പ്രശസ്ത നടി ‘ഭാര്‍ഗവി നിലയം’ ഫെയിം വിജയനിര്‍മ്മല അന്തരിച്ചു

vijaya-nirmalaഹൈദരാബാദ്: പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടനും രാഷ്ട്രീയ നേതാവുമായിരുന്ന കൃഷ്ണയാണ് ഭര്‍ത്താവ്.

അഭിനേത്രി എന്ന നിലയിലാണ് വിജയ് നിര്‍മല സിനിമയില്‍ എത്തുന്നതെങ്കിലും സംവിധായിക, നിര്‍മ്മാതാവ് എന്നീ നിലകളിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. മലയാളത്തിലും തെലുങ്കിലുമായി 44 സിനിമകള്‍ അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആദ്യ വനിതാസംവിധായികയായിരുന്ന അവര്‍ 2002ല്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത വനിത സംവിധായിക എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടി.

എ. വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഭാര്‍ഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേം നസീര്‍ എന്നിവരായിരുന്നു നായകന്‍മാര്‍. റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25 ചിത്രങ്ങളില്‍ വേഷമിട്ടു.

1971 ല്‍ മീന എന്ന ചിത്രം ഒരുക്കി കൊണ്ടാണ് വിജയ നിര്‍മല സംവിധാന രംഗത്ത് ചുവടു വയ്ക്കുന്നത്. പിന്നീട് ഐ.വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറക്കി.

കൃഷ്ണ മൂര്‍ത്തിയായിരുന്നു ആദ്യ ഭര്‍ത്താവ്. തെലുങ്ക് നടന്‍ നരേഷ് ഈ ബന്ധത്തില്‍ ജനിച്ച മകനാണ്.

പിന്നീട് തെലുങ്ക് സിനിമാ താരം കൃഷ്ണ ഘട്ടമാനെനിയെ വിവാഹം കഴിച്ചു. ഇരുവരുടെയും പ്രൊഡക്ഷന്‍ കമ്പനിയായ വിജയകൃഷ്ണ മൂവീസ് വ്യത്യസ്ത ഭാഷകളിലായി പതിനഞ്ചു ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment