Flash News

പ്രവാസി വ്യവസായിയുടെ ജീവനെടുത്ത ആന്തൂര്‍ നഗര സഭ (എഡിറ്റോറിയല്‍)

June 22, 2019

pravasi-sucideഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്നേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചിട്ടുള്ളൂ. എന്നാല്‍ ഒരു ഫയല്‍വഴി ഒരു ജീവിതം അവസാനിപ്പിക്കാനുമാവുമെന്ന് മുഖ്യമന്ത്രിയുടെ നാട്ടിലെ ആന്തൂര്‍ നഗരസഭ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. പ്രവാസി സംരംഭകനായ പാറയില്‍ സാജനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ യാഥാര്‍ത്ഥ്യം കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലില്‍  തെളിഞ്ഞു നില്‍പ്പുണ്ട്.

സാജന്റെ ഭാഗത്ത് നഗരസഭയുടെ കണ്ണില്‍ ഒരു പക്ഷെ  ഒരൊറ്റ വീഴ്ചയെ സംഭവിച്ചിട്ടുള്ളൂ.   വടക്കേ ആഫ്രിക്കയിലെ  മരുഭൂമിയില്‍ കൊടും ചൂടില്‍ ചോര നീരാക്കി  സമ്പാദിച്ച 16 കോടി രൂപ മുടക്കി നാട്ടില്‍ ഒരു കണ്‍വന്‍ഷന്‍ സെന്റര്‍ പണിയാന്‍ ഒരുങ്ങിയത് നഗരസഭ ഭരിക്കുന്നവരുടെ കണ്ണില്‍ വീഴ്ചതന്നെയാവണം. കെട്ടിടം പണി തീര്‍ത്ത്, കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അനുസരിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തി ലൈസന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷ നഗരസഭാ അധികൃതല്‍ തട്ടിക്കളിച്ചു. രണ്ടുമാസത്തിന്നകം  കെട്ടിടത്തിന്റെ  ലൈസന്‍സിന് വേണ്ടി 20 തവണ ആന്തൂര്‍ നഗരസഭാ ഓഫീസ് കയറി ഇറങ്ങിയത്രെ. നിരാശനായിട്ടാണ് സാജന്‍ തന്റെ കുടുംബത്തെ നിരാലംബരാക്കുമാറ് ഒരു  കയര്‍ത്തുമ്പില്‍ ജീവിതം അവസാനിപ്പിച്ചത്.

anthoor-nri-suicide.1.241613ആന്തൂര്‍ നഗരസഭ ഭരിക്കുന്നത്  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. സാജനാവട്ടെ പാര്‍ട്ടിക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരനുഭാവി. ജോലി ലിബിയയിലായത് കൊണ്ട്  മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല എന്നതൊഴിച്ച് അടിമുടി പാര്‍ട്ടിയോട് അനുഭാവമുള്ള ഇടതുപക്ഷക്കാരന്‍. മാത്രമല്ല നാട്ടിലെ സര്‍വ്വ പൊതുകാര്യങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും കയ്യഴിഞ്ഞു സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഉദാരമതി.  പ്രവാസികള്‍ സ്വന്തം നാട്ടില്‍ വന്ന് തങ്ങളുടെ സമ്പാദ്യം  നാടിന്റെ ഉല്‍ക്കര്‍ഷത്തിന്‌വിനിയോഗിക്കണമെന്നും  അത്തരക്കാര്‍ക്ക് സര്‍വ്വ വിധ പിന്‍തുണയും നല്‍കുമെന്നും നാട്ടില്‍ മാത്രമല്ല വിദേശത്ത് ചെന്നും ഉദ്‌ബോധിപ്പിച്ച മുഖ്യമന്ത്രിയുടെ ആഹ്വാനം ചെവിക്കൊണ്ട് എത്തിയ സാജന് എന്തു കൊണ്ടാവും തന്റെ  കെട്ടിടത്തിന് ലൈസന്‍സ് ലഭ്യമാക്കാൻ താമസിപ്പിച്ചതെന്ന് ഓര്‍ത്ത്  അമ്പരക്കുകയാണ് പ്രവാസി സമൂഹം.

സാജന്റെ ജീവത്യാഗത്തിന് വഴിവച്ച ആന്തൂര്‍ നഗരസഭ  സംസ്ഥാനത്ത്  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ  എക്കാലത്തേയും അഭിമാനമാണ്. പുതുതായി രൂപം കൊണ്ട നഗരസഭയുടെ പ്രഥമ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് തലയുയര്‍ത്താനാവാതെ മുഴുവന്‍ സീറ്റുകളും ഇടതുപക്ഷം  നേടിയെടുത്തു. 28 അംഗ കൗണ്‍സിലില്‍ 27പേരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍. ഒന്നു മാത്രം സിപിഐക്ക്. സിപിഎം. അംഗങ്ങളില്‍ 14 പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവര്‍. ചെയര്‍ പേഴ്സണായ പികെ ശ്യാമള ടീച്ചര്‍ പാര്‍ട്ടിയുടെ  പ്രമുഖ സംഘാടകയും ജില്ലാ കമ്മറ്റി അംഗവുമാണ്.  സിപിഎം. കേന്ദ്ര സെക്രട്ടറിയറ്റ് അംഗമായ എം. വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയാണ് ശ്യാമള. നേരത്തെ തളിപ്പറമ്പ് നഗരസഭാ അദ്ധ്യക്ഷയെന്ന നിലയില്‍ തദ്ദേശസ്വയംഭരണത്തില്‍ പരിചയ സമ്പന്ന. അവര്‍ക്ക് തന്റെ  ഭരണപരിധിയില്‍ വരുന്ന ഒരു സ്ഥാപനത്തിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അപാകതയുണ്ടെങ്കില്‍ തിരുത്തിക്കാനും ഉടമസ്ഥനായ തന്റെ പാര്‍ട്ടി അനുഭാവിയുടെ  ആവശ്യം നിര്‍വ്വഹിച്ചുകൊടുക്കാനും സാധിക്കാതെ പോയതെന്ത് എന്നതിനെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തുറന്ന ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. രണ്ട് ദിവസം മുമ്പ് തന്ന സിപിഎം. ഏരിയ കമ്മറ്റിയില്‍ ചെയര്‍ പേഴ്സണെതിരെ ചില അംഗങ്ങള്‍ രൂക്ഷമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചുവെന്നാണ് ശ്രുതി.

21tvkr-cpim1നഗരസഭ യിലെ  ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയാണ് കണ്‍വെന്‍ഷന്‍ സെന്‌ററിന്റെ ലൈസന്‍സ് നല്‍കാന്‍ വന്ന കാലതാമസത്തിന് കാരണമെന്നാണ് കണ്ണൂരിലെ പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. പക്ഷെ സാജന്റെ ബന്ധുക്കള്‍ പറയുന്നത് നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്യാമള ടീച്ചറുടെ പിടി വാശിയാണെന്നാണ്.    ആത്മഹത്യ ചെയ്യുന്നദിവസം കാലത്ത് സാജന്‍ ആന്തൂര്‍ നഗരസഭയില്‍ ചെന്ന് ഉദ്യോഗസ്ഥന്മാരേയും ചെയര്‍പേഴ്‌സണേയും  കണ്ടിരുന്നുവെന്നും താന്‍ ഈ കസാലയില്‍ ഇരിക്കുന്നേടത്തോളം തനിക്ക് ലൈസന്‍സ് ലഭിക്കാന്‍ പോകുന്നില്ലെന്ന് ശ്യാമള ടീച്ചര്‍ പറഞ്ഞതായി  നിരാശനായി വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് തന്നോട് പറഞ്ഞതായി സാജന്റെ ഭാര്യ വെളിപ്പെടുത്തിയിട്ടുണ്ട്.

ആന്തൂരിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ഉത്തരവാദികളായ നാല് നഗരസഭാ ഉദ്യോഗസ്ഥന്മാരെ സസ്പന്റ് ചെയ്തിട്ടുണ്ടെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. പക്ഷെ മന്ത്രി ഇക്കാര്യം പറയുന്നതിന് മണിക്കൂറുകള്‍ മുമ്പ് സിപിഎം. ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, പി.ജയരാജന്‍, പി.കെ. ശ്രീമതി എന്നിവരോടൊത്ത് സാജന്റെ വീട്ടില്‍ ചെന്ന് കുടുംബത്തെ ആശ്വസിപ്പിച്ചശേഷം ഉദ്യോഗസ്ഥരുടെ സസ്പന്‍ഷന്‍ കാര്യം വെളിപ്പെടുത്തുകയും ചെയ്തു! അതായത് മന്ത്രിയെക്കാള്‍ ഒരു മുഴം മുമ്പേ പാര്‍ട്ടി സെക്രട്ടറി. മാത്രമല്ല  നഗരസഭാ ഭരണാധികാരികള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

mla01സാജന്‍ സംഭവം പാര്‍ട്ടിയെ വിറപ്പിക്കുന്നുവെന്ന് തോന്നിയ സന്ദര്‍ഭത്തില്‍ ചെയര്‍പേഴ്സണ്‍ നടത്തിയ പത്ര സമ്മേളനത്തില്‍ നഗരസഭാ ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിരുന്നു. എങ്കില്‍ പാര്‍ട്ടി നേതൃത്വം ഉദ്യോഗസ്ഥാന്മാരെ പഴിചാരുകയും മന്ത്രിയെ  സസ്‌പെന്‍ഷന് പ്രേരിപ്പിക്കുകയും ചെയ്തതെങ്ങിനെ?

സാജന്‍ തന്റെ പ്രയാസങ്ങള്‍ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെയും  സംസ്ഥാന സെ്ക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും അറിയിച്ചിരുന്നുവത്രെ. ഈ വിവരമറിഞ്ഞ  നഗരസഭാ ചെയര്‍പേഴ്സണ്‍ എങ്കില്‍ ലൈസന്‍സ് അവര്‍ നല്‍കിക്കൊള്ളട്ടെ എന്ന് പ്രതികരിച്ചതായും ശ്രുതിയുണ്ട്.

സാജന്റെ  ആത്മഹത്യയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും യുഡിഎഫും സമരത്തിന് ഒരുങ്ങുന്നുണ്ട്. കൂടാതെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പില്‍  നേരിട്ട കനത്ത പരാജയത്തിന്റെ മുറിവില്‍ പുകയുന്ന കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിക്ക്, ആ മുറിവില്‍ മുളക് തേക്കുന്ന അനുഭവമാണ്  സാജന്‍ എന്ന പ്രവാസിയുടെ ജീവത്യാഗം.

ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top