കഴിച്ചാണ് ഞാനും അമ്മയും ആ ദിവസങ്ങളില്‍ വിശപ്പടക്കിയത്. കുറുക്കുണ്ടാക്കിയ കലത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് എനിക്ക് തന്ന് കരച്ചിലുമാറ്റാം എന്നുകരുതി അമ്മ ചായിപ്പിന്റെ വശത്തേക്ക് നീങ്ങി. പക്ഷെ, കലം തലകീഴായി കിടക്കുന്നു. പൂച്ചയുടെ പണിയാണത് . അമ്മ എന്നെയുമെടുത്തു ചായിപ്പിന്റെ കട്ടിളപ്പടിയില്‍ ചാരിയിരുന്നു മയങ്ങിപ്പോയി. പാതിരാത്രി കഴിഞ്ഞുകാണും. അച്ഛന്റെ അലര്‍ച്ച കേട്ട് അമ്മ ഞെട്ടിയുണര്‍ന്നു. അച്ഛന്‍ മദ്യലഹരിയിലാണ്. കാലുകള്‍ നിലത്തുറക്കുന്നില്ല. എന്റെ മുഖത്തേക്ക് ടോര്‍ച്ചടിച്ച് രൂക്ഷമായി നോക്കിപറഞ്ഞു.

“ഈ അശ്രീകരത്തേയും കൊണ്ട് നീ ഇപ്പോള്‍ ഇറങ്ങണം എന്റെ വീട്ടില്‍ നിന്ന്”

“ഈ രാത്രിയില്‍ ഞാനെവിടെ പോകാനാണ്”

“എങ്ങോട്ടെങ്കിലും. നീ ഇന്ന് ചൊള്ളമ്പേല്‍ വീട്ടില്‍ പോയത് എന്തിനാണ് ?”

“നിങ്ങളെ അന്വേഷിച്ച്”

“എന്നാല്‍ ഇനി നീ പോകില്ല”

അച്ഛന്‍ അമ്മയുടെ മുടിക്കുപിടിച്ച് അടിവയറ്റില്‍ ഒരു ചവിട്ട് . ചായിപ്പിലിരുന്ന മരചെരവയില്‍ അമ്മ തലയടിച്ചുവീണു. തലപൊട്ടി രക്തമൊഴുകി. കലിതീരാതെ എന്നെ എടുത്തു മുറ്റത്തേക്ക് എറിയാന്‍ തുടങ്ങിയപ്പോള്‍ അമ്മ ബലമായി എന്നെ പിടിച്ചുവാങ്ങി മുറ്റത്തിറങ്ങി. കോരിച്ചൊരിയുന്ന മഴയത്ത് ഇരുട്ടിലൂടെ എന്നെയുംകൊണ്ട് വെളിയിലേക്കോടി… തിരിച്ചുവരാത്ത ഓട്ടം.

പ്രതിസന്ധികളുടെ വിണ്ടുകീറിയ വഴിച്ചാലുകളില്‍ പകച്ചുനിന്ന ഞങ്ങളെ കാലം കൈപിടിച്ച് നടത്തി. ഇല്ലായ്മകളുടെ ഞെരുക്കത്തിലാണെങ്കിലും അമ്മയുടെ തറവാട് ഞങ്ങള്‍ക്ക് അഭയം നല്‍കി. വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും തണലില്‍ എനിക്ക് ഇന്നും ഓര്‍ക്കുവാന്‍ ഒരു ബാല്യകാലമുണ്ടായി. അച്ഛന്‍ ജീവിച്ചിരുന്നിട്ടും “അച്ഛാ” എന്ന് ഒരിക്കലും വിളിക്കാന്‍ ഭാഗ്യമില്ലാത്ത ഒരു മകനായി ഞാന്‍ ജീവിതത്തിന്റെ മുഖ്യധാരയിലെത്തി.

അമ്മയുടെ രക്ഷപെടല്‍ ഒരവസരമായെടുത്ത് അച്ഛന്‍ ഞങ്ങളെ വിട്ട് ചൊള്ളമ്പേല്‍ തറവാടിന്റെ സൗഭാഗ്യങ്ങളിലേക്ക് കുടിയേറി. ആദ്യമൊക്കെ തറവാടിന്റെ ഓരം ചേര്‍ന്നു നടക്കുന്ന കാര്യസ്ഥനായി, പിന്നെ ചൊള്ളമ്പേല്‍ പിള്ളയുടെ പിള്ളേരുടെ വളര്‍ത്തച്ഛനായി, അവസാനം പിള്ളയുടെ വിധവയുടെ ഓന്നച്ചനച്ചായനായി. അങ്ങനെ പഴമയുടെ ചരിത്രമുറങ്ങുന്ന ചൊള്ളമ്പേല്‍ തറവാട്ടില്‍ കാലങ്ങളായി നിറഞ്ഞുനിന്ന പുണ്ണ്യത്തിനുമേല്‍ വിഷസര്‍പ്പങ്ങള്‍ ഇണചേര്‍ന്നു.

ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വലിയ കടലാസു പൊതിയുമായി ചൊള്ളമ്പേല്‍ തറവാടിന്റെ മുന്നിലെ വഴിയില്‍ വച്ച് ഞാനെന്റെ അച്ഛനെ നേരില്‍ക്കണ്ടു . കൊമ്പന്‍ മീശയും ചുവന്നുതുടുത്ത കണ്ണുകളുമായി ഒരു വലിയ ആള്‍. ഞാന്‍ ആ വഴിയേ പോകുന്നത് പല പ്രാവശ്യം അയാള്‍ കണ്ടിട്ടുണ്ട്. ഞാന്‍ മകനാണെന്ന് അറിയുകയും ചെയ്യും. എന്നെ കണ്ടിട്ടും കാണാത്ത രീതിയില്‍ അയാള്‍ നടന്നു നീങ്ങി. അപ്പോഴേക്കും നാലഞ്ചു കുട്ടികള്‍ ചൊള്ളമ്പേല്‍ തറവാട്ടില്‍ നിന്നും ഓടിയെത്തി. മൂന്നു മുതല്‍ പത്തുവരെയുള്ള കുട്ടികള്‍. അതില്‍ ചൊള്ളമ്പേല്‍ പിള്ളയുടെയും അച്ഛന്റെയും കുട്ടികളുണ്ടായിരുന്നു. അവര്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കുവാനുള്ള തിരിച്ചറിവ് അന്നെനിക്ക് ഇല്ലായിരുന്നു. അച്ഛന്‍ കുട്ടികളുടെ കൈകളിലേക്ക് മധുര പലഹാരങ്ങളും മിഠായികളും എടുത്തുകൊടുത്തു. ഞാന്‍ കണ്ടിട്ടില്ലാത്ത മിഠായികള്‍ ! പല തരത്തിലും നിറത്തിലും ഉള്ളവ. ചുവപ്പും വെളുപ്പും പച്ചയും മഞ്ഞയും അങ്ങനെ. മൂന്നു വയസ്സുകാരന്‍ അച്ഛന്റെ തോളില്‍ കയറി. അച്ഛന്‍ പോക്കറ്റില്‍ നിന്നും നോട്ടുകള്‍ എടുത്ത് ആ കുട്ടികള്‍ക്ക് വീതം വച്ചുകൊടുത്തു. എന്നെയും കൂടി കാണട്ടെ എന്ന് വിചാരിച്ച് ഞാന്‍ അച്ഛന്റെ അടുത്തേക്ക് ആശയോടെ നീങ്ങിനിന്നു. പക്ഷെ അയാള്‍ എന്നെ അവഗണിച്ച് കുട്ടികളെയും കൊണ്ട് ചൊള്ളമ്പേല്‍ തറവാട്ടിലേക്ക് കയറിപ്പോകുന്നത് നിറകണ്ണുകളോടെ നോക്കിനിന്നു.

പലഹാരത്തിന്റെ സുഖമുള്ള മണം അന്തരീക്ഷത്തില്‍ അപ്പോഴും തങ്ങിനിന്നു. കൊതികൊണ്ട് എന്റെ നാവില്‍ വെിള്ളമൂറി. ഇതുകണ്ട് റോഡരികിലുള്ള മുറുക്കാന്‍ കടയിലെ എറുപ്പക്ക ചേടത്തി ഇറങ്ങിവന്ന് അവരുടെ തോളില്‍ കിടന്ന ചുട്ടിത്തോര്‍ത്തുകൊണ്ട് എന്റെ കണ്ണും മുഖവും തുടച്ചു. ചേടത്തി കടയിലെ ചില്ലുഭരണിയില്‍നിന്ന് കുറെ നാരങ്ങാ മിഠായികള്‍ എടുത്ത് എനിക്കുതന്നു. അതും തിന്നുകൊണ്ട് ഞാന്‍ തിരികെ നടന്നു. ചൊള്ളമ്പേല്‍ തറവാട്ടിലേക്ക് ഞാന്‍ വീണ്ടുമൊന്ന് തിരിഞ്ഞുനോക്കി. എന്റെ ഉള്ളൊന്ന് പിടഞ്ഞു.

കൂത്താട്ടുകുളം ചൊള്ളമ്പേല്‍ യോഹന്നാന്‍ കോറെപ്പിസ്‌ക്കോപ്പയുടെയും സി.ജെ. തോമസിന്റെയും മേരി ജോണ്‍ കൂത്താട്ടുകുളത്തിന്റെയും പി. ടി. മേരിയുടെയും ഒക്കെ നന്മകളുടെ ചരിത്രമുറങ്ങുന്ന ചൊള്ളമ്പേല്‍ തറവാട്ടില്‍ അശാന്തിയുടെ വിഷക്കാറ്റ് വീശിയടിച്ചപ്പോള്‍ കാലം കനിവില്ലാതെ കണക്കുതീര്‍ത്തു. കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തറവാടില്ലാതായി.

കടലിലെ തിരകള്‍ പോലെ ഇളകിമറിഞ്ഞ എന്റെ ജീവിതത്തിന്റെ കണക്കുപുസ്തകത്തിലെ പിതാവിന്റെ കോളം ഇന്നും ശൂന്യമായി കിടക്കുന്നു.

എന്നിരുന്നാലും ആണ്ടിലൊരിക്കല്‍ ഒരു തീര്‍ത്ഥാടനം പോലെ എന്റെ അമ്മയുടെ കുഴിമാടത്തില്‍ ഞാനെത്തുമ്പോള്‍ എന്റെ കണ്ണുകള്‍ പരതാറുണ്ട് ആ സെമിത്തേരിയിലെവിടെയൊ അടങ്ങി കിടക്കുന്ന എന്റെ അച്ഛന്റെ മണ്‍കൂനയെ, അത് ഒരുപക്ഷെ ഡി. എന്‍.എ.യുടെ അദൃശ്യമായ ഉള്‍വിളി ആയിരിക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top