Flash News

കെട്ടുനാറുന്ന കേരളം

June 22, 2019 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Kettu narunna bannerകേരളമിപ്പോള്‍ ഓക്കാനിപ്പിക്കും വിധം കെട്ടുനാറുകയാണ്. പിഞ്ഞാണം വീണു തകരുംപോലെ കാത്തുസൂക്ഷിച്ചുപോന്ന മൂല്യങ്ങള്‍ വീണുടയുന്നത് ഞെട്ടലുണ്ടാക്കുന്നു. ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പിടച്ചിലായിക്കൂടി അതു മാറുന്നു. അചിന്ത്യമായ ക്രൂരതയുടെയും അശ്ലീലത്തിന്റെയും താണ്ഡവ കാഴ്ചകളായി അതു വ്യാപിക്കുന്നു.

ഈ ദുര്‍ഗന്ധം കേരളത്തിന്റെ പൊതുജീവിതത്തിന്റെയും ഭരണ മണ്ഡലത്തിന്റെയും അന്തരാളത്തില്‍നിന്നു പൊട്ടി പുറത്തു ചാടുന്നതാണ്. അതിനാല്‍ കൃത്യമായി വിളിച്ചു പറയേണ്ടി വരുന്നു ഇത് കേരളത്തിന്റെ മൊത്തം അപചയമല്ല നാടുവാഴുന്ന തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ചീഞ്ഞു നാറ്റവുമായി ബന്ധപ്പെട്ട ക്ഷുദ്ര കീടങ്ങളുടെ വിളയാട്ടത്തിന്റെ ലജ്ജിപ്പിക്കുന്ന കാഴ്ചകളാണെന്ന്.

Photo1ലോകസഭാ തെരഞ്ഞെടുപ്പു ഫലം കേട്ട് യഥാര്‍ത്ഥ ഇടതുപക്ഷ മനസുകള്‍ ഇവിടെ കുഴഞ്ഞു വീഴുകയായിരുന്നു. അതിനിടയ്ക്കാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു ചാടുന്നത്.

മുംബൈയില്‍ താമസിക്കുന്ന ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പീഢന വഞ്ചന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെത്തേടി അയല്‍നാട്ടിലെ പൊലീസ് കണ്ണൂരിലെത്തുന്നു. കണ്ണേറു പറ്റാതിരിക്കാന്‍ ഒരു പ്രതിപക്ഷ പ്രതിനിധി പോലുമില്ലാത്ത ജില്ലയിലെ ഒരു പാര്‍ട്ടി നഗരസഭാ അധ്യക്ഷയുടെ വൈര്യനിര്യാതന മനസിന്റെ ബലിയാടായി പാര്‍ട്ടി അനുഭാവിയായ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചതിന് പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗത്തെ അറസ്റ്റു ചെയ്യുന്നു. കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടത്തിയതില്‍ കുപിതരായി പരാതിക്കാരിയായ വനിതാ വോട്ടറുടെ വീട്ടില്‍ ബോംബെറിഞ്ഞതിന് സി.പി. എമ്മിന്റെ പ്രാദേശിക നേതാക്കള്‍ പിടിയിലാകുന്നു. വടകരയില്‍ മത്സരിച്ച ലോകസഭാ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലാകുന്നു – ജീവനെടുത്തും മാനം കവര്‍ന്നും തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയുടെ ആളുകള്‍ അതിന്റെ ഈറ്റില്ലത്തില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെപ്പോലും കൂസാതെ നടത്തുന്ന മുന്നേറ്റത്തിന്റെ ഏറ്റവും പുതിയ നഖചിത്രമാണിത്.

ചരിത്രപ്രസിദ്ധമായ ബക്കളത്തെ ആന്തൂരില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതിന് പല മാനങ്ങളുമുണ്ട്. സി.പി.എമ്മിന്റെയും ഇടതുമുന്നണി ഗവണ്മെന്റിന്റെയും വിശ്വാസ്യതയേയും പ്രവാസികളോടുള്ള സമീപനത്തേയും മറ്റും അത് നേരിട്ടു ബാധിക്കുന്നു. മൂന്നു വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച് പൂര്‍ത്തിയാക്കിയ കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ പ്രവൃത്തി പൂര്‍ത്തീകരിച്ചതിനുള്ള അനുമതിപത്രം തടഞ്ഞു വെച്ചതില്‍ മനംനൊന്താണ് സി.പി.എം അനുഭാവിയും രണ്ടു വിദ്യാര്‍ത്ഥികളുടെ പിതാവുമായ ആ 48കാരന്‍ ജീവിതം അവസാനിപ്പിച്ചത്.

ആന്തൂര്‍ ദുരന്തത്തെപ്പറ്റി നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത്, നിഷേധാത്മക സ്വഭാവമുള്ള ചുരുക്കം ചില വ്യക്തികള്‍ ഭരണ സംവിധാനത്തിലുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ്. 2003ല്‍ മുഖ്യമന്ത്രി എ.കെ ആന്റണി വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ ആദ്യത്തെ ആഗോള നിക്ഷേപ സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി എ.ബി വാജ്‌പേയി കേരളത്തിന്റെ ഗുണഗണങ്ങള്‍ക്കൊപ്പം ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്:

കേരളം ദൈവത്തിന്റെ നാടാണ് എന്ന് ദേശവിദേശങ്ങളില്‍ അറിയപ്പെടുമ്പോഴും അതിനൊരു ചീത്തപ്പേരുണ്ട്. വ്യവസായമോ ബിസിനസ്സോ തുടങ്ങാന്‍ പറ്റിയ സംസ്ഥാനമല്ല കേരളമെന്ന്. അതിന് ഉദാഹരണമായി വരവേല്‍പ്പ് എന്ന മലയാള ചലച്ചിത്രവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗള്‍ഫില്‍ നിന്ന് മടങ്ങി വരുന്ന മോഹന്‍ലാല്‍ വേഷമിടുന്ന കഥാപാത്രം ഏറെ പ്രതീക്ഷകളോടെ ഒരു ചെറിയ സംരംഭത്തിന് ശ്രമിക്കുന്നു. ഒടുവില്‍ ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവരില്‍ നിന്നുണ്ടായ ഒട്ടേറെ ദുരനുഭവങ്ങളെ തുടര്‍ന്ന് അത് അടച്ചു പൂട്ടുന്നു.

1dbe1ac895ee866264284fdd47faed97ഇന്നു മുഖ്യമന്ത്രിയും 16 വര്‍ഷംമുമ്പ് വാജ്‌പേയിയും ചൂണ്ടിക്കാണിച്ച ആ നിഷേധാത്മകത ഇപ്പോള്‍ കേരളത്തില്‍ ആഴത്തില്‍ വേരാണ്ടതും വ്യാപകമായതുമായ അസഹിഷ്ണുതയുടെയും ധാര്‍ഷ്ഠ്യത്തിന്റെയും പകപോക്കലിന്റെയും രാഷ്ട്രീയ – ഭരണ ശൈലിയായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന മറ്റ് സംരംഭകര്‍ക്ക് പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ എന്തു സന്ദേശമാണ് നല്‍കുകയെന്ന് ഞെട്ടലോടെ കേരള ഹൈക്കോടതിപോലും സര്‍ക്കാറിനോടു ചോദിച്ചു. സത്യം അറിയണമെന്ന് വിഷയം സ്വമേധയാ ഹര്‍ജിയാക്കി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള ബഞ്ച് നടപടികള്‍ ആരംഭിച്ചിരിക്കയാണ്. സംരംഭകരുടെ ഇത്തരം അപേക്ഷകളില്‍ തീരുമാനമെടുക്കുന്നില്ലെന്ന് ആരോപിച്ച് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.

ഇപ്പോള്‍ പ്രവാസികളുടെ നിക്ഷേപം മാത്രമല്ല കേരള പുനര്‍നിര്‍മ്മാണ കെ.എസ്.എഫ്.ഇ സഹായവും അവര്‍ക്കുള്ള പുനരധിവാസ പ്രഖ്യാപനങ്ങളും ലോക കേരളസഭാ രൂപീകരണവും മറ്റുംവഴി പ്രവാസി മലയാളികളെയാകെ ദത്തെടുത്ത ഗവണ്മെന്റാണ് പിണറായി വിജയന്റേത്. അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ കടുത്ത പാര്‍ട്ടി അനുഭാവിയായ ഒരാളാണ് പാര്‍ട്ടിയോടുള്ള വിശ്വാസ തകര്‍ച്ചയില്‍ മനംനൊന്ത് ജീവനൊടുക്കിയത്.

കൊല്ലത്ത് സി.പി.ഐയുടെ ഇടപെടലില്‍ ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാനാകാതെ മറ്റൊരു പ്രവാസിയും ആത്മഹത്യ ചെയ്തിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വിജയത്തിനുവേണ്ടി ഗള്‍ഫ് നാടുകളിലെ നിരവധി പ്രവാസികള്‍ കേരളത്തില്‍ വന്ന് എല്‍.ഡി.എഫിനെ വിജയിപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നു.

anthoor-nri-suicide.1.241613ഇവരെയെല്ലാം വേദനിപ്പിക്കുകയും അകറ്റുകയും ഇടതുപക്ഷത്തിലും ഇടത് ഗവണ്മെന്റിലും അവര്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കുകയും ചെയ്യുന്ന സംഭവമായി ആന്തൂറിലേത്. അതിന്റെ രാഷ്ട്രീയമാനം സി.പി.എമ്മിനെയും അതിന്റെ സംസ്ഥാനത്തെ ഭരണ സംവിധാനങ്ങളെയും ജനവിരുദ്ധവും വികസന വിരുദ്ധവുമായി പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നതാണ്. ‘താന്‍ ഈ കസേരയില്‍ ഇരിക്കുമ്പോള്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന പ്രശ്‌നമില്ല. അതൊരു സ്മാരക സ്തൂപം പോലെ അവശേഷിക്കുകയേയുള്ളൂ’ എന്ന് സാജനോട് തീര്‍ത്തു പറഞ്ഞത് ആന്തൂര്‍ നഗരസഭാ അധ്യക്ഷയും സി.പി.എം കേന്ദ്രകമ്മറ്റി അംഗത്തിന്റെ ഭാര്യയുമാണ്. പറഞ്ഞ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വിലപിക്കുന്നത് സാജന്റെ കുടുംബം.

ബാങ്കില്‍ നിന്നോ മറ്റു നിലയ്‌ക്കോ കടമെടുക്കാതെ വിദൂരമായ ആഫ്രിക്കന്‍ ദേശത്ത് കഷ്ടപ്പെട്ടുണ്ടാക്കിയ 16 കോടിരൂപ ചെലവഴിച്ചാണ് കല്യാണങ്ങളും സമ്മേളനങ്ങളും മറ്റും നടത്താന്‍ തന്റെ പ്രിയപ്പെട്ട പാര്‍ട്ടി ഗ്രാമത്തില്‍ സാജന്‍ ആധുനിക മാതൃകയിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ പണിതത്. നാട് വിടുന്നതിനുമുമ്പ് സി.പി.എമ്മിനുവേണ്ടി സൈക്കിളില്‍ കോളാമ്പി മൈക്കും വെച്ച് മുദ്രാവാക്യം വിളിച്ചു നടന്നിരുന്ന ആ ചെറുപ്പക്കാരന്‍ തിരിച്ചു വന്നിട്ടും പാര്‍ട്ടിയാഫീസ് നിര്‍മ്മാണത്തിനും പാര്‍ട്ടിയുടെ മറ്റു കാര്യങ്ങള്‍ക്കും യഥേഷ്ടം സംഭാവന ചെയ്തു.

സി.പി.എമ്മില്‍ അവസാനിപ്പിച്ചെന്നു പറയുന്ന വിഭാഗീയതയുടെ മദപ്പാടിളകിയതാണ് സാജനെ ഇരയാക്കി ഊറ്റംകൊണ്ടത്. നിര്‍മ്മാണാനുമതി കിട്ടാന്‍ പി ജയരാജന്‍ എന്ന ജില്ലാ സെക്രട്ടറിയെ സമീപിച്ചത് നഗരസഭാ അധ്യക്ഷയ്ക്ക് സഹിച്ചില്ല. ‘മുകളിലുള്ളവരെക്കൊണ്ട് കാര്യം സാധിക്കൂ’ എന്ന വെല്ലുവിളി അധ്യക്ഷയില്‍ നിന്നുണ്ടായി എന്നാണ് കുടുംബാംഗങ്ങളുടെ വിശദീകരണം.

expat-suicide.1.244875പ്രവാസിയുടെ ആത്മഹത്യ രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന് ബോധ്യപ്പെട്ടാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പിന്നീട് ശ്രമിച്ചത്. മുന്‍ ജില്ലാ സെക്രട്ടറി ജയരാജനും പുതിയ സെക്രട്ടറി എം.വി ജയരാജനും മുന്‍ എം.പി ശ്രീമതിയും സാജന്റെ വീട്ടില്‍ ചെന്ന് അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത്. സംഭവത്തിന് ഉത്തരവാദികള്‍ നഗരസഭാ സെക്രട്ടറി അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരാണ്. അവരെ സസ്‌പെന്റു ചെയ്തു. നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ നിന്ന് പിന്മാറണം. പാര്‍ട്ടിയെ രക്ഷിക്കണം. എന്ന് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും നേതാക്കളെ നിയോഗിച്ചതായിരുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത തീരുമാനം വകുപ്പുമന്ത്രി എ.സി മൊയ്തീന്‍ പത്രങ്ങളെ അറിയിക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പായിരുന്നു ജയരാജന്മാര്‍ അവര്‍ക്കെതിരെ ‘നടപടി’ എടുത്തത്. ഇത് മന്ത്രി മൊയ്തീനെയും പ്രകോപിപ്പിച്ചു. സര്‍ക്കാര്‍ തീരുമാനം അറിയിക്കാന്‍ പാര്‍ട്ടിയില്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രിക്കു പറയേണ്ടിവന്നു.

ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്ന കുറ്റത്തില്‍നിന്ന് നഗരസഭാ അധ്യക്ഷയായ പാര്‍ട്ടി നേതാവിനെ രക്ഷപെടുത്തുക എന്ന ദൗത്യമാണ് കുടുംബനാഥന്റെ ആത്മഹത്യയില്‍ കരകാണാത്ത വേദനയില്‍പെട്ട ആ കുടുംബത്തെക്കൊണ്ട് സാധിക്കാന്‍ ശ്രമിച്ചത്. നിര്‍ലജ്ജവും ക്രൂരവും നിയമത്തെ ചവിട്ടി മെതിക്കുന്നതുമായ അതിക്രമം.

DUXmtkCX0AAchnjസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കു നേരെ മുംബൈ പൊലീസില്‍ ഒരു യുവതി കൊടുത്ത പരാതി പാര്‍ട്ടി സെക്രട്ടറിക്കും പാര്‍ട്ടിക്കുമെതിരെ രാഷ്ട്രീയായുധമാക്കുന്നു എന്നാണ് സി.പി.എം വക്താക്കള്‍ ചാനലുകളിലിരുന്ന് ബഹളം വെക്കുന്നത്. ആരോപണവിധേയനായ വ്യക്തിയുടെ പൂര്‍വ്വകാല ചരിത്രം, വിദേശത്തുണ്ടായ കള്ളച്ചെക്കു കേസിലടക്കം കോടികളുടെ ഇടപാടുകള്‍, ക്രിമിനല്‍ കേസുകള്‍ ഇതൊക്കെ ജനങ്ങള്‍ക്കു മുമ്പിലുണ്ട്. അത്തരമൊരു പശ്ചാത്തലത്തില്‍ പിതൃത്വം അവകാശപ്പെട്ടും വഞ്ചന, പീഢനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ചും യുവതി നല്‍കിയ പരാതിയില്‍ മഹാരാഷ്ട്രാ പൊലീസിനെ നിയമപരമായി സഹായിക്കേണ്ട ബാധ്യത കേരളാ പൊലീസിനാണ്. മുന്‍ ആഭ്യന്തര മന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട ഇത്തരം ഗുരുതരമായ ആരോപണം നിയമത്തിന്റെ വഴിയേ നീതിപൂര്‍വ്വം മുന്നോട്ടുപോകുമോ എന്ന കാര്യം പ്രശ്‌നത്തിന്റെ ഒരുവശം. ഇത്തരമൊരു ആരോപണത്തില്‍ വനിതകളുടെ അവകാശങ്ങള്‍ക്കും സുരക്ഷിതത്വത്തിനും അന്തസ്സിനുംവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന സി.പി.എമ്മിനെപ്പോലുള്ള ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയും മുഖ്യമന്ത്രിയും ഈയൊരു വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ആരോപിതനായ സെക്രട്ടറിയുടെ മകനാകട്ടെ സംസ്ഥാന പൊലീസിനെക്കൊണ്ട് യുവതിക്കെതിരെ നിയമനടപടിക്കു നീങ്ങുമ്പോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികം. കേന്ദ്രമന്ത്രിയും ഗവര്‍ണറുമായിരുന്ന എന്‍.ഡി തിവാരിക്കെതിരെ ഇത്തരമൊരു പരാതിയുയര്‍ന്നതും ഒടുവില്‍ ആ രാഷ്ട്രീയനേതാവ് പരാതിക്കാരനെ മകനായി അംഗീകരിച്ചതും ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്.

ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പരമ്പരാഗത ജില്ലകളായ കണ്ണൂര്‍, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലടക്കം ഏറ്റ തിരിച്ചടിയുടെ കാരണം കണ്ടെത്താന്‍ സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടിരിക്കയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും വിശ്വാസത്തെ കൂടുതല്‍ തകര്‍ക്കുന്നതിന് ഇടയാക്കുന്നത്. മുതലാളിത്ത വ്യവസ്ഥ കെട്ടുനാറുമ്പോള്‍ മൂല്യങ്ങള്‍ തകരുകയും കെട്ട പ്രവണതകള്‍ പടരുകയും ചെയ്യുന്നത് തൊഴിലാളിവര്‍ഗത്തെയും ബാധിക്കുമെന്ന് ‘മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടം സാമ്രാജ്യത്വ’മെന്ന പ്രധാന കൃതിയില്‍ ലെനിന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബ്രിട്ടീഷ് തൊഴിലാളിവര്‍ഗം ബൂര്‍ഷ്വാസിയായി മാറിയതും അതിലൊരു വിഭാഗം ബൂര്‍ഷ്വാസി വിലക്കെടുത്തവരാല്‍ നയിക്കപ്പെട്ടതും മാര്‍ക്‌സിനെയും എംഗല്‍സിനെയും ഉദ്ധരിച്ച് ലെനിന്‍ ഉദാഹരിക്കുന്നുണ്ട്.

m-policesഇപ്പോള്‍ ആഗോളവത്ക്കരണത്തിന്റെ ഘട്ടത്തില്‍ കോര്‍പ്പറേറ്റ് വത്ക്കരണത്തിന്റെ അവസ്ഥയില്‍ കേരളത്തില്‍ അധികാരത്തിലിരിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ നേതാക്കള്‍ക്കു വന്ന ലെനിന്‍ ചൂണ്ടിക്കാട്ടിയതുപോലുള്ള പരിവര്‍ത്തനമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. തൊഴിലാളിവര്‍ഗത്തിന്റെ നേതാക്കള്‍ അല്ലാതായി മാറുന്നതിന്റെ. മോദിയടക്കം ഉള്‍പ്പെട്ട ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ നിരയില്‍ നിരന്നു നില്‍ക്കാനുള്ള രാഷ്ട്രീയവും ശൈലിയും സാംസ്‌ക്കാരിക നിലവാരവും സ്വീകരിച്ചതിന്റെ. പഴയ മൂല്യങ്ങള്‍ കയ്യൊഴിയുന്നതിന്റെ. അതിന്റെ മിന്നലാട്ടങ്ങളാണ് സി.പി.എമ്മിന്റെ നേതാക്കളില്‍ വിശേഷിച്ച്, കണ്ണൂരിലെ നേതാക്കളില്‍നിന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന് തെരഞ്ഞെടുപ്പു വിധിയെത്തുടര്‍ന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കാനം രാജേന്ദ്രന്‍ മുതല്‍ ഈ സര്‍ക്കാര്‍ നിയമിച്ച സാഹിത്യ അക്കാദമി സെക്രട്ടറിവരെ ചാടിവീഴുകയുണ്ടായി. മാര്‍ക്‌സും എംഗല്‍സും ലെനിനുമൊക്കെ നിര്‍വ്വചിച്ച മുതലാളിത്തത്തിന്റെ അഴുകലും പരാന്ന ജീവിതവും ഇന്ന് പുതിയൊരവസ്ഥയിലാണ്. ചങ്ങാത്ത മുതലാളിത്തത്തില്‍ തൊഴിലാളിവര്‍ഗ നേതാക്കളുടെ ശൈലി എങ്ങനെ മാറി എന്ന കാഴ്ചയാണ് വോട്ടര്‍മാരെ മൊത്തത്തില്‍ എതിരാക്കിയത്. അസഹിഷ്ണുതയും വൈരനിര്യാതനവും കമ്മ്യൂണിസ്റ്റ് ആരോഗ്യ കരുത്തിന്റെ പേരിലുള്ള എം.എല്‍.എമാര്‍തൊട്ട് ലോക്കല്‍ ബ്രാഞ്ച് അംഗങ്ങള്‍വരെയുള്ളവരുടെ കാമകേളികളും ഈ ശൈലിയുടെ ഭാഗമാണെന്നുകൂടി ചേര്‍ത്തു വായിക്കണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top