Flash News

പ്രവാസി പീഡനവും, ആത്മഹത്യയും, കേരളാ ഡിബേറ്റ്ഫോറം, യു.എസ്.എ. സംഘടിപ്പിച്ച ടെലികോണ്‍ഫറന്‍സില്‍ പ്രതിഷേധം ഇരമ്പി

June 27, 2019 , എ.സി. ജോര്‍ജ്ജ്

5-Pravasi protest- Victim's Wife Beena, the adament officer P.K.Syamalaഹ്യൂസ്റ്റന്‍: കേരളത്തില്‍ പലപ്പോഴും പ്രവാസിയെ പീഡിപ്പിച്ച്, ഇടിച്ചു പിഴിഞ്ഞു ചാറെടുക്കുന്ന നയത്തിനെതിരെ രോഷാകുലരായ ഒത്തിരി അമേരിക്കന്‍ മലയാളി പ്രവാസികള്‍ അതിശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. സംഘടിപ്പിച്ച സാജന്‍ പാറയില്‍ അനുസ്മരണ പ്രതിഷേധ യോഗ ടെലികോണ്‍ഫറന്‍സില്‍ അമേരിക്കയിലെ നാനാഭാഗത്തുനിന്നുമുള്ള ആളുകള്‍ പ്രവാസി പീഡനത്തിനെതിരെ അത്യന്തം വികാരപരവും രോഷാകുലരുമായ രീതിയിലാണ് പങ്കെടുത്ത് പ്രതികരിച്ചത്. പ്രവാസികളോട് കേരളത്തിലെ രാഷ്ട്രീയാധികാരികളും ബ്യൂറോക്രാറ്റ് ഉദ്യോഗസ്ഥരും നിരന്തരം പ്രകടമാക്കിക്കൊണ്ടിരിക്കുന്ന നിഷേധാത്മക പ്രവാസി വിരുദ്ധതക്കെതിരെ ഇവിടത്തെ പ്രവാസികളുടെ പ്രതിഷേധം ശക്തമായി ഇരമ്പിയെന്നുവേണം പറയാന്‍. നൈജീരിയയില്‍ ദീര്‍ഘകാലം വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണമുപയോഗിച്ച് നിര്‍മ്മിച്ച സ്ഥാപനത്തിന് ദീര്‍ഘനാളായി ശ്രമിച്ചിട്ടും പെര്‍മിറ്റും ലൈസന്‍സും നല്‍കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത സാജന്‍ പാറയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പ്രതിഷേധ യോഗമാരംഭിച്ചത്. കേരളാ ഡിബേറ്റ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ എ.സി. ജോര്‍ജ്ജ് യോഗത്തിന്‍റെ മോഡറേറ്ററായിരുന്നു.

ഇത്തരം പ്രവാസി പീഡനങ്ങളും ആത്മഹത്യകളും വെറുംഒറ്റപ്പെട്ട സംഭവങ്ങളായി കരുതാന്‍ നിര്‍വാഹമില്ല. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ഉപജീവനമാര്‍ഗ്ഗം തേടി പോകുന്ന പ്രവാസികള്‍ ഒരു തരത്തില്‍ കേരള നാടിന്‍റെ തന്നെ ഒരു സാമ്പത്തിക ജീവന നട്ടെല്ലുകൂടിയാണ്. അവര്‍ ജന്മ നാട്ടിലേക്ക് സന്ദര്‍ശനത്തിനോ, ശിഷ്ടജീവിതത്തിനോ ആയി എത്തുമ്പോള്‍ നാട്ടിലെ വിവിധ തട്ടിലുള്ള ഗവണ്മെന്റുകളും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും അവരെ ചില്ലറ മുട്ടുന്യായങ്ങളുയര്‍ത്തിയും അവരുടെ നിസഹായത മനസ്സിലാക്കിയും ദ്രോഹിക്കുന്നതും പീഡിപ്പിക്കുന്നതും സര്‍വ്വസാധാരണമായിരിക്കുകയാണ്. നാട്ടിലെ പല പ്രമാണിമാരും പ്രവാസികളെ കാണുന്നത് പൊന്‍മുട്ടയിടുന്ന താറാവുകളെപ്പോലെയാണ്. അവര്‍ക്കു പൊന്‍മുട്ട മാത്രം പോരാ അത്തരം താറാവുകളുടെ വയറുകള്‍ തന്നെ കീറി പ്രവാസിയെ ചൂഷണം ചെയ്തു പീഡിപ്പിക്കണം. പ്രവാസികള്‍ പൊന്‍മുട്ടയിടുന്ന താറാവുകളാണെന്ന ധാരണപോലും തെറ്റാണ്. അന്യനാട്ടില്‍ പോയി കഠിന അധ്വാനത്തിലൂടെയാണവരുടെ സമ്പാദ്യം. അതിലൊരു നല്ല പങ്കാണ് അവര്‍ നാട്ടിലും നിക്ഷേപിക്കുന്നത്. അതില്‍ ഗര്‍ഫിലെ മണലാരണ്യങ്ങളില്‍, നൈജീരിയയില്‍, ആഫ്രിക്കന്‍ കാടുകളിലൊക്കെ പോയി നോവലിസ്റ്റ് ബന്യാമിന്‍റെ “ആടുജീവിതം” നയിക്കുന്നവരും ധാരാളമുണ്ട്.

6-Partha Convention Center-Andoor at Kannurന്യൂജഴ്സിയില്‍ മറ്റൊരു യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കുറച്ചധികം ആളുകള്‍ വെളിയിലിറങ്ങി ടെലികോണ്‍ഫറന്‍സ് പ്രതിഷേധ യോഗത്തിലും ഡയല്‍ ചെയ്ത് സംബന്ധിച്ചു. ആ കൂട്ടത്തിലുണ്ടായിരുന്ന അനിയന്‍ ജോര്‍ജ് (ഫോമാ സ്ഥാപക സെക്രട്ടറി), മധു രാജന്‍ (പ്രസിഡന്‍റ്-ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത്അമേരിക്ക), അനില്‍ പുത്തന്‍ചിറ (ജസ്റ്റിസ്ഫോര്‍ഓള്‍), ജിബി തോമസ് (ഫോമാ മുന്‍ സെക്രട്ടറി), ബൈജു വര്‍ഗീസ് (സെക്രട്ടറി, കേരളാ അസ്സോസിയേഷന്‍ ഓഫ്, ന്യൂജഴ്സി) തുടങ്ങിവയര്‍ അന്തരിച്ച പ്രവാസി മലയാളി സാജന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ നാട്ടില്‍ പ്രവാസികള്‍ നേരിടുന്ന ദുരിതങ്ങളെപ്പറ്റി ഹൃസ്വമായി വിവരിക്കുകയും നാട്ടിലെ അധികാരികളുടെ ധാര്‍ഷ്ട്യം, നിസംഗത, നിഷേധാത്മകങ്ങളായ നിലപാടുകളെ ഒക്കെ ശക്തമായി അപലപിക്കുകയും ചെയ്തു. പത്രമാധ്യമ പ്രവര്‍ത്തകരായ പി.പി. ചെറിയാന്‍, സജി കരിമ്പന്നൂര്‍, സണ്ണി മാളിയേക്കല്‍, ഷാജി എണ്ണശേരില്‍, വര്‍ഗീസ് പ്ലാമൂട്ടില്‍, ജോസഫ് പൊന്നോലി തുടങ്ങിയവര്‍ അഴിമതിക്കാരും ജനദ്രോഹികളുമായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ ഭരണാധികാരികളുടെയും നിഷ്ഠൂരവും, ധിക്കാരപരവുമായ ജനവിരുദ്ധവും പ്രവാസി വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിച്ചു. തോമസ് കൂവള്ളൂര്‍ (ചെയര്‍മാന്‍ ജസ്റ്റിസ് ഫോര്‍ ഓള്‍), ചാക്കോ കളരിക്കല്‍ (പ്രസിഡന്‍റ് കെ.സി.ആര്‍.എം.എന്‍.എ), ജോസഫ് എബ്രഹാം, യു.എ. നസീര്‍ എന്നീ ഐ.എന്‍ .ഓ.സി. പ്രവര്‍ത്തകരും പ്രതിഷേധ കോണ്‍ഫറന്‍സ് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

പ്രതിഷേധം രാഷ്ട്രീയ കക്ഷിഭേദമെന്യേയാണ്. ഇതിനു പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ ഭേദമില്ല. യു.ഡി.എഫ്. കേരളം ഭരിക്കുന്ന കാലത്തും പ്രവാസി പീഡനങ്ങളും ആത്മഹത്യകളും നടന്നിട്ടുണ്ട്. ഗവണ്മെന്റും കക്ഷികളും കക്ഷികളും സിവില്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഈ വിഭാഗങ്ങളെല്ലാം ഒരു ആത്മ പരിശോധന ചെയ്യുന്നത് നല്ലതാണ്. നികുതിദായകരുടെ ശമ്പളം കൈപ്പറ്റി അവരെ സേവിക്കുന്നതിനുപകരം പീഡിപ്പിക്കുന്ന ഒരു യജമാന വര്‍ഗ്ഗമായി മാറിയ ഇത്തരക്കാരുടെ തനിനിറം വ്യക്തമാക്കിയും തൊലി ഉരിയിച്ചുമായിരുന്നു ഇവര്‍ സംസാരിച്ചത്. സാഹിത്യകാരനായ വര്‍ഗീസ്എബ്രാഹം, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, ജോസഫ് മത്തായി, സാമൂഹ്യ പ്രവര്‍ത്തകനായ ജോസ് വര്‍ക്കി പുതിയാകുന്നേല്‍, മതപണ്ഡിതനായ പി.വി. ചെറിയാന്‍, ഏലിയാമ്മ മാത്യു, പെണ്ണമ്മ ജേക്കബ്, ജറിന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സ്വന്തം അനുഭവത്തിലെ പല പ്രവാസി പീഡന കഥകള്‍ അക്കമിട്ടു നിരത്താന്‍ മറന്നില്ല. അവധിയില്‍ നാട്ടിലായിരുന്ന ഫോമായുടെ സൗത്ത് വെസ്റ്റേണ്‍ പ്രസിഡന്റ് തോമസ് ഓലിയാന്‍കുന്നേലും നാട്ടില്‍ നിന്ന് പ്രവാസി പീഡനത്തെപ്പറ്റി സംസാരിച്ചു.

4-Pravasi protest photo 2സംസാരിച്ച അധികം പേരില്‍ നിന്നും മുഴങ്ങിക്കേട്ട ഒരു ചോദ്യം, വളരെയധികം കൊട്ടിഘോഷിക്കപ്പെടുകയും ചെലവിടുകയും ചെയ്ത ആ പ്രവാസി കേരള ലോക സഭാംഗങ്ങള്‍ എവിടെ? അവര്‍ പ്രവാസികള്‍ക്കായിഎന്തു ചെയ്യുന്നു. അവര്‍ രാജിവച്ച് ഒഴിയേണ്ടതല്ലെ. നോര്‍ക്ക എന്ന ഒരു വകുപ്പുണ്ടെങ്കില്‍ അവരെവിടെ? കേരളത്തില്‍ കൊണ്ടുവന്ന മുതല്‍ മുടക്കാന്‍ ആവശ്യപ്പെടുന്ന രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും വളരെ പുച്ഛത്തോടെയാണ് യോഗം വിലയിരുത്തിയത്. കേരളത്തില്‍ മുതലിറക്കുന്നവന്റെ മുതല്‍ മാത്രമല്ല ജീവനും പോകുന്ന അവസ്ഥയാണ് കേരളത്തില്‍. പ്രവാസികളെ പീഡിപ്പിച്ച് വകവരുത്തുന്ന അനേകം പി.കെ. ശ്യാമളമാര്‍ നാട്ടിലുണ്ട്. അത്തരക്കാരെ വിസ്തരിച്ച് തുറുങ്കിലടക്കണം. അത്തരക്കാരെ നീതീകരിക്കുന്ന സംരക്ഷിക്കുന്ന ഉന്നതരും ശിക്ഷിക്കപ്പെടണം. അവര്‍ രാജിവച്ചൊഴിയണം. പ്രവാസി ആവശ്യപ്പെടുന്നത് ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും മാത്രമാണ്. പ്രവാസിക്കെതിരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന ഒരൊറ്റ രാഷ്ട്രീയ നേതാക്കളേയും, മന്ത്രിമാരേയും, ഉദ്യോഗസ്ഥരേയും, മത മേലധികാരികളേയും, സിനിമാക്കാരേയും വിദേശ സന്ദര്‍ശനത്തിനെത്തുമ്പോള്‍ പൊക്കിയെടുത്ത് സ്വീകരണം കൊടുക്കാനും വേദിയിലിരുത്താനും, കൂടെ നിന്നു ഫോട്ടോ എടുക്കാനും, ഒരൊറ്റ പ്രവാസിയും, പ്രവാസി സംഘടനകളും തുനിയരുതെന്ന നിര്‍ദ്ദേശങ്ങളും ഭൂരിഭാഗം പേരും പ്രകടിപ്പിച്ചു.

പ്രവാസിക്കു വേണ്ടത് പൊള്ളയായ വാഗ്ദാനങ്ങളല്ല യഥാര്‍ത്ഥ പ്രവര്‍ത്തിയാണ്. വില്ലേജ് ഓഫീസുകളില്‍, താലൂക്കാഫീസുകളില്‍, പഞ്ചായത്ത് ഓഫീസുകളിില്‍, മുനിസിപ്പല്‍ നഗരസഭ ഓഫീസുകളില്‍ പ്രവാസി സാമ്പത്തിക സ്ഥാവരജംഗമവസ്തുക്കളുടെ ക്രയവിക്രയ പ്രക്രിയയില്‍, പണമിടപാടുകളില്‍ നേരിടേണ്ടി വരുന്ന കടമ്പകള്‍ കാലതാമസം, കൈക്കൂലി, ഭൂമിയിലെ പോക്കുവരവ് ഉദ്യോഗസ്ഥ പോക്കറ്റിലേക്കുള്ള നേരിട്ടുള്ള പോക്കുവരവുകളുടെ, ഫയലുകളുടെ കദനകഥകള്‍ ഓരോ പ്രവാസിക്കും ധാരാളമായി പറയാനുണ്ടാകും.

വലിയ സംഘടനാ ഭാരവാഹി ബാഹുല്യമില്ലാത്ത രീതിയില്‍ഏതാനും വാളന്‍റിയേഴ്സിന്‍റെ ഒരു കൂട്ടായ്മകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു വിനീത പ്രസ്ഥാനമായി കേരളാ ഡിബേറ്റ് ഫോറം നിര്‍ഭയം ജനപക്ഷം നിലകൊള്ളുമെന്ന് കേരളാ ഡിബേറ്റ്ഫോറം പ്രവര്‍ത്തകര്‍ യോഗാവസാനം നന്ദി രേഖപ്പെടുത്തികൊണ്ടു പറഞ്ഞു. പ്രതിഷേധയോഗം ടെലികോണ്‍ഫറന്‍സ് മാതൃകയില്‍ സംഘടിപ്പിക്കുന്നതിന് കേരള ഡിബേറ്റ് ഫോറത്തിനുവേണ്ടി എ.സി. ജോര്‍ജ്ജ്, സണ്ണി വള്ളിക്കളം, തോമസ് കൂവള്ളൂര്‍, ടോം വിരിപ്പന്‍, മാത്യൂസ് ഇടപ്പാറ, സജി കരുമ്പന്നൂര്‍, കുഞ്ഞമ്മ മാത്യു, ഭാരതി പണിക്കര്‍ തുടങ്ങിയവര്‍ വാളന്‍റിയേഴ്സായി പ്രവര്‍ത്തിച്ചു.

3- Pravasi protest photo 1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top