കേരള സര്‍ക്കാര്‍ പഠിക്കണം, പഠിച്ചു പ്രാവര്‍ത്തികമാക്കണം: ആഗോള പ്രവാസികള്‍

kerala-secretariatകേരളം പഠിക്കേണ്ടിയിരിക്കുന്നു, പഠിച്ചു പ്രാവര്‍ത്തികമാക്കേണ്ടിയിരിക്കുന്നു എന്നും മാറ്റങ്ങള്‍ അനിവാര്യമായിരിക്കുന്നു എന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള റീജിയന്‍ ഭാരവാഹികളും, ഫോമാ, ഫൊക്കാന മുതലായ അമേരിക്കയിലെ മലയാളികളുടെ ശക്തി കേന്ദ്രങ്ങളായ സംഘടന ഭാരവാഹികളും സംയുക്തമായി ആവശ്യപ്പെട്ടു. അടുത്ത കാലത്തു കേരളത്തില്‍ മുതല്‍ മുടക്കുവാന്‍ തയ്യാറായ ആഫ്രിക്കന്‍ പ്രവാസി ബിസിനെസ്സ്കാരനായ സാജന്റെ ആത്ഹത്യവാര്‍ത്ത വിദേശ മലയാളികളെ മാത്രമല്ല കേരളത്തിലെ മലയാളികളെയും കേരള സംസ്ഥാന ഭരണ പക്ഷത്തേയും പ്രതിപക്ഷത്തെയും നടുക്കിയ സാഹചര്യത്തിലാണ് ഇത്തരം ഒരു കോണ്‍ഫറന്‍സ് മീറ്റിംഗ് നടത്തപ്പെട്ടത്.

ജൂണ്‍ ഇരുപത്തിഒന്പതിന് ലോകമെമ്പാടുമുള്ള വിദേശ മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫോമയുടെ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് , പ്രവാസി കോണ്‍ക്ലേവ് ചീഫ് കോഓര്‍ഡിനേറ്റര്‍ അലക്‌സ് കോശി വിളനിലം, ഡബ്ല്യൂ. എം. സി. ഗ്ലോബല്‍ വി. പി. തോമസ് മൊട്ടക്കല്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളി, മീഡിയ നേതാവ് മധു രാജന്‍ (ഇന്ത്യ പ്രെസ് ക്ലബ്), മുതലായവര്‍ കോര്‍ഡിനേറ്റര്‍മാരായി സംഘടിപ്പിച്ച ഗ്ലോബല്‍ കോണ്‍ഫറന്‍സ് മീറ്റിങ്ങിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

കേരളത്തില്‍ നിന്നും ടെലി കോണ്‍ഫെറെന്‍സ് മീറ്റിംഗില്‍ എം. എല്‍. എ. മാരായ രാജു എബ്രഹാം, വി. ഡി. സതീശന്‍ മുതലായവരും, ബി. രാധാകൃഷ്ണമേനോന്‍ (ബി. ജെ. പി. ദേശീയ കമ്മിറ്റീ അംഗം) എന്നിവര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു നിരീക്ഷകരായി മീറ്റിംഗില്‍ പങ്കെടുത്തു.

വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബല്‍ സെക്രട്ടറി സി. യു. മത്തായി, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്. കെ. ചെറിയാന്‍, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍, പി സി. മാത്യു, പ്രസിഡന്റ് ജെയിംസ് കൂടല്‍, വൈസ് ചെയര്‍മാന്‍ കോശി ഉമ്മന്‍, ചാരിറ്റി ഫോറം പ്രസിഡന്റ് ഡോ. രുക്മിണി പത്മകുമാര്‍. വിമന്‍സ് ഫോറം പ്രസിഡന്റ് സിസിലി ജോര്‍ജ് മുതലായവരോടൊപ്പം ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളി, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, മാണി സ്കറിയ, ആന്റണി പ്രിന്‍സ് (കപ്പല്‍ നിര്‍മാണ വ്യവസായി), ) ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, തോമസ് ടി. ഉമ്മന്‍, സുധിര്‍ നമ്പിയാര്‍ (ഡബ്ല്യൂ എം. സി. റീജിയന്‍ സെക്രട്ടറി) മുതലായി മുന്നൂറ്റി നാല്പതോളം നേതാക്കള്‍ പങ്കെടുത്തു.

പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും കുരുങ്ങി വിദേശ മലയാളികളുടെ വ്യാപാര ശ്രമങ്ങള്‍ കഷ്ടത്തിലാകുകയും ആത്മഹത്യാ വരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു വാചകത്തില്‍ പറഞ്ഞാല്‍ “കേരളത്തില്‍ ഭരണ തലത്തില്‍ റിസള്‍ട്ട് ഓറിയണ്ടഡ് അപ്പ്രോപ്രിയേറ്റ് സിസ്റ്റം (ശരിയായ ഫലം തരുന്ന ശരിയായ സിസ്റ്റം ) ഇല്ല എന്നതുകൊണ്ടുമാത്രമാണ്. ഇതിന് ഒരു സമൂലമായ മാറ്റം ഉണ്ടാകേണ്ടത് ആവശ്യമായിരിക്കുന്നു. കൈക്കൂലിക്കും ഉദ്യോഗസ്ഥരുടെ സ്ഥാപിത താല്പര്യങ്ങള്‍ക്കും വിദേശ സംരംഭകര്‍ വഴങ്ങേണ്ടി വരുന്നതും അതുകൊണ്ടാണ് എന്ന് ഡബ്ല്യൂ എം. സി. റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യുവും ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായരും ഒരേ സ്വരത്തില്‍ പ്രതികരിച്ചു.

കേരളം സംസ്ഥാനം വിദ്യാഭ്യാസ മേഖലയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നു എന്ന് നാം അഭിമാനിക്കുമ്പോള്‍ എന്തുകൊണ്ട് നമുക്ക് ലൈസെന്‍സ് പോലുള്ള കാര്യങ്ങള്‍ക്കു പ്രൊഫഷണല്‍ ആയി ഒരു പ്രോസസ്സ് നടത്തി സമയ ബന്ധിതമായി ചെയ്യുവാന്‍ കഴിയുന്നില്ല? വര്‍ഷങ്ങള്‍ക്കു മുമ്പേ ഉള്ള കാലഹരണപ്പെട്ട നടപടി ക്രമങ്ങള്‍ ഇപ്പോഴും പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്നതിനാലാണ്. അതുപോലെ വിദേശികളെ ചൂഷണം ചെയ്യുവാന്‍ സാധിക്കും എന്നൊരു ചിന്തയും ചില ഉദ്യോഗസ്ഥര്‍ക്ക് ഇല്ലാതില്ല. ചുവപ്പുനാടകളുടെ കുരുക്ക് എന്ന പ്രയോഗം പണ്ടുമുതലേ ഉള്ളതാണെങ്കിലും മാറി വരുന്ന കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങള്‍ ഭരണ ശൃംഖലയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

ഉദാഹരണമായി നോക്കിയാല്‍: മേരിക്കയില്‍ സിറ്റിയിലോ കൗണ്ടിയിലോ സ്‌റ്റേറ്റിന്റേതോ ഡിപ്പാര്‍ട്‌മെന്റുകളിലൊ അപേക്ഷ കൊടുക്കുമ്പോള്‍ അത് ടൈം ബൗണ്ട് ആയിട്ട് റിപ്ലൈ ചെയ്യണമെന്ന് നിയമം ഉണ്ട്. വ്യാപാര മേഖലകള്‍ മിക്കതും ദേശീയമായോ സംസ്ഥാനമായോ റെഗുലേറ്റ് ചെയ്തിരിക്കുകയാണ്. മാത്രമല്ല ഇവിടെ കസ്റ്റമര്‍ സര്‍വീസിനെ പ്രൊമോട്ട് ചെയ്യുന്നു എന്നുള്ളതാണ് എടുത്തു പറയേണ്ടതായിട്ടുണ്ട്. കസ്റ്റമര്‍ കംപ്ലൈന്റ്‌റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ റേറ്റിങ്ങും ഉണ്ട്. അത് ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഉണ്ടെന്നുള്ളതിനാല്‍ ഒരു വ്യക്തി ഒരു സാധനം ഓര്‍ഡര്‍ ചെയ്യന്നതിനു മുന്‍പ് പോലും കസ്റ്റമര്‍ റേറ്റിംഗ് നോക്കിയാണ് ഓര്‍ഡര്‍ ചെയ്യുക. അതുപോലെ ഗവണ്മെന്റ് തലത്തിലും പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുവാനുള്ള സംവിധാനം ഉണ്ട്. ഇത് മമ്മുടെ കൊച്ചു കേരളത്തില്‍ ഇല്ല എന്നുള്ളതാണ് സത്യം. അമേരിക്കയില്‍ ഒരു പോലീസ്കാരന്‍ ഒരാളെ ചോദ്യം ചെയ്യുമ്പോള്‍ മുതല്‍ സ്‌റ്റേഷനില്‍ കൊണ്ടുവരുന്നതുപോലും കാമറ വഴി മോണിറ്റര്‍ ചെയുന്നു എന്നുള്ളതാണ് സത്യം. അതിനാല്‍ ഒരാളുപോലും പീടിക്കപെടുന്നില്ല. അടുത്ത കാലത്തുണ്ടായ കസ്റ്റഡി മരണം അടിയന്തിരാവസ്ഥയെ പോലും ഓര്മിപ്പിക്കുന്നതായി മാറി.

മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യകതി എന്ന നിലക്ക് ടെക്‌സാസില്‍ റിയല്‍ പ്രോപ്പര്‍ട്ടി വില്‍ക്കുവാനും വാങ്ങുവാനും എത്ര സൗകര്യമാണുള്ളത്. വിശ്വസത്തോടെ നമുക്ക് പേപ്പറുകള്‍ ഒപ്പിട്ടു ടൈറ്റില്‍ കമ്പനിയെ ഏല്‍പ്പിക്കുമ്പോള്‍ അവര്‍ വാങ്ങുന്ന ആളില്‍ നിന്നും വില വെച്ച തുക കൈപ്പറ്റി ഏജന്റിന്റെ കമ്മീഷനും മറ്റു ചിലവുകളും കഴിച്ചിട്ട് കൃത്യമായി വിറ്റ ആളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വയര്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ഈ ടൈറ്റില്‍ കമ്പനികള്‍ ദേശീയമായി റെഗുലേറ്റഡ് ആയതിനാല്‍ വാങ്ങുന്നവന് വിശ്വാസത്തോടെ ആധാരം കൈമാറാമെന്നുള്ളതാണ്. ഏജന്റിനുള്ള കമ്മീഷന്‍ തുക കൃത്യമായി വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും പ്രതിനിധീകരിക്കുന്നവര്‍ക് ലഭിക്കുന്നു. കേരളത്തിലെ സ്ഥിതി ഇതാണോ? അല്ല എന്ന് തന്നെ പറയാം. ആധാരം കൈമാറി രജിസ്റ്റര്‍ ചെയ്ത ശേഷം കാശുമേടിക്കുവാന്‍ കേസുകൊടുക്കണ്ട സ്ഥിതി, ഏജന്റുമാര്‍ കമ്മീഷനുവേണ്ടി കൈനീട്ടി നടക്കേണ്ട സ്ഥിതി. ഏജന്റുമാര്‍ തമ്മിലും പല തര്‍ക്കങ്ങള്‍ ഉണ്ടാകുന്നു. അമേരിക്കയിലെ നല്ല വശങ്ങള്‍ പഠിച്ചു കേരളത്തില്‍ പ്രവര്‍ത്തികമാക്കണം. അമേരിക്കയിലെ കേരളത്തിന് താങ്ങാനാവാത്ത ഒരു കാര്യവും നാം ഏറ്റെടുക്കേണ്ടതില്ല.

ഇനിയെങ്കിലും ഇത്തരം നല്ല സിസ്റ്റം അമേരിക്ക പോലുള്ള രാജ്യത്തുള്ളപ്പോള്‍ കേരളാ ഗവണ്മെന്റ് ഓരോ വ്യാപാര മേഖലയിലുമുള്ള വകുപ്പിന്റെ ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരെ ടീം ആയി വിദേശത്ത് അയച്ചു പഠിച്ചു നമ്മുടെ സംസ്ഥാനത്തു നടപ്പാക്കുവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. ഇതിനായി ഗവെര്‍ന്മേന്റിലും കമ്പനികളിലും ട്രെയിനിങ് ഡിപ്പാര്‍ട്‌മെന്റുകള്‍ ഉണ്ടാകണം. നമ്മുടെ കൊച്ചു കേരളം വളരട്ടെ, വളര്‍ന്നു സിസ്റ്റമാറ്റിക് ആകട്ടെ.

വേള്‍ഡ് മലയാളീ കൌണ്‍സില്‍ റീജിയന്‍ വൈസ് ചെയര്‍മാന്‍ കോശി ഉമ്മന്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു ലീഗല്‍ സെല്‍ അമേരിക്കയിലെ മലയാളി സെനറ്റര്‍ കെവിന്‍ തോമസ്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ. പി. ജോര്‍ജ് മുതലായവരെ ഉള്‍പ്പെടുത്തി ഒരു ഒരു ഓര്‍ഗനൈസഷന്‍ തന്നെ രൂപീകരിക്കണമെന്നാവശ്യപ്പെട്ടു.

വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, പ്രവാസികള്‍ ഒറ്റ കെട്ടായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു. മാറി മാറി ഏതു ഗവണ്മെന്റ് വന്നാലും പ്രവാസികള്‍ ഒന്നായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴികയുള്ളു എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. പെങ്കെടുത്ത പ്രതിനിധികള്‍ പ്രവാസികള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വിവിധ തരം പോം വഴികള്‍ മുന്‌പോട്ടുവച്ചു.

പ്രവാസികള്‍ മുമ്പോട്ടു വച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചു സര്‍ക്കാര്‍ തലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുമെന്ന് രാജു എബ്രഹാം എം. എല്‍ എ യും സി. ഡി. സതീശന്‍ എം. എല്‍. എ യും ബി രാധകൃഷ്ണ മേനോനും വാഗ്ദാനം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News