ഗാന്ധി ഭവന്‍ അന്തേവാസികള്‍ക്ക് സാന്ത്വനവുമായി എം എ യൂസഫലി; പത്തു കോടി രൂപ ചിലവാക്കി ആധുനിക സൗകര്യങ്ങളോടെ മൂന്നു നില കെട്ടിടം നിര്‍മ്മിക്കുന്നു

yousufali1പത്തനാപുരം: അശരണര്‍ക്ക് എന്നും കൈത്താങ്ങായി നില്‍ക്കുന്ന പ്രശസ്ത വ്യവസായി എം എ യൂസഫലി പത്തനാപുരം ഗാന്ധി ഭവന്‍ അന്തേവാസികള്‍ക്ക് സാന്ത്വനവുമായി എത്തി. പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധി ഭവന് യൂസഫലിയുടെ സഹായം ദൈവാനുഗ്രഹം പോലെയാണ് വന്നെത്തിയതെന്ന് ഗാന്ധി ഭവന്‍ അധികൃതര്‍ പറഞ്ഞു. ഗാന്ധിഭവന് സമീപമുള്ള ഒരേക്കര്‍ നാൽപ്പത് സെന്‍റില്‍ നിര്‍മിക്കുന്ന മൂന്ന് നിലക്കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് പത്തനാപുരം ഗാന്ധിഭവനില്‍ നടന്നു. ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് യൂസഫലി പറഞ്ഞു.

പൂര്‍ണ്ണമായും ശീതീകരിച്ച കെട്ടിടത്തില്‍ മൂന്ന് നിലകളിലായി 250 കിടക്കകളുണ്ടാകും. ലുലു മാളിന്‍റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അതേ എന്‍ജിനീയറിംഗ് സംഘമായിരിക്കും ഗാന്ധിഭവന്‍റെ നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുകയെന്ന് യൂസഫലി അറിയിച്ചു. ഏഴു കോടി രൂപയാണ് ആദ്യം കെട്ടിടത്തിന്‍റെ ചെലവ് പ്രതീക്ഷിച്ചതെന്നും പിന്നീട് തുക പത്തുകോടി രൂപയായി ഉയരുകയായിരുന്നുവെന്നും യൂസഫലി പറഞ്ഞു. എന്നാല്‍ തുക എത്ര തന്നെയാണെങ്കിലും താന്‍ തന്നെ ചെലവ് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

yousufali3കൊച്ചി ലുലു മാള്‍ അടക്കം യൂസഫലിയുടെ കേരളത്തിലെ രണ്ട് സ്ഥാപനങ്ങളില്‍ നിന്നുള്ള സാമൂഹ്യപ്രതിബദ്ധതാ ഫണ്ടില്‍ നിന്നുള്ള 1.85 കോടി രൂപ യൂസഫലി ഗാന്ധിഭവന്‍റെ ദൈനംദിന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു.

ഗാന്ധിഭവനിലെ 250ഓളം വരുന്ന അന്തേവാസികള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളോടും കൂടി ജീവിക്കാന്‍ കഴിയുംവിധമാണ് കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. നാളെ തുടക്കമിടുന്ന നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യൂസഫലി ചടങ്ങില്‍ പറഞ്ഞു. താമസ സൗകര്യത്തിനു പുറമെ എല്ലാ മതസ്ഥര്‍ക്കുമുള്ള പ്രാര്‍ത്ഥനാ ഹാളുകളും കെട്ടിടത്തിലുണ്ടാകുമെന്നും യൂസഫലി അറിയിച്ചു.

yousufali4എല്ലാത്തിനും പകരമായി താന്‍ ആഗ്രഹിക്കുന്നത് പ്രാര്‍ത്ഥനകള്‍ മാത്രമാണെന്ന് യൂസഫലി ഗാന്ധിഭവനിലെ അന്തേവാസികളോട് പറഞ്ഞു. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയാല്‍ മരണപ്പെട്ട തന്‍റെ മാതാപിതാക്കള്‍ക്ക് അതിന്‍റെ പുണ്യം കിട്ടുമെന്നും യൂസഫലി പറഞ്ഞു.

പത്തു കോടി രൂപ ചിലവിട്ട് താന്‍ ഈ കെട്ടിടം നിര്‍മ്മിക്കുന്നത് ഇവിടത്തെ അന്തേവാസികള്‍ക്ക് എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കാനാണ്. എന്നുവെച്ച് ഈ കെട്ടിടം കണ്ട് ആരും സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കരുതെന്നും യൂസഫലി പറഞ്ഞു. പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നത് ഒരു പുണ്യം തന്നെയാണ് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

yousufali2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment