ബാല്യകാലത്തെക്കുറിച്ചുള്ള മധുരസ്മരണകളില് ക്ഷേത്രോത്സവങ്ങള്‍ക്ക് പ്രഥമ സ്ഥാനമാണുള്ളത്. ദൂര ദേശത്തുള്ള ഏതെങ്കിലും ഒരു നാടക സംഘത്തിന്റെ ചെറിയ ബസ്, ക്ഷേത്ര മൈതാനത്തേക്ക് സാവധാനം കടന്നുവരുമ്പോള്‍, അക്കാലങ്ങളില്‍ ഉത്സവ ലഹരി പാരമ്യത്തിലെത്തിയിരുന്നു. ആനയും, അമ്പാരിയും, എഴുന്നള്ളത്തും,നൃത്ത നൃത്യങ്ങളും, കഥകളിയും, നാടകവും, ബാലയും, ബലൂണും, കളിപ്പാട്ടങ്ങളും, കുപ്പിവളകളും, വെടിക്കെട്ടും, ദീപാലങ്കാരങ്ങളും ഉത്സവങ്ങള്‍ക്ക് അത്യന്താപേക്ഷിതമായിരുന്നു. അതുകൊണ്ടാണ് ക്ഷേത്രോത്സവങ്ങള്‍ എല്ലാവിധ മത വിശ്വാസികളുടെയും മനസ്സില്‍ ആഹ്ലാദ പൂത്തിരികള്‍ കത്തിച്ചുകൊണ്ടേയിരിക്കുന്നത്.
ഡാളസ് ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിലെ ഉത്സവത്തിന് ഭരത് മോഹന്‍ലാലിന്റെ ശബ്ദ വിവരണത്തോടെ അത്യുജ്ജലമായി അരങ്ങേറിയ സൂര്യപുത്രന്‍ എന്ന നൃത്ത, സംഗീത നാടകം, ക്ഷേത്രവും, ഭരത കല തീയേറ്റേഴ്സും സംയുക്ത്മായി ഒരുക്കിയെടുത്തതായിരുന്നു, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട്, ഓരോ രംഗത്തിനും അനുയോജ്യമായ പശ്ചാത്തലവും, അവതരിപ്പിക്കുന്ന സംഭവങ്ങള്‍ക്കനുസൃതമായ ദൃശ്യ പ്രേക്ഷണവും കാണികള്‍ക്ക് നവ്യ അനുഭവമായിരുന്നു. ബൃഹത്തായ എല്‍ ഇ ഡി സ്ക്രീനായിരുന്നു ഇതിനുവേണ്ടി ഉപയോഗി ച്ചിരുന്നത് . നാടകത്തിന്റെ കഥയും, രംഗ കഥ സംഭാഷണങ്ങളം എഴുതിയത് സന്തോഷ് പിള്ളയാണ്.
നിരവധി നാടകങ്ങളിലും, ഹ്രസ്വ ചിത്രങ്ങളിലും അഭിനയിക്കുകയും, സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുള്ള ഹരിദാസ് തങ്കപ്പന്റെ സംവിധാനത്തില്‍, മനോജ് പിള്ളയാണ് കര്‍ണ്ണനായി വേഷമിട്ടത്. അനേകം വേദികളില്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത പരിചയ സമ്പന്നത സൂര്യപുത്രനായി അരങ്ങ് തകര്ത്തഭിനയിക്കാന് മനോജിനെ അത്യധികം സഹായിച്ചു. ജന്മം നല്കിയ ദിനം തന്നെ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന കുന്തി മാതാവിന്റെ നിസ്സഹായത അവതരിപ്പിച്ച രശ്മി രൂപേഷ്, ഉജ്ജ്വല ഭാവാഭിനയത്താല്‍ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു. രക്ത ബന്ധത്തേക്കാള്‍ സുഹൃദ് ബന്ധത്തിനാണ് ദുര്യോധനന് പ്രാധാന്യം നല്‍കുന്നതെന്ന്, ഉല്‍ഹാസ് നെല്ലിപ്പുനതിന്റെ കഥാപാത്രം ഓരോ നീക്കത്തിലും തെളിയിച്ചു. കര്‍ണ്ണന്റെ രാജധാനിയിലെ കാവല്‍ക്കാരായി അരങ്ങിലെത്തിയ രാജേഷ് കൈമളും അരുണ്‍ നായരും ഹാസ്യം വാരി വിതറി. അംഗരാജാവ് കര്‍ണ്ണനെ ചതുരംഗ കളിയില്‍ പരാജയപ്പെടുത്തിയ ദുര്യോധന പത്നി ഭാനുമതിയുടെ വേഷം രജിത ബാലന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു. ഭരതനാട്യത്തില്‍ പ്രാവീണ്യം നേടിയ ജനനി രാമചന്ദ്രനും, വൈഷ്ണവി രാജഗോപാലനും കൊട്ടാര നര്‍ത്തകികള്‍ ആയി വേദിയിലെത്തി. സൂര്യപുത്രന്റെ കവചവും, കുണ്ഡലവും ദാനമായി വാങ്ങാന്‍ വൃദ്ധ ബ്രാഹ്മണനായി രാജേന്ദ്ര വാര്യര്‍ കര്‍ണ്ണനടുത്തെത്തി. രൂപം മാറി ഇന്ദ്രനായി പ്രത്യക്ഷപെട്ടതാകട്ടെ വിലാസ്കുമാറും.
നാലാമത്തെ രംഗത്തില്‍ പാര്ത്ഥശരങ്ങളേറ്റ് നിലംപതിച്ച കര്‍ണ്ണനെ നോക്കി വിജയ ഭേരിമുഴക്കിയ ജയമോഹന്, അര്‍ജുനനെ അവിസ്മരണീയ കഥാപാത്രമാക്കി മാറ്റി. അനേകം ഹ്രസ്വ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഒരു ബഹുമുഖ പ്രതിഭയാണ് ജയ്മോഹന്‍.
അവിസ്മരണീയ രംഗങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ഈ നാടകത്തിന്റെ അന്ത്യ രംഗത്തില്‍ സമാധാന സന്ദേശമായ ഗീതാ ശ്ലോകങ്ങളുമായി പ്രത്യക്ഷപെട്ട ശ്രീകൃഷ്ണന്, അധര്‍മ്മം പെരുകുമ്പോള്‍ ഇനിയും ഞാന്‍ അവതരിക്കും എന്ന വാഗ്ദാനം പ്രേക്ഷകര്‍ക്ക് നല്കി. അഭിനയ കലയുടെ പൂര്‍ണ്ണത ഹരിദാസ് തങ്കപ്പന്റെ ഓരോ ചുവടിലും പ്രതിധ്വനിച്ചിരുന്നു.
യജ്ഞ കര്‍മ്മികള്‍: പല്ലാവൂര്‍ ശ്രീധരന്, ശിവ ഹരിഹരന്
തോഴിമാര്: പവിത്ര സുഗതന് സഞ്ജന നെല്ലിപ്പുനത്ത്
ദൃശ്യ സാങ്കേതികവും പരസ്യചിത്രവും: ജയ്മോഹന്‍
ശബ്ദ സാങ്കേതികം: ജ്യോതിക് തങ്കപ്പന്
അവതരണ സംഗീതം: അശ്വിന് രാമചന്ദ്രന്
രംഗ മേല്‍നോട്ടം: മനോജ് ചന്ദ്രപ്രകാശ്
ഗാന രചനഹരിദാസ് തങ്കപ്പന്
ഗായകന്: മനോജ് നായര്‍
ഈ നാടകം മറ്റു സംഘടനകള്‍ക്കു വേണ്ടി അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക: സന്തോഷ് പിള്ള 469 682 6699, ഹരിദാസ് തങ്കപ്പന് 21 4908 5686.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply