Flash News

പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു; നഗര സഭയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍

June 21, 2019

nri-sajan-parayil-partha-convention-centreകൊച്ചി: പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ആന്തൂര്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയെന്ന വിലയിരുത്തലിലാണ് കേസെടുത്തിരിക്കുന്നത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് കേസ് എടുത്തത്.

സാജന്‍ പണി കഴിപ്പിച്ച ‘പാര്‍ത്ഥാ കണ്‍‌വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തന അനുമതിക്കുവേണ്ടി പാര്‍ത്ഥ ബില്‍ഡേഴ്‌സ് നഗരസഭയ്ക്ക് അപേക്ഷ സമര്‍പ്പിച്ചതു മുതലുള്ള നടപടികളായിരിക്കും കോടതി പരിശോധിക്കുക. ഏത് സാഹചര്യത്തിലാണ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിക്കപ്പെട്ടത്, അതിനെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നത് കോടതി പരിശോധിക്കും. കൂടാതെ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണോ അനുമതി നിഷേധിച്ചതെന്നും പരിശോധിക്കും.

കെട്ടിട പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി തീരുമാനം അറിയിക്കണമെന്നതാണ് നിലവിലെ നിയമം. ഇക്കാര്യത്തില്‍ നഗരസഭയുടെ ഭാഗത്ത് നിന്നോ ജീവനക്കാരുടെ ഭാഗത്ത് നിന്നോ എന്തെങ്കിലും വിട്ടുവീഴ്ച വരുത്തിയിട്ടുണ്ടോയെന്നതും കോടതി പരിശോധിക്കും.

nri-sajan-parayilജൂണ്‍ 18നാണ് സാജനെ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനാറ് കോടിയോളം രൂപയാണ് കണ്‍‌വന്‍ഷന്‍ സെന്ററിനു വേണ്ടി സാജന്‍ ചെലവഴിച്ചത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി നമ്പറിന് അപേക്ഷിച്ചപ്പോള്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭ അത് തടഞ്ഞുവയ്ക്കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെ നിയമലംഘനം ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സാജന്‍ നല്‍കിയ പരാതിയില്‍ ഉന്നതതല സംഘം നടത്തിയ അന്വേഷണത്തില്‍ നിയമലംഘനമില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ നടപടി നഗരസഭാ ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പാര്‍ത്ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍ ആരോപിക്കുന്നു.

സ്വാഭാവിക നടപടിക്കായി സമയമെടുത്തെന്നും അനുമതി വൈകിച്ചില്ലെന്നുമാണ് നഗരസഭയുടെ വിശദീകരണം. എന്നാല്‍ ആന്തൂര്‍ നഗരസഭ പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ്. സാജന്‍ അപേക്ഷ നല്‍കിയിട്ട് നാല് മാസത്തോളമായിട്ടും അനുമതി നല്‍കാത്തതാണ് ആത്മഹത്യയിലെത്തിച്ചതെന്നാണ് സാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.

pk-syamala-vijuഅതേസമയം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ക്ക് സാജനോടുള്ള വ്യക്തി വൈരാഗ്യമാണ് അനുമതി നിഷേധിക്കുന്നതിന് കാരണമായതെന്നാണ് അറിയുന്ന മറ്റൊരു വിവരം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തുവെന്നാണ് സാജന്റെ ഭാര്യ ബീന പറയുന്നത്.

സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കലേഷ്, ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ ബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ചില കുറവുകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അനാവശ്യ കാലതാമസം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്നും തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചിരുന്നു.

‘ഈ മരണം കോടതിയെ അസ്വസ്ഥമാക്കുന്നു. അപേക്ഷകള്‍ സര്‍ക്കാരിന് മുന്നില്‍ ഇങ്ങനെ കെട്ടിക്കിടക്കുമ്പോള്‍ അതില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. മരിച്ചയാളെ കോടതിക്ക് തിരിച്ച് കൊണ്ടുവരാനാകില്ല. പക്ഷേ, ഇനിയെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഉചിതമായ നടപടിയെടുക്കണം’, ഹെക്കോടതി പറഞ്ഞു.

‘അങ്ങനെയൊരു നടപടിയുണ്ടാകുമ്പോള്‍ മാത്രമേ സമൂഹത്തിന് ഇതില്‍ എന്തെങ്കിലും ചെയ്തു എന്ന് തോന്നുകയുള്ളു. ഇത്തരം ആത്മഹത്യകള്‍ ഉണ്ടാകുന്നത് വ്യവസായ സംഭകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. ഈ അവസ്ഥ തുടരുമ്പോള്‍ നിക്ഷേപകര്‍ക്ക് ദുരിതപൂര്‍ണമായ അവസ്ഥയുണ്ടാകും’ കോടതി പറഞ്ഞു.

ഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത് സ്റ്റേറ്റ് അറ്റോര്‍ണിയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ഭാവിയില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു ഏക ജാലക സംവിധാനം ഉണ്ടാകണം. അത്തരം നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

21tvkr-cpim1

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top