തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്

bjp-cpm-congress

തൃശൂരില്‍ യുഡി‌എഫ് തൂത്തു വാരി

udf-2തൃശൂര്‍: സംസ്ഥാനത്തെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ തൃശൂരില്‍ എല്‍.ഡി.എഫിന് തിരിച്ചടി നല്‍കി യു.ഡി.എഫ്. എല്ലാ വാര്‍ഡുകളിലും വിജയം നേടി യു.ഡി.എഫ്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷനും യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നൗഷാദ് കൊട്ടിലിങ്ങലാണ് ഇവിടെ ജയിച്ചത്. 740 വോട്ടിനാണ് അദ്ദേഹത്തിന്റെ ജയം.

പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി എട്ടാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എ ആസിയയാണ് ഇവിടെ ജയിച്ചത്. സിറ്റിംഗ് സീറ്റായ പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി അഞ്ചാം വാര്‍ഡ് എല്‍.ഡി.എഫിന് നഷ്ടമായി. ഇവിടെ 42 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സജിത ടൈറ്റസ് വിജയിച്ചത്. കോലഴി ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിച്ചു. കോണ്‍ഗ്രസിലെ വി.കെ സുരേഷ് കുമാറാണ് 165 വോട്ടിന് ഇവിടെ ജയിച്ചത്.

കല്ലറ പഞ്ചായത്തില്‍ വിജയക്കൊടി പാറിച്ച് യു.ഡി.എഫ്; 143 വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. കല്ലറ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചു. പഞ്ചായത്തിലെ വെള്ളംകുടി വാര്‍ഡിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. 143 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി.ശിവദാസ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.ലതയെ പരാജയപ്പെടുത്തിയത്.

17 വാര്‍ഡുകളുള്ള കല്ല പഞ്ചായത്തില്‍ 9 എണ്ണം എല്‍.ഡി.എഫും എട്ടെണ്ണം യു.ഡി.എഫും നേടിയിരുന്നു. വെള്ളംകുടി വാര്‍ഡിലെ മെമ്പറായിരുന്ന സജുവിന് കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതോടെയാണ് പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാല്‍ സജുവിന്റെ രാജിയോടെ രണ്ട് മുന്നണികള്‍ക്കും എട്ടു സീറ്റുകള്‍ എന്ന നിലയിലായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയത്തോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമാകുകയും ചെയ്തു.

13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. തിരുവന്തപുരം, മലപ്പുറം, വയനാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴയില രണ്ട് നഗരസഭാ വാര്‍ഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ഓരോ വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പു നടന്നത്. 130 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

എറണാകുളം, ആലപ്പുഴ, അഞ്ചല്‍, റാന്നി എന്നിവടങ്ങളില്‍ എല്‍.ഡി.എഫ്

ldfകൊച്ചി: സംസ്ഥാനത്തെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ എറണാകുളം, ആലപ്പുഴ, അഞ്ചല്‍, റാന്നി എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിന് മിന്നും ജയം. എറണാകുളത്തെ നെല്ലിക്കുഴി പഞ്ചായത്തില്‍ അട്ടിമറി ജയത്തോടെ എല്‍.ഡി.എഫ് കടന്നുവന്നു. പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു എല്‍.ഡി.എഫ് ആധിപത്യം ഉറപ്പിച്ചത്.

അതേസമയം വാര്‍ഡ് രൂപീകരിച്ചശേഷം നടന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകയും ഈ പഞ്ചായത്തിനുണ്ട്. കഴിഞ്ഞ രണ്ടുവട്ടവും യു.ഡി.എഫിന് വിജയം കൈവരിച്ച പഞ്ചായത്തായിരുന്നു നെല്ലിക്കുഴി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുംതാസ് ഷാജഹാനെ 270 വോട്ടിന്റെ ഭൂരിപക്ഷത്തിന് അട്ടിമറിച്ചാണ് എല്‍.ഡി.എഫിന്റെ ടി.എം അബ്ദുല്‍ അസീസ് വിജയം നേടിയത്. അബ്ദുല്‍ അസീസ് 705 വോട്ടുകളും മുംതാസ് ഷാജഹാന്‍ 435 വോട്ടുകളും നേടി.

ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പഞ്ചായത്ത് മുത്തുപറമ്പ് വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. കെ.പി.സി.സി അംഗം അബ്ദുള്‍ഗഫൂര്‍ ഹാജി 11 വോട്ടിന് ജയിച്ച വാര്‍ഡായിരുന്നു ഇത്. അദ്ദേഹം മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ്. സി.പി.ഐയിലെ കെ എസ്.ഷിയാദ് ആണ് വിജയിച്ചത്. 76 വോട്ടാണ് ഭൂരിപക്ഷം. എം കമാല്‍ (യു.ഡി.എഫ്), ബി ആര്‍ ബൈജു (ബി.ജെ.പി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.

കൊല്ലം ജില്ലയില്‍ 4 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥലത്ത് എല്‍.ഡി.എഫ് വിജയിച്ചു. അഞ്ചല്‍ പഞ്ചായത്ത് മാര്‍ക്കറ്റ് വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു.46 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിലെ നസീമ ബീവി വിജയിച്ചു. അതേസമയം ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എസ് സുനീഷ് വിജയിച്ചു. സി.പി.ഐ.എം അംഗം പി.കെ രവീന്ദ്രന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. പി.കെ രവീന്ദ്രന്റെ മകനായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിഷ്ണു രവീന്ദ്രന്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഐ.കെ ശശിയും മത്സരിച്ചു.

കഴിഞ്ഞ തവണ 2 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രം വിജയിച്ച എല്‍.ഡി.എഫ് ഇത്തവണ 147 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. എല്‍.ഡി.എഫ്-273 , യു.ഡി.എഫ്-126 , ബി.ജെ.പി-15 എന്നിങ്ങനെയാണ് വോട്ടിങ് നില. ഇതോടെ എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. 13 അംഗ പഞ്ചായത്തില്‍ 6-6 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. ഈ ഉപതെരഞ്ഞെടുപ്പു ഫലത്തോടെ എല്‍.ഡി.എഫിന് പഞ്ചായത്തില്‍ ഭൂരിപക്ഷമായി.

റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാത്യു ഏബ്രഹാം പടിഞ്ഞാറെ മണ്ണില്‍ 38 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബി.ജെ.പിക്ക് 9 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കായംകുളം നഗരസഭ വെയര്‍ ഹൗസ് വാര്‍ഡില്‍ എല്‍.ഡി.എഫിലെ എ.ഷിജി (സി.പി.ഐ) ജയിച്ചു. എന്‍.സി.പി റിബലായി വിജയിച്ച് എല്‍.ഡി.എഫിനൊപ്പം നിന്ന സുള്‍ഫിക്കല്‍ മയൂരി അഗ്രോ ഇന്‍ഡസ്ട്രീസ്ചെയര്‍മാനായതിനാല്‍ അയോഗ്യനാക്കപ്പെട്ടു. തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. അനീസ് കലാം (മുസ്ലീം ലീഗ്), പ്രദീപ് (ബി.ജെ.പി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.

ഇട്ടിവ പഞ്ചായത്തിലെ നെടുംപുറത്ത് എല്‍.ഡി.എഫിലെ ബി. ബൈജു 480 വോട്ടിന്റെ ഭൂരിപക്ഷത്തിലും കടയ്ക്കല്‍ പഞ്ചായത്തിലെ തുമ്പോട്ട് എല്‍.ഡി.എഫിലെ ജെ.എം മര്‍ഫി 287 വോട്ട് ഭൂരിപക്ഷത്തിനും വിജയിച്ചു. കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സിന്ധു പ്രസാദ് 137 വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ചു. നിലവില്‍ ഇത് എല്‍.ഡി.എഫ് വാര്‍ഡായിരുന്നു. നെടുപുറം, തുമ്പോട് വാര്‍ഡുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തുകയായിരുന്നു.

ഇടുക്കി ഉപ്പുതറ കാപ്പി പതാല്‍ വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. 268 വോട്ട് നേടി പി.നിക്സണ്‍ വിജയിച്ചു. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ബിജു പോളിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞടുപ്പ്. അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 18-ാം വാര്‍ഡ് കളപ്പാറ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി ഷഹര്‍ബാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുബൈദയെ 106 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫിന്റെ സിറ്റിംഗ് വാര്‍ഡായിരുന്നു കളപ്പാറ.

പാലാ കരൂര്‍ പഞ്ചായത്ത് വലവൂര്‍ ഈസ്റ്റ് രണ്ടാം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. എല്‍.ഡി.എഫ് സ്വതന്ത്രന്‍ രാജേഷ് 394 വോട്ടിന് വിജയിച്ചു. ഭുരിപക്ഷം 33. പോള്‍ ചെയ്ത 890 വോട്ടില്‍ യു.ഡി.എഫിലെ രശ്മി തങ്കപ്പന് 361 ഉം ബി.ജെ.പിയുടെ വി കെ അജിക്ക് 135 വോട്ടും ലഭിച്ചു. എല്‍.ഡി.എഫ് പ്രതിനിധി കെ എസ് ജയ കുമാര്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. അതേസമയം തൊടുപുഴ നഗരസഭ 23 ആം വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി മായാ ദിനുവിന്റെ ജയം. മായാ ദിനുവിന് 574 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി നാഗേശ്വരി അമ്മാള്‍ (ശ്രീക്കുട്ടി അഭിലാഷ് ) 145 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജി രാജന് 134 വോട്ടും ലഭിച്ചു. 35 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് 14, എല്‍.ഡി.എഫ്- 13, ബി.ജെ.പി-8 എന്നിങ്ങനെയാണ് ഇപ്പോള്‍ കക്ഷിനില.

ചേര്‍ത്തല നഗരസഭ ടി.ഡി അമ്പലം വാര്‍ഡ് യു.ഡി.എഫില്‍നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. സുരേഷ്‌കുമാര്‍ (ബി.ജെ.പി)ആണ് വിജയി. യു.ഡി.എഫ് 50 വോട്ടിനു ജയിച്ച വാര്‍ഡായിരുന്നു. ജയിച്ച ജെ.രാധാകൃഷ്ണ നായിക് മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. ഡി പ്രദീപ്കുമാര്‍ (എല്‍.ഡി.എഫ് സ്വതന്ത്രന്‍), മുരളീധര ഷേണായ് (യു.ഡി.എഫ്) എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍. അതേസമയം മലപ്പുറം, ആനക്കയം പഞ്ചായത്ത് പത്താം വാര്‍ഡ് നരിയാട്ടുപ്പാറ യു.ഡി.എഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ വിപി ഹനീഫ 631 വോട്ടിന് വിജയിച്ചു. നേടിയ വോട്ട് 850. എല്‍ഡിഎഫ് സ്വതന്ത്രന്‍ പുഴക്കല്‍ ഇസ്മായില്‍ 219 വോട്ട് നേടി. കഴിഞ്ഞ തവണ യു.ഡി.എഫ് 705 വോട്ടിനായിരുന്നു ജയിച്ചിരുന്നത്.

13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. തിരുവന്തപുരം, മലപ്പുറം, വയനാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴയില രണ്ട് നഗരസഭാ വാര്‍ഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ഓരോ വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പു നടന്നത്. 130 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment