2019ല്‍ രണ്ടാം പ്രാവശ്യവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്ന നരേന്ദ്ര മോദിയെ വ്യത്യസ്തമായ കാഴ്ചപ്പാടുകളില്‍ക്കൂടി നാം വിലയിരുത്തേണ്ടിയിരിക്കുന്നു. 2014 മുതല്‍ അധികാരം ഏറ്റമുതലുള്ള പ്രതിജ്ഞകള്‍ എന്തെല്ലാമെന്നും ഇന്ത്യയുടെ വിഭവശേഷിയ്ക്കനുപാതമായ വളര്‍ച്ചയുടെ അളവുകോലിനെപ്പറ്റിയും സമഗ്രമായ ഒരു പഠനമാവിശ്യമാണ്. ജനസംഖ്യയിലും ആഗോള സാമ്പത്തിക പുരോഗതിയിലും ഇന്ത്യയ്ക്ക് ഇന്ന് മത്സരിക്കേണ്ടത് ചൈനയോടാണ്. നരേന്ദ്ര മ്രോദി 2014ലെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിച്ച് ഭരണത്തില്‍ കയറിയ നാള്‍മുതല്‍ ഇന്ത്യ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ വളര്‍ന്നുവെന്നതില്‍ സംശയമില്ല. എന്നാല്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ നിരത്തുമ്പോള്‍ രാജ്യം നേടിയ പുരോഗമനം മതിയാകുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വളരെ മന്ദഗതിയിലായിരുന്നു. 2018ലെ സാമ്പത്തിക മാന്ദ്യത്തിന്റെ മദ്ധ്യത്തിലും ഇന്ത്യ ഏഷ്യയിലെ വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയെന്നതും ശരിതന്നെ. എങ്കിലും പുതിയ ഭരണകൂടത്തിലും ആകാംക്ഷകളും ആശങ്കകളുമേറെയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആറു ഭൂകണ്ഡങ്ങളിലും അറുപതില്‍പ്പരം സൗഹാര്‍ദ്ദ രാജ്യങ്ങളിലും ഔദ്യോഗിക സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ‘സഞ്ചാരപ്രിയനായ പ്രധാനമന്ത്രിയെന്നും’ അദ്ദേഹത്തെ അറിയപ്പെടുന്നു. തന്മൂലം അദ്ദേഹം ലോക നേതാക്കളുടെയും രാഷ്ട്രതന്ത്രജ്ഞരുടെയുമിടയില്‍ സുപരിചിതനാണ്. ഓരോ രാജ്യങ്ങളിലുമുള്ള സന്ദര്‍ശനവേളകളില്‍ തലയിലണിയുന്ന തൊപ്പികള്‍ക്കും മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതാത് പ്രദേശങ്ങളിലെ സാംസ്ക്കാരികതകള്‍ക്കൊപ്പം തൊപ്പികളും ധരിച്ചിരുന്നു. അദ്ദേഹത്തിന് പ്രമുഖ വ്യക്തികളുള്ള സദസുകളില്‍ ചിറകുള്ള തൊപ്പി മുതല്‍ ഗാംഭീര്യം നിറഞ്ഞ ശിരോവസ്ത്രം വരെ തലയില്‍ ചാര്‍ത്താനിഷ്ടമാണ്. വിദേശ യാത്രകളില്‍ കണ്ടുമുട്ടുന്ന വിശിഷ്ടവ്യക്തികളെ ആലിംഗനം ചെയ്യുന്ന ഒരു കൊച്ചമ്മാവനാണദ്ദേഹം. വിമര്‍ശകര്‍ക്ക് തെല്ലും പ്രാധാന്യം നല്കുകയുമില്ല. സധൈര്യം പ്രതിരോധിക്കുകയും ചെയ്യും. അദ്ദേഹം, മത തീവ്രത പുലര്‍ത്തുന്നവര്‍ക്ക് യതിയും ധര്‍മ്മ ശീലവും ഈശ്വരഭക്തിയുമുള്ളവര്‍ക്ക് ധ്യാനനിരതനാകുന്ന യോഗിയുമാണ്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കര്‍ശനക്കാരനായ ചൗക്കിദാരുമാണ്. രാഷ്ട്രത്തിന്റെ ഈ ഉന്നത പദവിയില്‍ വീണ്ടും തിരഞ്ഞെടുത്തതോടെ ആദ്യത്തെ അഞ്ചുവര്‍ഷത്തേക്കാള്‍ ശക്തിമാനായ ഒരു പ്രധാനമന്ത്രിയായി തീര്‍ന്നിരിക്കുന്നു. മോദിജി ധരിക്കുന്ന ഏതു വേഷമാണ് ശരിയായ അദ്ദേഹത്തിന്റെ വ്യക്തിത്വം പ്രതിഫലിക്കുന്നതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ! പ്രതിപക്ഷം പാടെ തകര്‍ന്നു പോയിരിക്കുന്നതുകൊണ്ടു ചോദ്യം ചെയ്യാനും ആരുമില്ല. എങ്ങനെ വേണമെങ്കിലും അദ്ദേഹത്തിനും പാര്‍ട്ടിക്കും രാജ്യത്തെ നയിക്കാന്‍ സാധിക്കും!
2024ല്‍ ഇന്ത്യ 5 ട്രില്ലിയന്‍ ഡോളറിന്റെ സാമ്പത്തിക ശക്തിയാകുമെന്ന്’ നരേന്ദ്ര മോദി ഒരു മഹായോഗത്തില്‍’ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച വളര്‍ച്ചയുടെ പ്രവചനം നരേന്ദ്ര മോദിയുടെ സ്വപ്നമാണെങ്കിലും വികസിച്ച ഒരു ഇന്ത്യയ്ക്കായി ഇനി അധിക ദൂരമില്ലെന്ന് ഭൂരിഭാഗം സാമ്പത്തിക വിദഗ്ദ്ധരും അവകാശപ്പെടുന്നു. സംസ്ഥാനങ്ങളുടെ സഹകരണങ്ങളും അതിന് ആവശ്യമാണ്. അങ്ങനെയുള്ള ഒരു ലക്ഷ്യപ്രാപ്തിക്കായി ജില്ലാ തലങ്ങള്‍ മുതല്‍ പ്രവര്‍ത്തിക്കേണ്ടതായുമുണ്ട്. ഈ വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് വളരെയധികം കുറയുകയാണുണ്ടായത്. രാജ്യം മുഴുവന്‍ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഒരു സാഹചര്യത്തില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോവുന്ന പരിഹാരമാര്‍ഗങ്ങള്‍ എന്തെല്ലാമെന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.! രാജ്യത്തിന്റെ വരള്‍ച്ചയും കൃഷിഭൂമികളുടെ നാശവും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ തകര്‍ത്തു. രാജ്യം മുഴുവന്‍ പൈപ്പ് ലൈന്‍ നീട്ടിയാല്‍ വെള്ളത്തിന്റെ ക്ഷാമം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് മോദി കരുതുന്നു. വെള്ളത്തിന്റെ അപര്യാപ്തത രാജ്യത്തെ വലച്ചിരുന്നു.
സങ്കര പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നതാണ് ബിജെപിയെങ്കിലും മന്ത്രിസഭയിലെ പ്രധാന പോസ്റ്റുകള്‍ പൊതുവെ മോദിയുടെ ഇഷ്ടതോഴര്‍ക്ക് മാത്രമുള്ളതാണ്. മറ്റുള്ളവരുടെ കൂട്ടായ്മ കൂടാതെ തന്നെ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തോട് കൂറ് പുലര്‍ത്തിയവര്‍ മാത്രമാണ് കേന്ദ്ര മ്രന്ത്രിസഭയിലെ 57 പേരും. അതില്‍ നിരവധി ക്യാബിനറ്റ് അംഗങ്ങള്‍ക്ക് മുന്‍കാല പരിചയമില്ലാത്തവരുമാണ്. പുതിയ വിദേശകാര്യമന്ത്രി സുബ്രമണ്യം ജയശങ്കര്‍, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിങ്ങനെയുള്ള പ്രഗത്ഭരും മന്ത്രിസഭയ്ക്ക് ശക്തി നല്കുന്നു.
വിശ്രമമില്ലാതെ അമിതമായി ജോലിചെയ്യുന്ന മോദിയും ഷായും പതിറ്റാണ്ടുകളായി ഒരേലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. അവര്‍ പാര്‍ട്ടിയുടെ ശക്തരായ അനുയായികളും സുഹൃത്തുക്കളുമാണ്. പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കുന്നതിലും നിയമങ്ങള്‍ നടപ്പാക്കുന്നതിലും കര്‍ശനക്കാരാണ്. ഷായുടെ സംഘടനാ വൈഭവം പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചു. ആഭ്യന്തര മന്ത്രിയെന്ന ഷായുടെ വകുപ്പുമേധാവിത്വം മന്ത്രിസഭയിലെ രണ്ടാമത്തെ കമാണ്ടറെന്ന പദവിയിലെത്തിച്ചു. ജമ്മുവിലും കാശ്മീരിലും ഭീകര ജനതയുടെമേല്‍ ശക്തമായ നിലപാടുകള്‍ എടുക്കുമെന്നു പ്രതിജ്ഞയും ചെയ്തിരിക്കുന്നു. നിയമവിരുദ്ധമായി താമസിക്കുന്നവരുടെ വിവരങ്ങള്‍ അറിയാന്‍ രാജ്യത്താകെ പൗരന്മാരുടെ ഒരു ദേശീയ രജിസ്ട്രി തയ്യാറാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ‘നിയമാനുസൃതമല്ലാത്ത പൗരന്മാരെ ദേശീയ സുരക്ഷതയ്ക്ക് തടസമായി നില്ക്കുന്ന ചിതല്‍പ്പുറ്റുകളെന്നാണ്’ ഷാ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ പുതിയ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് നികുതി വകുപ്പു കെകാര്യം ചെയ്തിരുന്ന 12 കുത്തക ചുവപ്പുനാട ഏജന്‍സികളെ തുടക്കത്തിലേ പുറത്താക്കി കഴിഞ്ഞു. ജൂലൈ മാസത്തില്‍ അവതരിപ്പിക്കാന്‍ പോവുന്ന ബഡ്ജറ്റിന്റെ ഗുണദോഷഫലങ്ങളെപ്പറ്റിയുള്ള പൊതുജനാഭിപ്രായം ഇതിനോടകം സ്വരൂപിച്ചു കഴിഞ്ഞു. ജി.എസ്.റ്റി യുടെ പോരായ്മകള്‍ പരിഹരിക്കാനുള്ള ആസൂത്രണ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
സത്യപ്രതിജ്ഞ ചെയ്ത പുതിയ സര്‍ക്കാര്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കേണ്ട നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടുമാസം വിദേശ നേതാക്കന്മാരെ കാണുകയും നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുകയും മുതലായ കാര്യങ്ങളില്‍ വ്യാപൃതരായിരിക്കും. അതിനുശേഷം ഇന്ത്യയുടെ അടുത്ത അഞ്ചുവര്‍ഷത്തേക്കു ഭരിക്കുന്നതിനുള്ള വിശദാംശങ്ങള്‍ അടങ്ങിയ പദ്ധതികളും കരടുരൂപങ്ങളും തയ്യാറാക്കും. തിരഞ്ഞെടുപ്പു കാലത്ത് ഇന്ത്യയിലെ ആറു ലക്ഷം ഗ്രാമങ്ങളും വെദ്യുതികരിക്കുമെന്ന വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. കൃഷിക്കാര്‍ക്ക് സാമ്പത്തിക സഹായവും, പാവങ്ങള്‍ക്ക് മെഡിക്കല്‍ സഹായ നിധിയും മോദിയുടെ സാമൂഹിക പദ്ധതികളിലുള്‍പ്പെടുത്തിയിരിക്കുന്നു. 92 മില്യണ്‍ ടോയ്ലെറ്റ് നിര്‍മ്മാണങ്ങളുടെ പൂര്‍ത്തികരണവും ഒന്നാം മുഴത്തിലെ ഭരണകാലങ്ങളിലെ ബാക്കി പത്രമായി അവശേഷിക്കുന്നു. പുതിയ സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതിയും പ്രാധാന്യമേറിയതാണ്. 2024 ആവുമ്പോള്‍ ഇന്ത്യയിലെ സര്‍വ ജനങ്ങള്‍ക്കും പൈപ്പ് വെള്ളം എത്തിക്കുമെന്നാണ് പ്രതീക്ഷ. അതിനായി നിരവധി ഏജന്‍സികളുമായി സര്‍ക്കാര്‍ ചര്‍ച്ചകളാരംഭിച്ചു കഴിഞ്ഞു. ശുദ്ധജലം വീടുകളില്‍ എത്തിക്കാനുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുടക്കമിടുന്നു. ഇന്ത്യയിലെ പ്രധാന നദികളുടെ കനാലുകള്‍ വഴി ശുദ്ധജലം ഗ്രാമങ്ങളിലും എത്തിക്കാനുള്ള ശ്രമങ്ങളും തുടരുന്നു.
2019ലെ ജനവിധി ശക്തമായ ഒരു ഭരണത്തിനായിരുന്നെങ്കിലും മുന്‍ഭരണത്തില്‍ ജനങ്ങളോട് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുമുണ്ട്. ‘അയോദ്ധ്യ രാമ ക്ഷേത്രം’ ഇന്നും പരിഹരിക്കാന്‍ സാധിക്കാതെ നീറുന്ന പ്രശ്നമായി തന്നെ അവശേഷിക്കുന്നു. 20142019 ഭരണകാലത്ത് വന്ന വീഴ്ചകള്‍ എങ്ങനെ പരിഹരിക്കാമെന്നതും പുതിയ സര്‍ക്കാരിന്റെ അജണ്ടായായിരിക്കും. അയോദ്ധ്യ ക്ഷേത്രത്തിന്റെ പരിഹാരം തീര്‍ക്കുവാന്‍ ഒരു സമയ പരിധിയും ആര്.എസ്.എസ് ആവശ്യപ്പെട്ടു കഴിഞ്ഞു. കാശ്മീരിനെ സംബന്ധിച്ച ഭരണഘടന 35 എ അനുസരിച്ച് കാശ്മീരി നിവാസികള്‍ക്കു നല്കുന്ന പ്രത്യേക അവകാശങ്ങള്‍ എടുത്തു കളയുന്ന ബില്ലുകളും പരിഗണനയിലുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി ഭരണഘടനയില്‍നിന്നു നീക്കം ചെയ്യുമെന്നുള്ളതും ബിജെപിയുടെ അജണ്ടയിലുള്ളതാണ്.
2024നു മുമ്പ് രാജ്യത്തിന്റെ ആന്തരികഘടകങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ 100 ലക്ഷം കോടി രൂപായാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. റോഡുകളുടെയും ഹൈവെയുകളുടെയും നീളം ഇരട്ടിയാക്കാനുള്ള പദ്ധതികളുണ്ട്. 2024നു മുമ്പ് രണ്ടുലക്ഷം കിലോമീറ്റര്‍ ഹൈവേ നിര്‍മ്മാണങ്ങള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കുന്നു. അതില്‍ 50000-60000 കിലോമീറ്റര്‍ ഹൈവേകള്‍ റെഡിയാണെന്നും അതിന്റെ ഉദ്ഘാടനം ഒന്നുരണ്ടു മാസത്തിനുള്ളില്‍ നടത്തുമെന്നും അറിയുന്നു. ഗ്രാമീണ വികസനത്തിനായി പ്രധാനമന്ത്രി ഫണ്ടിലേക്ക് (PMGSY) ഒന്നേകാല്‍ ലക്ഷം കോടി രൂപ ബഡ്ജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നു. ആദ്യത്തെ നൂറു ദിവസ പരിപാടിയില്‍ സാധുക്കള്‍ക്ക് താമസിക്കാനുള്ള പാര്‍പ്പിട പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ് പദ്ധതികളാണ് മറ്റൊന്ന്.
അഴിമതി നിരോധനത്തിനെതിരെ ശക്തമായ നിലപാടുകള്‍ എടുക്കണമെന്ന് പുതിയ മന്ത്രിസഭ കരുതുന്നു. വിജയ് മല്യയും നിരവ് മോദിയും സാമ്പത്തിക കുറ്റങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ടു. പിടികിട്ടാപ്പുള്ളികളായ ഈ കുറ്റവാളികളെ രാജ്യത്ത് തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തും. കള്ളപ്പണത്തിനെതിരെ ശക്തമായ നിലപാട് എടുക്കും. കള്ളപ്പണം നടത്തുന്ന ബിനാമികളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തും.
ജി.എസ്.റ്റി ഇപ്പോള്‍ 28 ശതമാനം വരെ നികുതി ചുമത്തുന്നുണ്ട്. അതുകൊണ്ട് വ്യവസായ മാന്ദ്യവും അനുഭവപ്പെടുന്നു. ഉദാഹരണമായി കെട്ടിട നിര്‍മ്മാണത്തില്‍ സിമന്റിന് 28 ശതമാനമാണ് നികുതി. അതിന്റെ നിരക്ക് കുറച്ചാല്‍ കെട്ടിട നിര്‍മ്മാണ വ്യവസായങ്ങള്‍ക്ക് അഭിവൃത്തിയുണ്ടാവുകയും തൊഴില്‍ രംഗത്ത് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുകയും ചെയ്യും. അതുപോലെ ഒരു കെട്ടിടം സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും അമിതമായി സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നു. കോര്‍പ്പറേറ്റുകളുടെ കടവും പ്രധാന ഒരു വിഷയമാണ്. 150 ബില്യണ്‍ രൂപ ബാങ്കിങ്ങ് മേഖലകള്‍ക്ക് കിട്ടാക്കടമായി ലഭിക്കാനുണ്ട്. അത് അപകടകരമായ സാമ്പത്തിക അപര്യാപ്തതക്ക് വഴി തെളിയിക്കും.
വിദ്യാഭ്യാസ വ്യവസ്ഥകള്‍ക്ക് സമൂലമായ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു. അതിനായി പ്രത്യേകമായ ദേശീയ നയം രൂപീകരിക്കും. മെച്ചവും മേന്മയുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കപ്പെടും. പുതിയ അംഗീകൃത സമ്പ്രദായത്തോടെയുള്ള ഉന്നത വിദ്യാഭ്യാസ കമ്മീഷനുകള്‍ നിയമിക്കും.
ജൂലൈ മാസത്തില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ പരോക്ഷ നികുതിയില്‍ മാറ്റങ്ങള്‍ വന്നേക്കാം. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നികുതി കുറക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നു. വ്യക്തിഗത നികുതി നിയമത്തില്‍ അഞ്ചു ലക്ഷം രൂപാ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയിളവ് നല്‍കിയേക്കാം. പ്രൈവറ്റ് മേഖലയിലുള്ള വ്യവസായങ്ങള്‍ക്ക് ഉദാരമായ വായ്പ്പാ പദ്ധതികളും പരിപാടിയിടുന്നു. മൂലധനം വര്‍ദ്ധിപ്പിക്കലും അതുവഴി തൊഴില്‍ മേഖലകള്‍ വികസിപ്പിക്കുകയുമാണ് ലക്ഷ്യം.
നിലവിലുള്ള ആഗോള സാമ്പത്തിക മാന്ദ്യത്തിലും ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ഗണങ്ങളില്‍ മുമ്പില്‍ത്തന്നെ നിലകൊള്ളുന്നു. സാമ്പത്തിക മാന്ദ്യം നരേന്ദ്ര മോദിയുടെ രണ്ടാംമുഴം ഭരണത്തിലും നിഴല്‍പോലെ പിന്തുടരുമെന്നതിലും സംശയമില്ല. എന്നാല്‍ പുതിയ ഭരണമുന്നേറ്റത്തില്‍ മന്ദതയുടെ നിഴല്‍ വീശുന്നത് വ്യത്യസ്ത മേഖലകളിലായിരിക്കും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വളരെയേറെ ആവശ്യമായി തീര്‍ന്നിരിക്കുന്നു. ജി.ഡി.പി താഴോട്ടുപോയതുകൊണ്ടു ഇന്ത്യയുടെ ആളോഹരി വരുമാനത്തിനും മാറ്റങ്ങള്‍ സംഭവിച്ചു. വളര്‍ന്നു വരുന്ന ജനസംഖ്യക്കനുപാതമായി തൊഴിലുകളും സൃഷ്ടിക്കണം. വാസ്തവത്തില്‍ ഇന്ത്യ, ജനങ്ങളുടെ നിത്യവൃത്തിയ്ക്കുള്ള തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഠിനമായി പണിപ്പെടുകയാണ്. അതേസമയം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും അധികമായ തൊഴിലാളികളെ ഉള്‍ക്കൊള്ളാനും മൂലധനവും കണ്ടെത്തണം.
മോദി സര്‍ക്കാരിന്റെ വിദേശനയം മുമ്പുള്ള സര്‍ക്കാരുകളുടെ നയങ്ങളെക്കാളും വേറിട്ടുള്ളതായിരുന്നു. നിത്യശത്രുക്കളായിരുന്ന പാക്കിസ്ഥാനെതിരെയും ചൈനക്കെതിരെയും ഇന്ത്യയ്ക്ക് അനുകൂലമായ ലോകാഭിപ്രായങ്ങള്‍ നേടാന്‍ സാധിച്ചു. മുന്‍ വിദേശകാര്യ സെക്രട്ടറി ജയശങ്കറാണ് പുതിയ വിദേശകാര്യമന്ത്രി. പ്രധാനമന്ത്രിക്ക് ഇന്ത്യ സന്ദര്‍ശിക്കുന്ന നിരവധി ലോകനേതാക്കന്മാരെ ഈ വര്‍ഷം സ്വീകരിക്കേണ്ടി വരുന്നു. സത്യപ്രതിജ്ഞ വേളയിലും ലോക നേതാക്കന്മാര് സംബന്ധിച്ചിരുന്നു. പ്രസിഡന്റ് ട്രമ്പ്, ചൈന പ്രസിഡന്റ് ചി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് പുടിന്, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ മുതലായ നേതാക്കന്മാരുടെ സന്ദര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.
പതിറ്റാണ്ടുകളായി പഞ്ചശീല പദ്ധതികള്‍, ചേരിചേരാ നയങ്ങള്‍, വഷളായ അയല്വക്ക ബന്ധങ്ങള്‍ എന്നിവകളില്‍ കുടുങ്ങി ലോകരാഷ്ട്രങ്ങളില്‍ നമ്മുടെ പ്രതിച്ഛായക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍ കാലം എല്ലാത്തിനും മാറ്റം വരുത്തിയിരിക്കുന്നു. ലോക രാഷ്ട്രങ്ങളുടെയിടയില്‍ ഭാരതീയര്‍ക്ക് അഭിമാനകരമായി തലയുയര്‍ത്തി ജീവിക്കാന്‍ ഇന്ന് സാധിക്കുന്നു. വിദേശത്ത് താമസിക്കുന്നവരുമായി ഗൗരവപൂര്‍വമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും, വിദേശ ഗവേഷകരുടെ സേവനം ഇന്ത്യയ്ക്ക് ലഭിക്കാനും, മോദിയുടെ വിദേശനയ രൂപീകരണത്തിന് കഴിഞ്ഞു. കൂടാതെ അയല്‍ രാജ്യങ്ങളുമായി സുദൃഢ ബന്ധം സ്ഥാപിക്കാനും സാംസ്?കാരികമായി സഹകരിക്കാനും സാധിച്ചു.
വരുന്ന എസ്.സി.ഒ സമ്മേളനത്തില്‍ പ്രധാനമന്ത്രി കിര്‍ഗിസ്ഥാന്‍ (Kyrgyzstan) സന്ദര്‍ശിക്കുന്നുണ്ട്. അന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ മുഖാമുഖം കാണുന്നു. പ്രധാനമന്ത്രിയായശേഷം ഇരുകൂട്ടരും ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നിരുന്നാലും പാക്കിസ്ഥാനോടുള്ള നയങ്ങളില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയില്ല. സമാധാനപരമായ ഒരു ചര്‍ച്ചയ്ക്ക് പാക്കിസ്ഥാന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടതായുണ്ട്. ഉന്നതല സമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനും ചൈനീസ് പ്രസിഡന്റ് ‘ചി ജിന്‍ പിങ്ങു’മായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ വര്‍ഷം അവര്‍ ഇരുവരും ഇന്ത്യയും സന്ദര്‍ശിക്കുന്നുണ്ട്. രാജ്യാന്തര വിഷയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഗൗരവപൂര്‍വം നേതാക്കള്‍ അന്ന് ചര്‍ച്ച ചെയ്യുന്നതായിരിക്കും. ‘ജി 20’ രാഷ്ട്രങ്ങളുടെ സമ്മേളനം ജപ്പാനിലുള്ള ഒസാക്കയില്‍ ജൂണ്‍ 28, 29 തീയതികളില്‍ നടത്തുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമ്മേളനത്തില്‍ പങ്കുചേരുന്നു. ലോകത്തിലെ വികസിത രാജ്യങ്ങളിലെ നേതാക്കന്മാരുമായി ആഗോള പ്രശ്നങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്ന ഒരു വേദിയായിരിക്കും അത്. ആഗസ്റ്റ് 24 മുതല്‍ 26 വരെ നടത്തുന്ന ജി 7 നേതാക്കന്മാരുടെ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ മോദിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പുതിയ വ്യവസായ നയം തൊഴില്‍ രംഗത്തും ഉല്‍പ്പാദന രംഗത്തും വമ്പിച്ച പരിവര്‍ത്തനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരിട്ടുള്ള നികുതി നയത്തിലും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലും ആന്തരഘടനകളിലും വമ്പിച്ച മാറ്റങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി പരിഗണിക്കുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ചെയ്യേണ്ട നയപരികളെപ്പറ്റിയുള്ള ചര്‍ച്ചകളും ധൃതഗതിയില്‍ നടക്കുന്നുണ്ട്. വിദേശികള്‍ക്ക് വ്യവസായ മൂലധനവും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര നിക്ഷേപവും സംബന്ധിച്ച നയങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അമേരിക്ക ചൈന വ്യവസായ യുദ്ധങ്ങള്‍ കാരണം ചൈനയേക്കാള്‍ ഇന്ത്യയില്‍ വ്യവസായങ്ങള്‍ തുടങ്ങാനുള്ള അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യ മുന്‍കൈ എടുക്കും.
വ്യവസായ വളര്‍ച്ചയുടെ ഘടകങ്ങള്‍ ഉല്പന്നവും ഉല്‍പ്പാദനവും മുടക്കുമുതലും നിര്‍മ്മാണ ശക്തിയും തൊഴിലാളികളുമാണ്. ഇന്ത്യയെ സംബന്ധിച്ച് ആവശ്യത്തില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പണിചെയ്യുന്നവരുള്ളതുകൊണ്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെപ്പോലെ തൊഴിലാളികളുടെ അഭാവം ഒരു വെല്ലുവിളിയല്ല. എങ്കിലും വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ ദേശീയ പ്രശ്നം തന്നെയാണ്. വര്‍ഷംതോറും മില്യണ്‍ കണക്കിന് തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ മേഖലകളില്‍ ജോലി നല്‍കേണ്ടതായുണ്ട്. കൂടാതെ ഇന്ത്യയ്ക്ക് തൊഴില്‍ മേഖലയും ഉല്‍പ്പാദന മേഖലയും വികസിപ്പിക്കാന്‍ ആവശ്യത്തിന് മൂലധനവും വേണം.
ചൈനയിലെപ്പോലെ ഉല്‍പ്പാദന മേഖലകളില്‍ തൊഴിലാളികളുടെ സഹകരണം വേണ്ടത്ര ഇന്ത്യയ്ക്ക് ലഭിക്കുന്നില്ല. ഇന്ത്യയില്‍ നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്നത് ക്രമരഹിതവും നിയമാനുസൃതമല്ലാത്ത കമ്പനികളിലുമാണ്. അത്തരം കമ്പനികളിലെ ഉല്‍പ്പന്നങ്ങള്‍ നിലവാരം പുലര്‍ത്തുന്നതായിരിക്കില്ല. അനധികൃത കുടിയേറ്റക്കാരും നിയമാനുസൃതമല്ലാത്തവരും തൊഴില്‍ ചെയ്യുന്നുണ്ട്. തൊഴില്‍ നൈപുണ്യം ആവശ്യമുള്ള മേഖലകളില്‍ അര്‍ഹരല്ലാത്തവരും ജോലി ചെയ്യുന്നു. എന്നാല്‍ ചൈനയില്‍ അങ്ങനെ ഒരു സ്ഥിതിവിശേഷം കാണില്ല. അനധികൃതമായും നിയമാനുസൃതമല്ലാതെയും തൊഴില്‍ ചെയ്യുന്നവര്‍ ചൈനയില്‍ വിരളമായിരിക്കും. പുതിയ ഭരണത്തിന്റെ കാലയളവുകളില്‍ നിയമദത്തമായ ജോലികള്‍ സൃഷ്ടിക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ സാമ്പത്തിക സ്ഥിതിഗതികള്‍ വഷളാകാനെ സാധ്യതയുള്ളൂ.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം ആഗോള വ്യവസായിക സൂചികയില്‍ ഇന്ത്യ ഒരു വന്‍വ്യവസായ കേന്ദ്രമെന്നുള്ള അംഗീകാരവും നേടി. മുമ്പുണ്ടായിരുന്ന കര്‍ശന നിയമങ്ങള്‍ക്കെല്ലാം അയവുകള്‍ വരുത്തി. ഭൂമിയിടപാടുകളും വസ്തു വില്‍പ്പനവരെയും കൈകാര്യം ചെയ്യുന്നത് ഡിജിറ്റല്‍ സമ്പ്രദായത്തില്‍ക്കൂടിയാണ്. ഡിജിറ്റലിന്റെ വളര്‍ച്ച ഇന്ന് സാധാരണക്കാരന് ദൈനംദിന ജീവിതത്തിനു വരെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ വളര്‍ച്ചകാരണം ബാങ്കിങ്ങ് ഇടപാടുകള്‍ സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്നു. ഓരോരുത്തരുടെയും ജീവിതം കൂടുതല്‍ സുഗമമായിക്കൊണ്ടിരിക്കുന്നു.
ഡിജിറ്റല്‍ എക്കണോമിയില്‍ ഇന്ത്യയുടെ പുതിയ നയങ്ങളും നിയമങ്ങളും വഴി ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കപ്പെടും. അതുമൂലം അമേരിക്കയുള്‍പ്പടെ വ്യവസായ രാജ്യങ്ങളുമായുള്ള നയങ്ങളിലും വ്യതിയാനങ്ങള്‍ സംഭവിക്കാം. ചുരുക്കത്തില്‍ മോദിയുടെ നൂറു ദിവസത്തിലെ അജണ്ട ഇന്ത്യയുടെ വ്യവസായ നയത്തിലും ആഗോള മാര്‍ക്കറ്റിലും നിക്ഷേപങ്ങളിലും പ്രതിഫലിക്കും. ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിത നിലവാരങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കാം. അതിവേഗം ഇന്ത്യയുടെ സാമ്പത്തികം കുതിച്ചുയരാന്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നു.
ഇന്ത്യയില്‍ അമ്പതു ശതമാനത്തില്‍ കൂടുതല്‍ ജനങ്ങള്‍ ജീവിക്കുന്നത് കാര്‍ഷിക വൃത്തിയില്ക്കൂടിയാണ്. കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നുണ്ട്. അതുപോലെ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കാനുള്ള പദ്ധതികളും തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളായിരുന്നു. കൃഷിക്കാര്‍ക്ക് ഉപജീവനത്തിനായി സാമ്പത്തിക പിന്തുണ നല്‍കാനുള്ള പദ്ധതികളുമുണ്ട്. ആരോഗ്യമേഖലകളിലും സാമൂഹ്യ മേഖലകളിലും തൊഴില്‍ കണ്ടെത്തുകയെന്നതിലും സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ട്.
ജനത്തിനു വേണ്ടി ജനജീവിതം മെച്ചമാക്കാന്‍ രാത്രിയും പകലുമൊരുപോലെ പണിയെടുക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യയ്ക്കുള്ളത്. നരേന്ദ്ര മോദി ഒരു ‘വര്‍ക്ക് ഹോളിക്ക്’ എന്ന് പറയാം. സാധാരണക്കാരുടെയിടയില്‍ സഹവര്‍ത്തിച്ച് അവരുടെ പ്രശ്നങ്ങളെ ആത്മാര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. ജനങ്ങളുമായി സഹവസിച്ച് അവരുമായി തമാശകളും പറഞ്ഞുകൊണ്ട് പ്രശ്നങ്ങളെ ചെവികൊള്ളുകയെന്ന മനസ്ഥിതിയും അദ്ദേഹത്തിനുണ്ട്. ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും മോദിയുടെ സാന്നിദ്ധ്യമുണ്ട്. ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിന് അദ്ദേഹം സോഷ്യല്‍ മീഡിയാകളെ ആശ്രയിക്കുന്നു. ഫേസ് ബുക്കിലും ട്വിറ്ററിലും സജീവമാണ്. കൂടാതെ നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവാണ് അദ്ദേഹം. കവിതകള്‍ രചിക്കുകയെന്നുള്ളത് മോദിയുടെ ഹരമാണ്. മനസിന് ശാന്തിയും ഉന്മേഷവും പകരാന്‍ രാവിലെ ഉണര്‍ന്നു കഴിഞ്ഞാലുടന്‍ യോഗ ചെയ്യും. തിരക്കിനിടയിലും ദിനം പ്രതി അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വീഴ്ച വരുത്താറില്ല. ഇന്ത്യയെ ശക്തിമത്തായ ഒരു രാഷ്ട്രമാക്കണമെന്ന ദൃഢവിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ഭാവിയുടെ വാഗ്ദാനമായ ഭാരതമെന്ന സ്വപ്ന രാഷ്ട്രത്തിന്റെ പരിപാലനം രണ്ടാംമുഴവും മോദിജിയുടെ ശക്തമായ കരങ്ങളില്‍ ഏല്പിച്ചിരിക്കുന്നു. ഒന്നേകാല്‍ ബില്യണ്‍ ജനങ്ങളാണ് പ്രഗത്ഭനായ ഇന്ത്യയുടെ ഇന്നത്തെ പ്രധാനമന്ത്രിയില്‍ തങ്ങളുടെ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply