Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (അദ്ധ്യായം 9): അബൂതി

June 24, 2019

adhyayam 9 bannerഒരാഴ്ച കഴിഞ്ഞപ്പോള്‍ അച്ഛന്‍ ചോര്‍ന്നലിക്കുന്ന ഞങ്ങളുടെ കൂരയിലെത്തി. ആകാശവും അച്ഛന്‍റെ കണ്ണുകളും ഒരുമിച്ചു പെയ്തു. ആളുകളൊക്കെ കാണാന്‍ വന്നു. കുറെ ആശ്വാസവാക്കുകള്‍ പറഞ്ഞു. വൈദ്യത്തിന്‍റെ അഭിപ്രായങ്ങള്‍ പറഞ്ഞു. പിന്നെ പിരിഞ്ഞു പോയി. അച്ഛനും ഞങ്ങളും ഞങ്ങളുടെ ചുടുനിശ്വാസവും മാത്രം ബാക്കിയായി. ഇനിയെന്ത് ചെയ്യും എന്നൊരു വലിയ ചോദ്യത്തിന് മാത്രം ഞങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല. വൈദ്യന്‍ പുരുഷുവേട്ടന്‍ വന്നു നോക്കി. ഒരു ഉഴിച്ചില്‍ നടത്തി നോക്കാന്‍ പറഞ്ഞു. സ്വന്തം കാര്യങ്ങള്‍ നടത്താന്‍ ആയാലോ? അതും ഉറപ്പൊന്നുമില്ല.

ആടുകളില്‍ രണ്ടെണ്ണത്തിനെയും കൊണ്ട് അറവുകാരന്‍ മൂസാക്ക പോകുന്നതും നോക്കി വിഷമത്തോടെ ഞാന്‍ നില്‍ക്കെ, ശാരദക്കുട്ടി തേങ്ങുകയായിരുന്നു. അച്ഛന്‍റെ ചികിത്സ തുടങ്ങി. കഞ്ഞിയും കാവിത്തുമൊക്കെയായി ഞങ്ങളുടെ ഭക്ഷണം ചുരുങ്ങി. അതില്‍ സങ്കടമില്ലായിരുന്നു. അച്ഛന് വലിയ മാറ്റമൊന്നും വന്നില്ല. ദിവസങ്ങള്‍ അങ്ങിനെ കഴിഞ്ഞു പോയി. ആടുകളുടെ എണ്ണം പിന്നെയും കുറഞ്ഞു. അവസാനത്തെ ആടിനെയും കൊണ്ട് മൂസാക്ക പോയപ്പോള്‍ ചങ്കു പൊട്ടുന്ന വേദനയോടെയുള്ള ശാരദക്കുട്ടിയുടെ കരച്ചില്‍ അച്ഛനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാവും. തീര്‍ച്ചയാണ്. പിന്നെ ആ വീട്ടില്‍ ആകെയുണ്ടായിരുന്ന പൊന്നിന്‍റെ പൊട്ടും പൊടിയുമൊക്കെ പടിയിറങ്ങി. അവസാനം വില്‍ക്കുവാനിനി ജീവച്ഛവങ്ങളായ ഞങ്ങള്‍ അഞ്ചാത്മാവുകളല്ലാതെ വേറെ ഒന്നും അവിടെ ഇല്ലെന്നായി.

പിന്നെ ഞങ്ങളുടെ മുറ്റം കടന്നെത്തിയത് കൊടും വറുതിയായിരുന്നു. വിശപ്പാളുന്ന കണ്ണുകളുമായി സിദ്ധുവിന്‍റെ നോട്ടം എന്‍റെ നെഞ്ച് തുളച്ച് ഹൃദയം പിളര്‍ത്തിക്കൊണ്ടിരുന്നു. വല്ലപ്പോഴും അയല്‍വാസികള്‍ തരുന്ന നാഴൂരി അരിയിട്ട് തിളപ്പിച്ചാല്‍, അതിലേക്ക് കൂട്ടാന്‍ മുളകുപൊടിയും ഉപ്പും ഒന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണയും കൂട്ടിക്കുഴച്ചുണ്ടാകുന്ന ചമ്മന്തിയായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് അത് തന്നെ വലിയ ആശ്വാസമായിരുന്നു. അമ്മ ഇടയ്ക്കിടയ്ക്ക് കിട്ടുന്ന കൂലിപണിക്കൊക്കെ പോകാന്‍ തുടങ്ങി. സത്യത്തില്‍ അമ്മയ്ക്ക് അതിനാവതില്ല. എത്ര ചുരുങ്ങിയ ദിവസം കൊണ്ടാണ് അമ്മയ്ക്ക് വയസ്സായി പോയത്. അച്ഛനത് താങ്ങാവുന്നതിന്‍റെ അപ്പുറത്തായിരുന്നു. ഒരു ജോലി എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. അറിയാവുന്ന ആളുകളോടൊക്കെ പറഞ്ഞു നോക്കി. ഏറെക്കഴിയാതെ എനിക്ക് മനസ്സിലായി. നമ്മുടെ നാട്ടില്‍ ഒരു ജോലി കിട്ടുക അത്ര എളുപ്പമല്ല. പ്രത്യേകിച്ചും അവിവാഹിതയായ ഒരു അമ്മയ്ക്ക്.

അച്ഛന് ഒരു ദീനം വന്നിരിക്കുന്നു. അത് നാള്‍ക്കുനാള്‍ വഷളായി വരികയാണ്. പുരുഷവുവേട്ടന്‍ വൈദ്യമൊന്നും അച്ഛന്‍റെ അസുഖം ഭേദമാക്കിയില്ല. ഇപ്പോഴിപ്പോള്‍ ശ്വാസമെടുക്കാന്‍ പോലും അച്ഛന്‍ പ്രയാസപ്പെടുകയാണ്. കാണുന്നവര്‍ക്ക് തന്നെ അത് അസഹനീയമാണ്. അതൊരു ഞായറാഴ്ച ദിവസമായിരുന്നു. രാവിലെ ഒരു ഒന്‍പത് മണിയായപ്പോള്‍ അമ്മ എന്നോട് മടിച്ചു മടിച്ച് പറഞ്ഞു.

“മോളെ.. നീ ചെന്ന് ചെമ്പകത്തെ രാജനോട് കുറച്ച് പൈസ ചോദിച്ച് നോക്ക്. അച്ഛനെ ഇങ്ങിനെ ഇവിടെ ഇട്ടാ ശരിയാവൂലല്ലോ…?”

സത്യത്തില്‍ എനിക്ക് സന്തോഷമാവുകയാണ് ചെയ്തത്. രാജേട്ടന് പട്ടണത്തില്‍ ഒരു തുണിക്കടയുണ്ട്. അവിടെ വല്ല ജോലിയും ശരിയാക്കിത്തരുമോ എന്നും ചോദിക്കാമല്ലോ. അങ്ങിനെ ഞാന്‍ ചെമ്പകത്തേയ്ക്ക് പോയി. കൂടെ വരാന്‍ ശാഠ്യം കാണിച്ച സിദ്ധുവിനെ അമ്മ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കുന്നത് കണ്ടപ്പോള്‍, മുറ്റത്ത് നിന്നും ഇടവഴിയിലേക്ക് കാലെടുത്ത് വെക്കവേ എന്‍റെ കരളൊന്നു പിടച്ചു. പണ്ട് ഇത് പോലെ ശാരദക്കുട്ടി എന്‍റെ കൂടെ വരാന്‍ കരഞ്ഞപ്പോള്‍ അമ്മ കുറുക്കന്‍റെ പേര് പറഞ്ഞ് അവളെ പിന്തിരിപ്പിച്ചു. അന്നവള്‍ എന്‍റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്‍റെ ജീവിതം ഇത്ര ഇരുള്‍ നിറഞ്ഞതാകുമായിരുന്നില്ലല്ലോ എന്നൊരു നെടുവീര്‍പ്പോടെ ഞാനോര്‍ത്തു.

ചെമ്പകത്തെ ഗെയ്റ്റ് കടന്ന് മുറ്റത്തേയ്ക്ക് കാലെടുത്ത് വെയ്ക്കുമ്പോള്‍ എന്തിനെന്നറിയാതെ എന്‍റെ നെഞ്ചിലൊരു തീവണ്ടിയെഞ്ചിന്‍ കൂകിവിളിച്ചുകൊണ്ട് ഓടുന്നുണ്ടായിരുന്നു. ഹൃദയത്തിന്‍റെ തമ്പോറു മുട്ട് ഇടിമുഴക്കമായി മാറുന്നു. എത്ര പ്രാവശ്യം ഞാനിവിടെ വന്നിട്ടുണ്ട്. ഈ കാണുന്ന കുഞ്ഞു മാവുകളില്‍ കൈയ്യെത്തിപ്പിടിക്കാവുന്ന കണ്ണിമാങ്ങാ കുലകളില്‍ നിന്നും എത്ര കണ്ണിമാങ്ങകള്‍ പൊട്ടിച്ചെടുത്തിട്ടുണ്ട്. ഉപ്പും മുളകും കൂട്ടി അവ തിന്നിട്ടുണ്ട്. എത്ര രസമായിരുന്നു അന്നൊക്കെ. ഇന്നിപ്പോള്‍ ചിരിക്കാന്‍ പോലും നല്ല നേരം നോക്കേണ്ടി വരുന്നു.

മുറ്റത്ത് ചെടിക്ക് വെള്ളമൊഴിച്ച് കൊണ്ടിരിക്കുകയായിരുന്നു രാജേട്ടന്‍റെ മോള്‍ മിനി എന്നെ കണ്ടപ്പോള്‍ പൈപ്പ് അവിടെ ഇട്ട്, മുഖം കനപ്പിച്ച് അകത്തേക്ക് പോയി. എന്‍റെ കാലുകള്‍ക്ക് ഭാരമേറി. ഒന്ന് മിണ്ടുക പോലും ചെയ്തില്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടു. മുന്‍പൊക്കെ എങ്ങിനെ വര്‍ത്തമാനം പറഞ്ഞിരുന്നതാണ്. ഇന്നിപ്പോള്‍ ഒരു അപശകുനത്തെ കണ്ട പോലെ. കുറച്ച് കഴിഞ്ഞപ്പോള്‍ രാജേട്ടന്‍ വന്നു. പിന്നാലെ ഭാര്യ മാളുവേട്ടത്തിയും. എന്ത് വേണമെന്ന് പരുക്കന്‍ സ്വരത്തിലാണ് രാജേട്ടന്‍ ചോദിച്ചത്. ഒന്ന് ചിരിക്കുക പോലും ചെയ്യുന്നില്ലല്ലോ എന്ന് ഞാന്‍ അതിശയപ്പെട്ടു. അന്ന് ആശുപത്രിയില്‍ വച്ച് കണ്ട ആളെ അല്ല. വേറെ ഏതോ ഒരാള്‍.

“അച്ഛന് തീരെ സുഖമില്ല. ആശുപത്രിയില്‍ കൊണ്ട് പോകാന്‍ കയ്യില്‍ പൈസയുമില്ല. കുറച്ച് പൈസ തന്നു സഹായിക്കാമോ?”

വിക്കി വിക്കി ഞാന്‍ ഞാന്‍ ചോദിച്ചു. മാളുവേട്ടത്തിയുടെ ചുണ്ടില്‍ ഒരു വികൃതച്ചിരി വിടരുന്നത് കണ്ടു. എന്നാലും രാജേട്ടന്‍ എന്തെങ്കിലും തരും എന്ന് തന്നെ ഞാന്‍ പ്രതീക്ഷിച്ചു. എന്ത് സഹായം വേണമെങ്കിലും ചോദിക്കണം എന്ന് പറഞ്ഞ ആളല്ലേ?. പക്ഷെ ഒരു ദയയുമില്ലാതെ കര്‍ക്കശ സ്വരത്തില്‍ രാജേട്ടന്‍ അറുത്തുമുറിച്ച് പറഞ്ഞു.

“ഇവിടെ ഇപ്പോള്‍ പൈസയൊന്നുമില്ല. ഞാന്‍ കുറച്ച് ടൈറ്റിലാണ്..”

എന്‍റെ മുന്‍പില്‍ ആ വാതിലടഞ്ഞപ്പോള്‍, ലോകത്തിലേറ്റവും കൂടുതല്‍ അപമാനിതയായ പെണ്‍കുട്ടിയായി ഞാന്‍ തരിച്ച് നിന്നു. തൊട്ടടുത്തൊരു അടക്കിപ്പിടിച്ച ചിരി കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു, തീ പോലെ പൊള്ളിക്കുന്ന ഒരു വൃത്തികെട്ട ചിരിയുമായി മിനി നില്‍ക്കുന്നു.

തിരിച്ചു മടങ്ങുമ്പോള്‍ എന്‍റെ ഉള്ളില്‍ കണ്ണുനീരിന്‍റെ ഒരു മഹാമേഘം തിമര്‍ത്തു പെയ്തു. ഏതു ശപിക്കപ്പെട്ട നിമിഷത്തിലാണ് ഇങ്ങോട്ട് വരാന്‍ തോന്നിയത്. വേണ്ടായിരുന്നു. വര്‍ദ്ധിച്ച വിഷമത്തോടെ തിരിച്ചു മടങ്ങുമ്പോള്‍ കണ്ടു, എതിരെ സുകു വരുന്നു.
ദൈവമേ. ഇങ്ങിനെയും ഉണ്ടോ ദുര്‍വിധി. അവനെ അഭിമുഖീകരിക്കാനാവാതെ ഞാന്‍ മണ്ണിലേക്ക് നോക്കി നടന്നു. ഒന്നും മിണ്ടാതെ സുകു എന്നെ കടന്നു പോകുന്നത് ഞാന്‍ അറിഞ്ഞു. ആശ്വാസത്തിന്‍റെ ഒരു നെടുവീര്‍പ്പ് എന്നില്‍ പിറന്നപ്പോഴാണ് പിന്നില്‍ നിന്നും സുകുവിന്‍റെ ചോദ്യം ഞാന്‍ കേട്ടത്.

“കണ്ടിട്ട് കാണാത്ത പോലെ, ഒന്നും മിണ്ടാതെ പോവുകയാണോ?”

എന്‍റെ അടിവയറ്റില്‍ നിന്നും ഒരു അഗ്നിഗോളം ഉരുണ്ടു പിടഞ്ഞ് ഉയര്‍ന്നു വന്ന് നെഞ്ചില്‍ ജ്വലിച്ചു. ഞാന്‍ തിരിഞ്ഞു നോക്കി. ഒരു വിളറിയ പുഞ്ചിരിയില്‍ എന്‍റെ മറുപടി ഒതുക്കി. ചില നിമിഷങ്ങള്‍ മൗനത്തിന്‍റെ ഭാരത്തിലടര്‍ന്നു വീണു. സുകു പിന്നെയും ചോദിച്ചു.

“അച്ഛനിപ്പോള്‍ എങ്ങിനെ ഉണ്ട്?”

സുഖമെന്ന് പറഞ്ഞപ്പോള്‍ പിന്നെയും സുകുവിന്‍റെ ചോദ്യം.

“മോനോ?”

ഞാന്‍ തളര്‍ന്നു പോയി. എന്താണ് പറയേണ്ടത് എന്നറിയാത്ത ഒരവസ്ഥയില്‍ ഞാന്‍ മൗനം പൂണ്ടു. എന്‍റെ കണ്ണുകളില്‍ ഇത്തിരി നീര് പൊടിഞ്ഞു നില്‍ക്കുന്നത് കണ്ടാണോ എന്തോ സുകു പിന്നെ ഒന്നും ചോദിച്ചില്ല. തിരിഞ്ഞു നടക്കാന്‍ തുനിഞ്ഞ സുകുവിനെ എന്തോ ഒരുള്‍പ്രേരണയാല്‍ ഞാന്‍ വിളിച്ചു.

“അതേയ്…”

തിരിഞ്ഞു നോക്കിയപ്പോള്‍ സുകുവിന്‍റെ മുഖത്തൊരു തിളക്കമുണ്ടായിരുന്നു. ഞാന്‍ വളരെ വിഷമത്തോടെ ചോദിച്ചു.

“എന്നോട് ദ്വേഷ്യമുണ്ടോ?”

സുകു ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ കുറച്ചു നേരം മൗനമായി നിന്ന്. പിന്നെ ഇല്ലെന്ന് തലയാട്ടി. ഒരാശ്വാസത്തോടെ ഞാന്‍ ചോദിച്ചു.

“എനിക്ക് കുറച്ച് പൈസ കടം തരാമോ? അച്ഛനെ ഒന്നാശുപത്രിയില്‍ കൊണ്ടാവണം. തീരെ സുഖമില്ല.”

എന്തുകൊണ്ടാണ് ഞാന്‍ അന്നങ്ങിനെ അവനോട് ചോദിച്ചത് എന്നതിന് എനിക്കിന്നും ഉത്തരമില്ല. മുങ്ങിച്ചാകാന്‍ പോകുന്നവന്‍ മുന്നില്‍ കണ്ട ഏത് പുല്‍ത്തുരുമ്പിലും പിടിച്ചു നോക്കുമല്ലോ.

സുകു എന്തൊക്കെയോ ആലോചിച്ച് ഒരല്പ നേരം അങ്ങിനെ നിന്നു. പിന്നെ പറഞ്ഞു.

‘”ഇപ്പൊ കൈയ്യിലില്ല. വൈകുന്നേരം കൊണ്ട് വരാം.”

ആശ്വാസത്തോടെ ഞാന്‍ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ ശരിയെന്ന് തലയാട്ടി മെല്ലെ തിരിഞ്ഞു നടന്നു. കുറച്ച് നടന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു. ഒരു മരം കണക്കെ ആ ഇടവഴിയില്‍ എന്നെയും നോക്കി നില്‍ക്കുന്ന സുകുവിനെ. മേലാകെ ഒരു കുളിര്‍ പടര്‍ന്നു കയറി. വേഗം നടന്നു. പിന്നെ തിരിഞ്ഞു നോക്കാന്‍ ഒരു പാട് കൊതിയുണ്ടായെങ്കിലും നോക്കാനുള്ള ധൈര്യമുണ്ടായില്ല.

മുറ്റത്ത് അക്ഷമയായി അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. വിഷമത്തോടെ ഞാന്‍ അമ്മയോട് ചെമ്പകത്ത് നടന്നതൊക്കെ പറഞ്ഞു. അമ്മയുടെ മുഖം മങ്ങി. അവസാനം സുകുവിനോട് കാശ് ചോദിച്ച കാര്യം മടിച്ചു മടിച്ചാണ് പറഞ്ഞത്. അമ്മ
ദ്വേഷ്യപ്പെടും എന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല ആ മുഖത്ത് അശ്വാസത്തിന്‍റെ ഒരു വെള്ളി വെളിച്ചം കണ്ടു.

നിമിഷങ്ങളടര്‍ന്നു പോകാതെ സമയം എന്നില്‍ വീര്‍പ്പു മുട്ടി. എത്രയും പെട്ടെന്ന് ഒന്ന് വൈകുന്നേരമായെങ്കില്‍. ഞാന്‍ അതിയായി ആഗ്രഹിച്ചു. പ്രതീക്ഷയുടെ ഒരായിരം മിന്നാമിന്നികള്‍ എന്നില്‍ കുഞ്ഞു ചിറകുകള്‍ വിടര്‍ത്തി. ഇരുള്‍ മുറ്റിയ എന്‍റെ ജീവിതത്തില്‍ ചന്ദനപ്രഭ വിതറി ആ അഗ്നിശലഭങ്ങള്‍ എന്നിലേക്ക് പറന്നടുക്കുന്നു. കട്ടകുത്തിയ ഇരുട്ടില്‍ ഏകയായിരിക്കുന്ന എന്‍റെ അടുത്തേക്ക്, എല്ലാ പ്രതീക്ഷകളും ചിതല്‍ തിന്നു പോയതില്‍ പിന്നെ സ്വപ്നങ്ങള്‍ കാണാന്‍ മറന്ന എന്നിലേക്ക്, അവ കൂട്ടം കൂട്ടമായി പറന്നു വരുന്നു. ഉള്ളിലൊരു സ്വപ്നചകോരത്തിന്‍റെ ചിറകടിയൊച്ച മുഴുങ്ങുന്നു. മിഴികള്‍ മുറ്റത്തിന്‍റെ അപ്പുറത്തേക്ക്, ഇടവഴിയിലേക്ക് നീട്ടി ഞാന്‍ അക്ഷമയായി സുകുവിനെയും കാത്തിരുന്നു. ഒരു നോക്ക് കൂടി ഒന്ന് കാണാന്‍.

സമയം സന്ധ്യയാകാറായി. സുകു വന്നില്ല. ഞാന്‍ മുറ്റത്ത് തന്നെ കാത്തു നില്‍ക്കുകയാണ്. ഇന്നിനി സുകു പണം കൊണ്ട് വന്നാലും അച്ഛനെ ആശുപത്രിയില്‍ കൊണ്ട് പോകാനാവില്ല. എന്നാലും നാളെയെങ്കിലും കൊണ്ട് പോകാമല്ലോ. ഇത്തിരി ശ്വാസത്തിനായി അച്ഛന്‍ പെടാപാട് പെടുന്നത് കണ്ടു നില്‍ക്കാന്‍ വയ്യ. ക്ഷമ കേട്ട് ഞാന്‍ കാത്തിരിക്കെ, ഇടവഴിയില്‍ ഒരു കാലൊച്ച കേട്ടു. എന്‍റെ കണ്ണുകളില്‍ ഞാനറിയാത്തൊരു മോഹം തിര തല്ലി. മേലാകെ രോമാഞ്ചമുണ്ടാകെ ഞാന്‍ ഇടവഴിയിലേക്ക് നോക്കി.

പക്ഷെ, ഇടവഴിയില്‍ നിന്നും ഞങ്ങളുടെ മുറ്റത്തേ കടന്നുവന്നത് രാജേട്ടനായിരുന്നു. ഞാന്‍ അമ്പരന്നു പോയി. അന്ധാളിച്ച് അമ്മയെ വിളിച്ചു. അകത്ത് നിന്നും ഇറങ്ങി വന്ന അമ്മയും അത്ഭുതപ്പെട്ടു. ഉള്ളിലെ നീരസം അമ്മ മുഖത്ത് കാട്ടിയില്ല. അങ്ങോട്ടെന്തെങ്കിലും ചോദിക്കാനാവുന്നതിന്‍റെ മുന്‍പേ രാജേട്ടന്‍ ഇങ്ങോട്ട്, എന്നോട് ചോദിച്ചു.

“അച്ഛനെന്താ പറ്റിയത്?”

എന്‍റെ മറുപടിക്ക് കാത്തു നില്‍ക്കാതെ, അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു.

“ഇവള് വന്നപ്പോള്‍ അവിടെ മാളുവുണ്ടായിരുന്നു. അറിയാലോ. ഇനി അവളുടെ വായ്പ്പാട്ട് കേള്‍ക്കണ്ട എന്ന് കരുതിയാ ഞാന്‍ അങ്ങിനെ പറഞ്ഞത്. പിന്നെ ഇപ്പോഴാ ഒന്ന് വരാന്‍ തരായത്.”

അമ്മയുടെ മുഖത്ത് ആശ്വാസത്തിന്‍റെ ഒരു മഴ പെയ്യുന്നത് കണ്ടു. ഞാനാണെങ്കില്‍ തീയില്‍ ചവിട്ടിയാലെന്ന പോലെ നില്‍ക്കുകയാണ്. ദൈവമേ, സുകു ഇപ്പൊ വന്നാല്‍..

അച്ചന്‍റെ കട്ടിലിന്‍റെ അരികില്‍ നിന്ന് രാജേട്ടന്‍ പറഞ്ഞു.

“നാളെ ഞാന്‍ രണ്ടാളെ വണ്ടിയുമായി അയക്കാം. നാളെ തന്നെ ജില്ലാശുപത്രിയില്‍ കൊണ്ട് കാണിക്കണം. ഇനി പൈസക്ക് വീട്ടിലേക്ക് വരണ്ട. തുണിക്കടയിലേക്ക് വന്നാല്‍ മതി.”

സുകു വരുമോ എന്നൊരു വെപ്രാളം എനിക്കുണ്ടായിരുന്നെങ്കിലും ആ അവസരം നഷ്ടപ്പെടുത്താന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. രാജേട്ടനോട് തുണിക്കടയില്‍ എനിക്കൊരു ജോലി തരാമോ എന്ന് ചോദിച്ചു. ആ ചോദ്യം അമ്മയ്ക്ക് ഒരുപാട് സന്തോഷമുണ്ടാക്കി എന്ന്, പ്രതീക്ഷയോടെ രാജേട്ടന്‍റെ മുഖത്തേക്ക് നോക്കുന്ന അമ്മയെ കണ്ടപ്പോള്‍ മനസ്സിലായി. രാജേട്ടന്‍ ഒന്നും മിണ്ടാതെ കുറേ നേരം എന്തോ ആലോചിച്ച് നിന്നു. ആകാംക്ഷയോടെ, പ്രതീക്ഷയോടെ രാജേട്ടന്‍റെ മുഖത്തേക്ക് നോക്കി നില്‍ക്കുന്ന ഞങ്ങളോട് രാജേട്ടന്‍ പറഞ്ഞു.

“അതിപ്പോ,, തുണിക്കടയില്‍ ഒഴിവൊന്നുമില്ല. കച്ചോടം കൊറവാണെ.. ഒഴിവു വരുമ്പോ നമ്മള്‍ക്ക് നോക്കാം. പിന്നെ പറ്റുമെങ്കില്‍ മറ്റൊരു കാര്യം പറയാം. പട്ടണത്തില്‍ എനിക്കൊരു ചെറിയ വീടുണ്ട്. മുമ്പ് വാടകക്കാരുണ്ടായിരുന്നു. ഇപ്പൊ അടച്ചിട്ടിരിക്കുകയാണ്. അത് ആഴ്ചയില്‍ ഒരു ദിവസം തൂത്തുവാരി വൃത്തിയാക്കി ഇടാന്‍ ഒരാളെ തിരക്കി നടക്കാന്‍ തുടങ്ങീട്ട് ഇത്തിരിയായി. നീ വേണമെങ്കില്‍ എല്ലാ ഞായറാഴ്ചയും അതൊന്ന് വന്ന് തൂത്ത് തുടച്ച് വൃത്തിയാക്കി പോര്. മോശമല്ലാത്ത ഒരു സംഖ്യ തരാം.. പിന്നെ തുണിക്കടയില്‍ ഒഴിവുണ്ടാകുമ്പോള്‍ അവിടെ പണിക്ക് കേറാലൊ. എന്താ സമ്മതമാണോ?”

രാജേട്ടന്‍ എന്‍റെയും അമ്മയുടെയും മുഖത്തേക്ക് മാറി മാറി നോക്കി. എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി. അടിച്ചു വൃത്തിയാകാന്‍ പോകാവുന്നതേ ഉള്ളു. പക്ഷെ എന്തോ എനിക്കൊരു മനസ്സ് വരുന്നില്ല. അമ്മയാണെങ്കില്‍ എന്തോ ആലോചിക്കുകയാണ്. അവസാനം അമ്മയാണ് പറഞ്ഞത്.

“അത്, ഓള് വന്നോളും.”

എനിക്ക് നെഞ്ചത്ത് വല്ലാത്ത ഒരു കനം തോന്നി. എന്തോ ഒരു ശരികേട് പോലെ. പക്ഷെ പറ്റില്ലെന്ന് പറയാന്‍ വയ്യ താനും. രാജേട്ടന്‍ പിന്നെ ഒന്നും പറഞ്ഞില്ല. മുറ്റത്തേക്കിറങ്ങിയപ്പോള്‍ വേലിയ്ക്കപ്പുറം സുകുവിനെ കണ്ട് പാമ്പിനെ ചവിട്ടിയ പോലെ ഞാന്‍ ഞെട്ടി. രാജേട്ടന്‍ അമ്മയുടെ കൈയ്യിലേക്ക് കുറച്ച് പൈസ കൊടുത്ത് ഇടവഴിയിലേക്ക് നടക്കുമ്പോള്‍ സുകുവും മെല്ലെ നടന്നു തുടങ്ങുകയായിരുന്നു. ഞാന്‍ പിന്നാലെ ചെന്ന്. മെല്ലെ വിളിച്ചപ്പോള്‍ സുകു തിരിഞ്ഞു നോക്കി. ആ മുഖത്ത് വിഷാദഭാവമായിരുന്നു. ഒരു ചെറു ചിരിയോടെ അവന്‍ ചോദിച്ചു.

“ഞാനിത്തിരി നേരം വൈകി അല്ലെ. ചങ്ങാതിമാരുടെ കൈയ്യീന്ന് കടം വാങ്ങേണ്ടി വന്നു. അതാ വൈകിയത്. നിങ്ങള്‍ക്ക് ഇപ്പൊ
പൈസയൊക്കെ കിട്ടീലെ. എന്നാലിനി ഇത് തിരിച്ചു കൊടുത്തോളാം..”

എന്‍റെ കരളുരുകിപ്പോയി. പെട്ടെന്ന് ഞാന്‍ പറഞ്ഞു..

“അല്ല.. എനിക്കാ പൈസ വേണം. ഞാന്‍ പിന്നെ തന്നോളാം..”

സുകുവിന്‍റെ മുഖം തിളങ്ങുന്നത് ഞാന്‍ കണ്ടു. അവന്‍ പൈസയെടുത്ത് എന്‍റെ നേരെ നീട്ടി. അത് വാങ്ങി ഞാന്‍ പറഞ്ഞു.

“താങ്ക്സ് ട്ടോ… ഇതിപ്പോ വല്ല്യ സഹായായി. മരിച്ചാലും മറക്കൂല…”

ഇരുള്‍ പറന്നു തുടങ്ങിയ ആ സായം സന്ധ്യയില്‍ സുകുവിന്‍റെ കണ്ണില്‍ രണ്ടു നക്ഷത്രങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു. നോക്കി നില്‍ക്കെ അതില്‍ നിന്നൊരല്പം തീ എന്‍റെ നെഞ്ചില്‍ വീണെരിയാന്‍ തുടങ്ങി. മെല്ലെ മെല്ലെ സുകു നടന്നകലുമ്പോള്‍ ഞാന്‍ നോക്കി നിന്നു. അവന്‍ നടന്നകന്ന വീഥിയില്‍ നിഴലുകള്‍ പോലും ഇല്ലാതാക്കി ഇരുട്ട് വീണപ്പോള്‍ ഞാന്‍ പതിയെ മുറ്റത്തേക്ക് കയറി. അമ്മ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. രൂക്ഷമായ ഒരു നോട്ടം. ചോദിയ്ക്കാന്‍ നിന്നില്ല. ഞാനമ്മയോട് പറഞ്ഞു.

“സുകു പൈസ കൊണ്ട് വന്നതാ. ചോദിച്ചിട്ടല്ലേ?. വേണ്ടാന്നു പറഞ്ഞാല്‍ അത് മുഷിപ്പല്ലേ?. നാളെ ഇനീം ചോദിക്കേണ്ടി വന്നാലോ. ഞാന്‍ വെറുതെ വാങ്ങി വച്ചു. നാലീസം കഴഞ്ഞങ്ങ് തിരിച്ച് കൊടുക്കാലൊ.”

എന്തോ അമ്മയൊന്നും മിണ്ടിയില്ല. ഞാന്‍ അച്ഛന്‍റെ അടുത്തേയ്ക്ക് ചെന്നു. നോക്കുമ്പോള്‍ ആ രണ്ടു കണ്ണുകളും അരുവി പോലെ ഒഴുകുകയാണ്. കട്ടിലിന്‍റെ ഓരം ചേര്‍ന്ന് ഞാനിരുന്നു. അച്ചന്‍റെ നെഞ്ചില്‍ മെല്ലെ തലോടിക്കൊടുത്തു. എനിക്കറിയാം, അച്ഛനെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്ന്. പാവത്തിന് ഒന്നും പറയാന്‍ വയ്യല്ലോ. ഞാന്‍ അച്ഛന്‍ മാത്രം കേള്‍ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു.

‘സാരമില്ലച്ഛാ… അച്ഛന്‍ വെഷമിക്കാനൊന്നും നിക്കണ്ട. അടിച്ചു വാരാനോ, തുണി തിരുമ്പാനോ, പാത്രം കഴുകാനോ, എന്തിനു വേണേലും ഞാന്‍ പൊയ്ക്കോളാം. പട്ടിണിയേക്കാള്‍ ഭേദമല്ലേ?. പള്ള പയിച്ചാല്‍ പിന്നെ സിദ്ധുവിനെ കാണാന്‍ വയ്യച്ഛാ.. ഞാന്‍ പൊയ്ക്കോളാം. എനിക്ക് സങ്കടമൊന്നും ഇല്ലച്ഛാ.. അച്ഛന്‍ വിഷമിക്കാതിരുന്നാ മതി. നമുക്ക് നാളെ ആശുപ്രത്രീ പോകാല്ലോ..”

അച്ഛന്‍റെ കണ്ണുകള്‍ പിന്നെയും പൊടിഞ്ഞു കൊണ്ടേയിരുന്നു. ആ അധരങ്ങള്‍ എന്തിനോ വേണ്ടി വിറയ്ക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അച്ഛന് ഇത്തിരി ചുടു വെള്ളം കൊടുത്തു. അച്ഛന്‍ കുറച്ച് കുടിച്ചു. ബാക്കി കവിളിലൂടെ ഒരു വശത്തേക്ക് ഒഴുകിപ്പോയി. പിന്നെ ഞങ്ങള്‍ എല്ലാവരും കിടന്നു. എന്നാല്‍ അന്ന് രാത്രി ആ മഹാദുരന്തത്തിന്‍റെ, എന്‍റെ ഏറ്റവും വലിയ നഷ്ടത്തിന്‍റെ കറുത്ത കരിമ്പടം പുതച്ചാണ് രാത്രിയുടെ അവസാന യാമം പിറന്നത്. വീടിന്‍റെ അടുത്തേതോ മരത്തില്‍ നിന്നും കാലന്‍ കോഴി നീട്ടി കൂവി. പാടത്ത് നിന്നും ചാവാലിപ്പട്ടികളുടെ ഓലിയിടല്‍ അതിന് കൂട്ടുണ്ടായിരുന്നു. ഞങ്ങളുടെ കൊച്ചു വീട്ടില്‍ നിന്നും ഇരുള്‍ കീറിമുറിച്ച് എന്‍റെയും അമ്മയുടെയും നിലവിളി ഗ്രാമത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നു.

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top