Flash News

ഡോ. ജയിംസ് കോട്ടൂരിനെ കെസിആര്‍എം നോര്‍ത്ത് അമേരിക്ക ആദരിക്കുന്നു

June 30, 2019 , ചാക്കോ കളരിക്കല്‍, കെസിആര്‍എംഎന്‍എ പ്രസിഡണ്ട്

bannerഅമേരിക്കയില്‍ ഇന്ന് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെസിആര്‍എം നോര്‍ത്ത് അമേരിക്ക എന്ന ജീവകാരുണ്യ സംഘടനയുടെ പ്രഥമ ദേശീയ സമ്മേളനം ഷിക്കാഗോയില്‍വെച്ച് ഓഗസ്റ്റ് 10, 2019ല്‍ നടത്തപ്പെടുന്നതാണ്. മോണ്ട് പ്രോസ്പെക്ടിലെ 843 ഈസ്റ്റ് റാണ്ട് റോഡില്‍ സ്ഥിതിചെയ്യുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളാണ് സമ്മേളന വേദി. ആ വേദിയില്‍ വെച്ച് മികച്ച പത്രപ്രവര്‍ത്തകനും നവീകരണ ചിന്തകനും വാഗ്മിയുമായ ഡോ ജയിംസ് കോട്ടൂരിന് പൊന്നാടയും മംഗളപത്രവും നല്‍കി ആദരിക്കാന്‍ കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു.

റോമിലെ ഉര്‍ബന്‍ യുണിവേഴ്സിറ്റിയില്‍നിന്നും 1964 ല്‍ ദൈവ ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദവും1964 സെപ്റ്റംബറില്‍ റോമിലെ സെന്റര്‍ ഫോര്‍ ഇന്‍റര്‍നാഷനല്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്നും സാമൂഹ്യ ശാസ്ത്രത്തില്‍ ഡിപ്ലോമയും അമേരിക്കയിലെ മര്‍ക്യുറ്റ് യുണിവേഴ്സിറ്റിയില്‍നിന്നും 966-ല്‍ ജേര്‍ണലിസത്തില്‍ ബാച്ചലര്‍ ഡിഗ്രിയും നേടിയ ഡോ കോട്ടൂര്‍ ഒരു വര്‍ഷത്തോളം അമേരിക്കയിലെ വിവിധ മാസികകളുടെ പ്രസിദ്ധീകരണ സ്റ്റാഫില്‍ ജോലി ചെയ്തിട്ടുണ്ട്. 130 വര്‍ഷമായിട്ട് ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ‘ന്യൂ ലീഡര്‍’ വാരികയുടെ എഡിറ്ററും പബ്ലിഷറുമായി 1967 മുതല്‍ 75 വരെ പ്രവര്‍ത്തിച്ചു. 1978 മുതല്‍ അന്താരാഷ്ട്ര വാരികയായ ‘ഇന്ത്യന്‍ കറെന്‍റ്സ്’ ന്‍റെ അസ്സോസിയേറ്റ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഇന്ന് അദ്ദേഹം അതിലെ സ്ഥിര എഴുത്തുകാരനാണ്. കൂടാതെ, നിരവധി പ്രസിദ്ധീകരണങ്ങളില്‍ നിത്യ എഴുത്തുകാരനാണ്, ഡോ. കോട്ടൂര്‍.

നാലാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ സ്ഥാപിച്ച രാജകീയവും ശ്രേണീബദ്ധവുമായ ക്രിസ്തുമത സംഘടനയെ തച്ചുടച്ച് റോമാക്കാരാലും പുരോഹിത വരേണ്യ വര്‍ഗത്താലും അടിച്ചമര്‍ത്തപ്പെട്ട യഹൂദജനതയെ സ്നേഹം, സത്യം, നീതി, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങള്‍ പഠിപ്പിച്ച മരപ്പണിക്കാരനായ സുവിശേഷത്തിലെ യേശുവിലേക്ക് തിരിയുന്ന സമൂലമാറ്റത്തിന് രാപകലില്ലാതെ തന്‍റെ തൂലികയെ ചലിപ്പിക്കുന്ന മികച്ച ചിന്തകനാണ് ഡോ കോട്ടൂര്‍. സഭയിലെ മേലാളന്മാരുടെ രാജകീയ വേഷഭൂഷാദികളും ‘പരിശുദ്ധ പിതാവ്’ മുതല്‍ തുടങ്ങിയ മതനിന്ദാപരമായ അഭിസംബോധനകളും യേശുവിനെ അനുഗമിക്കുന്നവര്‍ക്ക് ഭൂഷണമല്ലായെന്നു മാത്രമല്ല അത് നിഷിദ്ധമാണെന്ന് അര്‍ത്ഥശങ്കയ്ക്കിടമില്ലാതെ അദ്ദേഹം തുറന്നടിക്കുന്നു. യേശു നമ്മെ പഠിപ്പിച്ചത്, നാമെല്ലാവരും സഹോദരീസഹോദരന്മാരാണെന്നാണ്. പുരോഹിതരും നമ്മുടെ സഹോദരര്‍ മാത്രമണ്; അവര്‍ നമ്മുടെ അധികാരികളല്ല. അതുകൊണ്ട് കപടതയില്ലാതെ, ഭയമില്ലാതെ പുരോഹിത വര്‍ഗത്തിന്‍റെ തേര്‍വാഴ്ചയ്ക്കെതിരായി യേശുനാമത്തില്‍ പോരാടണമെന്നാണ് ഡോ കോട്ടൂര്‍ നിരന്തരം ആവശ്യപ്പെടുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഡോ. കോട്ടൂര്‍ (jameskottoor@gmail.com, കൊച്ചി) “Church Citizens Voice” (CCV) എന്ന പ്രസിദ്ധീകരണത്തിന്‍റെ ചീഫ് എഡിറ്റര്‍ ആണ്. മറ്റ് രണ്ട് എഡിറ്റര്‍മാര്‍ ശ്രീ ജോസഫ് മറ്റപ്പള്ളിയും (jmattappally@gmail.com, കോട്ടയം), ഐസക് ഗോമസും (isaac25gomes@gmail.com, കൊല്‍ക്കത്ത) ആണ്. CCV അഥവാ www.almayasabdam.com ഇന്ത്യയിലുള്ള പ്രമുഖ ആഗോള മതപരമായ ഇന്‍റര്‍നെറ്റ് പോര്‍ട്ടല്‍ കൂടിയാണ്. ഈ ഇലക്ട്രോണിക് പ്രസിദ്ധീകരണത്തില്‍കൂടി ആഗോള സഭയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകളും സഭാനവീകരണവുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളും അനുദിനം അറിയിച്ചുകൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള നല്ല ഇച്ഛാശക്തിയുള്ള ആളുകളെ ഒന്നിപ്പിക്കുന്ന സുപ്രധാന സംരംഭമാണ് സിസിവി ഏറ്റെടുത്തിരിക്കുന്നത് എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. സിസിവിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഉത്തമ കാഴ്ചപ്പാടുകളെയും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെയും കെസിആര്‍എം നോര്‍ത് അമേരിക്ക ആദരവോടെ അനുസ്മരിക്കുന്നതോടൊപ്പം www.almayasabdam.com എന്ന വെബ് സൈറ്റ് എല്ലാവരും സന്ദര്‍ശിക്കണമെന്ന് ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

1971ല്‍ ലക്സംബര്‍ഗില്‍ (Luxembourg) വെച്ചു നടന്ന കാത്തൊലിക് പ്രസ്സിന്‍റെ ഒന്‍പതാം ലോക സമ്മേളനത്തിലെ ക്ഷണിക്കപ്പെട്ട അഥിതി ആയിരുന്നു ഡോ. കോട്ടൂര്‍. കൂടാതെ, ജര്‍മനി (Germany- 1971), ഹോങ് കോങ്ങ് (Hong Kong- 1975), ഡബ്ലിന്‍ (Dublin- 2001), സെക്കന്‍ഡറാബാദ് (Secunderabad), ന്യൂയോര്‍ക്ക് (New York- 2012), ഷിക്കാഗോ (Chicago- 2013) തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കോണ്‍ഫെറന്‍സുകളിലേക്ക് ക്ഷണിക്കപ്പെടുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘കത്തോലിക്കാ സഭയില്‍ സ്ത്രീപൗരോഹിത്യം’ എന്ന വിഷയത്തെ സംബന്ധിച്ച് 2001ല്‍ ഡബ്ലിനില്‍വെച്ചു നടന്ന പ്രഥമ ആഗോള കോണ്‍ഫെറന്‍സിന്‍ സംബന്ധിച്ചതിന്‍റെ പരിണതഫലമായി അദ്ദേഹം എഴുതിയ പുസ്തകമാണ് “Woman Why are you Weeping”. “Womb to Tomb” എന്ന വേറൊരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ കോട്ടൂര്‍ 1934 ഓഗസ്റ്റ് 18നു ജനിച്ചു. നാലു മക്കള്‍. ഭാര്യസമേതം ഇപ്പോള്‍ എറണാകുളത്ത് താമസം.
അദ്ദേഹത്തിന്‍റെ web address: http://sites.google.com/site/jameskottoorspeaking/


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top